This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാസം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കാസം

ശ്വാസകോശത്തിലോ കണ്‌ഠപ്രദേശത്തോ ഉണ്ടാകുന്ന കഫം ശക്തിയായ വായുവേഗംകൊണ്ടു പുറത്തുകളയുന്ന ശരീരവ്യാപാരം. വായില്‍ ക്കൂടിയോ മൂക്കില്‍ ക്കൂടിയോ പുകയോ പൊടിയോ ശരീരത്തിനകത്തേക്കു പ്രവേശിക്കുക, അതിയായി വ്യായാമം ചെയ്യുക, മലമൂത്രവിസര്‍ജനങ്ങള്‍ തടയുക തുടങ്ങിയവകൊണ്ട്‌ കാസം ഉണ്ടാകാം. "കുത്സിതമായി ശബ്‌ദിക്കുക' എന്നാണ്‌ കാസം എന്ന ശബ്‌ദത്തിന്‌ അര്‍ഥം. കാസരൂപത്തിലുള്ള ഈ വായുവേഗം തനിയേ ഉണ്ടാകുന്നതല്ല; രോഗിയുടെ യത്‌നവുംകൂടി ഇതിന്‌ ആവശ്യമാണ്‌.

ശ്വാസനാളികള്‍ക്കുണ്ടാകുന്ന വീക്കത്തെ ബ്രാങ്കൈറ്റിസ്‌ എന്നാണ്‌ ആധുനിക വൈദ്യശാസ്‌ത്രത്തില്‍ പറയുന്നത്‌. രോഗബാധിതമായ ശ്വാസനാളത്തിലെ ശ്ലേഷ്‌മകലയില്‍ നിന്നുമാണ്‌ കഫം ഉണ്ടാകുന്നത്‌. രോഗസ്വഭാവം അനുസരിച്ച്‌ ദുഷിച്ചു കിടക്കുന്ന കഫത്തെ പുറത്തുകളയുന്നതിനുള്ള പ്രതിരോധശക്തിയുടെ നിരന്തരപ്രയത്‌നമാണ്‌ കാസം. ആയുര്‍വേദ വീക്ഷണത്തില്‍ കാസം അഞ്ചുവിധത്തിലുണ്ട്‌; വാതകാസം, പിത്തകാസം, കഫകാസം, ക്ഷതകാസം, ക്ഷയകാസം. ഇവ ഓരോന്നും ഉത്തരോത്തരം ശക്തങ്ങളാണ്‌. രൂക്ഷശീതാദികളായി വാതവര്‍ധനകരങ്ങളായ ആഹാരങ്ങള്‍ കഴിക്കുന്നതുകൊണ്ടാണ്‌ വാതകാസം ഉണ്ടാകുന്നത്‌. ഉരഃകണ്‌ഠങ്ങളില്‍ വരള്‍ച്ച, ഹൃദയത്തില്‍ വിവിധതരം വേദന, ശുഷ്‌കമായ ചുമ എന്നിവയാണ്‌ വാതകാസത്തിന്റെ ലക്ഷണങ്ങള്‍. പിത്തകാസമുള്ളപ്പോള്‍ വായ്‌ക്ക്‌ കയ്‌പ്‌, വര്‍ധിച്ച ദാഹം, ഒച്ചയടപ്പ്‌, അതിയായ ചുമ എന്നിവ അനുഭവപ്പെടും. കഫത്തിന്‌ മഞ്ഞ നിറമുണ്ടായിരിക്കും. കഫകാസത്തിന്‌ നെഞ്ചുവേദന, തളര്‍ച്ച, ഛര്‍ദി, അരുചി എന്നിവ കാണും. കൊഴുത്തും വെളുത്തുമിരിക്കുന്ന കഫമായിരിക്കും തുപ്പുക. നെഞ്ചിനുള്ളില്‍ ക്ഷതമേല്‌ക്കുക കാരണമാണ്‌ ക്ഷതകാസം ഉണ്ടാകുന്നത്‌. ഒരാള്‍ അയാളുടെ ശക്തിയില്‍ കവിഞ്ഞുചെയ്യുന്ന വ്യായാമങ്ങളോ ജോലിയോ ആണ്‌ ഉരഃക്ഷതത്തിന്‌ കാരണമായിത്തീരുന്നത്‌. ക്ഷതകാസമുള്ള രോഗി മഞ്ഞനിറവും രക്തച്ഛവിയുമുള്ള കഫം തുപ്പും; ചിലപ്പോള്‍ കഫത്തിന്‌ കരുവാളിപ്പും കാണും. തൊണ്ടവേദന, ശ്വാസംമുട്ടല്‍ , വിറയല്‍ എന്നിവ തുടര്‍ന്നുണ്ടാകുന്നു. ക്രമേണ രോഗിയുടെ ശരീരബലവും പചനശക്തിയും കുറയുന്നു. ഒടുവില്‍ മൂത്രത്തിലും രക്തം പ്രത്യക്ഷപ്പെടുന്നു. ക്ഷയകാസത്തില്‍ പ്രധാനമായി കോപിക്കുന്ന ദോഷം വാതമാണ്‌; ഇതിന്‌ നാഡീവൈകല്യം മൂലകാരണമായി ഭവിക്കാം. ക്ഷയകാസരോഗിയുടെ ശാരീരികബലം ദിനംപ്രതി ക്ഷയിക്കുകയും ഒടുവില്‍ ഇത്‌ ക്ഷയരോഗമായിത്തീരുകയും ചെയ്യുന്നു. ചികിത്സ. വാതകാസം, പിത്തകാസം, കഫകാസം എന്നിവ ചികിത്സകൊണ്ട്‌ മാറ്റാവുന്നതാണ്‌. ക്ഷതകാസവും ക്ഷയകാസവും ഒരു പരിധി കഴിഞ്ഞാല്‍ ചികിത്സിക്കാന്‍ സാധിക്കുകയില്ല.

""കാസാച്ഛ്വാസക്ഷയച്ഛര്‍ദിസ്വസാദാദയോ ഗദാഃ
ഭവന്ത്യുപേക്ഷയാ യസ്‌മാത്തസ്‌മാത്തംത്വരയാജയേല്‍  

(എതൊരു കാസത്തെയാണോ വേണ്ടവിധം ചികിത്സിക്കാതിരിക്കുന്നത്‌ അത്‌ ശ്വാസം, ക്ഷയം, ഛര്‍ദി, സ്വരസാദം തുടങ്ങിയ രോഗങ്ങള്‍ ഉണ്ടാക്കും. അതിനാല്‍ കാസത്തെ പെട്ടെന്നു ശമിപ്പിക്കേണ്ടതാണ്‌-അഷ്‌ടാംഗഹൃദയം, നിദാനം, 3.38).

രൂക്ഷപ്രകൃതിക്കാരനുണ്ടാകുന്ന വാതകാസത്തെ ആദ്യം സ്‌നേഹപാനങ്ങള്‍കൊണ്ടും സ്‌നേഹവസ്‌തികൊണ്ടും വാതശമനങ്ങളായ ഔഷധങ്ങള്‍ ചേര്‍ത്തു സംസ്‌കരിച്ച സ്‌നേഹാദികളെക്കൊണ്ടും ധൂമപാനം, ലേഹ്യങ്ങള്‍, അഭ്യംഗം ഇവകളെക്കൊണ്ടും സ്‌നിഗ്‌ധങ്ങളായ സ്വേദക്രിയകള്‍കൊണ്ടും ചികിത്സിക്കാം. കണ്ടകാരീഘൃതം, പിപ്പലാദിഘൃതം, രാസ്‌നാഘൃതം തുടങ്ങിയവ സേവിക്കുന്നതും രോഗശമനത്തിന്‌ നല്ലതാണ്‌. പിത്തകാസത്തില്‍ കഫം കൂടിയിരിക്കുന്നതിനാല്‍ ആദ്യം നെയ്യ്‌ ചേര്‍ത്ത വമനൗഷധമോ മലങ്കാരയ്‌ക്ക, ഇരട്ടിമധുരം എന്നിവകൊണ്ടുണ്ടാക്കിയ കഷായമോ കൊടുത്ത്‌ ഛര്‍ദിപ്പിക്കണം. തുടര്‍ന്ന്‌ തണുപ്പും മാധുര്യവുമുള്ള പാനീയങ്ങള്‍ നല്‌കണം. നേരിയ കഫത്തോടുകൂടിയ പിത്തകാസമാണെങ്കില്‍ ആദ്യം ത്രികൊല്‌പക്കൊന്ന മധുരദ്രവ്യങ്ങള്‍ ചേര്‍ത്തുകൊടുത്ത്‌ വയറിളക്കണം. കട്ടിയായ കഫത്തോടുകൂടിയതാണെങ്കില്‍ കയ്‌പുള്ള വസ്‌തുക്കളുമായി ത്രികൊല്‌പക്കൊന്ന കലര്‍ത്തിക്കൊടുക്കണം. അതായത്‌ കഫം നേര്‍ത്തതാണെങ്കില്‍ സ്‌നിഗ്‌ധവും ശീതളവുമായ പേയ-സ്‌നേഹ-ലേഹ്യാദികളെയും കഫം കട്ടിയുള്ളതാണെങ്കില്‍ രൂക്ഷവും ശീതവീര്യങ്ങളുമായ പേയ-സ്‌നേഹ-ലേഹ്യാദികളെയും സേവിക്കണം. ബലവാനായ കഫകാസരോഗിയെ ആദ്യം ഛര്‍ദിപ്പിച്ചശേഷം അയാള്‍ക്ക്‌ എരിവുരസം ചേര്‍ന്നതും രൂക്ഷവും ചൂടുള്ളതുമായ യവാന്നങ്ങളും മറ്റു കഫനാശകങ്ങളായ ഔഷധങ്ങളും നല്‌കണം. ക്ഷതകാസരോഗിക്ക്‌ പിത്തകാസരോഗിക്കു നല്‌കുന്ന ചികിത്സാവിധികളും ആഹാരക്രമങ്ങളും ഉചിതഫലം നല്‌കും. ക്ഷതകാസരോഗി പാല്‍ , തേന്‍, നെയ്യ്‌ ഇവ ഉപയോഗിക്കണം. തളര്‍ച്ചയും ശരീരമെലിവും അഗ്നിമാന്ദ്യവും ഉണ്ടെങ്കില്‍ രോഗിക്കു കഞ്ഞികൊടുക്കാം; ശരീരസ്‌തംഭനവും തളര്‍ച്ചയുമുണ്ടെങ്കില്‍ ഉത്തമമാത്രയില്‍ നെയ്യ്‌ സേവിക്കണം. ക്ഷയകാസരോഗിക്ക്‌ ശരീരത്തെ തടിപ്പിക്കുന്നതും അഗ്നിദീപ്‌തിയുണ്ടാക്കുന്നതുമായ ചികിത്സയാണ്‌ ആദ്യം ചെയ്യേണ്ടത്‌. കാസരോഗത്തിന്‌ രോഗാരംഭത്തിലേ ചികിത്സ തുടങ്ങണമെന്നത്‌ പ്രാധാന്യമേറിയ വസ്‌തുതയാണ്‌.

(ഡോ. പി.എസ്‌. ശ്യാമളകുമാരി)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B4%BE%E0%B4%B8%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍