This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാന്ദഹാര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കാന്ദഹാര്‍

Kandahar

അഹമ്മദ്‌ ഷാ ദുറാനി

തെക്കു കിഴക്ക്‌ അഫ്‌ഗാനിസ്‌താനില്‍ പാകിസ്‌താനോട്‌ ചേര്‍ന്നു കിടക്കുന്ന പ്രവിശ്യയും പ്രവിശ്യാതലസ്ഥാനവും. മഹാഭാരതത്തിലും മറ്റും പരാമര്‍ശിക്കപ്പെട്ടിട്ടുള്ള ഗാന്ധാരം എന്ന ദേശനാമത്തിന്റെ ഭാഷാന്തരമാണ്‌ കാന്ദഹാര്‍. ഹെല്‍മന്ത്‌ നദിയുടെ അഞ്ചു പോഷകഘടകങ്ങളുടെ സംഗമഘട്ടങ്ങളുള്‍ക്കൊള്ളുന്ന കാന്ദഹാര്‍ പ്രവിശ്യയുടെ ഉത്തരാര്‍ധം ഫലഭൂയിഷ്‌ഠവും കാര്‍ഷിക പ്രധാനവുമാണ്‌. മുമ്പ്‌ അറബിനാടുകളില്‍നിന്ന്‌ മധ്യേഷ്യയിലേക്കും ഇന്ത്യയിലേക്കും ഉള്ള പാതയിലെ ഒരു തന്ത്രപ്രധാന കേന്ദ്രമായിരുന്ന കാന്ദഹാര്‍ ദക്ഷിണ അഫ്‌ഗാനിസ്‌താനിലെ പ്രമുഖ വാണിജ്യ ഗതാഗത കേന്ദ്രമാണ്‌. ജനസംഖ്യ: 3,24,800 (2006).

അഹമ്മദ്‌ ഷാ ദുറാനിയുടെ ശവകുടീരം
കാന്ദഹാര്‍ സര്‍വകലാശാല

കാബൂള്‍ കഴിഞ്ഞാല്‍ അഫ്‌ഗാനിസ്‌താനിലെ ഏറ്റവും വലിയ നഗരമാണ്‌ കാന്ദഹാര്‍. സമുദ്രനിരപ്പില്‍നിന്ന്‌ സു. 1,000 മീ. ഉയരത്തിലായി അര്‍ഗന്‍ദാബ്‌, തര്‍നാക്‌ എന്നീ നദികള്‍ക്കിടയ്‌ക്കുള്ള സമതലത്തിലാണ്‌ നഗരം സ്ഥിതിചെയ്യുന്നത്‌. കാബൂള്‍, ഹീരേത്ത്‌, ക്വറ്റ (പാകിസ്‌താന്‍) എന്നീ നഗരങ്ങളില്‍ നിന്നെത്തുന്ന ദേശീയപാതകളുടെ സംഗമസ്ഥാനമായ പട്ടണം പശ്ചിമപ്രദേശത്തെ കാര്‍ഷികവിളകളുടെ വിപണനകേന്ദ്രമായി വര്‍ത്തിക്കുന്നു. കാന്ദഹാര്‍ എന്ന പേരിലുള്ള പഴയ നഗരം സ്ഥാപിച്ച അഹമ്മദ്‌ ഷാ ദുറാനി(അഹമ്മദ്‌ ഷാ അബ്‌ദാലി, 1724-73)യുടെ ഭൗതികാവശിഷ്‌ടം അടക്കം ചെയ്‌ത അഷ്‌ടഭുജഗോപുരത്തോടുകൂടിയ കുടീരം ഈ നഗരത്തിന്റെ വടക്കുകിഴക്ക്‌ ഭാഗത്ത്‌ സ്ഥിതിചെയ്യുന്നു. മുഹമ്മദ്‌ നബിയുടെ ഒരു അങ്കിവസ്‌ത്രം സൂക്ഷിച്ചിരിക്കുന്ന പള്ളി ഈ നഗരത്തിലെ ഒരു തീര്‍ഥാടന കേന്ദ്രമാണ്‌. പേര്‍ഷ്യന്‍ ചക്രവര്‍ത്തിയായിരുന്ന നാദിര്‍ഷാ 1738ല്‍ പ്രാചീന കാന്ദഹാര്‍ കൊള്ളയടിച്ചു നശിപ്പിച്ചു. ആധുനിക നഗരത്തിന്റെ ആറ്‌ കി.മീ. വടക്കായി അതിന്റെ അവശിഷ്‌ടങ്ങള്‍ കാണാം. ആധുനിക കാന്ദഹാറിന്റെ പ്രാന്തപ്രദേശമായ ബാബാവലി ഒരു തീര്‍ഥാടനകേന്ദ്രവും വിനോദസഞ്ചാരകേന്ദ്രവുമാണ്‌. മുഗള്‍ ചക്രവര്‍ത്തിയായിരുന്ന ബാബര്‍ തന്റെ വിദേശീയാക്രമണങ്ങളുടെ വിവരങ്ങള്‍ രേഖപ്പെടുത്തിയിട്ടുള്ള നാല്‌പതു കല്‌പടവുകള്‍ (ചെല്‍സീന) ഈ നഗരപ്രാന്തത്തിലെ മലയിലുള്ള പാറക്കെട്ടുകളില്‍ പണികഴിപ്പിച്ചിട്ടുണ്ട്‌. അക്‌ബര്‍ ചക്രവര്‍ത്തിയും (1542-1605) ഈ കല്‌പടവുകളില്‍ ചില ലിഖിതങ്ങള്‍ കൊത്തി വയ്‌പിച്ചിട്ടുണ്ട്‌. അശോകചക്രവര്‍ത്തി (ബി.സി. 273232)യുടെ ശിലാലിഖിതങ്ങളും നഗരത്തിന്റെ സമീപപ്രദേശത്ത്‌ കണ്ടെത്തിയിട്ടുണ്ട്‌. പേര്‍ഷ്യന്‍ ചക്രവര്‍ത്തിമാരുടെ ആക്രമണങ്ങളെ നേരിട്ട മീര്‍ വൈസ്‌ ഖാന്‍ എന്ന ദേശീയ നേതാവിന്റെ ഭൗതികാവശിഷ്‌ടം അടക്കം ചെയ്‌ത കുടീരം ഈ നഗരത്തില്‍ സ്ഥിതിചെയ്യുന്നു. നഗരത്തെ പാകിസ്‌താനിലെ ക്വറ്റാ നഗരവുമായി ബന്ധിപ്പിക്കുന്നത്‌ റോഡ്‌ മുഖേനയാണ്‌. റഷ്യന്‍ ഫെഡറേഷന്റെ അതിര്‍ത്തിയില്‍നിന്നുള്ള റോഡ്‌ ഹീരേത്ത്‌, കാന്ദഹാര്‍, കാബൂള്‍ എന്നീ നഗരങ്ങളെ ബന്ധിപ്പിക്കുന്നു. ഇവിടെയുള്ള അന്താരാഷ്‌ട്രവിമാനത്താവളം യു.എസ്‌. സഹായത്തോടെ പണികഴിപ്പിക്കപ്പെട്ടതാണ്‌. കമ്പിളി, പരുത്തി, പഴവര്‍ഗങ്ങള്‍, കായം മുതലായവയാണ്‌ വാണിജ്യകേന്ദ്രമായ കാന്ദഹാറില്‍ നിന്നുള്ള പ്രധാന കയറ്റുമതിയിനങ്ങള്‍. ഭക്ഷ്യസംസ്‌കരണവും വസ്‌ത്രനിര്‍മാണവുമാണ്‌ മുഖ്യ വ്യവസായങ്ങള്‍.

കാന്ദഹാര്‍ പ്രവിശ്യയുടെ വടക്കുഭാഗം നിമ്‌നോന്നതമായ കാര്‍ഷികമേഖലയാണ്‌. തെക്കുഭാഗത്ത്‌ പ്രധാനമായി വരണ്ടുണങ്ങിയ മണല്‍പ്പരപ്പുകളാണ്‌ കാണപ്പെടുന്നത്‌. 48, 630 ച.കി.മീ. വിസ്‌തൃതിയുള്ള പ്രവിശ്യയില്‍ താഴ്‌വാരങ്ങളിലും അര്‍ഗസ്‌താന്‍, താര്‍നക്‌, അര്‍ഗന്‍ദാബ്‌ എന്നീ നദികളുടെ തടങ്ങളിലും ഉള്ള ജലസേചിത മേഖലകളിലുമാണ്‌ ജനങ്ങളിലധികവും വസിക്കുന്നത്‌. ഗോതമ്പ്‌, ബാര്‍ലി, പഴവര്‍ഗങ്ങള്‍, സ്വര്‍ണം, ഇടത്തരം രത്‌നങ്ങള്‍, ഇരുമ്പയിര്‌ എന്നിവ കാന്ദഹാറില്‍നിന്ന്‌ ശേഖരിക്കപ്പെടുന്നു. ജനങ്ങളിലധികവും ദുറാനി, ഗില്‍സായ്‌ വിഭാഗങ്ങളില്‍പ്പെടുന്ന പഠാണികളാണ്‌; ഭാഷ പുഷ്‌തു, പേര്‍ഷ്യന്‍ എന്നിവയും.

ബാബാവലി തീര്‍ഥാടനകേന്ദ്രം
കാന്ദഹാറിലെ "ഷഹീദിന്‍ ചൗക്ക്‌'

ചരിത്രം. പൗരാണിക ഭാരതത്തില്‍ സിന്ധുതടം മുതല്‍ കാംബോജവും (കാബൂള്‍) ഉള്‍ക്കൊണ്ട്‌ പടിഞ്ഞാറോട്ടു വ്യാപിച്ചിരുന്ന ഗാന്ധാരദേശത്തില്‍പ്പെട്ടിരുന്ന പ്രദേശമാണ്‌ ആധുനിക കാന്ദഹാര്‍ പ്രവിശ്യയെന്ന്‌ കരുതപ്പെടുന്നു (നോ: കാംബോജം; ഗാന്ധാരം). പ്രാക്കാലം മുതല്‌ക്കേ മുഖ്യ മലമ്പ്രദേശമാര്‍ഗങ്ങളിലൊന്നിലെ തന്ത്രപ്രധാന കേന്ദ്രമായി വികസിച്ച ഈ ഭൂപ്രദേശം ദാരിയൂസ്‌ കന്റെ അക്കമിനിയന്‍ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു. മഹാനായ അലക്‌സാണ്ടര്‍ ബി.സി. 4-ാം ശതകത്തില്‍ ഇവിടം കീഴടക്കി ഒരു നഗരം പണിയിച്ചു. സെല്യൂക്കസ്‌ ഈ പ്രദേശം പിന്നീട്‌ ചന്ദ്രഗുപ്‌തമൗര്യനു വിട്ടുകൊടുത്തു. ഗ്രക്കോബാക്‌ട്രിയന്മാര്‍, പാര്‍ഥിയക്കാര്‍, ശാകന്മാര്‍, കുശാനന്മാര്‍, സസാനിയന്മാര്‍ തുടങ്ങിയവര്‍ ഈ പ്രദേശം മാറിമാറി കൈവശം വച്ചിരുന്നു. അശോക ചക്രവര്‍ത്തിയുടെ ഭരണാധികാരത്തിന്‍ കീഴിലും ഈ പ്രദേശം ഉള്‍പ്പെട്ടിരുന്നുവെന്നുള്ളതിനും തെളിവുകള്‍ ഉണ്ട്‌. ഇസ്‌ലാം മതാനുയായികളായിത്തീര്‍ന്ന അറബികള്‍ ഈ പ്രദേശം കീഴടക്കി. പിന്നീട്‌ സഫാവിദ്‌ ഗസ്‌നി സാമ്രാജ്യങ്ങളുടെ ഭാഗമായിത്തീര്‍ന്നു. മംഗോളിയരും ഈ പ്രദേശം ആക്രമിക്കുകയുണ്ടായി. 15-ാം ശതകത്തില്‍ ഹീരേത്ത്‌ ഭരണാധികാരി ഈ പ്രദേശം കീഴടക്കി. 16-ാം ശതകത്തില്‍ ഈ പ്രദേശം ബാബറുടെയും തുടര്‍ന്നുള്ള മുഗള്‍ ചക്രവര്‍ത്തിമാരുടെയും അധീനതയിലായി. മുഗള്‍ ചക്രവര്‍ത്തിമാരും ഇറാനിലെ സഫാവിദ്‌ ചക്രവര്‍ത്തിമാരും കാന്ദഹാറിന്റെ ആധിപത്യത്തിനായി യുദ്ധങ്ങള്‍ ചെയ്‌തിട്ടുണ്ട്‌. 1595ല്‍ അക്‌ബര്‍ കാന്ദഹാര്‍ കൈവശപ്പെടുത്തി. 1622ല്‍ ഇറാനിലെ (പേര്‍ഷ്യ) ഷാ അബ്ബാസ്‌ കാന്ദഹാര്‍ തിരിച്ചുപിടിച്ചു. 1638ല്‍ വീണ്ടും ഈ പ്രദേശം മുഗള്‍ അധീനതയിലായി. ഷാ അബ്ബാസ്‌ കക എന്ന പേര്‍ഷ്യന്‍ ചക്രവര്‍ത്തി ഈ പ്രദേശം മുഗള്‍ ഭരണാധികാരിയില്‍നിന്ന്‌ പിടിച്ചെടുത്തു. പേര്‍ഷ്യന്‍ ഗവര്‍ണറായിരുന്ന മീര്‍ വൈസ്‌ഖാന്‍ ഈ പ്രദേശത്തെ പേര്‍ഷ്യന്‍ ഭരണത്തില്‍നിന്ന്‌ വിമുക്തമാക്കി (1707). എന്നാല്‍ 1738ല്‍ നാദിര്‍ ഷാ ഈ പ്രദേശം പേര്‍ഷ്യന്‍സാമ്രാജ്യത്തിന്റെ ഭാഗമാക്കിത്തീര്‍ത്തു. അദ്ദേഹത്തിന്റെ മരണാനന്തരം, ഒരു സൈന്യാധിപനായിരുന്ന അഹമ്മദ്‌ ഷാ ദുറാനി (അഹമ്മദ്‌ ഷാ അബ്‌ദാലി 1724-73) അഫ്‌ഗാനിസ്‌താന്റെ ഏകീകരണത്തിനു ശ്രമിച്ചു. ആധുനിക കാന്ദഹാറിന്റെ ശില്‌പി അഹമ്മദ്‌ ഷാ അബ്‌ദാലി ആണ്‌. 1747ല്‍ അദ്ദേഹം കാന്ദഹാറിനെ അഫ്‌ഗാനിസ്‌താന്റെ തലസ്ഥാനമായി പ്രഖ്യാപിച്ചു. അദ്ദേഹത്തിന്റെ പുത്രന്മാരാണ്‌ അഫ്‌ഗാനിസ്‌താന്റെ തലസ്ഥാനം പിന്നീടു കാബൂളിലേക്ക്‌ മാറ്റിയത്‌. അഫ്‌ഗാനിസ്‌താന്റെ സിംഹാസനത്തിനു വേണ്ടി നടന്ന ആഭ്യന്തര യുദ്ധങ്ങളിലെ പ്രധാന കേന്ദ്രം കാന്ദഹാര്‍ ആയിരുന്നു. 19-ാം ശതകത്തിലെ ഒന്നും രണ്ടും അഫ്‌ഗാന്‍ യുദ്ധങ്ങളില്‍ കാന്ദഹാര്‍ ബ്രിട്ടീഷ്‌ അധീനതയിലായിരുന്നു. ബ്രിട്ടീഷനുകൂലിയായിരുന്ന അഫ്‌ഗാനിസ്‌താനിലെ അമീര്‍ അബ്‌ദുല്‍ റഹിമാന്‌ 1881ല്‍ കാന്ദഹാര്‍ പ്രദേശം വിട്ടുകൊടുത്തു.

19-ാം ശതകത്തില്‍ മാറി മാറി റഷ്യയുടെയും ബ്രിട്ടന്റെയും അധീനതയിലായിരുന്ന അഫ്‌ഗാനിസ്‌താന്‍ ഒന്നാം ലോകയുദ്ധാനന്തരം സ്വാതന്ത്യ്രം നേടി. 2001ലെ വേള്‍ഡ്‌ ട്രഡ്‌ സെന്റര്‍ ആക്രമണത്തെത്തുടര്‍ന്ന്‌ അമേരിക്ക അഫ്‌ഗാനിസ്‌താനില്‍ നടത്തിയ വ്യോമാക്രമണങ്ങളും ആഭ്യന്തര കലാപങ്ങളും കാന്ദഹാറിനെയും ബാധിച്ചിരുന്നു.

മധ്യേഷ്യയില്‍നിന്ന്‌ ഇന്ത്യയിലേക്കു പോകുന്ന ചരിത്ര പ്രസിദ്ധമായ പാതയുടെ അരികിലായി ബാമിയന്‍ പ്രദേശത്ത്‌ അനേകായിരം ബുദ്ധഭിഷുക്കള്‍ താമസിച്ചിരുന്ന ബുദ്ധവിഹാരങ്ങളുടെ അവശിഷ്‌ടം ഇപ്പോഴും കാണാം. ഗാന്ധാരത്തില്‍ വികസിച്ച ശില്‌പ മാതൃകപ്രകാരം എ.ഡി. നാലും അഞ്ചും ശതകങ്ങളില്‍ പര്‍വതശിലകളില്‍ കൊത്തിയെടുത്ത ബുദ്ധന്റെ 175 അടി ഉയരമുള്ള ഒരു പ്രതിമയും, 120 അടി പൊക്കമുള്ള മറ്റൊരു കൂറ്റന്‍ പ്രതിമയും താലിബാന്‍ ഭരണാധികാരികള്‍ നശിപ്പിച്ചു കളഞ്ഞു. എന്നാലും ഇന്ത്യന്‍ സംസ്‌കാരത്തിന്റെ അലകള്‍ ഇപ്പോഴും മഹാഭാരത പ്രസിദ്ധമായ ഗാന്ധാരത്തില്‍ കാണാം. നോ. അഫ്‌ഗാനിസ്‌താന്‍

(പി.ഐ.എ.കരീം; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍