This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാട്ടുഞ്ഞാലി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കാട്ടുഞ്ഞാലി

Southern Tree Pie

കാട്ടുഞ്ഞാലി

കോര്‍വിഡേ കുടുംബത്തില്‍പ്പെട്ടതും മൈനയോളം വലുപ്പമുള്ളതുമായ ഒരു പക്ഷി. ഇതിന്റെ വാലിനു 30 സെ. മീ. നീളമുണ്ടായിരിക്കും. ശാ.നാ: ഡെന്‍ഡ്രാസിറ്റ ല്യൂക്കോഗാസ്റ്റ്രാ (Dendrocitta leucogastra). മലകളിലുള്ള വന്‍കാടുകളിലെ വൃക്ഷങ്ങളില്‍ സ്ഥിരമായി താമസിക്കുന്ന ഈ പക്ഷി ഓലേഞ്ഞാലിയുടെ ഇനത്തില്‍പ്പെട്ടതാണ്‌.

ആകൃതിയിലും സ്വഭാവത്തിലും ഇത്‌ ഓലേഞ്ഞാലിയോടു വളരെയേറെ സാദൃശ്യങ്ങള്‍ പ്രകടമാക്കുന്നു. തലയുടെ പിന്‍ഭാഗവും പിന്‍കഴുത്തും ദേഹത്തിന്റെ അടിഭാഗം മുഴുവനും തൂവെള്ളനിറം; മുതുകും ചിറകുകളുടെ വക്കുകളും അറ്റവും, വാലിന്റെ അറ്റവും അടിഭാഗവും നല്ല കറുപ്പുനിറം; ഗുദത്തില്‍ ത്രികോണാകൃതിയിലുള്ള ഒരു പൊട്ട്‌; പേനക്കാക്കയുടേതുപോലെ ഒരു കറുത്ത മുഖംമൂടി-ഈ പ്രത്യേകതകള്‍ കാട്ടുഞ്ഞാലിയെ ഓലേഞ്ഞാലിയില്‍നിന്ന്‌ വേര്‍തിരിച്ച്‌ നിര്‍ത്തുന്നു. പൂവനും പിടയും കാഴ്‌ചയില്‍ ഒരുപോലെയിരിക്കും.

1,000 മീ. മുതല്‍ ഉയരമുള്ള കുന്നിന്‍പ്രദേശങ്ങളിലെ നിത്യഹരിതവനങ്ങളും ചോലകളുമാണ്‌ കാട്ടുഞ്ഞാലിയുടെ സ്ഥിരമായ വാസസ്ഥാനങ്ങള്‍. ഏലക്കാടുകളിലെ ചോലകളും, വെട്ടുകഴിഞ്ഞ റബ്ബര്‍ത്തോട്ടങ്ങളും ഇതിന്റെ പ്രിയപ്പെട്ട താവളങ്ങളാണ്‌.

പശ്ചിമഘട്ട ഗിരിനിരകളില്‍ ഏതാണ്ടെല്ലായിടത്തും തന്നെ കാണപ്പെടുന്ന ഈ പക്ഷി നീലഗിരിക്കുന്നുകളിലും കര്‍ണാടകത്തിന്റെ പടിഞ്ഞാറുഭാഗത്തും സമൃദ്ധമായുണ്ട്‌. ആനറാഞ്ചികളുമായി ഇടകലര്‍ന്ന്‌, ജോഡികളായോ ഒരു കുടുംബം മുഴുവനായോ ആണ്‌ സാധാരണ കാട്ടുഞ്ഞാലി ഇരതേടുക. ഓലേഞ്ഞാലിയുടേതിനെക്കാള്‍ കൂടുതല്‍ ഉച്ചസ്ഥായിയിലുള്ളതും ലോഹത്തില്‍ തട്ടുന്നതുപോലെ ചിലമ്പിച്ചതുമാണ്‌ ഇതിന്റെ ശബ്‌ദം. പലപ്പോഴും ഇവ ആനറാഞ്ചിയുടെ ശബ്‌ദത്തെ അനുകരിക്കാറുമുണ്ട്‌. വാലുയര്‍ത്തിപ്പിടിച്ച്‌ ശരീരത്തിന്റെ മുന്‍പകുതി താഴ്‌ത്തി ഒരു പ്രത്യേകനില കൈക്കൊണ്ട്‌ വൃക്ഷക്കൊമ്പില്‍ ഇത്‌ ചാടിത്തുള്ളി നടക്കുന്നത്‌ അപൂര്‍വമായി മാത്രം കാണാന്‍ പറ്റുന്ന രസകരമായ ഒരു ദൃശ്യമാണ്‌. തൊണ്ടയ്‌ക്കുള്ളില്‍നിന്നു പുറപ്പെടുന്ന മാതിരിയിലുള്ള "ഛൗ-ഛൗ-ഛൗ' എന്നൊരു ശബ്‌ദത്തിനനുസൃതമായിട്ടായിരിക്കും ഈ "നൃത്തം'. ഇത്‌ കാട്ടുഞ്ഞാലിയുടെ മാത്രം സവിശേഷതയാണെന്നു പറയാം.

ഫെബ്രുവരി മുതല്‍ ഏപ്രില്‍ വരെയാണ്‌ കൂടുണ്ടാക്കുന്ന കാലം. 75 മുതല്‍ 900 വരെ മീ. ഉയരമുള്ളയിടങ്ങളിലെ ഉയര്‍ന്ന കുറ്റിച്ചെടികളിലും സാധാരണ ഉയരമുള്ള വൃക്ഷങ്ങളിലും ഇതിന്റെ കൂടുകള്‍ കണ്ടെത്താം. മനുഷ്യവാസമുള്ളിടങ്ങളില്‍ ഇത്‌ കൂടുകെട്ടാറില്ല. കൂട്‌ ഓലേഞ്ഞാലിയുടേതുപോലെതന്നെ. ഒരു തവണ മൂന്ന്‌ മുതല്‍ നാല്‌ വരെ മുട്ടയിടുന്നു. വിളറിയ വെളുപ്പുമുതല്‍ പച്ച കലര്‍ന്ന വെള്ളവരെ വിവിധ നിറങ്ങളുള്ള മുട്ടകളില്‍ ചുവപ്പ്‌, തവിട്ട്‌ തുടങ്ങിയ കടുത്ത നിറങ്ങളിലുള്ള വരകളും പൊട്ടുകളും ധാരാളമായിക്കാണാം. മോതിരത്തിന്റെയോ തൊപ്പിയുടെയോ ആകൃതിയിലുള്ള ഈ അടയാളങ്ങള്‍ മുട്ടയുടെ വീതികൂടിയ ഭാഗത്തു മാത്രമേ കാണാറുള്ളൂ. നോ. ഓലേഞ്ഞാലി

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍