This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഉപദേശസാഹസ്രി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഉപദേശസാഹസ്രി

അദ്വൈതവേദാന്തത്തെക്കുറിച്ച്‌ പ്രതിപാദിക്കുന്ന ഒരു പ്രകരണഗ്രന്ഥം. ഈ കൃതി, പ്രത്യേകിച്ചും ഇതിലെ പദ്യവിഭാഗം, ശങ്കരാചാര്യരുടേതാണെന്ന്‌ ആചാര്യകൃതികളെക്കുറിച്ച്‌ പഠനം നടത്തിയ ഡോ. ബെൽവൽക്കർ അഭിപ്രായപ്പെട്ടിട്ടുണ്ട്‌. ഉപദേശസാഹസ്രിയിൽ ഗദ്യം, പദ്യം എന്നീ രണ്ടു വിഭാഗങ്ങളുണ്ട്‌. ഗദ്യവിഭാഗത്തിൽ മൂന്നും പദ്യവിഭാഗത്തിൽ പത്തൊമ്പതും അധ്യായങ്ങളാണുള്ളത്‌. "ശിഷ്യപ്രതിബോധവിധിപ്രകരണം' എന്ന പ്രഥമാധ്യായത്തിൽ ശ്രദ്ധാലുക്കളായ മുമുക്ഷുക്കള്‍ക്കുവേണ്ടി മോക്ഷസാധനയെ ഉപദേശിക്കുന്നു. ജ്ഞാനമാണ്‌ മോക്ഷസാധനയെന്ന്‌ അതിൽ അസന്ദിഗ്‌ധമായി പ്രഖ്യാപിച്ചിട്ടുണ്ട്‌. അനിത്യങ്ങളായ എല്ലാറ്റിലും വിരക്തി വന്നവനും ശമം, ദമം, ദയ മുതലായ വിശിഷ്‌ടഗുണങ്ങളോടുകൂടിയവനും വിധിപ്രകാരം ഗുരുവിനെ സമീപിച്ചവനുമായ ഒരു പരിശുദ്ധ ബ്രാഹ്മണന്‌ അയാളുടെ ജാതി, കർമം, പ്രവൃത്തി, വിദ്യ, പിതൃകുലം എന്നിവ പരിശോധിച്ചറിഞ്ഞശേഷം ആ ജ്ഞാനം ഉപദേശിച്ചുകൊടുക്കണം എന്നും വ്യക്തമാക്കിയിട്ടുണ്ട്‌. ആചാര്യന്‌ അവശ്യം ഉണ്ടായിരിക്കേണ്ട ഗുണഗണങ്ങളും ഈ അധ്യായത്തിൽത്തന്നെ പ്രതിപാദിച്ചുകാണുന്നു. അനാസക്തി, സർവകർമസാധനങ്ങളുടെയും പരിത്യാഗം, ബ്രഹ്മജ്ഞാനം, ബ്രഹ്മനിഷ്‌ഠ, സദാചാരനിഷ്‌ഠ എന്നിവയോടുകൂടിയ ആളാണ്‌ ഗുരു. അദ്ദേഹത്തിന്റെ ജീവിതോദ്ദേശ്യവും മറ്റുള്ളവരെ സഹായിക്കുകയും ബ്രഹ്മജ്ഞാനം പകർന്നു കൊടുക്കുകയും മാത്രമാണ്‌. ഗുരുശിഷ്യ ഗുണങ്ങള്‍ക്കു പുറമേ ഈ അധ്യായത്തിൽ ബ്രഹ്മത്തെയും അവിദ്യയെയും കുറിച്ചുള്ള പ്രസ്‌താവനകളുമുണ്ട്‌. പരമാത്മാവ്‌ നാമരൂപങ്ങളിൽ നിന്ന്‌ ഭിന്നമാണ്‌. അനന്തശക്തിയോടുകൂടിയ പരമാത്മാവ്‌ തന്നിൽ ഉള്‍ക്കൊള്ളുന്ന അവ്യാകൃതങ്ങളായ നാമരൂപങ്ങളെ പ്രകാശിപ്പിക്കുന്നു. അവ ആദ്യം ആകാശത്തിന്റെ നാമരൂപങ്ങളായിത്തീരുന്നു. ക്രമേണ വായു, അഗ്നി, ജലം, ഭൂമി എന്നിവയുടെ നാമരൂപങ്ങള്‍ പ്രകാശിതമായിത്തീരുന്നു. ശരീരം, മനസ്‌, ഇന്ദ്രിയങ്ങള്‍ എന്നിവയും നാമരൂപാത്മകങ്ങളാണ്‌. ഭേദത്തിന്റെ യാഥാർഥ്യത്തിൽ വിശ്വസിക്കുന്നതുകൊണ്ടാണ്‌ സംസാരം ഉണ്ടാകുന്നത്‌. അഭേദമാണ്‌ യാഥാർഥ്യം എന്ന വിശ്വാസം ജനിച്ചാൽ മോക്ഷം സുനിശ്ചിതമായിത്തീരും. ശ്രുതി, സ്‌മൃതി, തർക്കം എന്നിവയുടെ സഹായത്തോടെ അവിദ്യ ഉന്മൂലനം ചെയ്യപ്പെടണം.

രണ്ടാമത്തെ അധ്യായമായ "കൂടസ്ഥാദ്വയാത്മബോധ പ്രകരണ'ത്തിൽ, ഒരു ബ്രഹ്മചാരിക്ക്‌ സംസാരജീവിതത്തിൽ മടുപ്പുതോന്നി മുമുക്ഷുവായിത്തീർന്ന്‌ ബ്രഹ്മനിഷ്‌ഠനായ ഒരു ബ്രാഹ്മണനെ സമീപിച്ച്‌ സംസാരനിവൃത്തി എങ്ങനെ നേടാമെന്ന്‌ പ്രതിപാദിക്കുന്നു. ശിഷ്യന്റെ സംശയങ്ങളെ ഓരോന്നായി ഗുരു ദൂരീകരിക്കുന്നു. ഗുരുശിഷ്യസംവാദത്തിനിടയിൽ മാധ്യമിക ബൗദ്ധന്റെ ശൂന്യവാദം വിമർശനത്തിനു വിധേയമാകുന്നുണ്ട്‌. ശുക്തിരജതഭ്രമം, രജ്ജുസർപ്പഭ്രാന്തി, മരീച്യുദകം, സ്ഥാണുവിൽ പുരുഷന്‍ എന്നീ ദൃഷ്‌ടാന്തങ്ങളെയും സംവാദത്തിനിടയിൽ കാണാം. അതുപോലെതന്നെ അദ്വൈതത്തിലെ പ്രധാനപ്പെട്ട ഒരു സിദ്ധാന്തമായ അധ്യാരോപവും ഈ അധ്യായത്തിൽ അവതരിപ്പിക്കപ്പെടുന്നുണ്ട്‌. ഒടുവിൽ ജ്ഞാനവും ജ്ഞാതാവും ഒന്നുതന്നെയാണെന്നു സമർഥിക്കപ്പെടുന്നു. അങ്ങനെ ആത്മാവ്‌ ചിത്സ്വരൂപനും കൂടസ്ഥനിത്യനുമാണെന്ന്‌ ശിഷ്യന്‌ ബോധ്യംവരുന്നു. പദ്യവിഭാഗം. പദ്യവിഭാഗത്തിലെ ആദ്യത്തെ അധ്യായം "ഉപോദ്‌ഘാതപ്രകരണം' ആണ്‌. ഇതിൽ സംസാരചക്രം അജ്ഞാനസൃഷ്‌ടിയാണെന്നും അജ്ഞാനത്തെ ജ്ഞാനംകൊണ്ടേ ഉന്മൂലനം ചെയ്യാന്‍ കഴിയൂ എന്നും കർമംകൊണ്ടു സാധ്യമല്ലെന്നും ജ്ഞാനവും കർമവും പരസ്‌പരവിരുദ്ധങ്ങളാണെന്നും എന്നാൽ നിത്യകർമങ്ങള്‍ അനുഷ്‌ഠിക്കപ്പെടേണ്ടവയാണെന്നും മറ്റുമുള്ള പ്രസ്‌താവനകള്‍ കാണാം.

രണ്ടാമത്തെ അധ്യായമായ "പ്രതിഷേധപ്രകരണ'ത്തിൽ ആത്മാവ്‌ നിഷേധിക്കപ്പെടാന്‍ കഴിയാത്ത ഒന്നാണെന്നു പറയുന്നു. "തത്ത്വജ്ഞാനപ്രകരണ'(4)ത്തിൽ തത്ത്വജ്ഞാനമാകുന്ന അഗ്നി, സർവകർമഫലങ്ങളെയും നശിപ്പിക്കുമെന്നു പ്രസ്‌താവിക്കുന്നു. "വിശേഷാപോഹപ്രകരണ'(6)ത്തിൽ ആത്മാവ്‌ നിർവിശേഷനാണെന്ന്‌ സമർഥിക്കുന്നു. "സ്വപ്‌നസ്‌മൃതിപ്രകരണ(14)ത്തിൽ "ഞാന്‍', "എന്റെ' എന്നീ വിചാരങ്ങള്‍ അവിദ്യാവിനിർമിതങ്ങളാണെന്നും ആത്മജ്ഞാനിക്ക്‌ പരലോകത്തെക്കുറിച്ചോ മരണത്തെക്കുറിച്ചോ യാതൊരു ഭയവും ഉണ്ടാവില്ലെന്നും പറയുന്നു. "നാന്യദന്യൽ പ്രകരണ'(15)ത്തിൽ സ്വപ്‌നാവസ്ഥയിലെ ആത്മാവായ തൈജസനെയും സുഷുപ്‌തിയിലെ ആത്മാവായ പ്രാജ്ഞനെയും വിവരിക്കുന്നു. സൂര്യന്‍ സ്വയം പ്രകാശവാനാണെന്ന പോലെതന്നെ ആത്മാവും സ്വയം പ്രകാശവാനാണെന്ന്‌ അതിൽ സ്ഥാപിക്കപ്പെട്ടിരിക്കുന്നു. "പാർഥിവപ്രകരണ'(16)ത്തിൽ ശരീരം, ഇന്ദ്രിയങ്ങള്‍, മനസ്‌, ബുദ്ധി എന്നിവയിൽനിന്നെല്ലാം ഭിന്നമാണ്‌ ആത്മാവ്‌ എന്നു സമർഥിക്കുന്നു. പ്രകൃതപരിണാമം ഗുണങ്ങളുടെ സമഭാവത്തിന്റെ ഭ്രംശംമൂലമാണെന്നും പുരുഷന്റെ ഭോഗത്തിനോ കൈവല്യത്തിനോ വേണ്ടിയാണ്‌ പ്രകൃതി പരിണമിക്കുന്നതെന്നുമുള്ള സാംഖ്യമതതത്ത്വങ്ങള്‍ വിമർശനത്തിനു വിധേയമാകുന്നുണ്ട്‌. വൈശേഷികന്മാർ, ബൗദ്ധന്മാർ എന്നിവരുടെ സിദ്ധാന്തങ്ങളും വിമർശിക്കപ്പെട്ടിരിക്കുന്നു."സമ്യങ്‌മതിപ്രകരണ'(17)ത്തിൽ പ്രപഞ്ചം, മിഥ്യയാണെന്നും ഒരു കച്ചാടിയെയെന്നപോലെ മനസ്സിനെ യമനിയമാദികള്‍കൊണ്ടും യജ്ഞം, തപസ്സ്‌ എന്നിവകൊണ്ടും ശുദ്ധീകരിച്ചാൽ ആ മനസ്സിൽ ജ്ഞാനം പ്രകാശിക്കുമെന്നും പറയുന്നു. മനസ്സിനെയും ഇന്ദ്രിയങ്ങളെയും ഏകാഗ്രമാക്കലാണ്‌ പരമമായ തപസ്സ്‌. അതു മറ്റെല്ലാ ധർമങ്ങളെക്കാളും ശ്രഷ്‌ഠമാണ്‌. ജാഗ്രത്ത്‌, സ്വപ്‌നം, സുഷുപ്‌തി എന്നീ മൂന്നവസ്ഥകളും മായാനിർമിതങ്ങളാണ്‌. മായാവിയായ ആത്മാവ്‌ ഏകവും നിത്യവുമാണെങ്കിലും ജലത്തിൽ സൂര്യന്റെ പ്രതിബിംബങ്ങള്‍ എന്നപോലെ അനേകമാണെന്ന പ്രതീതി ജനിപ്പിക്കുന്നു. ഗൗഡപാദകാരികയിൽ കാണുന്ന "മായാഹസ്‌തി' എന്ന ദൃഷ്‌ടാന്തം ഇവിടെയും കാണുന്നുണ്ട്‌. ആത്മാവിനെ ഓങ്കാരമായി എപ്പോഴും ധ്യാനിക്കേണ്ടതാണെന്ന്‌ ഊന്നിപ്പറയുന്നു. "തത്ത്വമസിപ്രകരണ'(18)ത്തിൽ "തത്ത്വമസി' എന്ന മഹാവാക്യം ആത്മബ്രഹ്മൈക്യത്തെക്കുറിച്ച്‌ അപരോക്ഷമായ ജ്ഞാനം ഉണ്ടാക്കിത്തീർക്കുന്നതായും "അഥാത്മമനഃസംവാദപ്രകരണ'(19)ത്തിൽ ദ്രഷ്‌ടാവ്‌, ദൃശ്യം, ദർശനം എന്നിവ തമ്മിലുള്ള ഭേദം കല്‌പിതമാണെന്നും സിദ്ധാന്തിച്ചിട്ടുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍