This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആഹാര്യം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആഹാര്യം

ആഹാര്യം

ഭാവപ്രകാശത്തിനു സഹായകമാകുമാറ്‌ വേഷഭൂഷാദികള്‍ കൊണ്ട്‌ കഥാപാത്രങ്ങളുടെ അവസ്ഥയെ അനുകരിക്കുന്ന അഭിനയസമ്പ്രദായം.

"ഭവേദ്‌ അഭിനയോവസ്ഥാ-
	നുകാരഃ സചതുര്‍വിധഃ
	ആംഗികോ വാചികശ്ചൈവം
	ആഹാര്യഃ സാത്വികസ്‌തഥാ-'

 

എന്ന്‌ സാഹിത്യദര്‍പ്പണകാരന്‍ നാട്യശാസ്‌ത്രകര്‍ത്താവായ ഭരതമുനിയുടെ അഭിപ്രായത്തെ സംഗ്രഹിച്ചു പ്രസ്‌താവിക്കുന്നതില്‍നിന്ന്‌ ആംഗികം, വാചികം, ആഹാര്യം, സാത്വികം എന്നിങ്ങനെ അഭിനയം നാലുവിധം ഉണ്ടെന്നും ആഹാര്യം അതിലൊന്നാണെന്നും സിദ്ധിക്കുന്നു. ഇതില്‍ ആംഗികം, വാചികം, സാത്വികം എന്നിവ കായം, വാക്ക്‌, മനസ്സ്‌ എന്നീ ത്രിവിധകരണങ്ങള്‍കൊണ്ടുള്ള അഭിനയമാണ്‌. ഇവകൊണ്ടുമാത്രം അഭിനിയത്തിന്‌ പൂര്‍ണത കൈവരുന്നില്ല. കഥാപാത്രങ്ങളോടുള്ള തന്മയീഭാവം പൂര്‍ണമാകുന്നതിന്‌ അവരുടെ രൂപവയോവേഷങ്ങളോടും അഭിനയം പൊരുത്തപ്പെട്ടിരിക്കണം. അതിനുവേണ്ടി വേഷഭൂഷാദികളിഞ്ഞ്‌ കൃത്രിമമായി നിര്‍വഹിക്കപ്പെടുന്ന ആകാരനുകരണമാണ്‌ ആഹാര്യം.

ആംഗികവാചികസാത്വികാഭിനയങ്ങളില്‍ സ്വാഭാവികത മുഖ്യാംശമായതുകൊണ്ട്‌ കാലപരിണാമങ്ങള്‍ ഇവയ്‌ക്ക്‌ കാര്യമായ മാറ്റങ്ങള്‍ ഉണ്ടാക്കിയിട്ടില്ല. ശൃംഗാരവീരരസങ്ങള്‍ ഭരതമുനിയുടെ കാലത്ത്‌ എപ്രകാരം അഭിനയിച്ചിരുന്നുവോ അപ്രകാരം തന്നെയാണ്‌ ഇന്നും അഭിനയിക്കുക. എന്തെങ്കിലും മാറ്റം വന്നുപോയിട്ടുണ്ടെങ്കില്‍ അതിനുകാരണം കഥാപാത്രങ്ങളുടെ പ്രകൃതിയിലും അഭിനേതാക്കളുടെ ആകൃതിയിലുമുള്ള വ്യത്യാസമായിരിക്കും. എന്നാല്‍ ആഹാര്യത്തെസംബന്ധിച്ചിടത്തോളം കാലാനുസാരിയായ മാറ്റങ്ങള്‍ അനുപേക്ഷണീയങ്ങളായിരിക്കും. കലാരൂപങ്ങള്‍ പരിഷ്‌കരിക്കപ്പെടുമ്പോഴാണ്‌ ഈ വ്യതിയാനങ്ങള്‍ കൂടുതല്‍ പ്രകടമാകുന്നത്‌.

ആഹാര്യാഭിനയം യഥാര്‍ഥത്തില്‍ നടനണിയുന്ന വേഷഭൂഷാദികളില്‍മാത്രം ഒതുങ്ങി നില്‌ക്കുന്നില്ല; രംഗസജ്ജീകരണങ്ങള്‍ വരെ അതിന്റെ വ്യാപ്‌തിയില്‍പ്പെടുന്നു. കലാരൂപത്തിന്റെ സ്വഭാവമനുസരിച്ച്‌ നടീനടന്മാര്‍ അണിയേണ്ട വേഷഭൂഷകളെക്കുറിച്ചും രംഗത്തൊരുക്കേണ്ട സജ്ജീകരണങ്ങളെക്കുറിച്ചും ആചാര്യന്മാര്‍ അനുശാസിച്ചിട്ടുണ്ട്‌. സംസ്‌കൃതനാടകത്തില്‍ രാജാവ്‌, രാജ്ഞി, മന്ത്രി, ദാസീദാസന്മാര്‍ തുടങ്ങിയ കഥാപാത്രങ്ങളും, കഥകളിയില്‍ പച്ച, കത്തി, കരി, മിനുക്ക്‌ തുടങ്ങിയ വേഷങ്ങളും അണിയേണ്ട വേഷഭൂഷാദികളെക്കുറിച്ച്‌ നല്‌കിയിട്ടുള്ള നിര്‍ദേശങ്ങള്‍ ഇതിനുദാഹരണങ്ങളാണ്‌. വിജ്ഞാനത്തിന്റെ പുരോഗതിയും കലാരംഗത്തിലെ പുതിയ സങ്കല്‌പങ്ങളും സങ്കേതങ്ങളും ആഹാര്യാഭിനയത്തെ കാലോചിതമായ പരിഷ്‌കാരങ്ങള്‍ക്ക്‌ വിധേയമാക്കിക്കൊണ്ടിരിക്കുന്നു. എങ്കിലും അടിസ്ഥാനപരമായി നാട്യശാസ്‌ത്രവിധിപ്രകാരം ആഹാര്യാഭിനയത്തെ വിശകലനം ചെയ്യുമ്പോള്‍ അതിന്‌ പുസ്‌തം, അലങ്കാരം, അംഗരചന, സജ്ജീവം എന്നിങ്ങനെ നാല്‌ വിഭാഗങ്ങള്‍ ഉള്ളതായി കാണാം. പ്രതിരൂപങ്ങളെ പുസ്‌തം എന്നു പറയുന്നു. ഇത്‌ സന്ധിമം, വ്യാജിമം, വേഷ്‌ടിമം എന്ന്‌ മൂന്ന്‌ തരത്തിലുണ്ട്‌. വൈക്കോല്‍, തുണി, തോല്‌ എന്നിവകൊണ്ടുണ്ടാക്കുന്ന സാധനങ്ങളെ സന്ധിമമെന്നും, യന്ത്രനിര്‍മിതങ്ങളെ വ്യാജിമമെന്നും വസ്‌ത്രാദിവേഷ്‌ടിതങ്ങളെ വേഷ്‌ടിമമെന്നും പറയുന്നു. ആവേധ്യം, ബന്ധനീയം, പ്രക്ഷേപ്യം, ആരോപ്യം എന്നിങ്ങനെ അലങ്കാരം നാലുവിധം. തുളച്ചിടുന്ന കടുക്കന്‍, മൂക്കുകുത്തി തുടങ്ങിയവ വേധ്യത്തിലും അരഞ്ഞാണ്‍ ബന്ധനീയത്തിലും പെടുന്നു. നൂപുരം, കടകം മുതലായവയാണ്‌ പ്രക്ഷേപ്യത്തില്‍ ഉള്‍പ്പെടുന്നത്‌; ഹാരാദികള്‍ ആരോപ്യത്തിലും. ചുട്ടികുത്ത്‌ തുടങ്ങിയവ അംഗരചനയില്‍ ഉള്‍പ്പെടുന്നു. സജ്ജീവമെന്നത്‌ ജീവനോടുകൂടി രംഗത്തുകൊണ്ടുവരുന്ന പശു തുടങ്ങിയവയാണ്‌. കഥാപാത്രങ്ങളുടെ സ്വഭാവം പ്രകടമാകത്തക്കവിധം ചില പ്രത്യേക നിറങ്ങള്‍ പിടിപ്പിക്കുകയും ആഭരണങ്ങള്‍ അണിയിക്കുകയും ചെയ്യുന്ന പ്രക്രിയയും ആഹാര്യത്തില്‍പ്പെടുന്നു. മുഖത്ത്‌ ചായം പിടിപ്പിക്കുന്നതിന്‌ സാധാരണ വെളുപ്പ്‌, കറുപ്പ്‌, ചെമപ്പ്‌, മഞ്ഞ, പച്ച, നീലം എന്നീ നിറങ്ങളാണ്‌ ഉപയോഗിച്ചുവരുന്നത്‌. അതുപോലെ തലയില്‍ ധരിക്കുന്ന കിരീടം, കുണ്ഡലം, കഴുത്തിലും മാറിലും അണിയേണ്ടുന്ന ഹാരങ്ങള്‍, കൈവളകള്‍, തോള്‍ക്കെട്ട്‌, അരമാല, കാല്‍ച്ചിലമ്പ്‌, ഉത്തരീയം, ഉടയാട എന്നിവയും ഈ ഇനത്തില്‍പ്പെടുന്നു.

ഭാരതത്തില്‍ കാണപ്പെടുന്ന വിവിധ ശാസ്‌ത്രീയ നൃത്ത-നൃത്യ-നാട്യങ്ങള്‍ക്കും, ഗ്രാമീണ നൃത്തങ്ങള്‍ക്കും വ്യത്യസ്‌ത ആകൃതിയിലുള്ള ആടയാഭരണാദികളാണ്‌ ഉപയോഗിച്ചുവരുന്നത്‌. ഓരോ ദേശത്തെയും ചിത്രമെഴുത്ത്‌, കൊത്തുപണി, വസ്‌ത്രധാരണം, ജനാഭിരുചി, ഭാഷ, സംസ്‌കാരം, ജീവിതരീതി, മതാചാരം, ഭൂപ്രകൃതി, ഗീത വാദ്യമേള സമ്പ്രദായം എന്നിവയെ ആസ്‌പദമാക്കി അതാതിടങ്ങളില്‍ ദൃശ്യ-ശ്രാവ്യകലകള്‍ രൂപംകൊള്ളുന്നതിനാല്‍ വേഷസംവിധാനാദികളിലും വ്യത്യാസങ്ങള്‍ വന്നുകൂടുന്നു.

ഇന്ത്യയിലിന്നുള്ള ശാസ്‌ത്രീയനടനകലകളെ സംബന്ധിച്ചു ചിന്തിക്കുമ്പോള്‍ കേരളത്തിലെ കഥകളിയിലെപ്പോലെ ആടയാഭരണാദികള്‍ അണിയുന്ന മറ്റൊരു കലാരൂപം ഇല്ലെന്നു സ്‌പഷ്‌ടമാകുന്നതാണ്‌. കഥാപാത്രത്തിന്റെ സ്വഭാവവും സന്ദര്‍ഭവും അനുസരിച്ചുള്ള ആകൃതിവിശേഷം, ഹാരകേയൂരാദി ആടയാഭരണങ്ങളിലൂടെയും ഇതരവേഷങ്ങളിലൂടെയും പ്രകടമാക്കിയാല്‍ മാത്രമേ ആഹാര്യാഭിനയം മറ്റ്‌ മൂന്ന്‌ വിധ അഭിനയങ്ങളോടുചേര്‍ന്ന്‌ പൂര്‍ണശോഭ കൈവരിക്കുകയുള്ളൂ. ചതുര്‍വിധ അഭിനയങ്ങള്‍ വേണ്ടവിധം ഒത്തുചേര്‍ന്നാല്‍ ഉദ്ദേശിക്കുന്ന കഥാപാത്രത്തെ യഥാവിധി ആവിഷ്‌കരിക്കുന്നതിന്‌ അനായാസം അഭിനേതാവിന്‌ സാധിക്കുമെന്നു മാത്രമല്ല കാണികള്‍ക്ക്‌ അത്‌ കൂടുതല്‍ ആസ്വാദ്യകരമായി അനുഭവപ്പെടുകയും ചെയ്യും. (ഗുരുഗോപിനാഥ്‌; സ.പ.)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%86%E0%B4%B9%E0%B4%BE%E0%B4%B0%E0%B5%8D%E0%B4%AF%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍