This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാരാക്കോറം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കാരാക്കോറം

Kara Korum

മംഗോളിയയുടെ പ്രാചീന തലസ്ഥാനം. ഈ പട്ടണത്തിന്റെ ഭഗ്നാവശിഷ്‌ടങ്ങള്‍ മംഗോളിയയിലെ മധ്യപ്രവിശ്യകളില്‍ ഒന്നായ അര്‍ഹാന്‍ഗേ (Archangaj) യിലുള്ള ഓര്‍ഹോണ്‍ നദി (Orhon) യുടെ തടത്തില്‍ കണ്ടെത്തിയിട്ടുണ്ട്‌. 1220ല്‍ ചെങ്കിസ്‌ഖാന്‍ ചൈനയെ ആക്രമിക്കാനായി തന്റെ തലസ്ഥാനമാക്കി വികസിപ്പിച്ച ഈ പട്ടണത്തിന്റെ കൃത്യമായ സ്ഥാനം നിര്‍ണയിച്ചത്‌ 1889ല്‍ റഷ്യന്‍ പുരാവസ്‌തു ഗവേഷകരാണ്‌. കുബ്ലായ്‌ ഖാന്‍ 1267ല്‍ തലസ്ഥാനം ഇവിടെ നിന്ന്‌ ഖാന്‍ബാലിക്കി (ആധുനിക ബെയ്‌ജിങ്‌)ലേക്കു മാറ്റിയതിനെത്തുടര്‍ന്ന്‌ ഒരു മതസാംസ്‌കാരിക കേന്ദ്രമായി വര്‍ത്തിച്ചുപോന്ന കാരാക്കോറം പട്ടണം 1388ലെ പുയിര്‍ നോര്‍ (Pur Nor) യുദ്ധത്തില്‍ നശിപ്പിക്കപ്പെട്ടു. പില്‌ക്കാലത്തു എര്‍ദനിസു (Erdeni Dzu) എന്നറിയപ്പെട്ടിരുന്ന ഈ പട്ടണം 16-ാം ശതകത്തില്‍ തികച്ചും പരിത്യക്തനിലയിലായി.

കല്ലില്‍ തീര്‍ത്ത ആമ - കാരാക്കോറം

കാരാകോരിന്‍ (Kharakhorin), ഹാര്‍ഹോരിന്‍ (HarHorin) എന്നൊക്കെ രേഖപ്പെടുത്തപ്പെട്ടിരിക്കുന്ന ഈ പ്രാചീന പട്ടണത്തിന്‌ ബുദ്ധമതസങ്കേതമെന്ന നിലയ്‌ക്കാണ്‌ പ്രാമുഖ്യം കൂടുതലുള്ളത്‌. പണ്ടുമുതല്‌ക്കേ പ്രതാരാധന (Shamanism)യ്ക്കും മറ്റും ധാരാളം കേന്ദ്രങ്ങളുണ്ടായിരുന്ന ഈ പട്ടണത്തില്‍ ബുദ്ധമതം ക്രമേണ ശക്തി പ്രാപിച്ചു. ചൈനയില്‍ നിന്നു നിഷ്‌കാസിതനായ യൂവാന്‍ രാജവംശത്തിലെ അവസാനത്തെ ചക്രവര്‍ത്തിയായിരുന്ന ബിലിക്ത്‌ ഖാന്‍, ഉപേക്ഷിക്കപ്പെട്ടുകിടന്നിരുന്ന ഈ പ്രദേശത്ത്‌ അഭയം തേടുകയും പട്ടണത്തെ ഭാഗികമായി പുനരുദ്ധരിക്കുകയുമുണ്ടായി. തുടര്‍ന്ന്‌ ബുദ്ധന്‍ എന്ന പദത്തിന്റെ മംഗോളിയന്‍ രൂപമായ എര്‍ദനി സു എന്ന പേരില്‍ അറിയപ്പെട്ട ഈ പട്ടണം തോ ഗോണ്‍ തിമൂറിന്റെ പിന്‍ഗാമികളായ ചെറുഖാന്‍ (Liao Van-tse) മാരുടെ ആസ്ഥാനമായിരുന്നു. എര്‍ദനി സുവിലെ ബുദ്ധവിഹാരം ഇന്നൊരു കാഴ്‌ചബംഗ്ലാവായി പരിരക്ഷിക്കപ്പെട്ടുപോരുന്നു. ഈ പ്രാചീന പട്ടണത്തിന്റെ ഭഗ്നാവശിഷ്‌ടങ്ങള്‍ കാണപ്പെടുന്ന മംഗോളിയന്‍ ഗ്രാമത്തിന്റെ ആധുനികനാമം എര്‍ദനി മാന്‍ഡാല്‍ (Erdeni Mandal) എന്നാണ്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍