This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാസാബ്ലാങ്ക

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കാസാബ്ലാങ്ക

Casablanca

പശ്ചിമോത്തര ആഫ്രിക്കന്‍ രാജ്യമായ മൊറോക്കോയിലെ ഏറ്റവും വലിയ തുറമുഖ നഗരം. കാസാബ്ലാങ്കയുടെ അറബിനാമം "ദാര്‍-അല്‍ ബയ്‌ദ്‌' എന്നാണ്‌. കാസാബ്ലാങ്ക എന്ന സ്‌പാനിഷ്‌ പദത്തിന്‌ വെളുത്ത (ബ്ലാങ്ക) വീട്‌ (കാസാ) എന്നാണര്‍ഥം. രാജ്യതലസ്ഥാനമായ റബാത്തിന്‌ 88 കി. മീ. തെക്കുപടിഞ്ഞാറ്‌ അത്‌ലാന്തിക്‌ സമുദ്രതീരത്തായി സ്ഥിതിചെയ്യുന്നു. അത്യന്തം സുരക്ഷിതമായിട്ടുള്ള ഈ തുറമുഖം ലോകത്തിലെ ബൃഹത്തായ കൃത്രിമത്തുറമുഖങ്ങളുടെ കൂട്ടത്തില്‍ മുന്‍പന്തിയിലാണ്‌. തന്മൂലം ഇത്‌ രാജ്യത്തെ വാണിജ്യ-വ്യാവസായിക സിരാകേന്ദ്രമാണ്‌. രണ്ടാം ലോകയുദ്ധകാലത്ത്‌ ഇവിടെവച്ചു നടന്ന ആംഗ്ലോ -യു.എസ്‌ ഉച്ചകോടി കൂടിക്കാഴ്‌ച "കാസാബ്ലാങ്കാ-സമ്മേളനം' എന്നറിയപ്പെടുന്നു. 1956-ല്‍ ഫ്രഞ്ചുകാരില്‍ നിന്ന്‌ മൊറോക്കോ സ്വാതന്ത്യ്രം നേടിയതിനെത്തുടര്‍ന്ന്‌ ഈ നഗരത്തിന്റെ ഔദ്യോഗികനാമം അദ്‌-ദാര്‍-അല്‍ ബയ്‌ദ എന്നു മാറ്റുകയുണ്ടായി. നഗരത്തെ ചൂഴ്‌ന്നുകിടക്കുന്ന 1,200 ച.കി.മീ. വരുന്ന കാര്‍ഷികപ്രധാനമായ ഭരണഘടക (prefecture)ത്തിനും പേര്‍ കാസാബ്ലാങ്കാ എന്നാണ്‌.

കടലിലേക്കു മെല്ലെ ചെരിഞ്ഞിറങ്ങുന്ന, ഏതാണ്ടു നിരപ്പായ ഭൂപ്രദേശത്തുള്ള നഗരത്തിന്റെ വടക്കു പടിഞ്ഞാറുഭാഗം, 20കി.മീ. ഓളം കടല്‍ പ്പുറങ്ങളാണ്‌. കാലാവസ്ഥ സുഖപ്രദമാണ്‌. ഈജിപ്‌തിലെ കെയ്‌റോ, അലക്‌സാണ്ട്രിയ എന്നിവ കഴിഞ്ഞാല്‍ ആഫ്രിക്കന്‍ വന്‍കരയില്‍ ജനസംഖ്യയെ സംബന്ധിച്ചിടത്തോളം ഏറ്റവും മുന്നില്‍ നില്‍ ക്കുന്ന നഗരമാണ്‌ കാസാബ്ലാങ്ക. ജനങ്ങളില്‍ ബഹുഭൂരിപക്ഷവും മൊറോക്കന്‍ മുസ്‌ലിങ്ങളാണ്‌; മൊറോക്കന്‍ ജൂതന്മാരാണ്‌ പ്രബല ന്യൂനപക്ഷം. വസ്‌ത്രം, തുകല്‍ , ഇലക്‌ട്രാണിക്‌ ഉപകരണങ്ങള്‍ എന്നിവയുടെ ഉത്‌പാദനവും ഭക്ഷ്യസംസ്‌കരണവുമാണ്‌ നഗരത്തിലെ മുഖ്യ വ്യവസായങ്ങള്‍. മത്സ്യബന്ധനവും അത്യധികം വികസിപ്പിച്ചിട്ടുണ്ട്‌. മൊറോക്കോയിലെയും സമീപസ്ഥ രാജ്യങ്ങളിലെയും നഗരങ്ങളുമായി റെയില്‍ മാര്‍ഗവും റോഡുമാര്‍ഗവും സുഗമമായ ഗതാഗത ബന്ധം സ്ഥാപിച്ചിരിക്കുന്നു. നഗരത്തിന്റെ കിഴക്കും തെക്കുപടിഞ്ഞാറും ഭാഗങ്ങളിലായി രണ്ട്‌ അന്തര്‍ദേശീയ വിമാനത്താവളങ്ങളുണ്ട്‌.

കാസാബ്ലാങ്ക തുറമുഖം

5,000 കി.മീ.ഓളം ദൂരത്തില്‍ തരംഗരോധി (break water) കളാല്‍ സംരക്ഷിതമായിട്ടുള്ള തുറമുഖത്ത്‌ കപ്പലുകള്‍ക്ക്‌ നങ്കൂരമിടാന്‍ ഏറെ സൗകര്യങ്ങളുണ്ട്‌. രാജ്യത്തെ കയറ്റിറക്കത്തിന്റെ മുക്കാല്‍ പങ്കും നടക്കുന്നത്‌ കാസാബ്ലാങ്ക തുറമുഖം മുഖേനയാണ്‌. മധ്യധരണിക്കടല്‍ വഴി ദീര്‍ഘയാത്ര നടത്തുന്ന നൗകകള്‍ക്ക്‌ ഒരു വിശ്രമ സങ്കേതം (Port of call) കൂടിയാണിവിടം. തുറമുഖം നേടിക്കൊടുത്ത വാണിജ്യ പുരോഗതിയിലൂടെ നഗരം രാജ്യത്തിന്റെ സാമ്പത്തികാടിസ്ഥാനമായി വികസിച്ചിരിക്കുന്നു.

ചരിത്രം. കടല്‍ ക്കൊള്ളക്കാരുടെ താവളമായിരുന്ന ഇവിടം അന്‍ഫ (Anfa) എന്നറിയപ്പെട്ടിരുന്ന ഒരു ബര്‍ബര്‍ ഗ്രാമമായിരുന്നു. 1468-ല്‍ പോര്‍ച്ചുഗീസുകാര്‍ ഇവിടം തകര്‍ത്തു തരിപ്പണമാക്കി. 1515-ല്‍ കാസാബ്രാങ്ക (Casa branca) എന്ന പേരില്‍ പോര്‍ച്ചുഗീസുകാര്‍ പണിത ചെറുപട്ടണം 1755-ല്‍ ഒരു ഭൂകമ്പത്തില്‍ തകര്‍ന്നടിഞ്ഞു. 1757-ല്‍ മൊറോക്കോയിലെ അലാവി സുല്‍ ത്താനായിരുന്ന സീതി മുഹമ്മദ്‌ തഢക ആണ്‌ പട്ടണം പുതുക്കി പണിയിച്ചത്‌. മൊറോക്കന്‍ തുറമുഖസൗകര്യം ഉപയോഗിച്ച സ്‌പാനിഷുകാര്‍ സ്ഥലനാമം കാസാബ്ലാങ്ക എന്നു മാറ്റുകയും ഇവിടെ വന്‍തോതില്‍ അധിവാസമുറപ്പിക്കുകയും ചെയ്‌തു. 19-ാം ശതകത്തില്‍ പട്ടണത്തില്‍ ഫ്രഞ്ചുകാര്‍ പ്രാബല്യം നേടിയതോടെ കാസാബ്ലാങ്ക എന്ന സ്ഥലത്തോടൊപ്പം വെളുത്ത വീട്‌ എന്നു തന്നെ അര്‍ഥമുള്ള മോസോങ്‌ ബ്ലാങ്‌ഷ്‌ (Maison blanche) എന്ന ഫ്രഞ്ചു പേരിനു പ്രചാരം സിദ്ധിച്ചു.

1907-ല്‍ ഷാവിയ (Shawia) ജനവര്‍ഗം നടത്തിയ ലഹളയെത്തുടര്‍ന്ന്‌ ഇവിടെ ഫ്രഞ്ചുകാര്‍ ആധിപത്യമുറപ്പിക്കുകയും കാസാബ്ലാങ്കയെ ഫ്രഞ്ച്‌ മൊറോക്കോയിലെ ഏറ്റവും വലിയ തുറമുഖമാക്കി വികസിപ്പിക്കുകയും ചെയ്‌തു. നോ. മൊറോക്കോ

ഫ്രഞ്ച്‌ മൊറോക്കോയിലെ വന്‍നഗരമായി വികസിച്ചു കഴിഞ്ഞിരുന്ന കാസാബ്ലാങ്ക രണ്ടാം ലോകയുദ്ധത്തില്‍ ആഫ്രിക്ക വന്‍കരയില്‍ സഖ്യകക്ഷികള്‍ക്കുണ്ടായിരുന്ന തന്ത്രപ്രധാനമായ മൂന്നു കേന്ദ്രങ്ങളില്‍ ഒന്നായിരുന്നു. യു. എസ്‌. പ്രസിഡന്റായിരുന്ന ഫ്രാങ്ക്‌ളിന്‍ ഡി. റൂസ്‌വെല്‍ റ്റും ബ്രിട്ടീഷ്‌ പ്രധാനമന്ത്രിയായിരുന്ന വിന്‍സ്റ്റന്‍ ചര്‍ച്ചിലും തമ്മില്‍ 1943 ജനു. 14 മുതല്‍ 24 വരെ നടത്തിയ തന്ത്രപ്രധാനമായ കൂടിയാലോചനയാണ്‌ കാസാബ്ലാങ്കാ സമ്മേളനം. തികച്ചും നേരിട്ടുള്ള ബോംബാക്രമണതന്ത്രം (Point black bombing) പ്രാവര്‍ത്തികമാക്കാന്‍ ഈ സമ്മേളനത്തില്‍ സഖ്യ കക്ഷികള്‍ തീരുമാനമെടുത്തു. സമ്മേളനാനന്തരം അച്ചുതണ്ടു ശക്തികളായിരുന്ന ജര്‍മനി, ജപ്പാന്‍, ഇറ്റലി, എന്നീ രാജ്യങ്ങളോട്‌ നിരുപാധികം കീഴടങ്ങാന്‍ പ്രസിഡന്റ്‌ റൂസ്‌വെല്‍ റ്റ്‌ ആഹ്വാനം നടത്തിയതിലൂടെയാണ്‌ "കാസാബ്ലാങ്കാ സമ്മേളനം' പ്രസിദ്ധിയാര്‍ജിച്ചത്‌. നോ. രണ്ടാം ലോകയുദ്ധം

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍