This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇസാനാഗി-ഇസാനാമി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഇസാനാഗി-ഇസാനാമി

Izanagi-Izanami

ജാപ്പനീസ്‌ പുരാണങ്ങളില്‍ ജപ്പാന്‍ ദ്വീപുകളുടെയും അനേകം ദേവതകളുടെയും സൃഷ്‌ടികര്‍ത്താക്കളായി പരാമര്‍ശിക്കപ്പെടുന്ന ദേവദമ്പതികള്‍. ജാപ്പനീസ്‌ ജനതയുടെ ഉദ്‌ഭവം ഈ ദമ്പതികളില്‍ നിന്നാണെന്ന്‌ വിശ്വസിക്കപ്പെടുന്നു. ഐതിഹ്യപ്രകാരം സ്വര്‍ഗത്തെയും ഭൂമിയെയും തമ്മില്‍ ബന്ധിപ്പിക്കുന്നതും ഒഴുകിനടക്കുന്നതുമായ ഒരു പാലത്തില്‍ (മഴവില്ല്‌) നിന്നുകൊണ്ട്‌ രത്‌നഖചിതമായ ശൂലം ഉപയോഗിച്ച്‌ ഇവര്‍ സമുദ്രജലം കലക്കിയതിന്റെ ഫലമായി ആ ജലം ഘനീഭവിച്ചുവത്ര. ശൂലം വലിച്ചെടുത്തപ്പോള്‍ താഴെ പതിച്ച ഒരു തുള്ളി ജലത്തില്‍ നിന്നാണ്‌ ഒണോകോറോ എന്ന ദ്വീപുണ്ടായത്‌. ദേവതകള്‍ ഈ ദ്വീപില്‍ ഒരു ഭവനവും ഒരു സ്‌തംഭവുമുണ്ടാക്കി. സ്‌തംഭത്തിന്റെ ഇടതുഭാഗത്തുകൂടി ഇസാനാഗിയും വലതുഭാഗത്തുകൂടി ഇസാനാമിയും പ്രദക്ഷിണം വയ്‌ക്കാന്‍ തുടങ്ങി. ഇവര്‍ തമ്മില്‍ കണ്ടുമുട്ടിയപ്പോള്‍ ആദ്യം സംസാരിച്ചത്‌ ഇസാനാമി ആയതിനാല്‍ ഇവര്‍ക്കുണ്ടായ സന്തതികള്‍ അട്ടകളുടെയും പുഴുക്കളുടെയും രൂപത്തിലുള്ളവയായിരുന്നു. ആദ്യം ഇസാനാഗി സംസാരിക്കുന്ന പക്ഷം ലക്ഷണമൊത്ത സന്തതികള്‍ പിറക്കുമെന്ന ദൈവവചനമനുസരിച്ച്‌ അടുത്തപ്രാവശ്യം ഇസാനാഗി ആദ്യം സംസാരിച്ചു. അതിനുശേഷമാണ്‌ മറ്റു ദ്വീപുകളെയും മറ്റു ദേവതകളെയും സൃഷ്‌ടിക്കുവാന്‍ ഇവര്‍ക്ക്‌ സാധിച്ചത്‌.

ഇവര്‍ക്കുണ്ടായ സന്തതികളില്‍ അവസാനത്തേതായ അഗ്നിദേവത ജനിച്ചപ്പോള്‍ ഇസാനാമിക്ക്‌ പൊള്ളലേല്‌ക്കുകയും അവര്‍ മരണമടഞ്ഞ്‌ യോമി എന്നു പേരായ അധോലോകത്തിലേക്കു പോവുകയും ചെയ്‌തു എന്നാണ്‌ കഥ. ഇസാനാഗി തന്റെ വാള്‍ വലിച്ചൂരി അഗ്നിയെ പല കഷണങ്ങളാക്കി വെട്ടിമുറിച്ചപ്പോള്‍ ഭൂമിയില്‍ വീണ ഓരോ തുള്ളി രക്തവും ഓരോ പര്‍വതമായിത്തീര്‍ന്നു. ഇസാനാമിയെ അന്വേഷിച്ച്‌ യോമിയിലെത്തിയ ഇസാനാഗി അവളെ വീണ്ടെടുക്കാന്‍ ശ്രമിച്ചു. ഈ ഉദ്യമത്തില്‍നിന്ന്‌ അദ്ദേഹത്തെ പിന്തിരിപ്പിക്കാന്‍ ഇസാനാമി ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ബീഭത്സമൂര്‍ത്തികളായ സ്‌ത്രീകളാല്‍ തുരത്തപ്പെട്ടതിനെത്തുടര്‍ന്ന്‌ ഇസാനാഗി ഭൂമിയില്‍ മടങ്ങിവന്നു. തന്റെ മാലിന്യങ്ങള്‍ കഴുകിക്കളയുന്നതിനായി ഇസാനാഗി ഒരു അരുവിയുടെ തീരത്തെത്തിയ സമയത്ത്‌ ഇസാനാഗിയുടെ ഇടതുകച്ചില്‍ നിന്ന്‌ സൂര്യദേവതയായ അമതേരസുവും വലതുകച്ചില്‍നിന്ന്‌ ചന്ദ്രദേവതയായ ത്സുകിയോമിയും മൂക്കില്‍നിന്ന്‌ സൂസാനോവോ എന്ന ദേവതയും ജനിച്ചു എന്നാണ്‌ ഐതിഹ്യം. അമതേരസുവില്‍ നിന്നാണ്‌ ജപ്പാന്‍ രാജകുടുംബത്തിന്റെ ഉദ്‌ഭവം എന്ന്‌ വിശ്വസിക്കപ്പെടുന്നു. ഇസാനാഗി ഭൂമിയെ സ്വര്‍ഗത്തില്‍നിന്നു വേര്‍പെടുത്തി, വിശുദ്ധ ജലബിന്ദുക്കള്‍കൊണ്ട്‌ ജപ്പാനിലെ ദ്വീപസമൂഹം സൃഷ്‌ടിച്ചുവത്ര. ഈ ദ്വീപുകളിലേക്ക്‌ അദ്ദേഹം പറഞ്ഞയച്ച തന്റെ മകനായ സൂസാനോവോ, പൗത്രനായ നിനിഗി എന്നിവരില്‍നിന്ന്‌ ദേവാംശസംഭവരായ ഒരു ജനസമൂഹം രൂപംകൊണ്ടുവെന്നാണ്‌ വിശ്വാസം.

ഈ കഥയ്‌ക്കു തുല്യമായ ഇതിഹാസകഥകള്‍ ചൈനയിലും മറ്റു ചില പൂര്‍വേഷ്യന്‍ രാജ്യങ്ങളിലും നിലനില്‌ക്കുന്നുണ്ട്‌. നോ.അമതേരസു

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍