This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കിലിയാസം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കിലിയാസം

Chiliasm

ക്രിസ്‌തു ഭൂമിയില്‍ തിരിച്ചുവന്നു 1000 സംവത്സരം വാഴുമെന്നുള്ള വിശ്വാസം. "മിലനേന്യലിസം' എന്ന പേരിലും ഇത്‌ അറിയപ്പെടുന്നു. ആയിരം എന്ന്‌ അര്‍ഥമുള്ള കിലിയാസ്‌തീസ്‌, കിലിയാസ്‌തെസ്‌ (Chiliastes, Chiliastes)എന്നീ ഗ്രീക്‌, ലാറ്റിന്‍ പദങ്ങളില്‍ നിന്നാണ്‌ "കിലിയാസം' നിഷ്‌പന്നമായിട്ടുള്ളത്‌. മരണത്തെയും അന്ത്യവിധിയെയും മരണാനന്തരജീവിതത്തെയും പ്രതിപാദിക്കുന്ന സിദ്ധാന്തത്തിന്റെ (eschatology) ഒരു ഭാഗമായി ഈ വിശ്വാസം കരുതപ്പെടുന്നു. ബൈബിളിലെ ഡാനിയലിന്റെ പുസ്‌തകവും വെളിപാടു പുസ്‌തകവുമാണ്‌ കിലിയാസത്തിന്‌ ആധാരം. സ്ഥൂല ശരീരത്തോടുകൂടി ക്രിസ്‌തു തിരിച്ചുവന്നു സാത്താനെ കീഴ്‌പ്പെടുത്തി രക്തസാക്ഷികളെ പുനര്‍ജീവിപ്പിച്ചു ലോകത്ത്‌ നീതിയും സമാധാനവും ഉറപ്പുവരുത്തി 1,000 വര്‍ഷം ഭരിക്കുമെന്നും അന്തിമയുദ്ധത്തില്‍ സാത്താനെ എന്നന്നേക്കുമായി കീഴ്‌പ്പെടുത്തുമെന്നും കിലിയാസ്റ്റുകള്‍ (മിലെനേറിയന്മാര്‍) വിശ്വസിക്കുന്നു. ജീവിത പ്രതിസന്ധികളില്‍ പ്പെട്ടു കഷ്‌ടപ്പെട്ടിരുന്നവരും സാമൂഹിക-സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അനുഭവിച്ചിരുന്നവരുമാണ്‌ പ്രധാനമായും കിലിയാസത്തില്‍ ആകൃഷ്‌ടരായിരുന്നത്‌. ദുര്‍ഭരണ കര്‍ത്താക്കളെയും അവരുടെ സ്വാധീനതയിലായിരുന്ന സഭാധ്യക്ഷന്മാരെയും സാത്താന്മാരായി ചിത്രീകരിച്ചിരുന്ന ഇവര്‍ പുതിയ പ്രവാചകരോ രക്ഷകരോ പ്രത്യക്ഷപ്പെട്ടു ഭൗതികവും ആത്മീയവുമായ അനുഗ്രഹാശിസ്സുകള്‍ തങ്ങളില്‍ വര്‍ഷിക്കുമെന്നു പ്രതീക്ഷിച്ചിരുന്നു. പെട്ടെന്നുള്ള ഹിംസാത്മകമായ പരിവര്‍ത്തനം ഉണ്ടാകുമെന്നു പ്രചരിപ്പിച്ചിരുന്ന ഇവരെ ഭരണകര്‍ത്താക്കളും അവരുമായി സൗഹൃദം പുലര്‍ത്തിയിരുന്ന ക്രസ്‌തവസഭകളും അംഗീകരിച്ചിരുന്നില്ല. ആദ്യകാല ക്രസ്‌തവര്‍ ആയിരുന്നു കിലിയാസത്തിന്റെ പ്രബലാനുയായികള്‍. റോമന്‍ പീഡനത്തില്‍ നിന്ന്‌ മോചനം നല്‌കുവാന്‍ ക്രിസ്‌തു വളരെവേഗം തിരിച്ചുവരുമെന്ന്‌ അവര്‍ കരുതിയിരുന്നു. ഗവണ്‍മെന്റും ചര്‍ച്ചും തമ്മിലുള്ള അഭിപ്രായഭിന്നത കുറഞ്ഞുവന്നതോടെ ചര്‍ച്ച്‌ സെ: അഗസ്റ്റിന്റെ സിദ്ധാന്തത്തെ അനുകൂലിക്കുകയും കിലിയാസത്തെ സംബന്ധിച്ചുള്ള ബൈബിള്‍ പരാമര്‍ശങ്ങള്‍ ഭാവനാസൃഷ്‌ടങ്ങളാണെന്നു വ്യാഖ്യാനിക്കുകയും ചെയ്‌തു. ബാര്‍ബേറിയന്‍ ആക്രമണത്തെത്തുടര്‍ന്നു കിലിയാസത്തിന്റെ പ്രചാരം ഏറെ വര്‍ധിച്ചു. 1000-ാം വര്‍ഷത്തില്‍ കിലിയാസം ആരംഭിക്കുമെന്ന്‌ അക്കാലത്ത്‌ വിശ്വാസികള്‍ കരുതിയിരുന്നു. 14-ാം ശതകത്തിലെ ബ്ലാക്ക്‌ ഡെത്തിനെ (യൂറോപ്പിലും ഏഷ്യയിലും വളരെയധികം പേരുടെ മരണത്തിനിടയാക്കിയതും തൊലിയില്‍ കറുത്ത പാടുകള്‍ ഉണ്ടാക്കിയതുമായ മാരകമായ പ്ലേഗുരോഗം) തുടര്‍ന്നു കിലിയാസം പല താഴ്‌ന്ന ജാതിക്കാരുടെയും സാമൂഹികമായ ഉയര്‍ച്ചയ്‌ക്ക്‌ കാരണമായിത്തീര്‍ന്നു. 19-ാം ശതകത്തോടുകൂടി നീതിപൂര്‍വമായ ഒരു സാമൂഹിക വ്യവസ്ഥിതിയിലുള്ള വിശ്വാസമായി കിലിയാസം പരിണമിച്ചു. അഭൂതപൂര്‍വമായ ശാസ്‌ത്ര-സാങ്കേതിക വളര്‍ച്ച മനുഷ്യനില്‍ ഉളവാക്കിയ ആത്മവിശ്വാസമായിരുന്നു ഇതിനു കാരണം.

അമേരിക്കയില്‍ വില്യം മില്ലര്‍ തുടങ്ങിയ നിരവധി ദൈവശാസ്‌ത്രജ്ഞന്മാര്‍ സഹസ്രാബ്‌ദവാഴ്‌ചയില്‍ വിശ്വസിച്ചിരുന്നു. ഇത്‌ വ്യത്യസ്‌ത സഭാവിഭാഗങ്ങള്‍ക്കു വഴിതെളിച്ചു (സെവന്‍ത്‌ ഡേ അഡ്‌വന്റിസ്റ്റുകള്‍; സെക്കന്റ്‌ അഡ്‌വന്റിസ്റ്റുകള്‍ തുടങ്ങിയവര്‍).

കിലിയാസത്തിനു സമാനമായ വിശ്വാസം മറ്റു ജനവിഭാഗങ്ങളിലും നിലനിന്നിരുന്നതായി കാണുന്നു. മൂന്നാമതൊരു രക്ഷകന്‍ പരിശുദ്ധമായ ഒരു ലോകം കെട്ടിപ്പടുത്ത്‌ മരിച്ചവരെ പുനര്‍ജീവിപ്പിക്കുമെന്നു പാഴ്‌സിമത(Zoroastrianism)ത്തിലും ബുദ്ധമൈത്രയന്‍ ഭാവിയില്‍ സ്വര്‍ഗം ഭൂമിയില്‍ നിര്‍മിക്കുമെന്ന്‌ ബുദ്ധമതത്തിലും വിശ്വാസം ഉണ്ടായിരുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍