This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇയോസീന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഇയോസീന്‍

Eocene

ഭൂവിജ്ഞാനീയ സമയക്രമത്തിലെ ഒരു യുഗം. സീനോസോയിക്‌ (Cenozoic) മഹാകല്‌പത്തിലെ ആദ്യപാദമായ ടെര്‍ഷ്യറികല്‌പത്തെ പാലിയോസീന്‍, ഇയോസീന്‍, ഓലിഗോസീന്‍, മയോസീന്‍, പ്ലയോസീന്‍ എന്നിങ്ങനെ അഞ്ചു യുഗങ്ങളായി ഭൂവിജ്ഞാനികള്‍ തിരിച്ചിട്ടുണ്ട്‌. ചാള്‍സ്‌ ലയല്‍ (1833) ആണ്‌ ആദ്യമായി ഒരു വിഭജനക്രമം നിര്‍ദേശിച്ചത്‌. അദ്ദേഹം ടെര്‍ഷ്യറികല്‌പത്തെ ഇയോസീന്‍, മയോസീന്‍, പ്ലയോസീന്‍ എന്നിങ്ങനെ മൂന്നുഘട്ടങ്ങളായി തിരിച്ചു. ഇയോസീന്‍ പൂര്‍വ-മധ്യ-ഉത്തര ഘട്ടങ്ങളായി പിന്നീട്‌ വേര്‍തിരിക്കപ്പെട്ടാണ്‌ പാലിയോസീന്‍, ഓലിഗോസീന്‍ എന്നീ സംജ്ഞകള്‍കൂടി ഉള്‍പ്പെടുന്ന ഇന്നത്തെ വിഭജനക്രമം നിലവില്‍വന്നത്‌. പൂര്‍വ-ഉത്തരഘട്ടങ്ങളിലെ ശിലാപടലങ്ങള്‍ക്കിടയില്‍ വിരളമായി കാണപ്പെടുന്ന ജീവാശ്‌മങ്ങളെ (fossil) അടിസ്ഥാനമാക്കി ആ ഭാഗങ്ങളെ വെവ്വേറെ ഘട്ടങ്ങളായി കണക്കാക്കാവുന്നതാണെന്ന ലയലിന്റെ നിഗമനമാണ്‌ പില്‌ക്കാലത്ത്‌ ഷിംപെര്‍വോണ്‍, ബെയ്‌റിക്ക്‌ എന്നിവര്‍ക്ക്‌ യഥാക്രമം പാലിയോസീന്‍, ഓലിഗോസീന്‍ എന്നീ സംജ്ഞകള്‍ നിര്‍ദേശിക്കുവാനുള്ള പ്രേരണയായത്‌. ഇന്നത്തെ വിഭജനക്രമം അനുസരിച്ചുള്ള ഇയോസീന്‍ ശിലാക്രമങ്ങള്‍ പൊതുവേ അവസാദസ്വഭാവത്തിലുള്ളവയാണ്‌. സമുദ്രാന്തരിതമോ തടാകജന്യമോ നദീജന്യമോ ആയ നിക്ഷേപങ്ങളില്‍നിന്നാണ്‌ ഇവ രൂപം പ്രാപിച്ചിട്ടുള്ളത്‌. ഇന്ത്യാ ഉപഭൂഖണ്ഡത്തിലെ ഇയോസീന്‍ശിലകള്‍ മൂന്നു ഘട്ടങ്ങളിലേതായി വ്യതിരിക്തമാക്കിയിരിക്കുന്നു. കാശ്‌മീരിലും ഹിമാലയമേഖലയുടെ വടക്കരികിലും അഗാധതലങ്ങളില്‍ രൂപംപൂണ്ട സമുദ്രാന്തരിത നിക്ഷേപങ്ങള്‍ കാണപ്പെടുന്നു. ദക്ഷിണകാശ്‌മീരിലും ജമ്മു മുതല്‍ നൈനീറ്റാള്‍ വരെയുള്ള ഹിമാലയസാനുക്കളിലും ഗുജറാത്ത്‌, കച്ച്‌, രാജപുത്താന എന്നിവിടങ്ങള്‍ മുതല്‍ ഷില്ലോങ്‌ പീഠഭൂമിയുടെ തെക്കരികുവരെയുള്ള പ്രദേശങ്ങളിലും ഇയോസീന്‍ യുഗത്തിലെ സമുദ്രതടനിക്ഷേപങ്ങള്‍ അവസ്ഥിതമായിരിക്കുന്നു. പാക്‌പഞ്ചാബിന്റെ വടക്കുപടിഞ്ഞാറുഭാഗങ്ങളില്‍ ഈ കാലഘട്ടത്തിലെ നദീജന്യനിക്ഷേപങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്‌.

ഇയോസീന്‍ ഘട്ടത്തിലെ ആദ്യകാലശിലകള്‍ ഇന്ത്യയില്‍ റാണികോട്ട്‌ക്രമം എന്നാണ്‌ അറിയപ്പെടുന്നത്‌. ഈ ശിലാക്രമത്തിലെ അടിയറ്റത്തെ 3000-500 മീ. കനത്തിലുള്ള പടലങ്ങള്‍ കടുപ്പംകുറഞ്ഞ മണല്‍ക്കല്ലുകള്‍, ഷെയ്‌ലുകള്‍, പലയിനത്തിലുള്ള കളിമണ്ണുകള്‍ എന്നിവ ഉള്‍ക്കൊണ്ടുകാണുന്നു. ദ്വിബീജപത്രികളായ സസ്യങ്ങളുടെയും കക്കകളുടെയും സാന്നിധ്യം സൂചിപ്പിക്കുന്ന ജീവാശ്‌മങ്ങളും ഉദ്ദേശം 2 മീ. കനത്തിലുള്ള കല്‍ക്കരി അടരുകളും ജിപ്‌സം തുടങ്ങിയ ധാതുക്കളും ഈ ശിലാപടലങ്ങള്‍ക്കിടയില്‍ കണ്ടെത്തിയിട്ടുണ്ട്‌. റാണികോട്ട്‌ക്രമത്തിലെ ഉപരിപടലങ്ങള്‍ ജീവാശ്‌മവാഹകങ്ങളായ ചുണ്ണാമ്പുകല്ലുകളാണ്‌. തവിട്ടുനിറത്തില്‍, 200-250 മീ. കനത്തില്‍ കാണപ്പെടുന്ന ഇവയിലെ സവിശേഷ ജീവാശ്‌മം നുമ്മുലൈറ്റുകള്‍ (Nummulites planulatus) ആണ്‌. ഫൊറാമിനിഫെറ, കോറലുകള്‍, എക്കിനോയ്‌ഡിയ, ലാമെല്ലിബ്രാങ്കിയ, ഗാസ്‌ട്രാേപോഡ, സെഫാലോപോഡ എന്നിവയാണ്‌ റാണികോട്ട്‌ക്രമത്തില്‍ സാധാരണമായുള്ള മറ്റിനം ജീവാശ്‌മങ്ങള്‍.

ഡക്കാണ്‍ട്രാപ്‌ ശിലകള്‍ക്കു തൊട്ടുമുകളിലായാണ്‌ റാണികോട്ട്‌ക്രമത്തില്‍പ്പെട്ട ശിലകള്‍ അവസ്ഥിതമായിക്കാണുന്നത്‌. ഇവയ്‌ക്കും മുകളിലായി രൂപംകൊണ്ടിട്ടുള്ള ഇയോസീന്‍ ശിലകളെ ലാകിക്രമം എന്നുവിശേഷിപ്പിക്കുന്നു. അപൂര്‍വമായി ക്രറ്റേഷ്യസ്‌ശിലകള്‍ക്കു നേര്‍മുകളിലായും ലാകിക്രമത്തില്‍പ്പെട്ട പാറയടരുകള്‍ കാണപ്പെടുന്നു. സ്ഥിതശിലകളില്‍നിന്നും ഇവ വേര്‍തിരിയുന്ന ഭാഗത്ത്‌ അപക്ഷയ(weathering)ത്തിന്റെ ലക്ഷണം വഹിക്കുന്ന ലാറ്റെറൈറ്റ്‌ പാളികള്‍ കാണപ്പെടുന്നു. ജമ്മു, ബിക്കാനീര്‍, കച്ച്‌, അസം എന്നിവിടങ്ങളിലാണ്‌ ഈ ക്രമത്തില്‍പ്പെട്ട ഇയോസീന്‍ ശിലകള്‍ കണ്ടെത്തിയിട്ടുള്ളത്‌. ലാകിക്രമത്തിലും ഫൊറാമിനിഫെറ, എക്കിനോയ്‌ഡിയ, ഗാസ്‌ട്രാപോഡ, ലാമെല്ലിബ്രാങ്കിയ തുടങ്ങിയ ജീവാശ്‌മങ്ങള്‍ ബഹുലമാണ്‌. ഇന്ത്യാഉപഭൂഖണ്ഡത്തിന്റെ വടക്കുപടിഞ്ഞാറ്‌ അതിര്‍ത്തിപ്രദേശത്തെ ലാകിക്രമം എണ്ണനിക്ഷേപങ്ങള്‍ ഉള്‍ക്കൊള്ളുന്നു. കാശ്‌മീരിലെ പീര്‍ പാഞ്ചാല്‍ നിരകളുടെ തെക്കേച്ചരിവുകളില്‍ ഇയോസീന്‍ ശിലകളാണുള്ളത്‌. അപൂര്‍വമായി കല്‍ക്കരി അട്ടികള്‍ ഉള്‍ക്കൊള്ളുന്ന ചുണ്ണാമ്പുകല്‍ പടലങ്ങളും അവയ്‌ക്കു മുകളിലായി വിവിധയിനം ഷെയ്‌ല്‍ അടരുകളുമായാണ്‌ ഈ ശിലാക്രമത്തിന്റെ സംരചന. അടിയിലത്തെ 90-150 മീ. കനത്തിലുള്ള ചുണ്ണാമ്പുകല്ലുകള്‍ക്കിടയില്‍ റാണികോട്ട്‌ കാലത്തെ സൂചിപ്പിക്കുന്ന നുമ്മുലൈറ്റുകളും ഗാസ്‌ട്രാപോഡുകളും കണ്ടെത്തിയിട്ടുണ്ട്‌. മുകളിലുള്ള ഷെയ്‌ല്‍ പടലങ്ങള്‍ക്കിടയിലായും ചുണ്ണാമ്പുകല്ലിന്റെ ജീവാശ്‌മസമ്പന്നമായ നേരിയ പാളികള്‍ അവസ്ഥിതമാണ്‌. പീര്‍ പാഞ്ചാല്‍നിരകള്‍ക്കു തെക്ക്‌ റിയാസി, ജമ്മു എന്നിവയുടെ സമീപപ്രദേശങ്ങളിലും ഇയോസീന്‍ ശിലകള്‍ അവസ്ഥിതമാണ്‌. ലാറ്ററൈറ്റ്‌ സ്ഥിതശിലകള്‍ക്കു മുകളിലായി ഷെയ്‌ലുകളും നുമ്മുലൈറ്റുകള്‍ ഉള്‍ക്കൊള്ളുന്ന ചുണ്ണാമ്പുകല്‍ പാളികളും അടുക്കപ്പെട്ട സംരചനയാണ്‌ ഇവയ്‌ക്കുള്ളത്‌. ഷെയ്‌ലുകള്‍ക്കിടയില്‍ അതിസമ്മര്‍ദംമൂലം ഗ്രാഫൈറ്റ്ര്‌ രൂപം പ്രാപിച്ച കല്‍ക്കരിപടലങ്ങള്‍ കാണാം. ഈ ശിലാക്രമം സിംല, ഗഢ്‌വാള്‍ പ്രദേശങ്ങളിലെ താഴ്‌വാരങ്ങളിലൂടെ നൈനീറ്റാലിനു സമീപംവരെ തുടര്‍ന്നുകാണുന്നു.

ലഡാഖ്‌ പ്രദേശത്തും ഇയോസീന്‍ ശിലാക്രമങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്‌. ഫെല്‍സ്‌പാത്തിക്‌ ഗ്രിറ്റ്‌, പച്ചയും നീലലോഹിതവുമായ ഷെയ്‌ലുകള്‍, ചുണ്ണാമ്പുകല്ല്‌, എന്നിവയും നുമ്മുലൈറ്റ്‌ തുടങ്ങിയ ജീവാശ്‌മങ്ങളും ഇടകലര്‍ന്നുള്ള സംരചനയാണ്‌ ഈ ശിലകള്‍ക്കുള്ളത്‌. അതിസമ്മര്‍ദത്തിനും ആഗ്നേയ-അന്തര്‍വേധനത്തിനും തന്മൂലമുള്ള മടങ്ങി ഒടിയലുകള്‍ക്കും വിധേയമായിട്ടുള്ള ഈയിനം ശിലകള്‍ കാര്‍ഗില്‍ മുതല്‍ ലേ വരെ ദൃശ്യങ്ങളാണ്‌. ഇന്ത്യയില്‍ ഇയോസീന്‍ ശിലകളുടെ വ്യതിരിക്തമായ പ്രാതിനിധ്യം അസം മേഖലയിലാണുള്ളത്‌. സംസ്ഥാനത്തിന്റെ ഉത്തരപൂര്‍വഭാഗങ്ങളില്‍ ദീസാങ്‌ക്രമം എന്നു വിശേഷിപ്പിക്കപ്പെടുന്ന പൂര്‍വ-മധ്യ ഇയോസീനിലെ ശിലാസഞ്ചയങ്ങള്‍ കാണാം. ക്രമസ്‌തരിതങ്ങളായ ചുണ്ണാമ്പു കല്ലട്ടികളും അവയ്‌ക്കിടയിലായി മണല്‍ക്കല്ലുകളുടെയും ഷെയ്‌ലുകളുടെയും പാളികളും ഉള്‍ക്കൊള്ളുന്ന സംരചനയാണ്‌ ഈ ശിലകള്‍ക്കുള്ളത്‌. നാഗാകുന്നുകളില്‍ ഷെയ്‌ലുകള്‍ക്കു കായാന്തരണം സംഭവിച്ചുണ്ടായ സ്ലേറ്റ്‌പടലങ്ങള്‍ കാണാം. ഷില്ലോങ്‌ പീഠഭൂമിയുടെ തെക്കരികിലൂടെ നോര്‍ത്ത്‌ കച്ചാര്‍, മികിര്‍കുന്നുകള്‍ എന്നിവിടങ്ങളിലേക്കു നീളുന്ന ഇയോസീന്‍ ശിലാസഞ്ചയങ്ങളെ ജയന്തിയാക്രമം എന്നുവിളിക്കുന്നു. ലാകിക്രമത്തോടു സാദൃശ്യംപുലര്‍ത്തുന്ന ഇവയുടെ കനം കിഴക്കോട്ടു നീങ്ങുന്തോറും ക്രമേണ കുറഞ്ഞുവരുന്നു. ചിറാപുഞ്ചിക്കു സമീപം കല്‍ക്കരിനിക്ഷേപങ്ങള്‍ അവസ്ഥിതമായിരിക്കുന്നു. ലൂംഡിങ്‌ പ്രദേശത്ത്‌ ഗന്ധകാംശമുള്ള ചൂടുറവകളുമുണ്ട്‌. ഗാരോ കുന്നുകളിലും ഇയോസീന്‍ ശിലകള്‍ കണ്ടെത്തിയിട്ടുണ്ട്‌. ഈ ശിലാസഞ്ചയത്തിനടിയിലുള്ള കല്‍ക്കരിനിക്ഷേപങ്ങളുടെ അളവ്‌ 100 കോടി ടണ്ണായി അനുമാനിക്കപ്പെട്ടിരിക്കുന്നു. തൂറാനിരകള്‍ക്കു തെക്കായി അപനതിക (anticlinal) ആകൃതിയിലാണ്‌ ഇവ അവസ്ഥിതമായിട്ടുള്ളത്‌. ആവര്‍ത്തിച്ചുള്ള ഭൂരൂപപ്രക്രമങ്ങളുടെ ഫലമായി വിരൂപണവിധേയമായ അവസ്ഥയാണ്‌ ഈ ശിലാസഞ്ചയങ്ങള്‍ക്കുള്ളത്‌.

ഉത്തര അസമില്‍ ദീസാങ്‌ക്രമത്തിനു മുകളിലായി രൂപം പ്രാപിച്ചിട്ടുള്ള ഇയോസീന്‍ ശിലകളാണ്‌ ബാരെയ്‌ല്‍ക്രമം. ബ്രഹ്മപുത്രാവ്യൂഹത്തിനും സുര്‍മാവ്യൂഹത്തിനും ഇടയ്‌ക്കു ജലവിഭാജകമായി വര്‍ത്തിക്കുന്ന ബാരെയ്‌ല്‍കുന്നുകളിലെ ശിലാസംരചനയെ ആസ്‌പദമാക്കിയാണ്‌ ബാരെയ്‌ല്‍ക്രമം എന്ന പേരു സിദ്ധിച്ചിട്ടുള്ളത്‌. ബാരെയ്‌ല്‍ക്രമം ടീകക്‌പര്‍ബത്‌, ബാരഗോളായ, നവ്‌ഗാംവ്‌ എന്നിങ്ങനെ മൂന്നുഘട്ടങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു. ഇവയില്‍ ടീകക്‌പര്‍ബത്‌ ഘട്ടം മണല്‍ക്കല്ലുകള്‍, ഷെയ്‌ലുകള്‍ എന്നിവയും മിശ്രശിലകളും ഉള്‍ക്കൊള്ളുന്നു. ഈ ഘട്ടത്തില്‍ ഉദ്‌ഭൂതമായിട്ടുള്ള പല കല്‍ക്കരിനിക്ഷേപങ്ങളും ഖനനവിധേയമായിത്തീര്‍ന്നിട്ടുണ്ട്‌; നസീറ, മാക്കും, നാമ്‌ദങ്‌ ലീദോ, ടീകക്‌ എന്നിവിടങ്ങളിലാണ്‌ പ്രധാന ഖനികള്‍. മണല്‍ക്കല്ലുകളും ജൈവാംശബാഹുല്യമുള്ള ഷെയ്‌ലുകളുമാണ്‌ ബാരഗോളായ്‌ ശിലകളിലെ പ്രധാന ഘടകങ്ങള്‍. നവ്‌ഗാംവ്‌ ഘട്ടത്തിലെ ശിലാസഞ്ചയങ്ങളിലെ പ്രധാന ഘടകം കടുപ്പംകൂടിയ മണല്‍ക്കല്ലുകളാണ്‌. ഹാഫ്‌ലോങ്‌-ദീസാങ്‌ ഭൂഭ്രംശത്തിനു വടക്ക്‌പടിഞ്ഞാറ്‌ ആയി ഒരു വലിയ മേഖല മുഴുവന്‍ വ്യാപിച്ചിട്ടുണ്ടെങ്കിലും ബാരെയ്‌ല്‍ ശിലകള്‍ ശരിയായ വികാസം പ്രാപിച്ചിട്ടുള്ളത്‌ ലൂഡിങ്ങിന്റെ വടക്കുപടിഞ്ഞാറു ഭാഗത്തും ഉത്തര കച്ചാറിലുമാണ്‌. ബാരെയ്‌ല്‍ ശിലാക്രമത്തിനിടയില്‍ എണ്ണനിക്ഷേപങ്ങളും കണ്ടെത്തിയിട്ടുണ്ട്‌. ജീവാശ്‌മങ്ങള്‍ താരതമ്യേന കുറവാണ്‌; എന്നാല്‍ ഉപരിപടലങ്ങള്‍ക്കിടയില്‍ സസ്യാവശിഷ്‌ടങ്ങള്‍ ധാരാളമുണ്ട്‌. ബാരെയ്‌ല്‍ക്രമത്തിനും മുകളിലുള്ള ശിലാഘടന പൊതുവേ വിഷമവിന്യസ്‌തമായി കാണപ്പെടുന്നു. രാജ്‌പുത്താണയുടെ തെക്ക്‌ പടിഞ്ഞാറ്‌, ബിക്കാനീര്‍-ജയ്‌സാല്‍മര്‍ പ്രദേശത്തെ താഴ്‌വാരങ്ങള്‍ ഇയോസീന്‍ കാലത്ത്‌ സമുദ്രാന്തരിതമായിരുന്നു. ഇവിടത്തെ ശിലാഘടന ലാകിക്രമത്തോട്‌ സാദൃശ്യം പുലര്‍ത്തുന്നതാണ്‌. ശുഭ്രവര്‍ണമുള്ളതും നുമ്മുലൈറ്റ്‌ ഫോസിലുകളുടെ ബാഹുല്യമുള്ളതുമായ ചുണ്ണാമ്പു കല്ലട്ടികളാണ്‌ ഈ ശിലാസഞ്ചയം ഉള്‍ക്കൊള്ളുന്നത്‌.

ലാകിക്രമത്തിനു സമകാലികമോ, അതിലും പ്രായംകുറഞ്ഞതോ ആയ സമുദ്രാന്തരിതനിക്ഷേപങ്ങള്‍ കച്ചിലും കണ്ടെത്തിയിട്ടുണ്ട്‌. ഇവയുടെ പൂര്‍വാര്‍ധം ജിപ്‌സം, പൈറൈറ്റ്‌, ജൈവാവശിഷ്‌ടങ്ങള്‍ എന്നിവയുടെ അംശം ധാരാളമായുള്ള ഷെയ്‌ലുകളാണ്‌. ഇവയ്‌ക്കിടയില്‍ നുമ്മുലൈറ്റ്‌, എക്കിനോഡേം തുടങ്ങിയ ഫോസിലുകള്‍ സുലഭമായി കാണപ്പെടുന്നു. ഗുജറാത്തില്‍ സൂററ്റിനും ഭരോചിനും ഇടയ്‌ക്ക്‌ രണ്ടിടങ്ങളില്‍ ഇയോസീന്‍ ശിലകള്‍ ഉപരിസ്ഥിതമായിരിക്കുന്നു. ദക്ഷിണേന്ത്യയില്‍ രാജമുന്ദ്രി, പുതുച്ചേരി തുടങ്ങി പലയിടങ്ങളിലും ഇയോസീന്‍ ശിലകള്‍ കാണപ്പെട്ടിട്ടുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍