This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാര്‍ത്തിക

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കാര്‍ത്തിക

Pleiades

ഭാരതീയ ജ്യോതിഷമനുസരിച്ച്‌ അശ്വതി, ഭരണി തുടങ്ങി ഇരുപത്തേഴ്‌ നക്ഷത്രങ്ങളില്‍ മൂന്നാമത്തേത്‌. സംസ്‌കൃതത്തില്‍ "കൃത്തിക' എന്ന്‌ അറിയപ്പെടുന്നു. ആറു നക്ഷത്രങ്ങള്‍ ചേര്‍ന്ന്‌; കൈവട്ടക എന്ന ഗൃഹോപകരണത്തിന്റെ ആകൃതിയില്‍ ഇത്‌ ആകാശവീഥിയില്‍ കാണപ്പെടുന്നു (ഏഴ്‌ എന്നും അഭിപ്രായമുണ്ട്‌). പാശ്ചാത്യ ജ്യോതിശ്ശാസ്‌ത്രജ്ഞര്‍ ഇതിനു നല്‌കിയിരിക്കുന്ന പേര്‌ പ്ലെയിഡസ്‌ (Pleiades)എന്നാണ്‌.

കാര്‍ത്തിക നക്ഷത്രം

രാശിചക്രത്തിലെ പന്ത്രണ്ടുരാശികളിലായി ഇരുപത്തേഴു നക്ഷത്രങ്ങള്‍ വിഭജിക്കപ്പെട്ടിരിക്കുന്നതനുസരിച്ച്‌, കാര്‍ത്തികയുടെ ആദ്യത്തെ കാല്‍ഭാഗം മേടം രാശിയിലും ബാക്കി മുക്കാല്‍ ഭാഗം ഇടവം രാശിയിലുമാണ്‌ വരുന്നത്‌.

ജ്യോതിഷസങ്കേതമനുസരിച്ച്‌ കാര്‍ത്തിക നക്ഷത്രം അസുരഗണവും സ്‌ത്രീയോനിയുമാണ്‌. അതിന്റെ ദേവത അഗ്നിയും, ഭൂതം ഭൂമിയും പക്ഷി പുള്ളും വൃക്ഷം അത്തിയും മൃഗം ആടുമാണ്‌.

പുരാണങ്ങളില്‍ കാര്‍ത്തികയെ ആറര ദേവിമാരായി വര്‍ണിച്ചു കാണുന്നു. ഈ ദേവിമാര്‍ ശരവണതീര്‍ഥത്തിന്റെ കരയില്‍ക്കൂടി പോകുമ്പോള്‍ ശിവപുത്രനായ സുബ്രഹ്മണ്യന്‍ മലര്‍ന്നുകിടന്ന്‌ കാലിന്റെ പെരുവിരല്‍ വായില്‍വച്ചുകൊണ്ട്‌ കരയുന്നതു കണ്ടെന്നും അവര്‍ എല്ലാവരും ചേര്‍ന്ന്‌ കുട്ടിയെ എടുത്തു മുലയൂട്ടിയെന്നും കാര്‍ത്തികേയന്‍ എന്നു പേരുനേടിയെന്നും മഹാഭാരതം ആരണ്യകാണ്ഡത്തില്‍ പരാമര്‍ശിച്ചിരിക്കുന്നു. സപ്‌തര്‍ഷികളില്‍ വസിഷ്‌ഠന്‍ ഒഴികെയുള്ളവരുടെ ഭാര്യമാരാണത്ര കാര്‍ത്തികയിലെ ആറു താരകകള്‍.

കാര്‍ത്തികനക്ഷത്രവും പൗര്‍ണമിയും ചേര്‍ന്നുവരുന്ന മാസമാണ്‌ കാര്‍ത്തിക; കൊല്ലവര്‍ഷത്തിലെ വൃശ്ചികമാസമാണിത്‌.

കാര്‍ത്തികവിളക്ക്‌

ചാന്ദ്രമാസങ്ങളില്‍ എട്ടാമത്തേതിനു കാര്‍ത്തികമാസം എന്നുപറയുന്നു. തുലാമാസത്തിലെ ശുക്ലപക്ഷപ്രതിപദം മുതല്‍ വൃശ്ചികമാസത്തിലെ അമാവാസിവരെയാണ്‌ ഈ കാലയളവ്‌. ഈ മാസത്തില്‍ വരുന്ന വെളുത്തവാവ്‌ കാര്‍ത്തികനക്ഷത്രത്തിലായിരിക്കുമെന്നതുകൊണ്ടാണ്‌ ഈ പേരുണ്ടായത്‌.

കൃത്തിക (വനപര്‍വം, 8451), കൃത്തികാംഗാരകം, കൃത്തികാശ്രമം (അനുശാസനപര്‍വം 2522, 24) എന്നീ പുണ്യസ്ഥലങ്ങളെക്കുറിച്ചു മഹാഭാരതത്തില്‍ പരാമര്‍ശമുണ്ട്‌. ഇവയെല്ലാം കാര്‍ത്തികാഘോഷവുമായി ബന്ധപ്പെട്ടതാണെന്ന്‌ സ്ഥലമാഹാത്മ്യങ്ങള്‍ വിവരിക്കുന്നു.

കാര്‍ത്തികവിളക്ക്‌. വൃശ്ചികമാസത്തിലെ വെളുത്തവാവിന്‍നാള്‍ സന്ധ്യാസമയത്ത്‌ ലക്ഷ്‌മീദേവിയുടെ പ്രീതിക്കുവേണ്ടി വിളക്കുകള്‍കൊണ്ട്‌ വീടും പരിസരവും അലങ്കരിക്കുന്ന സമ്പ്രദായം. കേരളത്തിലും തമിഴ്‌നാട്ടിലും പ്രചാരത്തിലുണ്ട്‌. ഈ ദിനം പൗര്‍ണമി നാളായതുകൊണ്ട്‌ നിലാവ്‌ ഈ രാത്രിയെ കൂടുതല്‍ മനോഹരമാക്കിത്തീര്‍ക്കുന്നു. പല ഭഗവതീ ക്ഷേത്രങ്ങളിലും "തൃക്കാര്‍ത്തിക' ഉത്സവമായി ആഘോഷിച്ചുവരുന്നുണ്ട്‌. സുബ്രഹ്മണ്യ പ്രതിഷ്‌ഠയുള്ള ക്ഷേത്രങ്ങളില്‍ ഈ ദിനം ആഘോഷപൂര്‍വ്വം കൊണ്ടാടിവരുന്നു. ഹരിപ്പാട്‌ സുബ്രഹ്മണ്യക്ഷേത്രത്തില്‍ വൃശ്ചികമാസത്തിലെ കാര്‍ത്തിക ഒരു മഹോത്സവദിനമാണ്‌.

കളിമണ്ണുകൊണ്ടോ തകരംകൊണ്ടോ വൃത്താകൃതിയില്‍ നിര്‍മിച്ച ഇടിഞ്ഞില്‍ എന്നുപേരുള്ള ചെറിയ തളികകളാണ്‌ വിളക്കായി ഉപയോഗിക്കുന്നത്‌. എണ്ണയില്‍ നനച്ച ചെറിയ പരുത്തിക്കിഴിയോ തിരിയോ തളികയില്‍ വച്ചാണ്‌ കത്തിക്കുന്നത്‌. വീടുകളുടെ മുന്‍വശത്ത്‌ വരാന്തകളിലോ മതിലുകളുടെ മുകളിലോ തളികകള്‍ നിരത്തിവച്ച്‌ തീ കൊളുത്തിയശേഷം സ്‌ത്രീകള്‍ കുരവയിടുകയാണ്‌ കാര്‍ത്തിക വിളക്കിന്റെ പ്രധാന ചടങ്ങ്‌. വൃശ്ചികം ഒന്നാം തീയതി മുതല്‍ മാസാവസാനം വരെ തമിഴ്‌നാട്ടിലുള്ളവര്‍ വീടുകളുടെ കവാടങ്ങളില്‍ സന്ധ്യാസമയത്ത്‌ വിളക്കുകൊളുത്തി വയ്‌ക്കാറുണ്ട്‌.

ഈ ദിവസം രാത്രി തമിഴ്‌നാട്ടിലെ പ്രധാനക്ഷേത്രങ്ങളുടെ പരിസരത്ത്‌ "ചൊക്കപ്പന കൊളുത്തുക' എന്നൊരു ചടങ്ങുമുണ്ട്‌. ഉദ്ദേശം 12 മീ. ഉയരമുള്ള പനയുടെ തടി തറയില്‍ നാട്ടി വയ്‌ക്കുന്നു. ഇതില്‍ ഏണി പോലെ ചെറിയ കമ്പുകള്‍ കുറുകേ ഘടിപ്പിക്കും. ഉണങ്ങിയ പനയുടെ മടലുകൊണ്ട്‌ ഈ സ്‌തംഭം പൊതിയുന്നു. ഇതിനടുത്തായി ഒരു വാഴയും നാട്ടിവയ്‌ക്കും. അമ്പലത്തിലെ "കുരുക്കള്‍' ചില കര്‍മാദികള്‍ക്കുശേഷം ഈ വാഴവെട്ടി വീഴ്‌ത്തും. പിന്നീട്‌ തീകൊളുത്തും. തീ പടര്‍ന്നുപിടിച്ച്‌ ഒടുവില്‍ ഒരു അഗ്നിസ്‌തംഭംപോലെ ആയിത്തീരും. കൗതുകകരവും ഭയാനകവുമായ ഒരു കാഴ്‌ചയാണ്‌ ഇത്‌. വാഴവെട്ടി വീഴ്‌ത്തുന്നത്‌ അസുരശക്തിയെ നശിപ്പിക്കുന്നു എന്ന സങ്കല്‌പത്തിലാണ്‌. പനയില്‍ തീ കൊളുത്തുമ്പോള്‍ നാലുദിക്കും പ്രകാശം വ്യാപിക്കുന്നു. അസുരശക്തിയെ നശിപ്പിച്ചാലുടന്‍ ജ്ഞാനമാകുന്ന പ്രകാശം അജ്ഞാനമാകുന്ന അന്ധകാരത്തെ ദൂരീകരിക്കുന്നു എന്നതിനെ സൂചിപ്പിക്കുവാന്‍ വേണ്ടിയാണ്‌ ചൊക്കപ്പനയില്‍ തീ കൊളുത്തുന്നത്‌. ഉത്‌കല രാജ്യത്ത്‌ (ഇന്നത്തെ ഒഡിഷ) ഈ ദിനം "കാര്‍ത്തികപൂര്‍ണിമ' എന്ന ഉത്സവമായി കൊണ്ടാടിവരുന്നു.

(പ്രാഫ. കെ. രാമകൃഷ്‌ണപിള്ള; സ. പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍