This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാസവേറി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കാസവേറി

Cassowary

കാസവേറി

പറക്കാന്‍ കഴിവില്ലാത്ത പക്ഷികളില്‍ ഏറ്റവുമധികം വര്‍ണഭംഗിയാര്‍ന്ന ഇനം. കാഷ്വാറിയിഡേ പക്ഷികുടുംബത്തിലെ ഈ അംഗം മറ്റു പറക്കാനാവാത്ത പക്ഷികളില്‍ നിന്നു പല തരത്തിലും വ്യത്യസ്‌തമാണ്‌. ഒട്ടകപക്ഷിയോട്‌ ഏതാണ്ട്‌ രൂപസാദൃശ്യമുള്ള ഇത്‌ വലുപ്പത്തിലും ഏതാണ്ട്‌ അതിനോട്‌ കിടപിടിക്കുന്നുണ്ട്‌. വലുപ്പത്തിനു തക്കവണ്ണം ഭാരവും ഇതിനുണ്ട്‌. ഈ പക്ഷിക്ക്‌ ഒന്നര മീറ്ററിലേറെ ഉയരവും ശരാശരി 55 കിലോഗ്രാം ഭാരവും കാണാം. തലയിലെയും കഴുത്തിലെയും തിളങ്ങുന്ന നീല നിറവും താടിയിലെ ചുവപ്പു നിറമുള്ള ആടയും ചേര്‍ന്നു വര്‍ണപ്പൊലിമയുള്ള ഒരു രൂപമാണിതിനുള്ളത്‌. കൂടാതെ മഞ്ഞ, പച്ച, വയലറ്റ്‌ എന്നീ നിറങ്ങളും കഴുത്തിനും അതിനു മുകളിലുമുള്ള ഭാഗത്ത്‌ സമൃദ്ധമായി കാണാം. ചില ഇനങ്ങളില്‍ ചുവന്ന ആടയ്‌ക്കു പകരം കഴുത്തിന്റെ അതേ നിറമുള്ള ആടയും കാണാറുണ്ട്‌. ശരീരത്തിന്റെ ബാക്കി ഭാഗം മുഴുവന്‍ തവിട്ടു നിറമോ കറുപ്പോ ആയിരിക്കും. കറുത്ത നിറത്തിലുള്ള തൂവലുകള്‍ പരുപരുത്തതും രോമസദൃശവുമാകുന്നു. ഈ തൂവലുകള്‍ക്ക്‌ കാഴ്‌ചയില്‍ കമ്പിളിയോടാണ്‌ സാദൃശ്യം. ചിറകുകള്‍ നാമമാത്രമാണ്‌. ചിറകിലെ തൂവലുകള്‍ അസ്ഥിക്കഷണങ്ങളായി ചുരുങ്ങിയിരിക്കുന്നു. ശരീരത്തിനിരുവശത്തുമായി ഇവ തൂങ്ങിക്കിടക്കുന്നതു കാണാം. വാല്‍ കാണാന്‍ തന്നെയില്ല. ഇതിന്റെ കാലുകള്‍ ഒട്ടകപ്പക്ഷിയുടേതിനെക്കാള്‍ വണ്ണം കൂടിയതും നീളം കുറഞ്ഞതുമാണ്‌. ഓരോ കാലിലും മൂന്നു വിരലുകള്‍ വീതമുണ്ട്‌. ആണും പെണ്ണും കാഴ്‌ചയില്‍ ഒരുപോലെ തന്നേയായിരിക്കുമെങ്കിലും പെണ്‍പക്ഷികള്‍ക്ക്‌ താരതമ്യേന വലുപ്പക്കൂടുതല്‍ ഉണ്ടായിരിക്കും.

കാസവേറിയുടെ തലയുടെ മുകളറ്റത്തായി തലയോട്ടിയില്‍ നിന്ന്‌ ഉയര്‍ന്നു വരുന്നതും, പുരാതന റോമന്‍ പട്ടാളക്കാരന്റെ ശിരഃകവചത്തോട്‌ രൂപസാദൃശ്യമുള്ളതും ആയ ഒരു അസ്ഥിഫലകം (casques) കാണപ്പെടുന്നു. കാട്ടിലൂടെയുള്ള ദ്രുതപ്രയാണത്തില്‍ മുള്ളുകളും മറ്റും വകഞ്ഞുമാറ്റിവഴിയൊരുക്കുന്നതില്‍ ഈ "ഹെല്‍ മെറ്റ്‌' പക്ഷിയെ സഹയിക്കുന്നു എന്ന്‌ വിശ്വസിക്കപ്പെടുന്നു.

പ്രധാനമായും ഫലങ്ങള്‍ ഉള്‍പ്പെടെയുള്ള സസ്യഭാഗങ്ങള്‍, വിവിധതരം പ്രാണികള്‍ തുടങ്ങിയവയെല്ലാം ഇവയുടെ ഭക്ഷണമാണ്‌. ഫലങ്ങള്‍ ധാരാളമായി കഴിക്കുന്ന ഇവ, വിത്തുവിതരണത്തിനു സഹായിക്കുന്നു. അതിവേഗം ഓടാന്‍ കഴിവുള്ള ഈ പക്ഷികള്‍ പൊതുവേ കാടുകള്‍ ഇഷ്‌ടപ്പെടുന്നവയാണ്‌. ഇണചേരലിനു കാലമാകുന്നതോടെ ആണിന്റെ കഴുത്തില്‍ കാണപ്പെടുന്ന നിറപ്പകര്‍ച്ച പെണ്‍പക്ഷിയെ ആകര്‍ഷിക്കുന്നതിനുള്ള ഒരു പ്രധാനോപാധിയാകുന്നു. ഒട്ടകപക്ഷികളില്‍ നിന്നു വ്യത്യസ്‌തമായി ഇക്കൂട്ടത്തില്‍ ഒരു പെണ്ണുമാത്രമേ ഒരു കൂട്ടില്‍ മുട്ടയിടൂ. ഒരു തവണ എട്ടുവരെ മുട്ടകളുണ്ടായിരിക്കും. 9 സെ.മീ. നീളമുള്ള മുട്ടയ്‌ക്ക്‌ പച്ചകലര്‍ന്ന നീലനിറമാണ്‌. അടയിരിക്കുന്നതും കുഞ്ഞുങ്ങളെ വിരിച്ചിറക്കുന്നതും അവയെ തീറ്റിപ്പോറ്റുന്നതും ഒക്കെ ആണ്‍പക്ഷികളുടെ ചുമതലയാകുന്നു.

ഈ പക്ഷികളുടെ ജന്മദേശം ആസ്റ്റ്രലിയയും പാപ്പുന്‍ ദ്വീപുകളുമാണ്‌. ആസ്റ്റ്രലിയയുടെ വടക്കുഭാഗങ്ങള്‍, ന്യൂഗിനീ, പോളിനേഷ്യയുടെ ഭാഗങ്ങള്‍ എന്നിവിടങ്ങളിലാണ്‌ ഇവ ഇപ്പോള്‍ കാണപ്പെടുന്നത്‌. സാധാരണ കാസവേറിയുടെ ശാ.നാ. കാഷ്വാറിയസ്‌ കാഷ്വാറിയസ്‌ (Casuarius casuarius)എന്നാണ്‌. റോത്സ്‌ ചൈല്‍ ഡ്‌ എന്ന ശാസ്‌ത്രജ്ഞന്റെ അഭിപ്രായത്തില്‍ കാസവേറിയുടെ 9 സ്‌പീഷീസുകളുണ്ട്‌. ഭൂമിശാസ്‌ത്രപരമായ ഒറ്റപ്പെടല്‍ (isolation) ആണ്‌ ഈ സ്‌പീഷീസുകളുടെ പരിണാമത്തിനു കാരണം. ആടയുടെ സാന്നിധ്യം അഥവാ അഭാവം, കഴുത്തിന്റെ നിറം എന്നിവയാണ്‌ ഈ സ്‌പീഷീസുകളെ വേര്‍തിരിച്ചറിയാന്‍ സഹായിക്കുന്ന പ്രധാന ഘടകങ്ങള്‍. കുള്ളന്‍ കാസവേറി (C. bennetti), വടക്കന്‍ കാസവേറി (C. unappendiculatus)എന്നിവ ചില പ്രധാന ഇനങ്ങളാണ്‌.

പൊതുവേ നാണംകുണുങ്ങികളായ കാസവേറികളെ ശല്യപ്പെടുത്തിയാല്‍ അവ അക്രമണത്തിനു മുതിരും. കാല്‍ ഉപയോഗിച്ച്‌ ശക്തമായി തൊഴിച്ചും കൂര്‍ത്ത നഖം ഉപയോഗിച്ച്‌ മാന്തിയുമാണ്‌ ഇവ ശത്രുക്കളെ നേരിടുന്നത്‌. 2007-ലെ ഗിന്നസ്‌ റെക്കോര്‍ഡ്‌ പ്രകാരം കാസവേറി, ലോകത്തിലെ ഏറ്റവും അപകടകാരിയായ പക്ഷിയാണ്‌. തിളങ്ങുന്ന നീല, കടും ചുവപ്പ്‌, മഞ്ഞ തുടങ്ങിയ നിറങ്ങളുടെ വൈവിധ്യപൂര്‍ണമായ സമ്മേളനംമൂലമാവാം, കേരളത്തിലെ മൃഗശാലകളില്‍ വളര്‍ത്തപ്പെടുന്ന കാസവേറികള്‍ക്കു "തീ വിഴുങ്ങി പക്ഷി' എന്നു പേരുകൊടുത്തിരിക്കുന്നത്‌. ഈ പേരും അതിന്റെ യഥാര്‍ഥസ്വഭാവവുമായി യാതൊരു ബന്ധവുമില്ല.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B4%BE%E0%B4%B8%E0%B4%B5%E0%B5%87%E0%B4%B1%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍