This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇളയെടത്തുസ്വരൂപം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഇളയെടത്തുസ്വരൂപം

വേണാട്‌ രാജകുടുംബത്തിന്റെ ഇളയ തായ്‌വഴിയും, പില്‌ക്കാലത്ത്‌ വേണാടില്‍ ലയിപ്പിക്കപ്പെട്ടതുമായ ഒരു രാജവംശം. കുന്നിന്‍മേല്‍ ഇളയെടത്തു സ്വരൂപം, കുന്നിന്മേല്‍, ഇളയെം (എളയെടം), കൊട്ടാരക്കര എന്നീ പേരുകളിലും ഈ സ്വരൂപം (രാജവംശം) അറിയപ്പെട്ടിരുന്നു. ആട്ടക്കഥാപ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവെന്നു വിഖ്യാതി നേടിയ കൊട്ടാരക്കരത്തമ്പുരാന്റെ ജനനം കൊണ്ടു പ്രശസ്‌തിയാര്‍ജിച്ചതാണ്‌ ഈ രാജകുടുംബം.

കിളിമാനൂരിനും വേണാട്ടുകുടുംബത്തിന്റെ ഒരു ആദിവാസസ്ഥാനമായിരുന്ന കീഴ്‌പ്പേരൂരിനും അടുത്തുള്ള കുന്നിന്മേലും, പിന്നെ അവിടെനിന്ന്‌ 32 കി.മീ. വടക്കുള്ള കൊട്ടാരക്കരയിലും, മാറിത്താമസിച്ച തായ്‌വഴിയായിരിക്കാം ഈ സ്വരൂപം എന്നു കരുതാവുന്ന രേഖകളുണ്ട്‌. തൃപ്പാപ്പൂര്‍, ദേശിങ്ങനാട്‌, (കൊല്ലം), പേരകത്താവഴി (നെടുമങ്ങാട്‌), ആറ്റിങ്ങല്‍ (തമ്പുരാട്ടിമാരുടെ വാസസ്ഥാനം) എന്നീ ദേശവാഴികള്‍ പോലെ ഇളയെടവും പില്‌ക്കാലത്ത്‌ ഉണ്ടായതാണ്‌. ഇപ്പോള്‍ കൊട്ടാരക്കര, പത്തനാപുരം, നെടുമങ്ങാട്‌ എന്നിവിടങ്ങളില്‍ ഉള്‍പ്പെട്ട സ്ഥലങ്ങളും കിഴക്ക്‌ ചെങ്കോട്ട, ക്ലാങ്ങാട്‌, കര്‍ക്കുടി, വള്ളിയൂര്‍ മുതലായ ദേശങ്ങളും ഇളയെടത്തിന്റെ അധീനതയില്‍ പെട്ടിരുന്നു.

കൊല്ലത്തിന്‌ 25 കി.മീ. കിഴക്കുള്ള കൊട്ടാരക്കര ആയിരുന്നു ഈ സ്വരൂപത്തിന്റെ ആസ്ഥാനം. പുലമണ്‍മുക്കില്‍നിന്ന്‌ ഉദ്ദേശം 2 കി.മീ. പടിഞ്ഞാറ്‌ മാറിയായിരുന്നു പഴയ കൊട്ടാരം സ്ഥിതിചെയ്‌തിരുന്നത്‌. അവിടെയുള്ള മണികണ്‌ഠേശ്വരം ക്ഷേത്രത്തിലെ ദക്ഷിണാമൂര്‍ത്തിയും ഗണപതിപ്രതിഷ്‌ഠയും ഇളയെടത്തെ ഭരദൈവങ്ങളായിരുന്നു. വെളിനല്ലൂര്‍ (തിരുവെളുന്നനൂര്‍), ആര്യങ്കാവ്‌, വെട്ടിക്കവല, പട്ടാഴി, മച്ചടി മുതലായ ക്ഷേത്രങ്ങളും ഈ സ്വരൂപത്തിന്റെ അതിര്‍ത്തിക്കുള്ളില്‍ പെട്ടിരിക്കുന്നു. ഉത്‌പത്തിയും ആദ്യകാലചരിത്രവും. വേണാടിന്റെ ഇതരശാഖകളുടെയെന്നപോലെ ഇളയെടത്തിന്റെയും ചരിത്രത്തെപ്പറ്റി അറിയാന്‍ പറയത്തക്ക രേഖകളൊന്നുമില്ല. കൊ.വ. 557 (എ.ഡി. 1382) മുതല്‍ 619 (1444) വരെ വേണാടു വാണിരുന്ന ചേര ഉദയമാര്‍ത്താണ്ഡവര്‍മയാണ്‌ ആദ്യമായി കൊട്ടാരക്കര കോവിലകം ഉണ്ടാക്കിയതെന്ന്‌ ചില ചരിത്രകാരന്മാര്‍ പ്രസ്‌താവിച്ചിട്ടുണ്ട്‌. (ഈ വിഷയത്തില്‍ അഭിപ്രായഭേദങ്ങള്‍ ഉണ്ട്‌.) റെഡ്യാപുരം പാളയക്കാരനുമായുണ്ടായ യുദ്ധത്തില്‍ ഉദയമാര്‍ത്താണ്ഡവര്‍മ ചരമമടഞ്ഞതായും, അദ്ദേഹത്തിന്റെ ശേഷക്കാര്‍ കൊ.വ. 619-ാമാണ്ടാടെ (എ.ഡി. 1444) കൊട്ടാരക്കര താമസമുറപ്പിച്ചതായും ആണ്‌ ഒരു കഥ. എന്നാല്‍ കൊ.വ. 520-ല്‍ (1345) കുന്നിന്മേല്‍ ശ്രീവീരകേരളവര്‍മ തിരുവടി എന്നൊരു രാജാവിനെ മതിലകം ഗ്രന്ഥവരിയില്‍ സ്‌മരിച്ചു കാണുന്നതുകൊണ്ട്‌ ഈ സ്വരൂപം ചേരഉദയമാര്‍ത്താണ്ഡവര്‍മയ്‌ക്കു മുമ്പുതന്നെ ഉണ്ടായിരുന്നെന്ന്‌ ഊഹിക്കേണ്ടിയിരിക്കുന്നു. കൊ.വ. ആറാം ശതകത്തിനു മുമ്പുതന്നെ കൊട്ടാരക്കര ആസ്ഥാനമാക്കി വേണാടിലെ ഒരു ശാഖ ദേശവാഴ്‌ച തുടങ്ങിയതായി കരുതാവുന്നതാണ്‌. ഇളയെടത്തിന്‌ വേണാടിനോട്‌ ഉണ്ടായിരുന്ന ബന്ധത്തെ സൂചിപ്പിക്കുന്ന ഒരു പുരാതന ശിലാരേഖ തിരുവനന്തപുരത്ത്‌ മിത്രാനന്ദപുരം ക്ഷേത്രത്തില്‍ കാണുന്നുണ്ട്‌. അതിലെ ദാനകര്‍ത്താവ്‌ "വേണാട്ടിളംകൂറ്‌ പുലമണ്‍ പൂര്‍ണകീര്‍ത്തി രാമവര്‍മര്‍' ആയിരുന്നു. "പുലമണ്‍' എന്നത്‌ കൊട്ടാരക്കരയുമായുള്ള ബന്ധവും, "വേണാട്‌ ഇളംകൂറ്‌' വേണാടുമായുള്ള ചാര്‍ച്ചയും ആണ്‌ സൂചിപ്പിക്കുന്നത്‌. ഈ രേഖയുടെ കാലം അജ്ഞാതമാണെങ്കിലും അതിലെ വട്ടെഴുത്തിന്റ വടിവുകൊണ്ട്‌ എ.ഡി. 14-ാം ശതകത്തിനുമുമ്പുള്ളതായി പരിഗണിക്കാം.

കൊ.വ. 711, 715 (1536, 1540) എന്നീ വര്‍ഷങ്ങളില്‍ തിരുവെളുന്നനൂര്‍ എണ്ടലയപ്പന്‌ കുന്നിന്മേല്‍ ഇളയെടത്ത്‌ ശ്രീവീരകോതവര്‍മര്‍ തിരുവടിയുടെ കോയിക്കന്‍മികള്‍ കൊടുത്ത ചെപ്പേടുകള്‍ ഇരുളടഞ്ഞ ഇളയെടത്തുചരിത്രത്തില്‍ തെല്ലൊരു വെളിച്ചം വീശുന്നു. ഒന്നാമത്തേത്‌ ഉഷഃപൂജവകയ്‌ക്ക്‌ 45 പറ നിലവും കരപ്പുരയിടങ്ങളും മറ്റും ദാനം ചെയ്യുന്നതും, രണ്ടാമത്തേത്‌ തോരണം വച്ചുരക്ഷിക്കാന്‍ നിലം പുരയിടങ്ങള്‍ വിട്ടുകൊടുക്കുന്നതുമാണ്‌.

ശാഖാബന്ധങ്ങള്‍. ശ്രീപദ്‌മനാഭസ്വാമിക്ഷേത്രത്തില്‍നിന്നും മറ്റും കിട്ടിയിട്ടുള്ള മറ്റുചില രേഖകള്‍ തൃപ്പാപ്പൂര്‍-ദേശിങ്ങനാട്ടു സ്വരൂപങ്ങള്‍ക്ക്‌ ഇളയെടവുമായുണ്ടായിരുന്ന ബന്ധത്തെയും, അവ തമ്മില്‍ ഉണ്ടായിട്ടുള്ള ഏറ്റുമുട്ടലുകളെയും പരാമര്‍ശിക്കുന്നവയാണ്‌. 782 (1607) ഇടവം 1-നു ദേശിങ്ങനാട്ടു കീഴ്‌പ്പേരൂര്‍ രാമമാര്‍ത്താണ്ഡവര്‍മ തൃപ്പാപ്പൂര്‍ മൂത്തതിരുവടി കൊട്ടാരക്കര താമസിക്കേ ആലസ്യം പിടിപെട്ടു വെട്ടിക്കവലക്കോയിക്കല്‍ പോയെന്നും, അവിടെവച്ച്‌ നാടുനീങ്ങിയെന്നും പദ്‌മനാഭസ്വാമി ക്ഷേത്രത്തില്‍ രേഖയുണ്ട്‌. രാമമാര്‍ത്താണ്ഡവര്‍മ അന്ന്‌ വേണാട്ടുമൂപ്പ്‌ ഏറ്റിരുന്നതായി തോന്നുന്നില്ല; എന്നാല്‍, അദ്ദേഹം ദേശിങ്ങനാട്ടു കീഴ്‌പ്പേരൂര്‍ത്താവഴിയിലെ അംഗവും തൃപ്പാപ്പൂര്‍ മൂത്തതിരുവടിയും ആയിരുന്നു എന്ന്‌ വ്യക്തമാണ്‌. അദ്ദേഹം ഇളയെടത്ത്‌ പോയി താമസിച്ചത്‌ അവിടവുമായി ബന്ധം ഉണ്ടായിരുന്നതുകൊണ്ടാണ്‌. ഇതില്‍ നിന്ന്‌ മൂന്നു സ്വരൂപങ്ങള്‍ക്കും തമ്മില്‍ ഉണ്ടായിരുന്ന ബന്ധം വ്യക്തമാകുന്നു. എന്നാല്‍ ആയിടയ്‌ക്ക്‌ ഇളയെടവുമായി വേണാട്ടിലെ മറ്റു ശാഖക്കാര്‍ വിരോധത്തിലായിരുന്നു എന്നും കാണുന്നുണ്ട്‌. രാമമാര്‍ത്താണ്ഡവര്‍മ നാടുനീങ്ങി ഒരു വര്‍ഷം കഴിഞ്ഞ്‌ (783 ഇടവം 1) തൃപ്പാപ്പൂര്‍ കീഴ്‌പ്പേരൂര്‍ ശ്രീവീര ഇരവിവര്‍മ കൊല്ലത്തുപോയി ഇളയെടത്തു സ്വരൂപത്തോടു പടപൊരുതിയശേഷം തിരുവനന്തപുരത്തു വന്ന്‌ തിങ്കള്‍-ഭജനം നടത്തുകയുണ്ടായി. ഈ ശാഖാമത്സരത്തെ സംബന്ധിച്ച്‌ വേറൊരു തെളിവുമുണ്ട്‌. തൃപ്പാപ്പൂരും പേരകത്താവഴിയുമായി 797-ല്‍ (1622) നടത്തിയ കരാര്‍പ്രകാരം വേണാട്ടടികള്‍ (ചിറവ മൂത്തതിരുവടി) ആകട്ടെ, പേരകത്തു മൂത്തതിരുവടി വീരകേരളവര്‍മയാകട്ടെ പരസ്‌പരം അറിയിക്കാതെ ഇളയെടവുമായി യാതൊരു ഇടപാടും ചെയ്യുന്നതല്ലെന്നു നിശ്ചയം ചെയ്‌തു. അടുത്ത വര്‍ഷം (798) തൃപ്പാപ്പൂരും ഇളയെടവും പരസ്‌പരം ദത്തുകൊണ്ടു പൂര്‍വബന്ധത്തെ ദൃഢതരമാക്കി. 798 (1623) കര്‍ക്കിടകം 2-നു നയിനാര്‍ വീരകേരളവര്‍മയെ കുന്നിന്മേല്‍ ഇളയെടത്തു മൂത്ത പണ്ടാരത്തിലെ തൃപ്പാപ്പൂര്‍ സ്വരൂപത്തിലേക്കും, ഇരവിവര്‍മ ചിറവാമൂപ്പിലെയും മറ്റു മൂന്ന്‌ തമ്പുരാക്കന്മാരേയും രണ്ടു തമ്പുരാട്ടിമാരെയും തൃപ്പാപ്പൂര്‍ നിന്നു കുന്നുമ്മേല്‍ ഇളയെടത്തേക്കും ദത്തെടുത്തത്‌ സുപ്രധാനമായ ഒരു സംഭവമായിരുന്നു. ഈ ദത്തിന്റെ സ്വഭാവം പരിഗണിച്ചാല്‍ പ്രാബല്യത്തില്‍ വര്‍ത്തിച്ച തൃപ്പാപ്പൂരിന്റെ അധികാരം ഇളയെടത്തേക്കു വ്യാപിപ്പിച്ചതായേ മനസ്സിലാക്കാന്‍ നിവൃത്തിയുള്ളൂ. ഏതായാലും ഇളയെടത്തുനിന്നു ദത്തുകൊണ്ട ഈ വീരകേരളവര്‍മയ്‌ക്കോ അവിടത്തെ മറ്റ്‌ ഏതെങ്കിലും അംഗത്തിനോ വേണാട്ടുമൂപ്പു കിട്ടിയതായി തെളിവില്ല. തൃപ്പാപ്പൂര്‍-ദേശീങ്ങനാട്ടു തായ്‌വഴികളായിരുന്നു മൂപ്പുവാഴ്‌ച കൈക്കൊണ്ടിരുന്നത്‌.

ഈ ദത്തുകള്‍ക്കുശേഷവും വേണാട്ടു കുടുംബത്തിലേക്കു കൊച്ചിയില്‍ നിന്നും മറ്റും നടത്തിയ ദത്തുകള്‍ ഇളയെടത്തിനു വിരോധകാരണമായി. 805 (1630)-മാണ്ട്‌ വേണാട്ടു രാജകുടുംബത്തില്‍ പല അംഗങ്ങളും ഉണ്ടായിരിക്കേത്തന്നെ കൊച്ചിയില്‍ വെള്ളാരപ്പള്ളി കോവിലകത്തുനിന്ന്‌ ആദിത്യവര്‍മ, രാമവര്‍മ എന്നിവരെ ദത്തെടുത്തതും നീരസമുളവാക്കി. അന്ന്‌ ദേശിങ്ങനാട്ടു മൂത്തതിരുവടിയായിരുന്ന ഉച്ചിക്കേരളവര്‍മയ്‌ക്ക്‌ കൊച്ചിയുമായി ഉണ്ടായിരുന്ന പൂര്‍വബന്ധം പുരസ്‌കരിച്ചായിരുന്നു ഈ ദത്തെന്ന്‌ അനുമാനിക്കപ്പെടുന്നു. കൊ.വ. 847(1672)-ലെ ദത്തുകളില്‍ ആറ്റിങ്ങല്‍ മൂന്നാംമുറത്തമ്പുരാട്ടി വളര്‍ത്തിയ ഒരു ബ്രാഹ്മണബാലനെക്കൂടി പൂര്‍വാചാരവിരുദ്ധമായി ഉള്‍പ്പെടുത്തിയപ്പോള്‍ ഇളയെടവും പേരകവും വിരോധം പ്രഖ്യാപിച്ചു. ഈ സ്ഥിതിയില്‍ ഇളയെടവും പേരകത്താവഴിയും വേണാട്ടിലെ അവകാശം പിടിച്ചെടുക്കാന്‍ തക്കംനോക്കിയിരുന്നു.

പിന്നീട്‌ മുപ്പതിലധികം വര്‍ഷം കഴിഞ്ഞാണ്‌ ഇളയെടത്തെപ്പറ്റി സൂചന ലഭിക്കുന്നത്‌. കൊ.വ. 839-ല്‍ (1664) ഡച്ചുകമ്പനിയുടെ പ്രതിനിധി ന്യൂഹോഫ്‌ കുരുമുളകു വാങ്ങിക്കാനായി കൊട്ടാരക്കരയുമായി ഉടമ്പടി ഉണ്ടാക്കി. ഈ ഉടമ്പടിയെ ആധാരമാക്കി ഇളയെടത്തിന്‌ അന്ന്‌ സ്വതന്ത്രപദവി ഉണ്ടായിരുന്നെന്നു ധരിക്കേണ്ടതില്ല. വേണാട്ടിലെ പെണ്‍വഴിയായിരുന്ന കൊല്ലത്തെ റാണിയും കല്ലടവച്ച്‌ അന്ന്‌ ഇതേ രീതിയില്‍ ഡച്ചുകമ്പനിയുമായി കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ട്‌. വേണാടുമായി സംഘട്ടനം. കൊ.വ. 852 (എ.ഡി.)-മാണ്ട്‌ ആദിത്യവര്‍മ നാടുനീങ്ങിയപ്പോള്‍ തൃപ്പാപ്പൂര്‍ സ്വരൂപത്തിലെ രവിവര്‍മയ്‌ക്ക്‌ പ്രായപൂര്‍ത്തിയാകാതിരുന്നതുകൊണ്ട്‌ അദ്ദേഹത്തിനു പകരം ഉമയമ്മറാണി ഭരണഭാരം കൈയേറ്റു. ഇത്‌ പേരകത്താവഴിയിലെ കേരളവര്‍മയ്‌ക്ക്‌ അവകാശം ഉന്നയിക്കാന്‍ സന്ദര്‍ഭം നല്‌കി. ഇളയെടം ആ അവകാശവാദത്തെ പിന്താങ്ങി. റാണിയുടെ ഊര്‍ജിതഭരണത്തില്‍ സ്വേച്ഛാതന്ത്രങ്ങള്‍ക്ക്‌ അവസരം നഷ്‌ടപ്പെട്ട മാടമ്പിമാരും ഉദ്യോഗസ്ഥന്മാരും ഗൂഢമായി അവര്‍ക്ക്‌ പിന്തുണ നല്‌കി. ഇളയെടത്തെ പടയോടൊപ്പം കേരളവര്‍മയുടെ സൈന്യം തിരുവനന്തപുരത്ത്‌ കരമനയില്‍ പാളയമടിച്ചു.

ആ സമരംകൊണ്ടും തുടര്‍ന്നുണ്ടായ സന്ധിസംഭാഷണം കൊണ്ടും റാണി തെല്ലും അയവു കാണിച്ചില്ല. പേരകത്താവഴിയുടെയും ഇളയെടത്തിന്റെയും അവകാശത്തെ പാടെ നിരസിക്കാന്‍വേണ്ടി ഉമയമ്മറാണി കോലത്തുനാട്ടില്‍നിന്ന്‌ കൊ.വ. 853 (1678)-മാണ്ട്‌ ഒരു രാജകുമാരെനെയും രണ്ടുകുമാരികളെയും ദത്തെടുക്കുകയും ചെയ്‌തു. അതിനു പുറമേ കോട്ടയത്തു (പിറവഴിയാനാട്ടില്‍) നിന്നു തീര്‍ഥയാത്രയായി വന്നുചേര്‍ന്ന കേരളവര്‍മയെ ഇരണിയല്‍ ഇളമുറയായി ദത്തെടുത്ത്‌ തന്റെ ശക്തി വര്‍ധിപ്പിച്ചു. ഈ സ്ഥിതിയില്‍ ഇളയെടം വേണാടിന്റെ അധികാരത്തില്‍ അമര്‍ന്നു കഴിഞ്ഞതേയുള്ളൂ. രവിവര്‍മയ്‌ക്ക്‌ പ്രായപൂര്‍ത്തിവന്നപ്പോള്‍, 860-(1685)-മാണ്ട്‌ റാണി വാഴ്‌ചയൊഴിഞ്ഞെങ്കിലും ഇളയെടത്ത്‌ വിശേഷിച്ചും ശ്രദ്ധപതിപ്പിച്ചിരുന്നു. 869-(1694)-ാമാണ്ട്‌ റാണിയും കോട്ടയം കേരളവര്‍മയും കൊട്ടാരക്കര പോയി അവിടത്തെ കാര്യങ്ങള്‍ തീര്‍ച്ചപ്പെടുത്തിയത്‌ ഈ വിഷയത്തില്‍ മതിയായ തെളിവാണ്‌.

വേണാടുമായുള്ള ലയനം. 904-ാമാണ്ട്‌ രാമവര്‍മ നാടുനീങ്ങി; ശ്രീ വീരമാര്‍ത്താണ്ഡവര്‍മ വാഴ്‌ച തുടങ്ങി. മാര്‍ത്താണ്ഡവര്‍മയുടെ സ്ഥാനാരോഹണം അതുവരെ മത്സരം കൂടാതെ കഴിഞ്ഞ ദേശിങ്ങനാട്ടു സ്വരൂപത്തെപ്പോലും വിരുദ്ധകക്ഷിയിലാക്കി. അന്ന്‌ മൂപ്പുമുറയനുസരിച്ച്‌ പിന്‍വാഴ്‌ചയ്‌ക്ക്‌ അവകാശി ദേശിങ്ങനാട്ട്‌ മൂത്തതിരുവടി ആയിരുന്നു; എന്നാല്‍ രാമവര്‍മയുടെ കാലത്തുതന്നെ യുവരാജപദവിയില്‍ രാജ്യകാര്യങ്ങള്‍ നിര്‍വഹിക്കുകയും പ്രഭാവം പ്രദര്‍ശിപ്പിക്കുകയും ചെയ്‌ത മാര്‍ത്താണ്ഡവര്‍മ സിംഹാസനാരോഹണം ചെയ്‌തു. മുമ്പേതന്നെ അവകാശനഷ്‌ടത്താല്‍ അമര്‍ഷത്തോടെ കഴിഞ്ഞിരുന്ന ഇളയെടത്തോടൊപ്പം ദേശിങ്ങനാടും യുദ്ധത്തിന്‌ മുതിരാന്‍ ഈ സംഗതി വഴിതെളിച്ചു. മാര്‍ത്താണ്ഡവര്‍മയുടെ ആദ്യത്തെ പരിപാടി തായ്‌വഴിവാഴ്‌ച അവസാനിപ്പിക്കുകയായിരുന്നു. ആറ്റിങ്ങല്‍, ദേശിങ്ങനാട്‌, ഇളയെടത്തുസ്വരൂപം എന്നീ ദേശവഴികള്‍ വേണാടിന്റെ നേരിട്ടുള്ള അധികാരത്തില്‍ ആക്കുകയായിരുന്നു അതിനുള്ള ഉപായം. ആ ഉദ്ദേശ്യത്തോടെ മാര്‍ത്താണ്ഡവര്‍മ ഇളയെടത്തു മൂത്തതിരുവടിയെ തടങ്കലിലാക്കി. അദ്ദേഹം 915 (1740)-ല്‍ ചരമമടഞ്ഞു. പിന്നെ ആ തായ്‌വഴിയില്‍ ഒരു തമ്പുരാട്ടി മാത്രമേ ശേഷിച്ചുള്ളൂ. ഭരണകാര്യം സര്‍വാധികാര്യക്കാര്‍ നടത്തിപ്പോന്നു. അഴിമതിക്കാരനായ ആ ഉദ്യോഗസ്ഥനെ പിരിച്ചുവിട്ട്‌ മാര്‍ത്താണ്ഡവര്‍മ ഇളയെടത്തെ ഭരണവും ഏറ്റെടുത്തു. പരിഭ്രാന്തയായ തമ്പുരാട്ടി തെക്കുംകൂറില്‍ അഭയം പ്രാപിച്ചു.

മാര്‍ത്താണ്ഡവര്‍മ ആറ്റിങ്ങലും ദേശിങ്ങനാടും ഇളയെടവും പിടിച്ച്‌ കായംകുളത്തേക്കു കച്ചുവച്ചപ്പോള്‍, തെക്കുംകൂര്‍ മുതലായ അയല്‍രാജ്യങ്ങളും, അവരെയെല്ലാം നയതന്ത്രത്താല്‍ സ്വാധീനപ്പെടുത്തിയിരുന്ന ഡച്ചുകമ്പനിയും പ്രകോപം പൂണ്ടു. സിലോണിലെ ഡച്ചുഗവര്‍ണര്‍ വാന്‍ ഇംഹോഫ്‌ ആയിടയ്‌ക്ക്‌ കേരളത്തില്‍ വന്നു. മാര്‍ത്താണ്ഡവര്‍മയുടെ ദിഗ്‌വിജയ പരിപാടികളെ തടയാന്‍ അദ്ദേഹം ദൃഢനിശ്ചയം ചെയ്‌തു. ഡച്ചുകമ്പനിയുടെ വാണിജ്യക്കുത്തകയും സാമ്രാജ്യമോഹവും മാര്‍ത്താണ്ഡവര്‍മ തകര്‍ത്തുകളയുമെന്ന്‌ ഇംഹോഫിനു ബോധ്യമായി. എഴുത്തുകുത്തുകൊണ്ടു കാര്യനിര്‍ണയം സാധിക്കാഞ്ഞ്‌ വാന്‍ ഇംഹോഫ്‌ മാര്‍ത്താണ്ഡവര്‍മയെ കൊട്ടാരക്കരവച്ച്‌ സന്ദര്‍ശിച്ചു. കൊട്ടാരക്കരനിന്നു പിന്മാറണമെന്നും, അല്ലാത്തപക്ഷം ഡച്ച്‌ കപ്പല്‍പ്പട വേണാടിനെ ആക്രമിക്കുമെന്നും ഇംഹോഫ്‌ ഭീഷണിപ്പെടുത്തി. അങ്ങനെയായാല്‍ തന്റെ വഞ്ചികളും വാലന്മാരും ഹോളണ്ട്‌ ആക്രമിക്കുമെന്നായിരുന്നു മാര്‍ത്താണ്ഡവര്‍മയുടെ പരിഹാസപൂര്‍ണമായ മറുപടി. ഈ സന്ദര്‍ശനം ഒരു മഹായുദ്ധത്തിന്റെ തോടയമായി ഭവിച്ചു.

കായംകുളം, തെക്കുംകൂര്‍, വടക്കുംകൂര്‍ എന്നീ രാജ്യങ്ങളും ഡച്ചുകാരും ഇളയെടത്തെ രക്ഷിക്കാന്‍ പടക്കളത്തില്‍ അണിനിരന്നു. കൊ. വ. 916-ല്‍ (1741) ഇളയെടത്തു റാണി ഡച്ചുകാരുടെ സഹായത്തോടെ സിംഹാസനസ്ഥയായി. ഇതിനു പ്രത്യുപകാരമെന്നോണം റാണി കൊല്ലത്തിനടുത്ത്‌ അയിരൂര്‍ എന്ന സ്ഥലം ഡച്ചുകാര്‍ക്കു സംഭാവന ചെയ്‌തു. വടക്കുംകൂര്‍ രാജാവ്‌ വൈക്കത്തിനടുത്തു വെച്ചൂര്‍ എന്ന സ്ഥലവും പാരിതോഷികമായി ഡച്ചുകാര്‍ക്കു നല്‌കി.

എന്നാല്‍ ഈ കൂട്ടുകെട്ടും ലന്തക്കാരുടെ മോഹങ്ങളും ഒന്നോടെ തകര്‍ക്കാന്‍ മാര്‍ത്താണ്ഡവര്‍മ നിശ്ചയിച്ചു. 916-ല്‍ ഡച്ച്‌ നേതൃത്വത്തില്‍ ഇളയെടത്തെ പിന്താങ്ങാന്‍ അണിനിരന്ന സേനാസമൂഹത്തെ വേണാടുസൈന്യം കൊട്ടാരക്കര വച്ച്‌ തോല്‌പിച്ച്‌ മിക്കവാറും കൊന്നൊടുക്കി. ഇളയെടത്തു സ്വരൂപത്തെ അതിനുശേഷം മാര്‍ത്താണ്ഡവര്‍മ വേണാട്ടില്‍ ലയിപ്പിക്കുകയും ചെയ്‌തു.

ഇളയെടത്തുറാണി ഡച്ചുകാരുടെ സഹായത്തോടെ കൊച്ചിയിലേക്ക്‌ പലായനം ചെയ്‌തു. ആ രാജസ്‌ത്രീ കുറേക്കാലം ദുസ്ഥിതിയില്‍ കഴിച്ച്‌ ആത്മഹത്യചെയ്‌തതായി പറയപ്പെടുന്നു. കുഴിക്കല്‍, കാട്ടൂര്‍ എന്ന രണ്ട്‌ ഉച്ചിത്താന്‍ സ്ഥാനി കുടുംബക്കാരായിരുന്നു ഇളയെടത്തെ മന്ത്രിമാര്‍. കൊ.വ. 798 (1623)-മാണ്ടത്തെ ദത്തു സംബന്ധിച്ച ഓല കൈ പകരുന്നതിന്‌ കുഴിക്കല്‍ കുന്നന്‍ കേരളനെയും സ്‌മരിച്ചു കാണുന്നു. കുഴിക്കല്‍ ഇടവക ഒരു പ്രഭുകുടുംബമായി തുടര്‍ന്നു നില്‍ക്കുന്നു. കൊട്ടാരക്കരത്തമ്പുരാന്‍. ആട്ടക്കഥാപ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവായ കൊട്ടാരത്തമ്പുരാനാണ്‌ ഈ സ്വരൂപത്തിന്‌ ശാശ്വതയശസ്സു നേടിക്കൊടുത്തത്‌. അദ്ദേഹത്തിന്റെ കാലം ക്ലിപ്‌തമായി നിര്‍ണയിച്ചിട്ടില്ല. കൊ.വ. 9-ാം ശ. (എ.ഡി. 17-ാം ശ.) ആയിരിക്കാമെന്ന്‌ രാമായണം ആട്ടക്കഥയെ അടിസ്ഥാനമാക്കി ചരിത്രപണ്ഡിതന്മാര്‍ പറയുന്നു. വീരകേരളവര്‍മ എന്ന വഞ്ചിരാജാവിന്റെ (വേണാട്ടടികളുടെ) സഹോദരിയുടെ പുത്രനാണ്‌ താന്‍ എന്നു കവി പ്രസ്‌താവിച്ചിട്ടുണ്ട്‌; "പ്രാപ്‌താനന്തഘനശ്രീയഃ' ഇത്യാദി ശ്ലോകത്തില്‍ ഇളയെടത്തിനും വേണാടിനും തമ്മിലുണ്ടായിരുന്ന ബന്ധം സുവ്യക്തമാണ്‌.

ഇളയെടം ചരിത്രഗതിയില്‍ മറഞ്ഞ ഒരു നാമം മാത്രമായി അവശേഷിക്കുന്നു. നോ. കൊട്ടാരക്കര രാജാവ്‌, രാമനാട്ടം

(ശൂരനാട്ടു കുഞ്ഞന്‍പിള്ള)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍