This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കിലുകിലുപ്പ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കിലുകിലുപ്പ

Rattle wort

കിലുകിലുപ്പ

ലെഗുമിനോസീ സസ്യകുടുംബത്തിലെ പാപ്പിലോണിയേസീ ഉപകുടുംബത്തില്‍ പ്പെടുന്ന ഒരു സസ്യം. ശാ.നാ.: ക്രാട്ടലേറിയ റെറ്റ്യൂസ (Crotalaria retusa). തെങ്ങിന്‍ തോപ്പുകളിലും മറ്റും അനിയന്ത്രിതമായി വളരുന്ന ഒരു കാട്ടുചെടിയാണിതെങ്കിലും പച്ചിലവളച്ചെടിയെന്ന നിലയിലും കൃഷിചെയ്യാറുണ്ട്‌.

ഏകദേശം 1 മീ. ഉയരത്തില്‍ ശാഖോപശാഖകളോടുകൂടി വളരുന്ന ഒരു ഓഷധിയാണിത്‌. നീണ്ടുവണ്ണം കുറഞ്ഞതാണ്‌ തണ്ട്‌. വേരുകളില്‍ നിരവധി ചെറുമുഴകള്‍ (മൂലാര്‍ബുദങ്ങള്‍) കാണാം. ലെഗുമിനോസീ കുടുംബത്തിലെ ചെടികളില്‍ കാണുന്ന ഇത്തരം മൂലാര്‍ബുദങ്ങളിലെ ബാക്‌റ്റീരിയങ്ങള്‍ക്ക്‌ അന്തരീക്ഷവായുവിലെ നൈട്രജനെ ചെടികള്‍ക്ക്‌ ആഗിരണം ചെയ്യാന്‍ തക്ക നിലയിലാക്കിത്തീര്‍ക്കാനുള്ള കഴിവുണ്ട്‌. മൂന്നു പര്‍ണകങ്ങള്‍ ചേര്‍ന്ന ഇതിന്റെ ഇലകള്‍ ഏകാന്തരമായി ക്രമീകരിച്ചിരിക്കും. കാണ്ഡത്തിന്റെ അഗ്രഭാഗത്ത്‌ മഞ്ഞനിറമുള്ള പൂക്കളോടുകൂടിയ പൂങ്കുലകള്‍ കാണാം. പരപരാഗണമാണ്‌ സാധാരണയായി സംഭവിക്കാറുള്ളത്‌. കായ്‌കള്‍ക്കുള്ളില്‍ 10-15 വിത്തുകള്‍ വരെ കാണാം. ഇതിന്റെ ഉണക്കിയ കായ്‌കള്‍ കുലുക്കുമ്പോള്‍ കിലുക്കാംപെട്ടിയുടേതു പോലുള്ള ശബ്‌ദം കേള്‍ക്കാം. വര്‍ഷപാതത്തെയും വരള്‍ച്ചയെയും ഒരു പരിധിവരെ ലവണത്ത്വത്തെയും ചെറുത്തുനില്‌ക്കാന്‍ ഇതിനു കഴിവുണ്ട്‌. ഗുരുതരമായ കീട-രോഗബാധകള്‍ ഇതിനുണ്ടാകാറുമില്ല. ചിലയിടങ്ങളില്‍ കിലുകിലുപ്പ പച്ചിലവളമായി വന്‍തോതില്‍ വളര്‍ത്തപ്പെടുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍