This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇല്ലം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഇല്ലം

വീട്‌, പാര്‍പ്പിടം, താമസസ്ഥലം, ഭവനം തുടങ്ങിയ സംജ്ഞകളുടെ പര്യായമായ ഒരു പദം. പരമ്പരാഗതമായി നമ്പൂതിരി, ഭട്ടതിരി, പോറ്റി തുടങ്ങിയ കേരള ബ്രാഹ്മണരുടെ ഗൃഹങ്ങളെ സൂചിപ്പിക്കാന്‍ ഉപയോഗിച്ചു വരുന്നു. വീട്‌ എന്ന അര്‍ഥത്തിലുള്ള "ഇല്‍' ധാതുവാണ്‌ ഇല്ലമായിത്തീര്‍ന്നതെന്ന്‌ കേരള പാണിനീയത്തില്‍ കാണുന്നു. ഇല്ലം എന്നതുപോലെ മലയാള ബ്രാഹ്മണ ഭവനങ്ങളെ മഠം, മന എന്നും വിളിക്കാറുണ്ട്‌. കേരളാവകാശക്രമം എന്ന ഒരു പഴയ പുസ്‌തകത്തില്‍ (1881) ബ്രാഹ്മണരുടെ ഗൃഹത്തിന്‌ വിശേഷമായി ഇല്ലമെന്നും മഠമെന്നും പറഞ്ഞുവരുന്നുവെന്ന്‌ രേഖപ്പെടുത്തിയിട്ടുണ്ട്‌.

കേരളീയ വാസ്‌തുവിദ്യയുടെ മുഖമുദ്രകളായ നാലുകെട്ട്‌, എട്ടുകെട്ട്‌, പതിനാറുകെട്ട്‌ എന്നീ രീതികളിലാണ്‌ മുന്‍കാലങ്ങളിലെ ഇല്ലങ്ങളുടെ നിര്‍മാണ സംവിധാനം. അങ്കണ(നടുമുറ്റ)ത്തിന്റെ മൂന്നുവശങ്ങളിലുമുള്ള തളങ്ങള്‍ക്കും മുറികള്‍ക്കും അവയുടെ പ്രത്യേകദിശകളെ അടിസ്ഥാനമാക്കി വടക്കിനി, കിഴക്കിനി, തെക്കിനി എന്നു വേര്‍തിരിച്ചു പറയാറുണ്ട്‌. വടക്കിനി അന്തര്‍ജനങ്ങളുടെ പെരുമാറ്റത്തിനു നീക്കിവച്ചിരിക്കുന്നു. കിഴക്കിനി ആണ്‌ പൂജാമുറി (തേവാരപ്പുര). തെക്കിനി ഭക്ഷണശാല ആയിരിക്കും. വൈദികവും മതപരവുമായ അനുഷ്‌ഠാനങ്ങള്‍ പ്രായേണ വടക്കിനിയിലോ കിഴക്കിനിയിലോ ആണു നടത്താറുള്ളത്‌. പൂര്‍വാഭിമുഖമായ കെട്ടിടത്തില്‍ അങ്കണത്തിന്റെ പടിഞ്ഞാറു ഭാഗം സാധാരണയായി നെല്ലറ ആയിരിക്കും. നോ. കേരളീയവാസ്‌തുവിദ്യ നായര്‍ സമുദായത്തില്‍പ്പെട്ട ഒരു വിഭാഗത്തെയും ഇല്ലക്കാര്‍ എന്നു വിളിച്ചുവന്നിരുന്നു.

"അവര്‍ണര്‍' എന്ന്‌ വ്യവഹരിക്കപ്പെട്ടുവന്ന സമുദായങ്ങളുടെ ഇടയിലും "ഇല്ല'വ്യത്യാസം ഒരു കാലത്ത്‌ നിലനിന്നിരുന്നു. ഒരേ "ഇല്ല'ത്തില്‍പ്പെട്ടവര്‍ തമ്മിലുള്ള ബന്ധങ്ങളെ അഗമ്യഗമനം (incest)എന്ന പരിധിയിലാണ്‌ ഈഴവര്‍ ഉള്‍പ്പെടുത്തിയിരുന്നത്‌. "ഈഴവരുടെ ഇടയില്‍ മൂട്ടില്ലം, മാടമ്പി ഇല്ലം, ചോഴി ഇല്ലം, മയ്യനാട്ടില്ലം എന്ന്‌ നാല്‌ ഇല്ലങ്ങള്‍ ഉണ്ട്‌. കൊല്ലം മുതല്‍ വടക്ക്‌ തൃക്കുന്നപ്പുഴ വരെ ഈ ഇല്ലം ഏര്‍പ്പാട്‌ ഒരു കാലത്ത്‌ നിലവിലുണ്ടായിരുന്നു. തെക്കു കന്യാകുമാരി വരെയും പിന്നെ പാണ്ടിയിലും ഈഴവര്‍ക്ക്‌ ഈ ഇല്ലം ഏര്‍പ്പാട്‌ ഇപ്പോഴും ഉണ്ട്‌. ഒരേ ഇല്ലക്കാര്‍ തമ്മില്‍ വിവാഹം പാടില്ല. അവര്‍ തമ്മില്‍ സഹോദരബന്ധമാണുള്ളത്‌' (സി.കേശവന്‍, ജീവിതസമരം, 1953). ഈഴവരുടെ ഇടയില്‍ പള്ളിച്ചല്‍ ഇല്ലം, പാച്ചല്ലൂര്‍ ഇല്ലം എന്ന മറ്റു രണ്ടു വിഭാഗങ്ങള്‍ കൂടി തെക്കന്‍ തിരുവിതാംകൂറില്‍ നിലവിലുള്ളതായി രേഖകളുണ്ട്‌.

മുക്കുവരിലും പുലയരിലും "ഇല്ലം' എന്ന ഒരു ജാതിവിഭാഗം ഉണ്ടായിരുന്നതായി പന്നിക്കോട്ട കരുണാകരമേനോന്‍ (19-ാം ശ.) രചിച്ച ദക്ഷിണ ഇന്ത്യയിലെ ജാതികള്‍ എന്ന പുസ്‌തകത്തില്‍ പറയുന്നു. "വടക്കേ മലയാളത്തില്‍ പൊന്നില്ലം, ചെമ്പില്ലം, കാരില്ലം, കാച്ചില്ലം ഇങ്ങനെ നാല്‌ ഇല്ലക്കാരാണ്‌. തെക്കേ മലയാളത്തില്‍ പൊന്നില്ലം ഇല്ല. അതിനാല്‍ മൂന്നില്ലക്കാര്‍ (മുക്കുവര്‍) എന്നു പറയും.' കൊയ്‌ത്തു കഴിഞ്ഞ്‌ നെല്‍ക്കതിരുകള്‍ ശേഖരിച്ചു ദേവനു നിവേദിച്ച്‌ ശുഭമുഹൂര്‍ത്തത്തില്‍ ഗൃഹത്തിന്‌ അലങ്കാരമായി നെല്ലറയുടെ മുന്നില്‍ കെട്ടിത്തൂക്കുന്ന ഒരു ആചാരവിശേഷത്തിന്‌ "ഇല്ലംനിറ' എന്നു പേരുണ്ട്‌. "ഇല്ലം നിറച്ചാല്‍ വല്ലവും നിറയ്‌ക്കണം' എന്ന പഴമൊഴി ഇതില്‍നിന്നും ഉടലെടുത്തതാണ്‌. "ധാന്യവൃദ്ധി എന്ന്‌ ഇല്ലം നിറയ്‌ക്ക' എന്ന്‌ മഴമംഗലം ശങ്കരന്‍ നമ്പൂതിരിയുടെ മുഹൂര്‍ത്തപദവി വ്യാഖ്യാനത്തില്‍ കാണുന്നു.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%87%E0%B4%B2%E0%B5%8D%E0%B4%B2%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍