This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കീടനാശിനികള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കീടനാശിനികള്‍

Insecticides

ഉപദ്രവകാരികളായ കീടങ്ങളെ നശിപ്പിക്കാന്‍ ഉപയോഗിക്കുന്ന രാസപദാര്‍ഥങ്ങള്‍. ചാഴി, പുല്‍ച്ചാടി, ചീവീട്‌, മുഞ്ഞ, മൂട്ട, പേന്‍, ചെള്ള്‌, ഉറുമ്പ്‌, ഈച്ച, ഉണ്ണികള്‍, ശലഭങ്ങള്‍ തുടങ്ങിയ കീടങ്ങളെല്ലാം ആര്‍ത്രാപ്പോഡ ജന്തുഫൈലത്തിലുള്‍പ്പെട്ട ഇന്‍സെക്‌റ്റ വര്‍ഗത്തിലെ അംഗങ്ങളാണ്‌.

കാര്‍ഷിക, വൈദ്യശാസ്‌ത്ര, വ്യാവസായിക, ഗാര്‍ഹിക മേഖലകളില്‍ കീടനാശിനികള്‍ ഉപയോഗം കണ്ടെത്തുന്നു. ആദ്യകാലത്തു കീടനാശിനികളായി ഉപയോഗിച്ചു വന്നവ വിഷകരങ്ങളായ അകാര്‍ബണിക യൗഗികങ്ങളായിരുന്നു. ആര്‍സനേറ്റുകള്‍, ആര്‍സനൈറ്റുകള്‍, ഫ്‌ളൂറൈഡുകള്‍, സയനൈഡുകള്‍ എന്നിവയായിരുന്നു അവയില്‍ പ്രധാനപ്പെട്ടവ. പ്രകൃതിദത്തമായ അലിത്രിന്‍, ടാര്‍ടാര്‍ എമറ്റിക്‌ തുടങ്ങിയവ കൂടാതെ ഏതാനും നിക്കോട്ടിന്‍ യൗഗികങ്ങളും ഉപയോഗപ്പെടുത്തിയിരുന്നു. രണ്ടു ലോകയുദ്ധങ്ങള്‍ക്കിടയിലുള്ള കാലയളവില്‍ കീടനാശിനികള്‍ നിര്‍മിക്കുന്ന വ്യവസായങ്ങള്‍ തഴച്ചുവളരാന്‍ തുടങ്ങി. പല തരത്തിലുള്ള അത്യന്തം വിഷകരങ്ങളായ കീടനാശിനികള്‍ വന്‍തോതില്‍ നിര്‍മിക്കാനും ഉപയോഗപ്പെടുത്തുവാനും തുടങ്ങി. കാര്‍ബണിക യൗഗികങ്ങള്‍ കീടങ്ങള്‍ക്കെതിരെ പ്രയോഗിക്കാന്‍ തുടങ്ങിയതും ഇക്കാലത്താണ്‌.

കൃത്രിമമായി നിര്‍മിച്ച കീടനാശിനികളില്‍ പ്രധാനപ്പെട്ടവ രണ്ടുവിഭാഗത്തില്‍പ്പെടുന്നു.

(1) ക്ലോറിനേറ്റ്‌ ചെയ്‌ത ഹൈഡ്രാകാര്‍ബണുകള്‍, ഡി.ഡി.റ്റി., എന്‍ഡോസള്‍ഫാന്‍, ക്ലോര്‍ഡേന്‍, ആള്‍ഡ്രിന്‍, എന്‍ഡ്രിന്‍ ഡൈ എല്‍ഡ്രിന്‍ തുടങ്ങിയവ ഈ വിഭാഗത്തില്‍പ്പെടുന്നു. 1874-ലാണ്‌ കണ്ടുപിടിക്കപ്പെട്ടതെങ്കിലും 1939-ലാണ്‌ ഡി.ഡി.റ്റി.യെ ഒരു കീടനാശിനിയായി അംഗീകരിച്ചത്‌. മലമ്പനി, മഞ്ഞപ്പനി, അതിസാരം, പ്ലേഗ്‌ തുടങ്ങിയവ പരത്തുന്ന കീടങ്ങള്‍ക്കെതിരെ ലോകമെങ്ങും ഇത്‌ അംഗീകരിക്കപ്പെട്ടു.

(2) ഓര്‍ഗാനോ ഫോസ്‌ഫേറ്റുകള്‍:- മാലാതയോണ്‍, പാരാതയോണ്‍ തുടങ്ങിയവ ഈ വിഭാഗത്തില്‍പ്പെടും. ലോകത്തിലെ വിഷംകൂടിയ പദാര്‍ഥങ്ങളാണ്‌ കാര്‍ബണിക ഫോസ്‌ഫറസുകള്‍. ശക്തിയേറിയ ഈ കീടനാശിനികളുടെ രംഗപ്രവേശം മലമ്പനി തുടങ്ങിയ രോഗങ്ങളെ മിക്കവാറും ഇല്ലാതാക്കാന്‍ സഹായിച്ചു.

കീടനാശിനികളുടെ പൊതുവായ പ്രവര്‍ത്തനരീതി ജീവികളുടെ ഉപാപചയപ്രവര്‍ത്തനങ്ങളെ സ്‌തംഭിപ്പിച്ചു കൊല്ലുക എന്നതാണ്‌. എന്നാല്‍ രാസസംയോഗത്തിലും വീര്യത്തിലും പ്രയോഗവിധത്തിലും രൂപത്തിലും എല്ലാ കീടനാശിനികളും ഒരുപോലെയല്ല.

ജീവികളില്‍ ഏതു രൂപത്തില്‍ പ്രവര്‍ത്തിക്കുന്നു എന്നതിനെ അടിസ്ഥാനപ്പെടുത്തി കീടനാശിനികളെ വര്‍ഗീകരിക്കാവുന്നതാണ്‌.

(1) ആമാശയവിഷങ്ങള്‍ : ഇവ ജീവികളുടെ ദഹനാവയവങ്ങളില്‍ കടന്നുചെന്ന്‌ പ്രവര്‍ത്തിക്കുന്നു. ഉദാ. ചിലതരം ആര്‍സനേറ്റ്‌ വിഷങ്ങളും ഫ്‌ളൂറൈഡുകളും.

(2) സമ്പര്‍ക്ക വിഷങ്ങള്‍: ജീവികളുടെ അധ്യാവരണ(ശിലേഴൗാലി)ത്തേിലൂടെ തുളച്ച്‌ ശരീരത്തില്‍ കടന്ന്‌ ഇവ ജീവിയെ നശിപ്പിക്കും. ഉദാ. ഡി.ഡി.റ്റി.ബി.എച്ച്‌.സി., ഡൈ എല്‍ഡ്രില്‍, പാരാതയോണ്‍, മാലാതയോണ്‍ തുടങ്ങിയവ.

(3) ധൂമകവിഷങ്ങള്‍ : ശ്വസനതടസ്സം സൃഷ്‌ടിച്ച്‌ ജീവിയെ കൊല്ലുന്നവ. ഉദാ. ഹൈഡ്രജന്‍ സയനൈഡ്‌, നാഫ്‌തലിന്‍, മീഥൈല്‍ ബ്രാമൈഡ്‌ തുടങ്ങിയവ.

(4) പ്രതികര്‍ഷണ വിഷങ്ങള്‍ : ഇവ ജീവിയെ കൊല്ലാതെ അതിനെ തുരത്തുന്നു. ഉദാ. ഡൈമീഥൈല്‍ ഥാലേറ്റ്‌, ബോര്‍ഡോ മിശ്രിതം തുടങ്ങിയവ

(5) വന്ധ്യംകരണവിഷങ്ങള്‍: ഇവ ജീവിയെ കൊല്ലാതെ അവയുടെ ഉത്‌പാദനശേഷിയെ നശിപ്പിക്കുന്നു.

ദ്രാവകരൂപത്തിലും പൊടിരൂപത്തിലുമാണ്‌ മിക്ക കീടനാശിനികളും ലഭിക്കുന്നത്‌. വെള്ളത്തില്‍ കലക്കിത്തളിക്കുക, പൊടിവിതറുക, സസ്യത്തിനു ചുറ്റും മണ്ണിളക്കി അവിടെ നിക്ഷേപിച്ചു മൂടുക, സസ്യഭാഗങ്ങളില്‍ തേച്ചു പിടിപ്പിക്കുക തുടങ്ങി പല തരത്തില്‍ കീടനാശിനികള്‍ പ്രയോഗിക്കുന്നുണ്ട്‌. കീടനാശിനികളുടെ ശക്തി, ലഭ്യത, രൂപം, അവകൊണ്ടു നശിപ്പിക്കേണ്ട കീടം, അവയുടെ സ്വഭാവം തുടങ്ങി വിവിധ ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ്‌ അവയുടെ പ്രയോഗം തീരുമാനിക്കുക.

പ്രാണികളെയും കളകളെയും കുമികളുകളെയും എലികള്‍ തുടങ്ങിയ ക്ഷുദ്രജീവികളെയും നശിപ്പിക്കാന്‍ പര്യാപ്‌തമായ കീടനാശിനികള്‍ ഇന്നു പ്രചാരത്തിലുണ്ട്‌. ഇവ പ്രാണിനാശിനികള്‍, കുമിള്‍നാശിനികള്‍ (കവകനാശിനികള്‍), കളനാശിനികള്‍ എന്നീ പേരുകളില്‍ അറിയപ്പെടുന്നു.

കുമിള്‍രോഗത്തില്‍നിന്ന്‌ സസ്യങ്ങളെ രക്ഷിക്കുന്നവയാണ്‌ കുമിള്‍നാശിനികള്‍ (fungicides). സള്‍ഫര്‍, മെര്‍ക്കുറി, ചെമ്പ്‌ തുടങ്ങിയവ അടങ്ങിയ ഈ പദാര്‍ഥങ്ങള്‍ രോഗാരംഭത്തിനു മുമ്പ്‌തന്നെ പ്രയോഗിക്കുന്നതാണ്‌ ഉത്തമം. സമ്പര്‍ക്കത്തിലേര്‍പ്പെടുന്ന ഏതിനെയും നശിപ്പിക്കുന്നവയെന്നും ചിലവയെ മാത്രം നശിപ്പിക്കുന്നവയെന്നും രണ്ടു തരത്തിലുള്ള കളനാശിനികളുണ്ട്‌.

സള്‍ഫ്യൂറിക്കാസിഡ്‌, സോഡിയം ക്ലോറേറ്റ്‌, ബൈപിറിഡിലുകള്‍ തുടങ്ങിയവ ആദ്യം പറഞ്ഞ വിഭാഗത്തില്‍പ്പെടുന്നു. ട്രയാസീനുകള്‍, യൂറിയ, കാര്‍ബമേറ്റുകള്‍ തുടങ്ങിയവ രണ്ടാംവിഭാഗത്തെ പ്രതിനിധീകരിക്കുന്നു. എലികളെയും ക്ഷുദ്രകീടങ്ങളെയും നശിപ്പിക്കാനുതകുന്ന നിരവധി രാസപദാര്‍ഥങ്ങളും-പ്രകൃതിദത്തമായതും കൃത്രിമസൃഷ്‌ടികളും-ഇന്നും പ്രചാരത്തിലുണ്ട്‌.

ജൈവവിഘടനത്തിനു വിധേയമാകാതെ ദീര്‍ഘസ്ഥായിയായി നിലനില്‍ക്കുന്നതിനാല്‍ ഇന്ന്‌ പല കീടനാശിനികളും നിരോധിക്കപ്പെട്ടിട്ടുണ്ട്‌. ഡി.ഡി.റ്റി. ഉത്‌പാദിപ്പിച്ച്‌ ഉപയോഗിക്കുകയും വിറ്റഴിക്കുകയും ചെയ്‌ത അമേരിക്കയില്‍ ഇന്ന്‌ അതിന്റെ ഉപയോഗം വിലക്കിയിരിക്കുന്നു. ത്വക്കിലൂടെയും ശ്വസനസമയത്ത്‌ മൂക്കിലൂടെയും ഡി.ഡി.റ്റി. മനുഷ്യശരീരത്തില്‍ കടക്കുന്നു. അഡ്രിനല്‍ ഗന്ഥി, വൃഷണം, തൈറോയിഡ്‌ ഗ്രന്ഥി എന്നിവിടങ്ങളില്‍ ഇവ ശേഖരിക്കപ്പെടുന്നു. ഇതു കൂടാതെ ഡി.ഡി.റ്റി. തളിച്ച ചെടികള്‍ ഭക്ഷിക്കുന്ന പശുവിലും പശുവിന്റെ പാല്‍ കുടിക്കുന്ന മനുഷ്യനിലും മറ്റൊരു ചക്രത്തിലൂടെ (cycle) ഡി.ഡി.റ്റി. പ്രവേശിക്കും. മുലപ്പാലില്‍പ്പോലും ഡി.ഡി.റ്റി.യുടെ അംശം കണ്ടെത്തിയിട്ടുണ്ട്‌. ഒരു ശരാശരി ഇന്ത്യാക്കാരന്റെ ഒരു നേരത്തെ ഭക്ഷണത്തില്‍ 0.27 മില്ലിഗ്രാം ഡി.ഡി.റ്റി. അടങ്ങിയിരിക്കുന്നതായി ഗവേഷകര്‍ തെളിയിച്ചിട്ടുണ്ട്‌. വന്ധ്യതയ്‌ക്കു കാരണമാകുമെന്നു സംശയിക്കപ്പെടുന്ന ഒരു കീടനാശിനിയാണ്‌ ആല്‍ഡ്രിന്‍. ഞരമ്പുകളെ ബാധിക്കുന്നവയാണ്‌ ഫോസ്‌ഫറസ്‌ കീടനാശിനികള്‍, ഓര്‍ഗാനോക്ലോറിന്‍ വിഭാഗത്തില്‍പ്പെടുന്ന മറ്റൊരു കീടനാശിനിയായ എന്‍ഡോസള്‍ഫാന്‍ മാരകമായ വിഷമാണ്‌. കേരളത്തില്‍ കാസര്‍കോട്‌ ജില്ലയിലെ കശുമാവിന്‍ തോട്ടങ്ങളില്‍ ഈ കീടനാശിനി തളിക്കുക വഴി മനുഷ്യരില്‍ ഉണ്ടായ ആരോഗ്യപ്രശ്‌നങ്ങളും ജീവഹാനിയും വലുതായിരുന്നു. ലോകത്തിലെ ഒട്ടുമിക്ക രാജ്യങ്ങളിലും നിരോധിക്കപ്പെട്ടിട്ടുള്ള ഈ കീടനാശിനിയുടെ പ്രയോഗം ജനകീയ പ്രക്ഷോഭങ്ങളുടെ ഫലമായി ഇന്ത്യയിലും ഉപോധികളോടെയാണെങ്കിലും നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്‌.

കീടങ്ങളെ നശിപ്പിക്കുന്നതിനു ഫലപ്രദമായിക്കണ്ട കീടനാശിനികളുടെ പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ പരമാവധി കുറച്ചുകൊണ്ടു വരുന്നതിനുള്ള പരീക്ഷണങ്ങള്‍ മിക്ക രാജ്യങ്ങളിലും ആരംഭിച്ചിട്ടുണ്ട്‌. ഫിറോമോണുകള്‍, ഹോര്‍മോണുകള്‍, വൈറസുകള്‍ മുതലായവ ഉപയോഗിച്ച്‌ പ്രാണികീടങ്ങളെ അവയുടെ ജീവിതചക്രത്തിന്റെ വിവിധ ദിശകളില്‍വച്ച്‌ നശിപ്പിക്കുന്നതിനെപ്പറ്റിയും ഗവേഷണങ്ങള്‍ നടക്കുന്നുണ്ട്‌ (2011).

ജീവശാസ്‌ത്രപരമായ നിയന്ത്രണത്തിലൂടെ കീടങ്ങളുടെ പെരുപ്പം കുറയ്‌ക്കാനുള്ള ശ്രമങ്ങളും നടന്നുവരുന്നുണ്ട്‌. ജീനുകളുടെയും മ്യൂട്ടേഷന്റെയും അസാധാരണത്വം വളര്‍ത്തി പുതിയ തലമുറയുടെ ഉത്‌പാദനത്തെ നിയന്ത്രിക്കുകയെന്നതാണ്‌ ഇവിടെ സ്വീകരിച്ചുവരുന്ന പ്രധാന രീതികളില്‍ ഒന്ന്‌. ഒരു പ്രത്യേക പ്രാണിയുടെ വളര്‍ച്ചയെ സഹായിക്കുന്ന നിര്‍ണായക ഏജന്റുകളെ കണ്ടെത്തി അവയെ നശിപ്പിക്കുക, ശത്രുപ്രാണികളെ വളര്‍ത്തി നശിപ്പിക്കേണ്ട പ്രാണികളുടെ കൂട്ടത്തില്‍ വിടുക, റേഡിയോ പ്രസരണമോ വന്ധ്യംകാരികളായ രാസദ്രവ്യങ്ങളോ ഉപയോഗിച്ച്‌ പ്രാണികളില്‍ വന്ധ്യത്വം വരുത്തുക തുടങ്ങിയവയും കീടനിയന്ത്രണരംഗത്ത്‌ ഗൗരവമായി പരീക്ഷിച്ചു വരുന്നു.

(ചുനക്കര ഗോപാലകൃഷ്‌ണന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍