This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കിണ്ണം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കിണ്ണം

കിണ്ണങ്ങള്‍

വിളുമ്പുമടങ്ങി മേല്‌പോട്ടു പൊങ്ങിയിരിക്കുന്നതും അല്‌പം കുഴിവുള്ളതും അടിപരന്നതും വൃത്താകൃതിയിലുള്ളതുമായ ഒരു പാത്രം. പല വലുപ്പത്തില്‍ കിണ്ണം നിര്‍മിക്കാറുണ്ട്‌. കുഴിക്കിണ്ണം, ചേമ്പലങ്ങാടന്‍ കിണ്ണം എന്നിങ്ങനെ പലതരം കിണ്ണങ്ങളുണ്ട്‌. ചന്ദനം, എണ്ണ മുതലായവ എടുക്കുന്നതിനു ചെറിയ കിണ്ണം ഉപയോഗിക്കുന്നു.

സാധാരണയായി ഓടുകൊണ്ടാണ്‌ കിണ്ണം നിര്‍മിക്കുന്നതെങ്കിലും പഴയകാലത്ത്‌ സമ്പന്നര്‍ സ്വര്‍ണം, വെള്ളി എന്നീ ലോഹങ്ങള്‍കൊണ്ടും കിണ്ണം നിര്‍മിച്ചിരുന്നു. സര്‍പ്പപൂജയ്‌ക്കും മറ്റും പൊന്‍കിണ്ണത്തില്‍ ത്തന്നെ പാലു നിവേദിക്കണമെന്ന വിശ്വാസവും നിലവിലുണ്ട്‌.

പ്രാചീനകാലം മുതല്‌ക്കേ ഉപയോഗത്തിലിരുന്ന ഒരു ഗൃഹോപകരണമാണ്‌ കിണ്ണം എന്നു തെളിയിക്കുന്ന പരാമര്‍ശങ്ങള്‍ സാഹിത്യകൃതികളില്‍ കാണാം. ""മണ്‍കിണ്ണം പോയെങ്കില്‍ പൊന്‍കിണ്ണം നല്‌കാമേ എന്ന്‌ കൃഷ്‌ണഗാഥയിലും ""കിണ്ണങ്ങളും കിണ്ടികളും കുമാരന്‍ ഖണ്ഡിച്ചു മണ്ണില്‍ കളയുന്നിതയ്യോ എന്ന്‌ ശ്രീകൃഷ്‌ണചരിതത്തിലും, ""കുഞ്ഞിക്കിണ്ണംകൊണ്ട്‌ താളമാടി താളത്തിനൊത്തൊരു പാട്ടും പാടി എന്നു വടക്കന്‍ പാട്ടുകളിലും കിണ്ണശബ്‌ദപ്രയോഗം കാണുന്നുണ്ട്‌.

പുള്ളുവന്‍ പാട്ടിലെ ഒരു ചടങ്ങാണ്‌ "കിണ്ണംകൊട്ട്‌'. വിളംബരം ചെയ്യുക, പ്രസിദ്ധപ്പെടുത്തുക എന്നീ അര്‍ഥത്തില്‍ "കിണ്ണം മുട്ടുക', "കിണ്ണം കൊട്ടിപ്പറയുക' എന്നീ പ്രയോഗങ്ങള്‍ ഭാഷയിലുണ്ട്‌. മലയാളത്തില്‍ പ്രചാരത്തിലുള്ള ഒരു പഴഞ്ചൊല്ലാണ്‌ "എന്നെക്കണ്ടാല്‍ കിണ്ണം കട്ടവനെന്നു തോന്നുമോ?' എന്നത്‌. തെറ്റു ചെയ്‌തത്‌ ഒളിച്ചുവയ്‌ക്കുവാനുള്ള വിഫലശ്രമത്തെയാണ്‌ ഇവിടെ സൂചിപ്പിക്കുന്നത്‌.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B4%BF%E0%B4%A3%E0%B5%8D%E0%B4%A3%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍