This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കിരീടം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കിരീടം

ഓരോ രംഗത്തുമുള്ള അധീശത, അധികാരം, മാന്യത, നൈപുണ്യം എന്നിവയുടെ അംഗീകാരചിഹ്നമായ ഒരു ശിരോഭൂഷണം. ദേവന്മാര്‍, ദേവിമാര്‍, രാജാക്കന്മാര്‍, രാജ്ഞിമാര്‍, ഗോത്രനായകന്മാര്‍ മുതലായവരുടെ പദവിയുടെ ചിഹ്നമായി പുരാതനകാലം മുതല്‍ ക്കുതന്നെ ഇത്‌ അംഗീകരിക്കപ്പെട്ടിരുന്നു.

ഇംപീരിയല്‍ ക്രൗണ്‍

യുദ്ധം, കായികമത്സരം എന്നീ രംഗങ്ങളിലുള്ള അധികാരം, സ്ഥാനം, സാമര്‍ഥ്യം തുടങ്ങിയവയുടെ ചിഹ്നമായി തലയില്‍ അണിയുന്ന അലങ്കാരത്തെയും കിരീടം എന്നു പറയാറുണ്ട്‌. ലോകമെമ്പാടുമുള്ള പ്രാകൃത ജനവര്‍ഗങ്ങളുടെ ഇടയില്‍ ശിരോലങ്കരണത്തിന്‌ അതിയായ പ്രാധാന്യം നല്‌കിയിരുന്നതായി കാണാം. തലമുടി മുഖത്തേക്കു വീഴാതെ സൂക്ഷിക്കാനായി മുടി പിന്നിലേക്കു മാടി കെട്ടിവയ്‌ക്കാന്‍ ചരട്‌, തോല്‌, ആനക്കൊമ്പ്‌, ലോഹവലയങ്ങള്‍ എന്നിവ ഉപയോഗിച്ചിരുന്നു. ഇവയ്‌ക്കു പുറമേ അലങ്കാരത്തിനായി എല്ല്‌, ഇല, പൂവ്‌, തൂവല്‍ , കക്ക തുടങ്ങി അനവധി വസ്‌തുക്കള്‍ തിരുകിവയ്‌ക്കുന്ന പതിവും ഉണ്ടായി. ആസ്റ്റ്രലിയ, ആന്‍ഡമാന്‍ ദ്വീപുകള്‍ എന്നിവിടങ്ങളിലെ ആദിമ വര്‍ഗക്കാര്‍ക്കിടയില്‍ ഇന്നും ഈ രീതി നിലനില്‌ക്കുന്നു. പദവിയുടെയും സ്ഥാനമാനത്തിന്റെയും ഏറ്റക്കുറവുകള്‍ അനുസരിച്ച്‌ കേശാലങ്കരണത്തില്‍ പ്രത്യേകതകള്‍ പ്രകടമായിത്തുടങ്ങിയതോടെയാണ്‌ കിരീടത്തിന്റെ ഉദ്‌ഭവമെന്നു കാണാം. പ്രാചീനകാലങ്ങളില്‍ പുഷ്‌പകിരീടങ്ങളും ലതാകിരീടങ്ങളുമാണു ധാരാളമായി ഉപയോഗിച്ചിരുന്നത്‌. വിവാഹം, മരണാനന്തരചടങ്ങുകള്‍, ആഘോഷങ്ങള്‍ മുതലായ അവസരങ്ങളില്‍ കിരീടം ധരിക്കുക പതിവായിരുന്നു. വീരയോദ്ധാക്കള്‍, കവികള്‍, കായികാഭ്യാസികള്‍, പുരോഹിതന്മാര്‍ തുടങ്ങിയവര്‍ പുഷ്‌പകിരീടങ്ങള്‍ ധരിക്കുന്ന പതിവ്‌ അതിപുരാതനകാലം മുതല്‌ക്കേ റോമാക്കാരുടെയും ഗ്രീക്കുകാരുടെയും ഇടയിലുണ്ടായിരുന്നു. വൃക്ഷാരാധനയില്‍ നിന്ന്‌ ഉരുത്തിരിഞ്ഞ ഒരു ആചാരക്രമമാണിത്‌. ഓരോ ഗ്രീക്‌ ദേവതയ്‌ക്കും പ്രത്യേക തരത്തിലുള്ള കിരീടമാണു കല്‌പിച്ചിട്ടുള്ളത്‌. ഓരോരുത്തര്‍ക്കും അവരവരുടെ ഇഷ്‌ടലതാകുസുമാദികള്‍കൊണ്ട്‌ പിന്നിയെടുത്ത കിരീടമാണു നല്‌കിക്കാണുന്നത്‌: ഡിയോണിസസ്‌ ദേവനു മുന്തിരിവള്ളികൊണ്ടുള്ള കിരീടമാണെങ്കില്‍ സീയൂസ്‌ ദേവന്‌ ഓക്കിന്റെ തളിരിലക്കിരീടവും അപ്പോളോവിന്‌ നെന്മേനിവാകയില (ലാറല്‍ ) കൊണ്ടു നിര്‍മിച്ച കിരീടവും അഥീനയ്‌ക്ക്‌ ഒലീവിലക്കിരീടവുമാണ്‌.

എ.ഡി. 6-ാം ശ. മുതല്‍ തന്നെ ഒളിമ്പിക്‌ ജേതാക്കളെ ഒലിവിലക്കിരീടം അണിയിക്കുന്ന പതിവ്‌ ഗ്രീസില്‍ ആരംഭിച്ചിരുന്നു. കായികാഭ്യാസികളെ ഒലിവിലക്കിരീടവും നാടകം, കവിത തുടങ്ങിയ സാഹിത്യകലകളില്‍ നിഷ്‌ണാതരായവരെ ലാറല്‍ കിരീടവുമാണ്‌ അണിയിച്ചിരുന്നത്‌. കാലക്രമേണ പുഷ്‌പലതാദികളുടെ സ്ഥാനം ലോഹങ്ങള്‍ കൈയടക്കി. ജനസാമാന്യത്തിന്റെ അംഗീകാരത്തിനും ബഹുമാനത്തിനും അര്‍ഹരായവര്‍ക്കും ഇത്തരം കിരീടങ്ങള്‍ ധരിക്കാമായിരുന്നു. സൈന്യത്തിന്റെ പരമോന്നതസ്ഥാനം വഹിക്കുന്നവര്‍ക്കും വീരസാഹസികരായ പടയാളികള്‍ക്കും വെള്ളിയില്‍ ത്തീര്‍ത്ത ഇലക്കിരീടം നല്‌കിയിരുന്നു. റോമാസെനറ്റിന്റെ വകയായി ജൂലിയസ്‌ സീസറിനാണ്‌ ആദ്യമായി ഇത്തരത്തിലുള്ള ബഹുമതി ലഭിച്ചത്‌. സ്വര്‍ണംകൊണ്ടു നിര്‍മിച്ച, സൂര്യരശ്‌മികള്‍ വികിരണം ചെയ്യുന്ന തരത്തിലുള്ള തിളങ്ങുന്ന കിരീടങ്ങളായിരുന്നു റോമന്‍ ചക്രവര്‍ത്തിമാര്‍ക്ക്‌ അധികം പ്രിയം. രാജാവിനെ സൂര്യദേവനായിത്തന്നെ അക്കാലത്തു സങ്കല്‌പിച്ചിരുന്നതാണ്‌ ഇതിനു കാരണം. എന്നാല്‍ രാജാധികാരത്തിന്റെ പരമോന്നത ചിഹ്നമായി അഥവാ ചക്രവര്‍ത്തിയുടെ ചിഹ്നമായി അംഗീകരിച്ചിരുന്നത്‌ രത്‌നഖചിതമായ നെറ്റിപ്പട്ട(diadem)മായിരുന്നു. നെറ്റിയുടെ മധ്യഭാഗത്ത്‌ രത്‌നം വരത്തക്കവിധം തലയില്‍ ഇതുകെട്ടുകയായിരുന്നു പതിവ്‌. ഹെല്ലനിസ്റ്റിക്‌ സംസ്‌കാരത്തില്‍ നിന്നുമാണ്‌ ഇത്‌ ഉടലെടുത്തത്‌. രത്‌നഖചിതമായ ഈ നാട സീസര്‍ ഇഷ്‌ടപ്പെട്ടില്ല; പകരം അദ്ദേഹം എട്രൂസ്‌കന്‍ രാജാക്കന്മാര്‍ കിരീടമായി അണിഞ്ഞിരുന്നതുപോലുള്ള സ്വര്‍ണഹാരം തലയില്‍ ധരിക്കുകയാണുണ്ടായത്‌. എന്നാല്‍ സീസറിനുശേഷം ഭരണമേറ്റ ചക്രവര്‍ത്തിമാര്‍ അല്‌പം ചില പരിഷ്‌കാരങ്ങളോടെ പഴയ രാജമുദ്ര വീണ്ടും ഉപയോഗിച്ചുവന്നു. നാടയിലുടനീളം രത്‌നങ്ങളും രണ്ടരികുകളിലും മുത്തുകളും പിടിപ്പിച്ച്‌ അതൊരു വലയാക്കി തലയില്‍ ധരിച്ചുവന്നു. കാലം കുറേക്കൂടി പിന്നിട്ടപ്പോള്‍ സൈനികമേധാവി എന്ന നിലയില്‍ ചക്രവര്‍ത്തി സ്വര്‍ണംകൊണ്ടു നിര്‍മിച്ച രത്‌നശിരഃകവചവും (helmet) അണിഞ്ഞുവന്നു. ബൈസാന്തിയന്‍ കാലഘട്ടമായപ്പോള്‍, രാജമുദ്രയായ ഡയാഡവും സൈനികമേധാവിക്കുള്ള ഹെല്‍ മെറ്റും ഒന്നിച്ചു ചേര്‍ത്തുള്ള പ്രത്യേകതരം കിരീടം സംവിധാനം ചെയ്യപ്പെട്ടു. ദക്ഷിണ ഇറ്റലി, സിസിലി എന്നിവിടങ്ങളിലെ നോര്‍മന്‍ ഭരണാധികാരികളും ഇത്തരം കിരീടങ്ങളാല്‍ ആകൃഷ്‌ടരായി (1130). ഫ്രഡറിക്‌ II-ാമനും (?-1250) ഇതേ രീതിയിലുള്ള കിരീടമാണ്‌ ഉപയോഗിച്ചത്‌; ഇതില്‍ നിന്നാണ്‌ ആധുനിക കിരീടങ്ങള്‍ രൂപംകൊണ്ടത്‌. വലയാകൃതിയിലുള്ള ശിരോലങ്കാരത്തിന്റെയും തൊപ്പിയുടെയും സമ്മിശ്രരൂപമായ അര്‍ധഗോളാകൃതിയിലുള്ള കിരീടങ്ങള്‍ പിന്നീട്‌ യൂറോപ്പൊട്ടാകെ പ്രചരിച്ചു.

പുരാതന കാലത്തു കിരീടങ്ങള്‍ക്കു മതപരമായ പ്രാധാന്യവും ഉണ്ടായിരുന്നു. രക്തസാക്ഷിത്വം വരിച്ചവരുടെ രൂപങ്ങളെ നിത്യജീവിതത്തിന്റെ പ്രതിരൂപമായ കിരീടം നല്‌കിയാണു പ്രതിഷ്‌ഠിച്ചിരുന്നത്‌. അള്‍ത്താരകളില്‍ വഴിപാടു കിരീടങ്ങള്‍ തൂക്കിയിടുന്ന പതിവും അന്നുണ്ടായിരുന്നു. 11-ാം ശ. മുതല്‍ യേശുക്രിസ്‌തുവിനെയും വിശുദ്ധമാതാവിനെയും കിരീടം ധരിപ്പിച്ചു ചിത്രീകരിച്ചു തുടങ്ങി; മധ്യകാലഘട്ടത്തിന്റെ അവസാനത്തോടെ യഹോവയെയും ചക്രവര്‍ത്തിയുടെ കിരീടം അണിയിച്ചു ചിത്രീകരിച്ചുവന്നു.

ഇന്ന്‌ അവശേഷിക്കുന്നതില്‍ വച്ച്‌ ഏറ്റവും പുരാതനമായ കിരീടം ലൊംബാര്‍ഡുകളുടെ രാജ്ഞിയായിരുന്ന തിയൊഡിലിന്‍ഡാ(?-62) യുടേതാണ്‌. മൊണ്‍സായിലെ പള്ളിശേഖരത്തില്‍ ഈ കിരീടം സൂക്ഷിച്ചിട്ടുണ്ട്‌. അഞ്ചു വരികളിലായി 180 കല്ലുകള്‍ പതിപ്പിച്ചിട്ടുള്ള ഒരു വലയമാണ്‌ ഈ കിരീടം. പശ്ചിമ ഗോഥിക്കില്‍ 7-ാം ശതകത്തില്‍ മതപരമായ ചടങ്ങുകള്‍ക്കുപയോഗിച്ചിരുന്ന ഒരു കിരീടവും കണ്ടുകിട്ടിയിട്ടുണ്ട്‌. ഷാര്‍ലിമാന്‍ ചക്രവര്‍ത്തി ഉപയോഗിച്ചിരുന്നതെന്നു വിശ്വസിക്കപ്പെടുന്ന മറ്റൊരു കിരീടവും സംരക്ഷിക്കപ്പെട്ടിട്ടുണ്ട്‌. കിരീടത്തിനു മുകളിലുള്ള വളച്ചുപണി ഷാര്‍ലിമാന്റെ കിരീടത്തിന്റെ പ്രത്യേകതയാണ്‌.

മധ്യകാലഘട്ടത്തിലെ ഏറ്റവും പ്രാധാന്യമുള്ള കിരീടം സു. 960-ല്‍ നിര്‍മിച്ചതാണ്‌. റോമന്‍ ചക്രവര്‍ത്തിയായ, മഹാനായ ഓട്ടോയ്‌ക്കുവേണ്ടി നിര്‍മിച്ച ഈ കിരീടം "ക്രൗണ്‍ ഇംപീരിയല്‍ ' എന്ന പേരില്‍ അറിയപ്പെടുന്നു. ഇനാമലനം ചെയ്‌ത നാലെണ്ണം ഉള്‍പ്പെടെ ആകെ ആറു ചെറു ഫലകങ്ങള്‍ ഒന്നോടൊന്നു ഘടിപ്പിച്ചാണ്‌ ഈ കിരീടം നിര്‍മിച്ചിരിക്കുന്നത്‌. ഫലകങ്ങള്‍ക്കു മുകളില്‍ കുറുകെയായി വളച്ചുപണിയും കാണാം. വേദപുസ്‌തകത്തിലെ പല കാര്യങ്ങളും പ്രതിരൂപാത്മകമായി ഈ കിരീടത്തില്‍ ചിത്രണം ചെയ്‌തിരിക്കുന്നു. പുരികത്തിനു മുകളിലായി വരുന്ന കിരീടഭാഗത്തില്‍ പതിച്ചിട്ടുള്ള 12 രത്‌നക്കല്ലുകള്‍ 12 അപ്പോസ്‌തലന്മാരെ സൂചിപ്പിക്കുന്നത്‌ ഇതിനുദാഹരണമാണ്‌. ജര്‍മന്‍ രാജാക്കന്മാരും റാണിമാരും അണിഞ്ഞിരുന്ന കിരീടങ്ങളെല്ലാംതന്നെ ഇന്നും സംരക്ഷിച്ചുപോരുന്നു. അവയുടെ രൂപരേഖകള്‍ അലങ്കാരപ്പണികള്‍ക്കു വളരെയധികം ഉപയോഗപ്പെട്ടിട്ടുണ്ട്‌.

മധ്യകാലഘട്ടത്തിലെ ഇംഗ്ലണ്ടിലെയും ഫ്രാന്‍സിലെയും രാജവംശങ്ങളുടെ കിരീടങ്ങള്‍ മിക്കവയും പില്‌ക്കാലത്തു നശിച്ചുപോയി. ഒന്നിലധികം കിരീടങ്ങള്‍ സൂക്ഷിക്കുന്ന പതിവ്‌ ഇംഗ്ലീഷ്‌ രാജവംശത്തിനുണ്ടായിരുന്നു. ഇംഗ്ലണ്ടിലെ എഡ്വേഡ്‌ II-ാമന്‌ പത്തോളം കിരീടങ്ങള്‍ ഉണ്ടായിരുന്നത്ര. പലപ്പോഴും ഇവ മാറ്റിപ്പണിയിച്ചിരുന്നു. 13-ാം ശതകത്തില്‍ ഇംഗ്ലണ്ടിലെ രാജകുമാരിമാര്‍ വിവാഹസമയത്ത്‌ ചെറുതരം കിരീടങ്ങള്‍ അണിയുന്ന പതിവു സ്വീകരിച്ചു. 14-ാം ശതകം ആയതോടെ രാജകുമാരന്മാരും ഇടപ്രഭുക്കന്മാരും കിരീടങ്ങള്‍ ധരിച്ചുതുടങ്ങി; സ്ഥാനത്തിനും അവസ്ഥയ്‌ക്കും അനുസരിച്ച്‌ കിരീടങ്ങളുടെ പണിയില്‍ മാറ്റമുണ്ടായിരുന്നെന്നുമാത്രം. സ്വര്‍ണവും അത്യധികം വിലപിടിച്ച രത്‌നങ്ങളും ഉപയോഗിച്ചു നിര്‍മിച്ചുവന്ന കിരീടങ്ങള്‍ സാമ്പത്തികാവശ്യങ്ങള്‍ക്കുവേണ്ടി പലപ്പോഴും ഉപയോഗിക്കേണ്ടിവന്നിരുന്നതിനാല്‍ പുരാതനങ്ങളായ പല കിരീടങ്ങളും ഇന്ന്‌ അവശേഷിച്ചിട്ടില്ല.

ഇംപീരിയല്‍ ക്രൗണ്‍ ഒഫ്‌ പോര്‍ച്ചുഗല്‍

രാജാധികാരത്തിന്റെ പ്രധാന ചിഹ്നങ്ങളായ കിരീടവും ചെങ്കോലും സ്ഥാനാരോഹണസമയത്താണ്‌ രാജാവിനു നല്‌കാറുള്ളത്‌. ഇതുകൂടാതെ കുരിശുപതിപ്പിച്ച സ്വര്‍ണഗോളം (orb), വാള്‍, മോതിരം, ലോഹത്തൊപ്പി, പലതരം മേലങ്കികള്‍ എന്നിവയും യൂറോപ്പിലെ രാജകീയ ചിഹ്നങ്ങളില്‍ ഉള്‍പ്പെടുന്നു. ഇംഗ്ലണ്ടിന്റെ രാജകീയവസ്‌തുക്കളില്‍ ഏറിയപങ്കും ഒലിവര്‍ ക്രാംവെല്ലി (1599-1657)ന്റെ ഭരണകാലത്ത്‌ വിറ്റഴിക്കപ്പെട്ടു. എങ്കിലും അവയുടെ രേഖകളും ചിത്രങ്ങളും സൂക്ഷിക്കപ്പെട്ടിരുന്നതിനാല്‍ വിറ്റഴിക്കപ്പെട്ട കിരീടങ്ങളുടെ അതേ രൂപത്തില്‍ ത്തന്നെ പുതിയവ 1660-ല്‍ നിര്‍മിക്കുകയുണ്ടായി. ഇംഗ്ലണ്ടിലെ കിരീടധാരണത്തിനുപയോഗിക്കുന്ന "സെയ്‌ന്റ്‌ എഡ്വേഡ്‌സ്‌ ക്രൗണ്‍' ചാള്‍സ്‌ കക-ന്റെ കിരീടത്തിന്റെ രീതിയില്‍ നിര്‍മിക്കപ്പെട്ടതാണ്‌. ഇതിന്റെ വലയത്തില്‍ നിന്ന്‌ ഉയര്‍ന്നു നില്‌ക്കുന്ന ആര്‍ക്കുകളുടെ മധ്യത്തിലും രത്‌നാങ്കിതമായ കുരിശുണ്ട്‌. 1838-ല്‍ വിക്‌ടോറിയാ മഹാറാണിയുടെ കിരീടധാരണ സമയത്ത്‌ "എഡ്‌വേഡ്‌സ്‌ ക്രൗണ്‍' തന്നെ ഉപയോഗിച്ചുവെങ്കിലും അതിന്റെ ഭാരക്കൂടുതല്‍ കൊണ്ട്‌ ഉടന്‍തന്നെ അതു മാറ്റിയിട്ട്‌ മറ്റൊരു കിരീടം (ഇംപീരിയല്‍ സ്റ്റേറ്റ്‌ ക്രൗണ്‍) അണിയിക്കുകയുണ്ടായി. ഔദ്യോഗികാവസരങ്ങളില്‍ റാണി ഈ കിരീടമാണ്‌ ധരിച്ചിരുന്നത്‌. ഇപ്പോഴത്തെ എലിസബത്ത്‌ രാജ്ഞിയും ഇംപീരിയല്‍ സ്റ്റേറ്റ്‌ ക്രൗണ്‍ ആണ്‌ ധരിച്ചിരിക്കുന്നത്‌. സ്വര്‍ണനിര്‍മിതമായ ഈ കിരീടത്തില്‍ 3,000 രത്‌നങ്ങള്‍ പതിച്ചിട്ടുണ്ട്‌. ഇക്കൂട്ടത്തില്‍ ചരിത്രപ്രസിദ്ധമായ ചിലതും ഉള്‍പ്പെടുന്നു. 1367-ല്‍ ബ്ലാക്‌ പ്രിന്‍സിനു നല്‌കപ്പെട്ട റൂബി, 1686-ല്‍ ജയിംസ്‌ തക പലായനം ചെയ്‌തപ്പോള്‍ എടുത്തുകൊണ്ടുപോയ സഫൈര്‍, എഡ്‌വേഡ്‌ ദ്‌ കണ്‍ഫസര്‍ 11-ാം ശതകത്തില്‍ ഉപയോഗിച്ചിരുന്ന മോതിരത്തിലെ സഫൈര്‍ എന്നിവ ഇവയില്‍ ചിലതാണ്‌. 1911-ല്‍ ഡല്‍ ഹിയില്‍ വച്ച്‌ ഇന്ത്യയുടെ ചക്രവര്‍ത്തിയായി ജോര്‍ജ്‌ V-ാമന്‍ സ്ഥാനാരോഹണം ചെയ്‌തപ്പോള്‍ ഉപയോഗിച്ച കിരീടമാണ്‌ "ക്രൗണ്‍ ഒഫ്‌ ഇന്ത്യ'. രാജമുദ്രകള്‍ ബ്രിട്ടനു വെളിയില്‍ കൊണ്ടുപോകാന്‍ പാടില്ല എന്ന ആചാരമനുസരിച്ചാണ്‌ ജോര്‍ജ്‌ V-ാമനുവേണ്ടി പുതിയ കിരീടം നിര്‍മിച്ചത്‌. ഇവകൂടാതെ രാജകുമാരന്മാര്‍ക്കും (ഉദാ. പ്രിന്‍സ്‌ ഒഫ്‌ വെയില്‍ സ്‌ കിരീടം) രാജാക്കന്മാരുടെ ഭാര്യമാര്‍ക്കും പ്രത്യേകം കിരീടങ്ങളുണ്ട്‌. ജോര്‍ജ്‌ V-ാമന്റെ ഭാര്യയായ മേരി രാജ്ഞിയുടെ കിരീടത്തിലാണ്‌ ഇന്ത്യയുടെ കോഹിനൂര്‍ രത്‌നം ആദ്യമായി പതിപ്പിച്ചത്‌. രാജ്ഞി, രാജമാതാവായിത്തീരുമ്പോള്‍ അവരുടെ കിരീടത്തിലെ രത്‌നങ്ങള്‍ പുതിയ രാജാവിന്റെ ഭാര്യയ്‌ക്കു നിര്‍മിക്കുന്ന കിരീടത്തില്‍ പതിക്കണമെന്ന ആചാരമനുസരിച്ച്‌ കോഹിനൂര്‍ രത്‌നം 1937-ല്‍ എലിസബത്ത്‌ രാജ്ഞി (ജോര്‍ജ്‌ VI-ാമന്റെ പത്‌നി)യുടെ കിരീടത്തിലേക്കു മാറ്റുകയുണ്ടായി.

ഇന്ത്യ. ഭാരതീയ രാജാക്കന്മാരുടെ പദവിയെ സൂചിപ്പിക്കുന്ന ചിഹ്നങ്ങളാണ്‌ ഛത്ര, ചാമര, വ്യജന, കിരീടങ്ങള്‍. രാജാധികാരത്തിന്റെ പ്രധാന മുദ്രയായ കിരീടം അതിപുരാതനകാലം മുതല്‌ക്കേ ഇന്ത്യയില്‍ ഉപയോഗിച്ചിരുന്നുവെന്ന്‌ ഉത്‌ഖനനങ്ങളും ചിത്രശേഖരങ്ങളും തെളിയിക്കുന്നു. വേദങ്ങള്‍, ഉപനിഷത്തുകള്‍, പുരാണങ്ങള്‍, കാളിദാസകൃതികള്‍ തുടങ്ങിയവയിലൊക്കെയും കിരീടങ്ങളെയും കിരീടധാരണങ്ങളെയും പറ്റിയുള്ള പരാമര്‍ശങ്ങള്‍ സുലഭമാണ്‌. തനിക്കുവേണ്ടി അസുരന്മാരോടു യുദ്ധം ചെയ്‌തുകൊണ്ടിരുന്ന അര്‍ജുനന്റെ ശിരസില്‍ ഇന്ദ്രന്‍ സൂര്യാഭമായ കിരീടം അണിയിച്ചു. അതുകൊണ്ട്‌ അര്‍ജുനന്‌ "കിരീടി' എന്ന പേരുണ്ടായി എന്ന്‌ മഹാഭാരതത്തില്‍ പ്രതിപാദിച്ചിട്ടുണ്ട്‌. മൊഹന്‍ ജൊ ദാരോയില്‍ നിന്ന്‌ കിട്ടിയ ആഭരണങ്ങളുടെ കൂട്ടത്തില്‍ ശിരസ്സില്‍ ധരിക്കുന്നതിനുള്ള സ്വര്‍ണനാടകളും ഉള്‍പ്പെടുന്നു. 1.25 സെ.മീ. വീതിയും 40 സെ.മീ. നീളവും ഉള്ള ഈ നാടകളില്‍ തൊങ്ങലുകള്‍ തൂക്കാന്‍ വേണ്ടി അരികുകളില്‍ ചെറിയ ദ്വാരങ്ങള്‍ നിര്‍മിച്ചിട്ടുണ്ട്‌. അതിപുരാതനങ്ങളായ ഭാരതീയാഭരണങ്ങള്‍ വളരെയൊന്നും തന്നെ ഇന്നു സൂക്ഷിക്കപ്പെട്ടിട്ടില്ല. എന്നാല്‍ സാഞ്ചി, ബര്‍ഹത്‌, അമരാവതി, ഒറീസ എന്നിവിടങ്ങളിലെ ശില്‌പങ്ങളും അജന്താഗുഹയിലെ ചിത്രങ്ങളും അന്നത്തെ ആഭരണങ്ങളുടെ വ്യക്തമായ രൂപം നല്‌കുന്നു. അവയിലൊക്ക ദേവന്മാരും ദേവിമാരും രാജാക്കന്മാരും രാജ്ഞിമാരും മറ്റും ശില്‌പസൗകുമാര്യം തുളുമ്പുന്ന കിരീടങ്ങള്‍ അണിഞ്ഞിരുന്നതായി കാണാം.

ഹൈന്ദവ ദേവീദേവന്മാരുടെ പ്രതിമകളില്‍ ചേര്‍ക്കേണ്ട കിരീടങ്ങളെക്കുറിച്ചു ശില്‌പരത്‌നത്തില്‍ വിസ്‌തരിച്ചു പ്രതിപാദിച്ചിട്ടുണ്ട്‌.

""കുര്യാത്‌ കിരീടം ശിഖരൈരുപേതം
	ത്രിപഞ്ച സപ്‌ത പ്രമിതൈര്‍ യഥാര്‍ഹം
	അണ്ഡോപമം വാ കമലോപമം വാ
	ഛത്രാപമം വാ കമഠോപമം വാ''
	(ശില്‌പരത്‌നം, ഉത്തരഭാഗം, അധ്യായം 16)
 

യഥായോഗ്യം മൂന്നോ അഞ്ചോ ഏഴോ ശിഖരങ്ങളോടുകൂടിയ കിരീടം അണ്ഡാകാരം, കമലാകാരം, ഛത്രാകാരം, കമഠാ(ആമ)കാരം എന്നു നാലുതരത്തിലാണ്‌. കരണ്ഡാ(കിണ്ണം)കാരമായ കിരീടവുമുണ്ട്‌. രണ്ടുവശത്തും യുഗ്മസംഖ്യയിലുള്ള ജടകളുണ്ടായിരിക്കണമെന്നാണു വ്യവസ്ഥ. ജടകളുടെ ദൈര്‍ഘ്യത്തെക്കുറിച്ചും പ്രസ്‌താവിക്കുന്നുണ്ട്‌. മുഖത്തിന്റെ വ്യാസത്തിനനുസരണമായി കിരീടത്തിന്റെ പരിമാണത്തിനും വ്യത്യാസം വരാം. കേശാന്തം മുതല്‍ കിരീടാന്തം വരെ പതിനാറോ പതിനേഴോ അംഗുലം പൊക്കമുണ്ടായിരിക്കണം. വിഷ്‌ണു, ശിവന്‍, പാര്‍വതി, സരസ്വതി, ലക്ഷ്‌മി, ഗണപതി മുതലായവരുടെ ധ്യാനശ്ലോകങ്ങളെ ആസ്‌പദമാക്കി നിര്‍മിക്കേണ്ട കിരീടങ്ങളും പ്രസ്‌തുത ഗ്രന്ഥത്തില്‍ പ്രതിപാദിക്കപ്പെട്ടിട്ടുണ്ട്‌. ശിവന്റെ ജടാകിരീടത്തില്‍ ചന്ദ്രക്കലയും ഗംഗയും ഉണ്ടായിരിക്കണം. ഗംഗ നെഞ്ചത്തു കൂപ്പുകൈയോടുകൂടിയ സ്‌ത്രീരൂപത്തിലായിരിക്കും. കരണ്ഡകിരീടം ചുവടു മുതല്‍ അഗ്രം വരെ ക്രമേണ ക്ഷീണമായിരിക്കും. കിരീടത്തിന്റെ അറ്റം മുകുളം(മൊട്ട്‌)പോലെ ആയിരിക്കണം. സ്‌കന്ദന്റെ കിരീടം ഈ വിഭാഗത്തില്‍ ഉള്‍പ്പെട്ടതാണ്‌. നോ. ശില്‌പരത്‌നം

കിരീടങ്ങള്‍ക്ക്‌ ആദികാലങ്ങളില്‍ രാജകീയവസ്‌തു എന്നതിലേറെ പരിപാവനമായ ദൈവികവസ്‌തു എന്ന സങ്കല്‌പം ഉണ്ടായിരുന്നതായി ഊഹിക്കാവുന്നതാണ്‌. ഒരേ വ്യക്തിതന്നെ മതാചാര്യനും ഭരണകര്‍ത്താവുമായിത്തീര്‍ന്നപ്പോള്‍ കിരീടം അധികാരത്തിന്റെ ചിഹ്നമായി മാറി. എ.ഡി. 2-ാം ശതകത്തിലെ ബജാ ഗുഹാശില്‌പങ്ങളില്‍ നിന്നും ബി.സി. 1-ാം ശതകംമുതല്‍ എ.ഡി. 5-ാം ശതകംവരെയുള്ള അജന്താഗുഹാശില്‌പങ്ങളില്‍ നിന്നും അക്കാലത്തു ഭാരതീയ രാജാക്കന്മാര്‍ ഉപയോഗിച്ചിരുന്ന കിരീടങ്ങളുടെ പ്രത്യേകതകള്‍ മനസ്സിലാക്കാവുന്നതാണ്‌. തലപ്പാവില്‍ രത്‌നം പതിക്കുന്ന പതിവ്‌ ബി.സി. 1-ാം ശതകത്തില്‍ ത്തന്നെ ഉണ്ടായിരുന്നു.

ചില അജന്താചിത്രങ്ങളില്‍ കാണുന്ന കിരീടങ്ങളില്‍ രത്‌നങ്ങളും പവിഴങ്ങളും സമൃദ്ധമായി ഘടിപ്പിച്ചിരിക്കുന്നു. സ്വര്‍ണനിര്‍മിതമായ പുഷ്‌പഹാരങ്ങളും അരയാല്‍ ഇലകളും പ്രഭുക്കന്മാര്‍ തലയില്‍ ധരിച്ചിരുന്നു. രാജാവും രാജ്ഞിയും ഉപയോഗിച്ചിരുന്ന ഔദ്യോഗിക കിരീടങ്ങള്‍ "മകുടങ്ങള്‍' എന്നാണ്‌ അറിയപ്പെട്ടിരുന്നത്‌. ന്യൂഡല്‍ ഹിയിലുള്ള സെന്‍ട്രല്‍ ഏഷ്യന്‍ ആന്റിക്ക്‌സ്‌ മ്യൂസിയത്തില്‍ ബി.സി. 100-ലുള്ള ഒരു കിരീടം സൂക്ഷിച്ചിട്ടുണ്ട്‌. അഞ്ചു തട്ടുകളായി പണിതീര്‍ത്തിട്ടുള്ള ഈ കിരീടത്തിന്റെ ഓരോ തട്ടിലും പഞ്ചസിംഹാസനത്തില്‍ ഉപവിഷ്‌ടനായിട്ടുള്ള ബുദ്ധന്റെ ചിത്രം കൊത്തിവച്ചിട്ടുണ്ട്‌. ധാരാളം രത്‌നങ്ങളും ഇതില്‍ പതിപ്പിച്ചിരിക്കുന്നതായി കാണാം.

ഇന്ത്യ ഭരിച്ചിരുന്ന ഇസ്‌ലാം ഭരണാധികാരികളും രത്‌നാഭരണങ്ങളുടെ കാര്യത്തില്‍ അതീവ ഭ്രമമുള്ളവരായിരുന്നു. ഷാജഹാന്‍ ആയിരുന്നു ഇതില്‍ ഏറ്റവും മുമ്പന്‍. തുസ്‌ക്‌-ഇ-ജഹാംഗിരി എന്ന തന്റെ ആത്മകഥയില്‍ ജഹാംഗീര്‍ താന്‍ അണിഞ്ഞിരുന്ന കിരീടത്തെപ്പറ്റി വിശദമായി പറയുന്നുണ്ട്‌. ഷാജഹാന്‍ നിര്‍മിച്ച കിരീടം ഇറാനിലെ രാജാവിന്റെ കിരീടത്തിന്റെ മാതൃകയിലുള്ളതായിരുന്നു. ഇതിന്റെ 12 മുനപ്പിലോരോന്നിലും കോടിക്കണക്കിനു വിലയുള്ള രത്‌നങ്ങളും മുത്തുകളും പതിച്ചിരുന്നു. 2000 ചുവന്ന രത്‌നക്കല്ലുകള്‍ ഇതിലുണ്ടായിരുന്നത്ര. അറംഗസേബിന്റെ തലപ്പാവിലെ ശിഖയുടെ അടിഭാഗത്ത്‌ അസാധാരണ വലുപ്പമുള്ള ഒരു വജ്രവും പുഷ്യരാഗവും പതിച്ചിരുന്നു. സൂര്യനെപ്പോലെ ഇവ പ്രകാശം ചൊരിഞ്ഞിരുന്നു എന്നാണ്‌ പ്രമുഖ ചരിത്രകാരന്മാരായ ബെര്‍ണിയറും മറ്റും രേഖപ്പെടുത്തിയിട്ടുള്ളത്‌. രജപുത്രരാജാക്കന്മാര്‍ ധരിച്ചിരുന്ന രത്‌നഖചിതമായ ചില കിരീടങ്ങള്‍ പുതുമ നശിക്കാതെ തന്നെ നിലകൊള്ളുന്നു.

തിരുവിതാംകൂര്‍ മഹാരാജാക്കന്മാരുടെ സ്ഥാനാരോഹണച്ചടങ്ങില്‍ കിരീടധാരണം അത്ര പ്രധാനമല്ല. മാര്‍ത്താണ്ഡവര്‍മ മഹാരാജാവ്‌ 1750-ല്‍ തിരുവിതാംകൂര്‍ രാജ്യം ശ്രീപദ്‌മനാഭനു സമര്‍പ്പിച്ചതു മുതല്‍ പദ്‌മനാഭദാസന്‍ എന്ന നിലയില്‍ രാജാവു രാജ്യം ഭരിക്കുകയായിരുന്നു പതിവ്‌. ഒരു രാജാവു മരിച്ചുകഴിഞ്ഞാല്‍ , പുല തീര്‍ന്ന്‌ ഇളയരാജാവ്‌ ക്ഷേത്രത്തിലെത്തി ചടങ്ങുകള്‍ നിര്‍വഹിക്കുകയാണു പതിവ്‌. ഇതിനെ "പടിയേറ്റം' എന്നാണു പറയുന്നത്‌. അദ്ദേഹം പൂര്‍വാചാരമനുസരിച്ച്‌ ക്ഷേത്രത്തിന്റെ പടിക്കെട്ടുകള്‍ കടന്നുചെന്നു പ്രധാന പുരോഹിതനില്‍ നിന്ന്‌ അരിയും വസ്‌ത്രവും സ്വീകരിക്കും. ഇതിനുശേഷം പ്രദക്ഷിണംവച്ചു സാഷ്‌ടാംഗനമസ്‌കാരവും ചെയ്‌തുകഴിയുമ്പോള്‍ പ്രധാന പുരോഹിതന്‍ അദ്ദേഹത്തെ തീര്‍ഥജലംകൊണ്ട്‌ അഭിഷേകം ചെയ്‌ത്‌ വാളും പരിചയും അരപ്പട്ടയും ഏല്‌പിക്കുന്നു. ഇവ ശ്രീപദ്‌മനാഭന്റേതാണെന്നാണ്‌ സങ്കല്‌പം. പിന്നീട്‌ പ്രസാദം, നാളികേരം, അര ഇടങ്ങഴി അരി എന്നിവയും സ്വീകരിക്കും. ക്ഷേത്രപ്രദക്ഷിണത്തിനുശേഷം മഹാരാജാവ്‌ പരിവാരസമേതം കൊട്ടാരത്തിലേക്ക്‌ എഴുന്നള്ളുന്നു. തിരുവിതാംകൂര്‍ ബ്രിട്ടീഷ്‌ മേല്‌ക്കോയ്‌മ അംഗീകരിച്ചതിനുശേഷം പാരമ്പര്യരീതിയിലുള്ള ഈ ചടങ്ങുകഴിഞ്ഞ്‌ ബ്രിട്ടീഷ്‌ ഗവണ്‍മെന്റ്‌ നടത്തുന്ന സ്ഥാനാരോഹണച്ചടങ്ങില്‍ വച്ചാണ്‌ മഹാരാജാവ്‌ കിരീടം ധരിക്കുന്നത്‌. കോട്ടയ്‌ക്കകത്തുള്ള "ആഡിയന്‍സ്‌ ഹാളി'ല്‍ വച്ചാണ്‌ ഈ ചടങ്ങ്‌ നടത്തിയിരുന്നത്‌. കൊല്ലത്തുനിന്നെത്തുന്ന ബ്രിട്ടീഷ്‌ പട്ടാളക്കാരും മറ്റുദ്യോഗസ്ഥരും പങ്കെടുക്കുന്ന ചടങ്ങളില്‍ റെസിഡന്റ്‌, മഹാരാജാവിനെ ആനക്കൊമ്പുകൊണ്ടു നിര്‍മിച്ച സിംഹാസനത്തില്‍ ഇരുത്തിയശേഷം കിരീടം സമ്മാനിക്കുന്നു. രത്‌നങ്ങള്‍കൊണ്ട്‌ അലങ്കരിച്ച ഒരു തലപ്പാവാണ്‌ കിരീടം. കിരീടത്തിന്റെ മധ്യഭാഗത്തു നിന്ന്‌ അല്‌പം മാറി വെള്ളത്തൂവലുകളോ ചമരിരോമങ്ങളോ ഘടിപ്പിച്ചിരിക്കും.

തിരുവിതാംകൂര്‍ മഹാരാജാവിന്റെയും കൊച്ചി മഹാരാജാവിന്റെയും സിംഹാസനാരോഹണച്ചടങ്ങുകള്‍ക്കു വളരെയധികം സാദൃശ്യമുണ്ട്‌. മതപരമായ ചില ചടങ്ങുകളില്‍ മാത്രം അല്‌പം വ്യത്യാസം കാണാം. കൊച്ചി രാജാക്കന്മാരുടെ കുടുംബം സ്ഥിതിചെയ്യുന്ന ഗുരുവായൂരിനടുത്തുള്ള വെണ്ണേരി എന്ന സ്ഥലത്തെ ചിത്രകൂട കൊട്ടാരത്തില്‍ വച്ചാണ്‌ കിരീടധാരണത്തോടനുബന്ധിച്ചുള്ള മതപരമായ ചടങ്ങുകള്‍ നടത്തിയിരുന്നത്‌. എന്നാല്‍ പ്രസ്‌തുത പ്രദേശം ബ്രിട്ടീഷുകാര്‍ കൈയടക്കിയതിനാല്‍ ആ ചടങ്ങുകള്‍ നടത്താന്‍ നിര്‍വാഹമില്ലാതായി. ചടങ്ങുകളില്ലാത്ത കിരീടധാരണം നിഷിദ്ധമായതുകൊണ്ട്‌ കൊച്ചി രാജാക്കന്മാര്‍ കിരീടം ശിരസ്സില്‍ ധരിക്കാതെ മടിയില്‍ വയ്‌ക്കുകയാണ്‌ പതിവ്‌. ദൃശ്യകലകളിലും ഒരു ശിരോലങ്കാരമെന്നനിലയില്‍ കിരീടത്തിനു പ്രാധാന്യമുണ്ട്‌. യക്ഷഗാനം, കൂത്ത്‌, കൂടിയാട്ടം, കൃഷ്‌ണനാട്ടം, ഓട്ടന്‍തുള്ളല്‍ , ചവിട്ടുനാടകം, ആധുനിക നൃത്തനൃത്ത്യങ്ങള്‍ എന്നിവയിലും പ്രത്യേകതരത്തിലുള്ള കിരീടങ്ങള്‍ അണിഞ്ഞിരുന്നു. കഥകളിയില്‍ വൈവിധ്യമുള്ള പലതരം കിരീടങ്ങള്‍ ഉപയോഗിക്കാറുണ്ട്‌. മറ്റു രാജാക്കന്മാരുടെ കിരീടത്തില്‍ നിന്ന്‌ ശ്രീകൃഷ്‌ണകിരീടത്തിനുള്ള പ്രത്യേകത, അതില്‍ മയില്‍ പ്പീലികള്‍ തിരുകിയിരിക്കുമെന്നതാണ്‌. കഥകളിയില്‍ ഈ കിരീടത്തെ പീലിമുടി എന്നു പറയുന്നു. നോ. ആഭരണങ്ങള്‍; ആഹാര്യം; കഥകളി

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B4%BF%E0%B4%B0%E0%B5%80%E0%B4%9F%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍