This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാസ്സിനി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കാസ്സിനി

Cassini

ഗിയോവന്നി ഡൊമനിക്കോ കാസ്സിനി

ഇറ്റാലിയന്‍ ജ്യോതിശ്ശാസ്‌ത്രജ്ഞ കുടുംബം. പാരിസ്‌ വാനനിരീക്ഷണാലയത്തിന്റെ ഔദ്യോഗിക മോധാവിത്വം നാലു തലമുറകളായി പരമ്പരാഗതമായി വഹിച്ചുകൊണ്ടിരുന്ന ഈ കുടുംബത്തിലെ പ്രമാണിമാര്‍ ഗിയോവന്നി ഡൊമനിക്കോ കാസ്സിനി, ജാക്വിസ്‌ കാസ്സിനി, സീസര്‍ ഫ്രാന്‍സ്വ കാസ്സിനി, ജാക്വിസ്‌ ഡൊമനിക്‌ കാസ്സിനി എന്നിവരാണ്‌. ഗിയോവന്നി ഡൊമനിക്കോ കാസ്സിനി (1625-1712) നൈസിനു സമീപം പെരിനാള്‍ഡോയില്‍ 1625 ജൂണ്‍ 8-നു ജനിച്ചു. ജനോവയില്‍ ജെസ്യൂട്ട്‌ സമ്പ്രദായത്തിലാണ്‌ വിദ്യാഭ്യാസം നടത്തിയത്‌. 1650-ല്‍ ബൊളോഞ്ഞ സര്‍വകലാശാലയിലെ ജ്യോതിശ്ശാസ്‌ത്ര പ്രാഫസറായി നിയമിതനായ ഇദ്ദേഹം 1667-ല്‍ പാരിസ്‌ വാനനിരീക്ഷണാലയത്തിന്റെ ഡയറക്‌ടറായി. ഇദ്ദേഹം 1673-ല്‍ ഫ്രഞ്ച്‌ പൗരത്വം നേടി. 1671-84 കാലത്ത്‌ ഇദ്ദേഹം ശനിഗ്രഹത്തിന്റെ നാല്‌ ഉപഗ്രഹങ്ങള്‍ കണ്ടുപിടിച്ചു. 1675-ല്‍ ഇദ്ദേഹം ശനി ഗ്രഹത്തിന്റെ വലയ വിഭജനം കണ്ടെത്തി. പില്‌ക്കാലത്ത്‌ ഈ വിഭജനം "കാസ്സിനി വിഭജനം' എന്ന പേരില്‍ അറിയപ്പെട്ടു. രാശിചക്രപ്രകാശത്തിന്റെ തുടര്‍ച്ചയായ നിരീക്ഷണം ആദ്യമായി നടത്തിയത്‌ ഡൊമിനിക്കോ കാസ്സിനിയാണ്‌. വര്‍ഷങ്ങളോളം തുടര്‍ച്ചയായി ചാന്ദ്രനിരീക്ഷണം നടത്തിയശേഷം രൂപംനല്‍ കിയ ചന്ദ്രന്റെ മാനചിത്രണം ഒരു നൂറ്റാണ്ടോളം ചാന്ദ്രപഠനങ്ങളുടെ അടിസ്ഥാനമായിരുന്നു. ലെ എലമെന്റ്‌സ്‌ ഡി അസ്റ്റ്രാണമി വെരിഫിയെ (Les Elements d' Astronomie Verifies, 1693)എന്ന ഗ്രന്ഥത്തില്‍ ഇദ്ദേഹം ഭൂഗണിതീയ പ്രക്രമങ്ങളുടെ ഒരു വിവരണം പ്രസിദ്ധീകരിക്കുകയുണ്ടായി. സമുദ്രസ്ഥാനങ്ങളുടെ രേഖാംശ നിര്‍ണയത്തെ ലക്ഷ്യമാക്കി വ്യാഴ(ജൂപ്പിറ്റര്‍)ത്തിന്റെ ഉപഗ്രഹങ്ങളുടെ ഗ്രഹണങ്ങളെ സംബന്ധിച്ചും ഇദ്ദേഹം വിപുലമായ പഠനം നടത്തിയിട്ടുണ്ട്‌. ഗ്രഹങ്ങള്‍ ദീര്‍ഘവൃത്ത പഥമാണ്‌ സ്വീകരിക്കുന്നതെന്ന കെപ്‌ളറുടെ നിഗമനത്തിനു പകരമായി ചില ഓവല്‍ വക്രങ്ങളാണ്‌ ഇദ്ദേഹം നിര്‍ദേശിച്ചത്‌. ഈ വക്രങ്ങളെ പിന്നീട്‌ കാസ്സിനീയനുകള്‍ (Cassinions)എന്നു പറഞ്ഞു വരുന്നു. 1712 സെപ്‌. 14-നു പാരിസില്‍ ഇദ്ദേഹം നിര്യാതനായി. ഇദ്ദേഹത്തിന്റെ അപൂര്‍ണമായ ഒരു ആത്മകഥ, ഇദ്ദേഹത്തിന്റെ പ്രപൗത്രനായ കൗണ്ട്‌ കാസ്സിനി തന്റെ മെമോയറെ പൗര്‍ സെര്‍വിയെ എ ല ഹിസ്റ്റോയ്‌റെ ദെ സിയന്‍സെ (Memoires Pour servir a l'histoire des Sciences, 1810)എന്ന ഗ്രന്ഥത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.

ഗിയോവന്നി ഡൊമനിക്കോ കാസ്സിനിയുടെ പുത്രന്‍ ജാക്വിസ്‌ കാസ്സിനി (1677-1756) 1677 ഫെ. 8-നു പാരിസില്‍ ജനിച്ചു. 1712-ല്‍ തന്റെ പിതാവില്‍ നിന്ന്‌ പാരിസ്‌ വാനനിരീക്ഷണാലയത്തിന്റെ ചുമതല ഏറ്റുവാങ്ങി. 1713-ല്‍ ഇദ്ദേഹം ഡന്‍കിര്‍ക്ക്‌ (Dunkerque) മുതല്‍ പെര്‍പൈനാങ്‌ (Perpignan)വരെയുള്ള രേഖാംശിക ജ്യാവ്‌ (meridian arc) നിര്‍ണയിക്കുകയും ആ വിവരങ്ങള്‍ ദെ ല ഗ്രാന്റോയെ എ ദെ ലാഫിഗറെ ദെ ലാറ്റെറെ (De la grandeur et de la figure de la terre)എന്ന ഗ്രന്ഥത്തില്‍ പ്രസിദ്ധീകരിക്കുകയും ചെയ്‌തു (1720). 1740-ല്‍ ഇദ്ദേഹം എലമെന്റ്‌സ്‌ ദെ അസ്റ്റ്രാണമി (Elements d' astronomie) എന്നൊരു ഗ്രന്ഥം കൂടി രചിച്ചു. ശനി ഗ്രഹത്തിന്റെ ഉപഗ്രഹങ്ങളുടെ പട്ടിക ആദ്യമായി തയ്യാറാക്കി പ്രസിദ്ധീകരിച്ചത്‌ (1716) ഇദ്ദേഹമാണ്‌. ക്ലെര്‍മണ്ടിനടുത്തു റ്റ്യൂറിയില്‍ വച്ച്‌ 1756 ഏ. 18-നു ഇദ്ദേഹം നിര്യാതനായി.

ജാക്വിസ്‌ കാസ്സിനിയുടെ പുത്രന്‍ സീസര്‍ ഫ്രാന്‍സ്വാ കാസ്സിനി (1714-84) 1714 ജൂണ്‍ 17-ന്‌ പാരിസില്‍ ജനിച്ചു. ഇദ്ദേഹവും പിതാവിന്റെ ഒദ്യോഗിക പദവി നേടി. ജാക്വിസ്‌ തുടങ്ങിവച്ച ജ്യോതിശ്ശാസ്‌ത്ര പഠനങ്ങള്‍ തുടരുകയും 1744-ല്‍ ഫ്രാന്‍സിന്റെ സ്ഥലാകൃതി കമാന ചിത്രരചന ആരംഭിക്കുകയും ചെയ്‌തു. കാസ്സിനി കുടുംബത്തില്‍ ആദ്യമായി പാരിസ്‌ വാനനിരീക്ഷണാലയത്തിന്റെ ഡയറക്‌ടര്‍ പദവി ലഭിച്ചത്‌ (1771) ഇദ്ദേഹത്തിനാണ്‌. ഇദ്ദേഹത്തിന്റെ പ്രധാന ഗ്രന്ഥങ്ങള്‍ മെരിഡിയന്‍ ദെ ല ഒബ്‌സര്‍വേറ്റോയ്‌റെ ദെ പാരിസ്‌ (Meridienne d l' observatoire de Paris, 1744),ഡിസ്‌ക്രിപ്‌ഷ്യോങ്‌ ജ്യോമെട്രിക്‌ ദെ ലാ റ്റെറെ (Description geometrique de la terre, 1775), ഡിസ്‌ക്രിപ്‌ഷ്യോങ്‌ ജ്യോമെട്രിക്‌ ദെ ലാ ഫ്രന്‍സ്‌ (Description geometrique de la France, 1784) എന്നിവയാണ്‌. 1784 സെപ്‌. 4-ന്‌ ഇദ്ദേഹം നിര്യാതനായി.

സീസര്‍ ഫ്രാന്‍സ്വാ കാസ്സിനിയുടെ പുത്രന്‍ ജാക്വിസ്‌ ഡൊമിനിക്‌ കാസ്സിനി പ്രഭു (1748-1845) 1748 ജൂണ്‍ 30-ന്‌ പാരിസില്‍ ജനിച്ചു. 1784-ല്‍ ഇദ്ദേഹം പിതാവില്‍ നിന്ന്‌ പാരിസ്‌ വാനനിരീക്ഷണാലയത്തിന്റെ ഡയറക്‌ടര്‍ പദവി ഏറ്റുവാങ്ങി. പിതാവ്‌ തുടങ്ങിവച്ച വാനചിത്രരചന ഇദ്ദേഹം പൂര്‍ത്തിയാക്കുകയും ഫ്രഞ്ച്‌ അക്കാദമി അതു പ്രസിദ്ധീകരിക്കുകയും ചെയ്‌തു. അത്‌ "അറ്റലസ്‌ നാഷണലി'ന്‌ (1791) അടിസ്ഥാനമാതൃകയായിത്തീര്‍ന്നു. ഫ്രഞ്ച്‌ വിപ്ലവത്തിന്റെ ഫലമായി തന്റെ നിരീക്ഷണാലയം പുനഃസംവിധാനം ചെയ്യാന്‍ ഇദ്ദേഹം ആവിഷ്‌കരിച്ച നടപടികള്‍ സഫലമായില്ലെന്നു മാത്രമല്ല, ഇദ്ദേഹത്തിന്‌ ഏതാനും മാസത്തെ ജയില്‍ വാസം അനുഭവിക്കേണ്ടതായും വന്നു. 1845 ഒ. 18-ന്‌ ഇദ്ദേഹം റ്റ്യൂറിയില്‍ വച്ച്‌ നിര്യാതനായി.

1769-ല്‍ വീനസിന്റെ ഗതി നിരീക്ഷിക്കുന്നതിനുവേണ്ടി കാലിഫോര്‍ണിയയില്‍ നടത്തിയ പര്യടനത്തെ ആധാരമാക്കി വോയേജ്‌ ടു കാലിഫോര്‍ണിയ എന്ന ഗ്രന്ഥവും ഇദ്ദേഹം രചിച്ചിട്ടുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍