This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കിയോവ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കിയോവ

Kiowa

ഒരു അമേരിന്ത്യന്‍ ജനവര്‍ഗം. വടക്കേ അമേരിക്കയിലെ മധ്യമഹാസമതലത്തിന്റെ തെക്കന്‍ ഭാഗങ്ങളില്‍ നിവസിക്കുന്ന ഈ ജനവര്‍ഗം കിയോവ-ടാനോവന്‍ ഗോത്രത്തില്‍ പ്പെട്ട ഭാഷ സംസാരിക്കുന്നു. ഒരുകാലത്ത്‌ ഈ പ്രദേശത്തെ ഇന്ത്യന്‍ ജനവര്‍ഗങ്ങളില്‍ ഏറ്റവും പ്രബലന്മാരായിരുന്നു ഇക്കൂട്ടര്‍. ആരംഭത്തില്‍ പടിഞ്ഞാറന്‍ മൊണ്ടാനയിലെ മലമ്പ്രദേശങ്ങളില്‍ നിവസിച്ചിരുന്ന ഇവര്‍ മറ്റു ജനവര്‍ഗങ്ങളുടെ സമ്മര്‍ദത്തിനു വഴങ്ങി 17-ാം നൂറ്റാണ്ടോടുകൂടി കിഴക്കോട്ടു നീങ്ങുകയും ഡക്കോട്ടയിലെ ബ്ലാക്ക്‌ ഹില്‍ സില്‍ താവളമുറപ്പിക്കുകയും ചെയ്‌തു. 18-ാം നൂറ്റാണ്ടായതോടെ ഇക്കൂട്ടര്‍ വടക്ക്‌ കാന്‍സസ്‌, കൊളറാഡോ എന്നിവിടങ്ങളിലും പടിഞ്ഞാറ്‌ ന്യൂമെക്‌സിക്കോയിലും തെക്ക്‌ ടെക്‌സാസിലും വ്യാപിച്ചു. പൊതുവായ ആവശ്യങ്ങള്‍ക്കായി ഇവര്‍ സമ്മേളിച്ചിരുന്നത്‌ കനേഡിയന്‍ നദീതടത്തിലും റെഡ്‌ നദിക്കരയിലെ വിചിതാപര്‍വത പ്രദേശങ്ങളിലുമാണ്‌. കാലക്രമേണ കിയോവ ജനവര്‍ഗം മധ്യമഹാസമതലപ്രദേശത്തെ പരിഷ്‌കൃത ജനവര്‍ഗങ്ങളില്‍ ഒന്നായിത്തീര്‍ന്നു. ഇന്ന്‌ ഇവര്‍ കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്നത്‌ ഒക്‌ലഹോമ, ടെക്‌സാസ്‌ എന്നിവിടങ്ങളിലാണ്‌.

കിയോവ സ്‌ത്രീ

മധ്യമഹാസമതലത്തിലെ അമേരിന്ത്യന്‍ ജനവര്‍ഗങ്ങളില്‍ കുതിരകളെ ഏറ്റവും കൂടുതല്‍ മെരുക്കി ഉപയോഗപ്പെടുത്തിയിരുന്നത്‌ കിയോവ ജനവര്‍ഗമാണ്‌. കിയോവാ സാമ്പത്തിക സാംസ്‌കാരിക ഘടനയുടെ അടിസ്ഥാനംതന്നെ ഒരുകാലത്ത്‌ കുതിര ആയിരുന്നു. വ്യക്തികള്‍ക്ക്‌ സ്വന്തമായുള്ള കുതിരകളുടെ എണ്ണമനുസരിച്ച്‌ സമ്പന്നരെ വേര്‍തിരിക്കുന്ന സമ്പ്രദായം ഇവരുടെ സമൂഹത്തില്‍ പ്രബലമായിരുന്നു. ഇതിനായി ഇവര്‍ വ്യാപകമായ തോതില്‍ കുതിര മോഷണവും കുതിരക്കച്ചവടവും നടത്തുക പതിവാണ്‌. അക്കാലത്ത്‌ 20 മുതല്‍ 30 വരെ കുതിരകളുള്ളവരാണ്‌ ഇവരുടെയിടയില്‍ സമ്പന്നര്‍. ചില ദ്രവ്യങ്ങള്‍ക്കു വിലയായും പെണ്‍വിലയായും കുതിരകളെ കൈമാറുന്ന പതിവും അപൂര്‍വമല്ല. അലഞ്ഞുതിരിഞ്ഞു നടക്കുന്ന കാട്ടുപോത്തിന്‍ കൂട്ടത്തെ സംഘം ചേര്‍ന്ന്‌ പിന്തുടരുക കിയോവന്‍ ജനങ്ങളുടെ ശീലമായിരുന്നു. ഇങ്ങനെ സഞ്ചരിക്കുന്ന കുടുംബസംഘങ്ങള്‍ "ടോപഡോഗ' എന്നും സംഘത്തലവന്‍ "ടോപഡോക്കി' എന്നും അറിയപ്പെടുന്നു.

സംഘത്തലവന്റെ പിന്തുടര്‍ച്ചാവകാശത്തെയും മറ്റും സംബന്ധിച്ച്‌ കര്‍ക്കശവും സങ്കീര്‍ണവുമായ നിയമങ്ങള്‍ ഉണ്ട്‌. ടോപഡോക്കികള്‍ ഉള്‍പ്പെടുന്ന ഗോത്രഭരണസമിതിയില്‍ നിന്നാണ്‌ വര്‍ഗത്തലവനെ തിരഞ്ഞെടുക്കുന്നത്‌.

തടികൊണ്ടു നിര്‍മിച്ച മുക്കാലിയില്‍ മൃഗചര്‍മം വലിച്ചുകെട്ടി തയ്യാറാക്കുന്നതും എളുപ്പത്തില്‍ പൊളിച്ചുമാറ്റാവുന്നതുമായ കൂടാരങ്ങളിലാണ്‌ ഇവര്‍ താമസിച്ചിരുന്നത്‌. കാട്ടുപോത്തിറച്ചിയായിരുന്നു ഇവരുടെ മുഖ്യാഹാരം. കാട്ടു ഞാവല്‍ പ്പഴങ്ങളും പോത്തിന്‍ കൊഴുപ്പും ഉണങ്ങിയ ഇറച്ചിയും ചേര്‍ത്തു പൊടിച്ചുണ്ടാക്കുന്ന ഒരു മിശ്രിതാഹാരം (Pemmican) ആണ്‌ ഇവരുടെ ഇഷ്‌ടഭോജ്യം. വന്യഫലങ്ങളും കിഴങ്ങുവര്‍ഗങ്ങളും ഉണ്ടാകുന്ന കാലങ്ങളില്‍ അവ ശേഖരിച്ച്‌ ആഹരിക്കുന്നു. പക്ഷികളുടെ ഇറച്ചിയും മത്സ്യവും മദ്യവും ഇവര്‍ക്കു നിഷിദ്ധമാണ്‌. പരമ്പരാഗതമായി കൃഷിക്കാരല്ലാത്ത ഇവര്‍ മറ്റു കര്‍ഷക ജനവര്‍ഗങ്ങളില്‍ നിന്ന്‌ ധാന്യങ്ങളും പച്ചക്കറികളും വിലയ്‌ക്കുവാങ്ങിയാണ്‌ ഉപയോഗിക്കാറുള്ളത്‌.

മൃഗചര്‍മനിര്‍മിതവും ലോഹങ്ങള്‍കൊണ്ട്‌ അലങ്കാരപ്പണികള്‍ നടത്തിയതുമായ വസ്‌ത്രങ്ങളാണ്‌ കിയോവാ ജനങ്ങളുടെ പരമ്പരാഗതവേഷം. പാദരക്ഷയും പരുക്കന്‍ ഉപയോഗത്തിനുള്ള വസ്‌ത്രങ്ങളും തയ്യാറാക്കുന്നത്‌ കാട്ടുപോത്തിന്റെ ചര്‍മംകൊണ്ടാണ്‌. ഒരുതരം വെള്ളികൊണ്ടു നിര്‍മിച്ചതും മിന്നിത്തിളങ്ങുന്നതും ചലിക്കുമ്പോള്‍ കിലുങ്ങുന്നതുമായ വൈവിധ്യമാര്‍ന്ന ആഭരണങ്ങള്‍ ഇവര്‍ തലയിലും കഴുത്തിലും അരയിലും കൈകാലുകളിലും ധരിക്കുന്നു. സ്വപ്‌നം, വെളിപാട്‌ എന്നിവയിലൂടെ യുദ്ധം, മൃഗയാവിനോദം, ചികിത്സ എന്നീ രംഗങ്ങളില്‍ അതിമാനുഷമായ ശക്തി ആര്‍ജിക്കുവാന്‍ കഴിയുമെന്ന്‌ ഇവര്‍ വിശ്വസിക്കുന്നു. 2010-ലെ കണക്കനുസരിച്ച്‌ കിയോവ ജനവര്‍ഗത്തിന്റെ സംഖ്യ ഏകദേശം 11,500 ആണെന്നു കരുതുന്നു.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B4%BF%E0%B4%AF%E0%B5%8B%E0%B4%B5" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍