This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാലഹരണനിയമം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കാലഹരണനിയമം

കാലഹരണം സംബന്ധിച്ച വ്യവസ്ഥ. മനുഷ്യര്‍ തമ്മിലുള്ള ഇടപാടുകള്‍ക്ക്‌ നീതിയില്‍ അധിഷ്‌ഠിതമായ ചില വ്യവസ്ഥകള്‍ അനിവാര്യമാണെന്നതാണ്‌ കാലഹരണനിയമത്തിന്റെ തത്ത്വം. കാലഹരണമെന്ന തടസ്സം എടുത്തുകളഞ്ഞാല്‍ അവകാശങ്ങളും ബാധ്യതകളും ശാശ്വതമായി നിലനില്‌ക്കും. അവകാശങ്ങളെക്കുറിച്ചു ജനങ്ങള്‍ ഉദാസീനരായിത്തീര്‍ന്നാല്‍ സമൂഹത്തില്‍ സ്വസ്ഥതയും ശാന്തിയും നീതിയും സംജാതമാകുന്നതല്ല. ഈ തത്ത്വം അംഗീകരിച്ചുകൊണ്ടാണ്‌ നിയമശാസ്‌ത്രജ്ഞന്മാര്‍ വ്യവഹാരപരമായ കാര്യങ്ങളില്‍ ഓരോന്നിനും കാലയളവ്‌ നിജപ്പെടുത്തണമെന്ന്‌ നിശ്ചയിച്ചത്‌. ഒരു വസ്‌തുവിന്റെമേല്‍ എതിര്‍ കൈവശം വഴി അവകാശം സ്ഥാപിക്കുന്നതിന്‌ ഒരാള്‍ ആ വസ്‌തു ഇരുപതു വര്‍ഷക്കാലം തന്റെ കൈവശം വച്ചുകൊണ്ടിരിക്കണമെന്നു സ്‌മൃതികളില്‍ പറഞ്ഞുകാണുന്നു. എന്നാല്‍ വേറെ ചില ഗ്രന്ഥങ്ങളില്‍ വ്യത്യസ്‌തമായ കാലവും പറഞ്ഞിരിക്കുന്നതായി കാണാം. വ്യാപാരം, വാണിജ്യം മുതലായ പ്രവര്‍ത്തനങ്ങള്‍ സാധാരണമായിത്തീര്‍ന്നതോടെയാണ്‌ കാലഹരണത്തെ സംബന്ധിക്കുന്ന വ്യവസ്ഥ ആവശ്യമായിത്തീര്‍ന്നത്‌. ഇംഗ്ലണ്ടില്‍ 1523ലാണ്‌ വ്യക്തമായ കാലഹരണനിയമം ഉണ്ടായത്‌. ഇംഗ്ലണ്ടില്‍ പ്രാബല്യത്തിലിരുന്ന ചില നിയമങ്ങള്‍ ഇന്ത്യയില്‍ 1858നു മുമ്പ്‌ കല്‍ക്കത്ത, മദ്രാസ്‌, ബോംബെ എന്നീ പ്രസിഡന്‍സി ടൗണുകളില്‍ സ്വീകരിക്കുകയുണ്ടായി. ഇന്ത്യയിലെ എല്ലാ പ്രദേശങ്ങള്‍ക്കും ഒരുപോലെ ബാധകമാകുന്ന നിയമം ഏര്‍പ്പെടുത്തിയത്‌ 1859ല്‍ പാസ്സാക്കി 1862ല്‍ പ്രാബല്യത്തില്‍വന്ന കാലഹരണ ആക്‌റ്റ്‌ വഴിയാണ്‌. 1871ല്‍ ഈ നിയമത്തില്‍ ചില ഭേദഗതികള്‍ വരുത്തുകയുണ്ടായി. 1859ലെ നിയമം റദ്ദുചെയ്‌തുകൊണ്ട്‌ 1877ല്‍ മറ്റൊരു നിയമം പാസ്സാക്കി. പിന്നീട്‌ 1908ല്‍ ഒരു പുതിയ നിയമം പാസ്സാക്കി. ഈ നിയമം 1909 ജനു. 1നു പ്രാബല്യത്തില്‍വന്നു. ഇന്ത്യ സ്വതന്ത്രമായതിനുശേഷം കാലഹരണനിയമം സംബന്ധിച്ച്‌ ലാ കമ്മിഷന്‍ നല്‌കിയ റിപ്പോര്‍ട്ടിന്റെ വെളിച്ചത്തില്‍ 1963ല്‍ പാസ്സാക്കിയ പുതിയനിയമം 1964 ജനു. 1നു പ്രാബല്യത്തില്‍ വന്നു.

ഇന്ത്യ സ്വതന്ത്രമാകുന്നതിനു മുമ്പ്‌ തിരുവിതാംകൂര്‍, കൊച്ചി ഉള്‍പ്പെടെ മിക്ക നാട്ടുരാജ്യങ്ങളിലും പ്രാബല്യത്തിലിരുന്ന പ്രത്യേക കാലഹരണ നിയമങ്ങളുടെ സ്ഥാനത്ത്‌ 1963ലെ നിയമം പ്രാബല്യത്തില്‍ വന്നു. 1963ലെ ആക്‌റ്റില്‍ 31 വകുപ്പുകളും 137 അനുച്ഛേദങ്ങളും അടങ്ങിയ പട്ടികയുമുണ്ട്‌. കാലഹരണം സംബന്ധിക്കുന്ന പൊതുതത്ത്വങ്ങള്‍ വകുപ്പുകളില്‍ വ്യവസ്ഥ ചെയ്‌തിരിക്കുന്നു. വ്യവഹാരത്തിന്റെ വിവരണങ്ങളും അവ ഓരോന്നിന്റെയും കാലഹരണ കാലാവധിയും കാലാവധി നീങ്ങാന്‍ തുടങ്ങുന്ന സമയവും ആണ്‌ അനുച്ഛേദങ്ങളിലുള്ളത്‌.

(എം.പ്രഭ)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍