This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാസ്സുബി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കാസ്സുബി

Kaszuby

ഒരു സ്ലാവ്‌ ജനവര്‍ഗം. തെക്കന്‍ പൊമോഴ്‌സ്‌, ചെസിനെക്‌, ബെയ്‌ലോഗാര്‍ഡ്‌ എന്നിവിടങ്ങളില്‍ നിവസിച്ചിരുന്ന സ്ലാവോണിക്‌ ജനതയെയാണ്‌ 16-ാം ശ. വരെ കാസ്സുബി എന്ന്‌ വിളിച്ചിരുന്നത്‌. കാസ്സുബികള്‍ ഇപ്പോള്‍ പോളണ്ടില്‍ വിസ്റ്റുലാ നദീമുഖത്തു നിവസിച്ചുവരുന്നു. 20-ാം ശതകത്തിന്റെ ആരംഭത്തോടുകൂടി ഇക്കൂട്ടര്‍ "കാസ്സുബി', "സ്ലോവിന്‍സി' എന്നീ രണ്ടു വിഭാഗങ്ങളായി പിരിഞ്ഞു. "ഗാര്‍ഡ്‌നോ' തടാകത്തിനു സമീപം താമസിച്ചിരുന്ന സ്ലോവിന്‍സികളില്‍ അവശേഷിച്ചവര്‍ ജര്‍മന്‍ സംസ്‌കാരത്തില്‍ ലയിച്ചു.

ഒന്നാംലോക യുദ്ധകാലം വരെ മീന്‍പിടിത്തത്തിലും കാര്‍ഷിക വൃത്തിയിലും ഏര്‍പ്പെട്ടിരുന്ന കാസ്സുബി ജനവര്‍ഗം 1920-കളില്‍ ഗ്‌ദിനിയ (Gdynia) തുറമുഖത്തിന്റെ നിര്‍മാണത്തോടെ നഗരജീവിതവുമായി ബന്ധപ്പെട്ട തൊഴിലിലേക്കു തിരിഞ്ഞതോടെ ഇക്കൂട്ടരുടെ സാമൂഹിക-സാംസ്‌കാരിക ജീവിതത്തില്‍ മാറ്റങ്ങള്‍ ദൃശ്യമായി. എല്‍ ബ്‌ നദിയുടെ പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ മുന്‍കാലങ്ങളില്‍ വസിച്ചിരുന്ന മറ്റൊരു ജനവര്‍ഗത്തിന്റെ ഭാഷതന്നെയാണ്‌ കാസ്സുബികളുടെ ഭാഷ. ഉച്ചാരണരീതിയിലും മറ്റുമുള്ള ചില വ്യത്യാസങ്ങള്‍ ഒഴിച്ചാല്‍ കാസ്സുബി ഭാഷയും പോളിഷ്‌ ഭാഷയും തമ്മില്‍ വലിയ സാദൃശ്യമുണ്ടെന്നു കാണാം. 19-ാം ശതകത്തിന്റെ അന്ത്യത്തിലും 20-ാം ശതകത്തിന്റെ ആരംഭത്തിലും ഒരു ചെറിയ വിഭാഗം കാസ്സുബികള്‍ പോളിഷ്‌ ദേശീയതയെ എതിര്‍ത്തിരുന്നു. വിഭാഗീയ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന ഇക്കൂട്ടര്‍ക്ക്‌ പ്രഷ്യക്കാരുടെ ശക്തമായ പിന്തുണ ഉണ്ടായിരുന്നുവെങ്കിലും പോളിഷ്‌ ദേശീയബോധത്തില്‍ ഊറ്റംകൊണ്ടിരുന്ന കാസ്സുബി ഭൂരിപക്ഷത്തെ പിന്തിരിപ്പിക്കുവാന്‍ കഴിഞ്ഞില്ല. കാസ്സുബി ജനവര്‍ഗത്തിന്‌ സമ്പന്നമായ ഒരു നാടോടി സാഹിത്യമുണ്ട്‌. നരവംശശാസ്‌ത്രജ്ഞന്മാര്‍ക്ക്‌ താത്‌പര്യമുള്ള നാടോടി സാഹിത്യത്തിന്റെ ഉടമകളായ കാസ്സുബികള്‍ക്ക്‌ 19-ാം ശതകത്തില്‍ മികച്ച ഒരു സാഹിത്യ ഭാഷയ്‌ക്കും സമ്പന്നമായ ഒരു സാഹിത്യപ്രസ്ഥാനത്തിനും ജന്മം നല്‌കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന കാര്യം ശ്രദ്ധേയമാണ്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍