This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കിക്കൂയു

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കിക്കൂയു

Kikuyu

പശ്ചിമ മധ്യ കെനിയയിലെ ഉന്നതമേഖലകളില്‍ നിവസിക്കുന്ന ഒരു ആദിവാസി ജനവര്‍ഗം. കെനിയയിലെ ഏറ്റവും വലിയ ആദിവാസി വിഭാഗം മൊത്തം ജനസംഖ്യയുടെ 22 ശതമാനം ഉള്‍ക്കൊള്ളുന്നു. എംബു, ന്‌ദിയ, കിച്ചുഗു, ചൂക തുടങ്ങി 13 ഉപവിഭാഗങ്ങള്‍ അടങ്ങിയ കിക്കൂയു ജനവര്‍ഗം ഗിക്കൂയു, ഗിഗൂയു, അകിക്കൂയു, വാക്കൂയു എന്നീ പേരുകളിലും അറിയപ്പെടുന്നു. ബന്തു ഭാഷ സംസാരിക്കുന്ന ഈ ജനവിഭാഗത്തിന്‌ കെനിയയിലെ മേരു, എംബു, കംബാ തുടങ്ങിയ മറ്റു ജനസമൂഹങ്ങളുമായി അടുത്ത ബന്ധമുണ്ട്‌. മറ്റു ബന്തു വിഭാഗങ്ങളെപ്പോലെ കിക്കൂയു ജനവിഭാഗവും പശ്ചിമ ആഫ്രിക്കയില്‍ നിന്നും കുടിയേറിയവരാണെന്ന്‌ അനുമാനിക്കപ്പെടുന്നു.

കിക്കൂയു സമ്പദ്‌വ്യവസ്ഥയുടെ അടിത്തറ കൃഷിയാണ്‌. ചോളവും പയറുവര്‍ഗങ്ങളും പച്ചക്കറികളും മധുരക്കിഴങ്ങുമാണ്‌ പ്രധാന കാര്‍ഷികോത്‌പന്നങ്ങള്‍. അടുത്ത കാലത്തായി നാണ്യവിളകളെന്ന നിലയില്‍ തേയിലയും കാപ്പിയും പഴവര്‍ഗങ്ങളും ഉരുളക്കിഴങ്ങും ഇവര്‍ കൃഷിചെയ്‌തു തുടങ്ങിയിട്ടുണ്ട്‌. തനി നാടന്‍ സമ്പ്രദായത്തിലുള്ള കൃഷി ആയുധങ്ങളുപയോഗിച്ചുള്ള പുരാതന കൃഷിരീതികളാണ്‌ ഇവരില്‍ ഭൂരിഭാഗവും അനുവര്‍ത്തിച്ചുപോരുന്നത്‌. എങ്കിലും ജലസേചനപദ്ധതികളും മറ്റും പ്രയോജനപ്പെടുത്തി ആധുനികരീതിയില്‍ കൃഷി ചെയ്യുന്നവരും ഉണ്ട്‌. പരസ്‌പര സഹായത്തിലധിഷ്‌ഠിതമായ സാമൂഹികജീവിതം നയിക്കുന്നവരാണ്‌ ഇക്കൂട്ടര്‍. കൃഷിയിറക്കുക, കിണറുകുഴിക്കുക, പുര കെട്ടുക എന്നീ പ്രവര്‍ത്തനങ്ങള്‍ക്കു സഹായമെത്തിക്കേണ്ടത്‌ ഓരോ വ്യക്തിയുടെയും കടമയാണ്‌. ഈ കടമ നിര്‍വഹിക്കാത്തവര്‍ക്ക്‌ കിക്കൂയു സമൂഹം ഭ്രഷ്‌ട്‌ കല്‌പിക്കുന്നു. തെറ്റു ചെയ്‌തയാള്‍ പശ്ചാത്താപം പ്രകടിപ്പിച്ച്‌ സമൂഹസദ്യ നടത്തണമെന്നും ഇക്കൂട്ടരുടെ നിയമം അനുശാസിക്കുന്നു. കന്നുകാലി വളര്‍ത്തലിലും ഇവര്‍ തത്‌പരരാണ്‌. വേട്ടയാടലിലും മത്സ്യബന്ധനത്തിലും ഇവരില്‍ ഭൂരിഭാഗവും വിമുഖരാണ്‌.

കുറ്റിക്കാടുകളില്‍ അടുത്തടുത്തുള്ള ചെറിയ കുടിലുകളിലാണ്‌ ഇവര്‍ നിവസിക്കുന്നത്‌. ബഹുഭാര്യാത്വം നിലവിലുണ്ടെങ്കിലും ഓരോ ഭാര്യയും പ്രത്യേകം വീട്ടിലായിരിക്കണം താമസിക്കേണ്ടതെന്ന കാര്യത്തില്‍ ഇവര്‍ക്ക്‌ നിഷ്‌കര്‍ഷയുണ്ട്‌.

സമൂഹത്തിലെ ഏറ്റവും ചെറിയ ഘടകമായ മ്‌ബാരി (mbari) പിതൃവഴിയിലുള്ള സഹോദരന്മാരും അവരുടെ ഭാര്യമാരും മക്കളും ഉള്‍പ്പെടുന്നു. കിക്കൂയി ജനവര്‍ഗത്തെ 10 കുലങ്ങളായും നിരവധി ഉപകുലങ്ങളായും തിരിച്ചിട്ടുണ്ട്‌. സ്ഥിതിസമത്വത്തില്‍ അധിഷ്‌ഠിതമായ കിക്കൂയു സാമൂഹ്യവ്യവസ്ഥയില്‍ അടിമത്തത്തിനു സ്ഥാനമില്ല. ഒരു വ്യക്തിയുടെ ജീവിതത്തില്‍ ചേലാകര്‍മം, വിവാഹം, പിതൃത്വം, ആദ്യത്തെ പുത്രന്റെ ചേലാകര്‍മം നടത്തല്‍ എന്നീ നാലു കാര്യങ്ങള്‍ക്കാണ്‌ പ്രാധാന്യമുള്ളത്‌. ഇവയില്‍ ഓരോന്നും നിര്‍വഹിച്ചിട്ടുള്ളവര്‍ക്ക്‌ സമൂഹത്തില്‍ അതിനനുസരണമായ പദവി ലഭിക്കുന്നു. ഗ്രാമത്തിലെ തലമുതിര്‍ന്നവര്‍ അടങ്ങുന്ന ഒരു സംഘ(Kiama)മാണ്‌ ഭരണകാര്യങ്ങള്‍ നിയന്ത്രിക്കുന്നത്‌. "ന്‌ഗായ്‌' (Ngai) ആണ്‌ സര്‍വശക്തനായ സൃഷ്‌ടികര്‍ത്താവ്‌.

പ്രപിതാമഹന്മാരുടെ ആത്മീയ സാന്നിധ്യത്തിലും ഇവര്‍ക്കു വലിയ വിശ്വാസമുണ്ട്‌. ആഭരണപ്രിയരായ ഇവര്‍ സ്‌ത്രീപുരുഷഭേദമന്യേ കാതിലും കഴുത്തിലും ആഭരണങ്ങള്‍ അണിയുന്നു. ക്രിസ്‌ത്യന്‍ മിഷനറിമാരുടെ ശ്രമഫലമായി കിക്കൂയു ജനവര്‍ഗം സാമൂഹ്യ-സാംസ്‌കാരികരംഗങ്ങളില്‍ പുരോഗതി നേടിയിട്ടുണ്ട്‌. ഇപ്പോള്‍ ഭൂരിഭാഗവും ക്രിസ്‌തുമതവിശ്വാസികളാണ്‌.

സാമ്പത്തിക ഭദ്രതയുള്ള കിക്കൂയു ജനവിഭാഗത്തിന്‌ വിദ്യാഭ്യാസപരമായും സാംസ്‌കാരികമായും മുന്നേറാന്‍ കഴിഞ്ഞിട്ടുണ്ട്‌. ഇവരുടെ ജീവിതശൈലിയില്‍ കാലഘട്ടത്തിനനുസരിച്ച്‌ മാറ്റവും ദൃശ്യമാണ്‌. ഇന്ന്‌ കെനിയന്‍ തലസ്ഥാനമായ നൈറോബിയിലേക്കും മറ്റു പട്ടണങ്ങളിലേക്കും ഈ ജനവിഭാഗം കുടിയേറിയിട്ടുണ്ട്‌. എന്നിരുന്നാലും ഭൂരിപക്ഷം പേരും മൗണ്ട്‌ കെനിയയുടെ സമീപപ്രദേശങ്ങളിലാണ്‌ ഇന്നും വസിക്കുന്നത്‌.

കെനിയന്‍ രാഷ്‌ട്രീയത്തില്‍ പ്രവേശിച്ച ആദ്യആഫ്രിക്കന്‍ ജനവിഭാഗമാണ്‌ കിക്കൂയു. 1944-ല്‍ ഈ ജനവിഭാഗത്തില്‍ പ്പെട്ട ജോമോ കെന്‍യാട്ട (Jomo Kenyatta) യുടെ നേതൃത്വത്തില്‍ സ്ഥാപിക്കപ്പെട്ട കെനിയന്‍ ആഫ്രിക്കന്‍ യൂണിയന്‍ ആഫ്രിക്കക്കാരുടെ അവകാശങ്ങള്‍ക്കുവേണ്ടി നിലകൊണ്ടു. ബ്രിട്ടീഷുകാര്‍ക്കെതിരെ ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ 1952-54 കാലയളവില്‍ നടന്ന "മൗ മൗ ലഹള' കെന്‍യാട്ടയുടെയും മറ്റു കിക്കൂയു നേതാക്കളുടെയും അറസ്റ്റിലാണ്‌ കലാശിച്ചത്‌. 1960-ഓടെ ജയില്‍ മോചിതനായ കെന്‍യാട്ടയുടെ നേതൃത്വത്തില്‍ കെനിയ ആഫ്രിക്കന്‍ നാഷണല്‍ യൂണിയന്‍ (KANU) 1963-ല്‍ കെനിയയ്‌ക്കു സ്വാതന്ത്യ്രം നേടിക്കൊടുത്തു. സ്വതന്ത്രകെനിയയുടെ ആദ്യ പ്രസിഡന്റായിരുന്നു കെന്‍യാട്ട. കെനിയയുടെ ഇപ്പോഴത്തെ (2011) പ്രസിഡന്റായ എമിതോ മായ്‌ കിബാക്കി (Emito Mwai Kibaki) യും 2004-ല്‍ സമാധാനത്തിനുള്ള നോബല്‍ സമ്മാനം നേടിയ വംഗാരിമാതായും കിക്കൂയു വംശജരാണ്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍