This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആഹാരക്രമം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആഹാരക്രമം

Dietetics

മനുഷ്യന്റെ പ്രായഭേദം, ലിംഗഭേദം, ശരീരസ്ഥിതി തുടങ്ങിയ ഘടകങ്ങള്‍ക്ക്‌ അനുയോജ്യമാംവിധം പോഷകപ്രധാനമായ അവശ്യഘടകങ്ങള്‍ ഉള്‍ക്കൊള്ളിച്ച ആഹാരം ജീവസന്ധാരണത്തിനും ആയുര്‍ദൈര്‍ഘ്യത്തിനും വേണ്ടി നിര്‍ദിഷ്‌ട തോതില്‍ നല്‌കുന്നതിനുള്ള വ്യവസ്ഥ. ഈ വ്യവസ്ഥയെക്കുറിച്ച്‌ ആധികാരികമായി പറയുന്നതിന്‌ മനുഷ്യശരീരത്തിലെ ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം, ഭക്ഷ്യവസ്‌തുക്കളുടെ പോഷകമൂല്യം, പാചകരീതി എന്നിങ്ങനെ പല വസ്‌തുതകളുടെയും പരിജ്ഞാനം അത്യന്താപേക്ഷിതമാണ്‌. മിക്ക രാജ്യങ്ങളിലും ചികിത്സയുടെ ഭാഗമായിട്ടാണ്‌ ആഹാരക്രമം നിശ്ചയിച്ചുവന്നത്‌. എന്നാല്‍ പോഷകാഹാരത്തിന്‌ മനുഷ്യജീവിതത്തിലുള്ള പ്രാധാന്യം മനസ്സിലായതോടെ ആഹാരക്രമീകരണത്തിന്റെ മേഖല വികസിച്ചു. പ്രായം, ലിംഗഭേദം, പ്രവൃത്തി, ജീവിതകാലഘട്ടങ്ങള്‍ (ശൈശവം, യൗവനം, ഗര്‍ഭകാലം, മൂലയൂട്ടുന്നകാലം മുതലായവ), കാലാവസ്ഥ, ഭക്ഷണാചാരങ്ങള്‍, കുടുംബവരുമാനം തുടങ്ങിയ പല ഘടകങ്ങള്‍ ആഹാരക്രമീകരണത്തെ ബാധിക്കുന്നവയായുണ്ട്‌.

ശരീരകോശങ്ങളുടെ നിര്‍മിതിക്കും തേയ്‌മാനനിവാരണത്തിനും ഊര്‍ജസമ്പാദനത്തിനും മറ്റു വിവിധ പ്രവര്‍ത്തനങ്ങള്‍ക്കും ആവശ്യമായ ആഹാരത്തിന്റെ മുഖ്യഘടകങ്ങളാണ്‌ കാര്‍ബോഹൈഡ്രറ്റ്‌, പ്രാട്ടീന്‍, കൊഴുപ്പ്‌, വിറ്റാമിനുകള്‍, ധാതുലവണങ്ങള്‍, ജലം എന്നിവ.

കാര്‍ബോഹ്രഡേറ്റുകള്‍. ശരീരത്തിനുവേണ്ട ഊര്‍ജം പ്രദാനം ചെയ്യുക എന്നതാണ്‌ കാര്‍ബോഹൈഡ്രറ്റുകളുടെ മുഖ്യകര്‍ത്തവ്യം. കലോറി എന്ന ഏകകം ഉപയോഗിച്ചാണ്‌ ഊര്‍ജത്തിന്റെ അളവ്‌ തിട്ടപ്പെടുത്തുന്നത്‌. 1 ഗ്രാം വെള്ളത്തിന്റെ താപനില 1ബ്ബഇ ഉയര്‍ത്താന്‍വേണ്ടിവരുന്ന ഊര്‍ജത്തിന്റെ അളവിനെയാണ്‌ 1 കലോറി എന്നു പറയുക. കാര്‍ബോഹൈഡ്രറ്റും പ്രാട്ടീനും ഗ്രാമൊന്നിന്‌ 4 കലോറിവീതവും, കൊഴുപ്പ്‌ ഗ്രാമൊന്നിന്‌ 9 കലോറിവീതവും ഊര്‍ജം നല്‍കുന്നു. ഒരു വ്യക്തിക്ക്‌ ആവശ്യമുള്ള കലോറിയുടെ അളവിനെ അടിസ്ഥാനമാക്കിയാണ്‌ അയാളുടെ ദൈനംദിന ആഹാരത്തിലെ കാര്‍ബോഹ്രഡേറ്റിന്റെ അളവ്‌ തിട്ടപ്പെടുത്തുന്നത്‌. മരം മുറിക്കുക, പാറപൊട്ടിക്കുക, കൃഷിപ്പണി ചെയ്യുക തുടങ്ങി കഠിനാധ്വാനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക്‌ കായികാധ്വാനമില്ലാത്ത ജോലി ചോയ്യുന്നവരെക്കാള്‍ കൂടുതല്‍ കലോറി ആവശ്യമാണ്‌. അവരുടെ ആഹാരത്തില്‍ ഊര്‍ജദായകമായ കാര്‍ബോഹൈഡ്രറ്റ്‌ അധികം ഉണ്ടായിരിക്കണം. അരി, ഗോതമ്പ്‌, ബാജ്‌റ, ചോളം, കൂവരക്‌ തുടങ്ങിയ ധാന്യങ്ങളും ഉരുളക്കിഴങ്ങ്‌, മരച്ചീനി തുടങ്ങിയ കിഴങ്ങുവകകളും പഴവര്‍ഗം പൊതുവേയും പഞ്ചസാര, ശര്‍ക്കര തുടങ്ങിയ മധുരപദാര്‍ഥങ്ങളും കാര്‍ബോഹൈഡ്രറ്റ്‌ ധാരാളമായി അടങ്ങിയിട്ടുള്ളവയാണ്‌.

പ്രോട്ടീനുകള്‍. ഊര്‍ജദായകങ്ങളാണെങ്കിലും ശരീരകോശങ്ങളുടെ നിര്‍മാണമാണ്‌ പ്രോട്ടീനുകളുടെ മുഖ്യധര്‍മം. മറ്റ്‌ ഊര്‍ജദായക ഭക്ഷ്യവസ്‌തുക്കളുടെ അഭാവത്തില്‍ ശരീരത്തിനുവേണ്ട ഊര്‍ജം നല്‌കുന്നതിനായി പ്രോട്ടീന്‍ ചെലവഴിക്കപ്പെടുന്നു. ജന്തുക്കളുടെയും ചെടികളുടെയും കോശങ്ങളിലെ പ്രധാനഘടകമാണ്‌ പ്രോട്ടീന്‍. ശരീരനിര്‍മിതിക്കും തേയ്‌മാനം നികത്തുന്നതിനും മാത്രമല്ല, രക്തോത്‌പാദനത്തിനും ആന്റിബോഡികളുടെ നിര്‍മിതിക്കും പ്രോട്ടീന്‍ ആവശ്യമാണ്‌. അമിനോഅമ്ലങ്ങളുടെ ഒരു ശൃംഖലകൊണ്ടാണ്‌ പ്രോട്ടീന്‍ നിര്‍മിച്ചിരിക്കുന്നത്‌. ശരീരനിര്‍മിതിക്ക്‌ ആവശ്യമുള്ളതും എന്നാല്‍ ശരീരത്തിന്‌ സ്വയം ഉത്‌പാദിപ്പിക്കാവുന്നതും അല്ലാത്തതുമായ 28 അമിനോഅമ്ലങ്ങള്‍ ഭക്ഷ്യപ്രോട്ടീനുകളില്‍ അടങ്ങിയിട്ടുണ്ട്‌. അമിനോ അമ്ലങ്ങളുടെ എച്ചവും തരവും നോക്കിയാണ്‌ പ്രോട്ടീനുകളുടെ മേന്മ നിശ്ചയിക്കുന്നത്‌. ഒന്നാംതരം പ്രോട്ടീനുകള്‍ ഏറിയകൂറും ജന്തുജന്യങ്ങളാണ്‌; മാംസം, മത്സ്യം, പാല്‌, മുട്ട എന്നിവ ഉദാഹരണങ്ങള്‍. നിലക്കടല, സോയാബീന്‍ തുടങ്ങിയ സസ്യങ്ങളും ഒന്നാംതരം പ്രോട്ടീനുകളുടെ മികച്ച സ്രോതസ്സുകളായി കണക്കാക്കപ്പെടുന്നു. ശരീരത്തില്‍ വേഗം അവശോഷണം ചെയ്യപ്പെടുന്നത്‌ ജന്തുജന്യ പ്രോട്ടീനുകളാണ്‌. സസ്യങ്ങളിലെ മിക്ക പ്രാട്ടീനുകളും രണ്ടാംതരത്തില്‍പ്പെട്ടവയാണ്‌. കാരണം അവയില്‍ ഒന്നോ അതിലധികമോ അവശ്യ അമിനോഅമ്ലങ്ങള്‍ ഉണ്ടായിരിക്കുകയില്ല. തന്മൂലം വളര്‍ച്ചപൂര്‍ണമാകാന്‍ ഈ ഭക്ഷ്യവസ്‌തുക്കള്‍ മതിയാകയില്ല. എന്നാല്‍ മൂന്നാംതരം പ്രോട്ടീന്‍ അടങ്ങിയിട്ടുള്ള ചോളം, ജലാറ്റിന്‍ തുടങ്ങിയവ വളര്‍ച്ചയെ സഹായിക്കുന്നില്ലെന്നു മാത്രമല്ല ജീവന്‍ നിലനിര്‍ത്തുന്നതിലും പരാജയപ്പെടുന്നു. വളരുന്ന കുട്ടികള്‍ക്കാണ്‌ പ്രായമായവരെ അപേക്ഷിച്ച്‌ പ്രോട്ടീന്‍ കൂടുതല്‍ ആവശ്യം. ശിശുക്കള്‍ക്ക്‌ അവരുടെ ശരീരഭാരമനുസരിച്ച്‌ ഓരോ കിലോഗ്രാമിനും മൂന്ന്‌ ഗ്രാം പ്രോട്ടീന്‍വീതം നിത്യേന ആവശ്യമാണ്‌. ഗര്‍ഭകാലത്തും മൂലയൂട്ടുമ്പോഴും രോഗശമനത്തെത്തുടര്‍ന്ന്‌ ആരോഗ്യം വീണ്ടെടുക്കുന്ന സമയത്തും കൂടുതല്‍ പ്രോട്ടീന്‍ വേണ്ടിവരുന്നു. സസ്യജന്യപ്രാട്ടീന്റെ ഒപ്പം ചെറിയ ഒരംശം ജന്തുജന്യപ്രോട്ടീന്‍ ചേര്‍ത്ത്‌ പ്രാട്ടീന്റെ മേന്മ വര്‍ധിപ്പിക്കുവാന്‍ കഴിയും. സസ്യാഹാരത്തില്‍പാല്‌, തൈര്‌ എന്നിവ ചേര്‍ത്തു കഴിക്കേണ്ടത്‌ ആവശ്യമാണെന്നുപറയുന്നത്‌ ഇതുകൊണ്ടാണ്‌. പ്രോട്ടീന്റെ അപര്യാപ്‌തതമൂലം വളര്‍ച്ച മുരടിക്കുകയും രോഗപ്രതിരോധശക്തി നശിക്കുകയും രക്തത്തിന്റെ അളവു കുറയുകയും ചെയ്യുന്നു. കുട്ടികളില്‍ പ്രോട്ടീന്റെ അപര്യാപ്‌തത കൊണ്ടുണ്ടാകുന്ന ഒരു മാരകരോഗമാണ്‌ ക്വാഷിയോര്‍ക്കര്‍ (Kwashiorker).

കൊഴുപ്പുകള്‍. ഊര്‍ജം ഏറ്റവും സാന്ദ്രീകരിക്കപ്പെട്ട അവസ്ഥയില്‍ ഉള്ളത്‌ കൊഴുപ്പിലാണ്‌. പാല്‌, വെച്ച, നെയ്യ്‌, എച്ചകള്‍, എച്ചക്കുരുക്കള്‍, അണ്ടിവര്‍ഗങ്ങള്‍, മാംസം എന്നിവയിലെല്ലാം കൊഴുപ്പ്‌ അടങ്ങിയിട്ടുണ്ട്‌. ശരീരത്തിന്റെ താത്‌കാലികോപയോഗം കഴിഞ്ഞ്‌ അധികംവരുന്ന പ്രാട്ടീനും കാര്‍ബോഹൈഡ്രറ്റും കൊഴുപ്പായി ചര്‍മത്തിന്റെ അടിയില്‍ ശേഖരിക്കപ്പെടുന്നു. ഭക്ഷ്യവസ്‌തുവിലെ എ, ഡി, ഇ, കെ എന്നീ ജീവകങ്ങളെ ലയിപ്പിച്ചെടുക്കുന്നതിന്‌ കൊഴുപ്പ്‌ ആവശ്യമാണ്‌. കൊഴുപ്പിന്റെ പചനത്തിനും അവശോഷണത്തിനും കൂടുതല്‍ സമയം വേണം. കൊഴു പ്പുകള്‍ ശരീരത്തിന്റെ ശീതോഷ്‌ണസ്ഥിതിയെ സംരക്ഷിക്കുന്നു. പ്രായപൂര്‍ത്തിയായ ഒരു വ്യക്തിയുടെ ദൈനംദിന ഭക്ഷണത്തില്‍ രണ്ട്‌ ഔണ്‍സ്‌ കൊഴുപ്പ്‌ അടങ്ങിയിരിക്കണം. ശിശുക്കള്‍ക്കുവേണ്ട കലോറിയുടെ 30-40 ശ.മാ. വും കുട്ടികള്‍ക്ക്‌ വേണ്ട കലോറിയുടെ 20-30 ശ.മാ.-വും മുതിര്‍ന്നവര്‍ക്കുവേണ്ട കലോറിയുടെ 12-25 ശ.മാ.-വും കൊഴുപ്പില്‍നിന്നും ലഭിക്കണമെന്ന്‌ നിര്‍ദേശിക്കപ്പെട്ടിട്ടുണ്ട്‌.

ജീവകങ്ങള്‍. ആഹരിക്കപ്പെട്ട വസ്‌തുക്കളുടെ ഉപാപചയത്തിന്‌ അവശ്യം സഹായകമായതും പ്രാകൃതിക ഭക്ഷ്യവസ്‌തുക്കളില്‍ വേണ്ടിടത്തോളം അടങ്ങിയിട്ടുള്ളതുമായ ഓര്‍ഗാനിക്‌ യൗഗികങ്ങളാണ്‌ ജീവകങ്ങള്‍. പൂര്‍ണമോ ഭാഗികമോ ആയ ജീവകങ്ങളുടെ കുറവ്‌ പലതരം അപര്യാപ്‌തതാരോഗങ്ങള്‍ക്ക്‌ കാരണമാകുന്നു. സ്‌കര്‍വി, ഓസ്റ്റിയോമലേഷ്യ, മാലക്കച്ച്‌, ബെറിബെറി, പെല്ലഗ്ര തുടങ്ങിയവ ജീവകങ്ങളുടെ കുറവുകൊണ്ടുണ്ടാകുന്ന ചില രോഗങ്ങളാണ്‌. ജീവകം എ, ഡി, സി, ബി 12, ബി 6, തയാമിന്‍, റൈബോഫ്‌ളാവിന്‍, നിയാസിന്‍, ഫോളിക്‌ അമ്ലം, പാന്റോതെനിക്‌ അമ്ലം എന്നിവ ജീവകങ്ങള്‍ക്ക്‌ ഉദാഹരണങ്ങളാണ്‌. പ്രകൃതിയില്‍നിന്നു ലഭിക്കുന്ന ഭക്ഷ്യവസ്‌തുക്കളിലെല്ലാംതന്നെ ജീവകങ്ങള്‍ വേണ്ടുവോളം അടങ്ങിയിരിക്കുന്നു. മഞ്ഞനിറമുള്ള സസ്യങ്ങളിലും ഫലങ്ങളിലും ജീവകം "എ'യുടെ സ്രാതസ്സായ കരോട്ടിന്‍ എന്ന വര്‍ണവസ്‌തു അടങ്ങിയിട്ടുണ്ട്‌. അതുപോലെ പലതരം നാരങ്ങകള്‍ ജീവകം "സി'യുടെ ഏറ്റവും നല്ല സ്രാതസ്സുകളാണ്‌. ധാരാളം ഇലക്കറികളും പഴങ്ങളും മുളപ്പിച്ച പയറുവര്‍ഗങ്ങളും പാലും ചെറിയ മത്സ്യങ്ങളും കൈക്കുത്തരിയും മറ്റും നിത്യാഹാരത്തില്‍ ഉള്‍പ്പെടുത്തിയാല്‍ ജീവകങ്ങളുടെ അഭാവം കൊണ്ടുണ്ടാകുന്ന രോഗങ്ങളെ ഒഴിവാക്കാം. ഭക്ഷണം പാകം ചെയ്യുന്നതിലുള്ള അശാസ്‌ത്രീയത ജീവകങ്ങളുടെ നഷ്‌ടത്തിന്‌ കാരണമാകാറുണ്ട്‌. അധികനേരം പാകംചെയ്യുക, ഭക്ഷ്യവസ്‌തുക്കള്‍ ചെറുതായി നുറുക്കുക, നുറുക്കിയശേഷം കഴുകുക, പാകംചെയ്യാനുപയോഗിച്ച വെള്ളം ഊറ്റിക്കളയുക, തുറന്നിട്ടു പാകംചെയ്യുക തുടങ്ങിയ രീതികള്‍ പോഷകവസ്‌തുക്കളുടെ നഷ്‌ടത്തിനു കാരണമാകുന്നു.

ധാതുലവണങ്ങള്‍. ശരീരധര്‍മനിര്‍വഹണത്തിന്‌ അത്യാവശ്യമായ പോഷകമൂല്യങ്ങളാണ്‌ ധാതുലവണങ്ങള്‍. ഏതാണ്ട്‌ മുപ്പതോളം ധാതുക്കള്‍ ശരീരത്തിലുണ്ടെങ്കിലും കാല്‍സിയം, ഇരുമ്പ്‌, ചെമ്പ്‌, അയഡിന്‍, സിങ്ക്‌, ഫോസ്‌ഫറസ്‌, സോഡിയം, മഗ്നീഷ്യം, കോബാള്‍ട്ട്‌, പൊട്ടാസിയം, ഫ്‌ളൂറിന്‍ എന്നിവയാണ്‌ പ്രധാനപ്പെട്ടവ. എല്ല്‌, പല്ല്‌ മുതലായവയുടെ നിര്‍മാണത്തിന്‌ കാല്‍സിയം, ഫോസ്‌ഫറസ്‌, മഗ്നീഷ്യം, ഫ്‌ളൂറിന്‍ എന്നിവ പ്രയോജനപ്പെടുന്നു. ഹൃദയപേശികളുടെ സങ്കോചവികാസങ്ങള്‍ക്ക്‌ കാല്‍സിയവും പൊട്ടാസിയവും ആവശ്യമാണ്‌. രക്തസ്രാവം നില്‌ക്കുന്നതിന്‌ കാല്‍സിയം വേണം. കാല്‍സിയത്തിന്റെ അപര്യാപ്‌തതകൊണ്ട്‌ ചെറിയകുട്ടികളില്‍ കണ (ൃശരസല) െഎന്ന രോഗവും മുതിര്‍ന്നവരില്‍ ഓസ്റ്റിയോമലേഷ്യയും ഉണ്ടാകുന്നു. ഗര്‍ഭാവസ്ഥയിലും പാലൂട്ടുന്ന കാലത്തും കാല്‍സിയത്തിന്റെ അളവ്‌ കൂടുതലായിരിക്കണം. കൂവരക്‌, ചീര, മുരിങ്ങയില, എള്ള്‌, മീനിന്റെ മുള്ള്‌, ജന്തുക്കളുടെ എല്ല്‌ എന്നീ ഭക്ഷ്യവസ്‌തുക്കളില്‍ ധാരാളം കാല്‍സിയം അടങ്ങിയിട്ടുണ്ട്‌. പാല്‌, മുട്ട, മാംസം, മത്സ്യം, ഇലക്കറികള്‍, ധാന്യങ്ങള്‍, പയറുവര്‍ഗങ്ങള്‍ തുടങ്ങിയവ ഫോസ്‌ഫറസിന്റെ സ്രാതസുകളാണ്‌. രക്താണുക്കളുടെ ഉത്‌പാദനത്തിന്‌ ആവശ്യമായ ഘടകങ്ങളാണ്‌ ഇരുമ്പ്‌, ചെമ്പ്‌, കോബാള്‍ട്ട്‌ എന്നിവ. ശരീരത്തില്‍ ആകെ അടങ്ങിയിട്ടുള്ള ഇരുമ്പിന്റെ 75 ശ.മാ.-വും രക്തത്തിലെ ശോണാണുക്കളിലാണുള്ളത്‌. കോശങ്ങളിലെ ഓക്‌സീകരണപ്രവര്‍ത്തനത്തെ ഇരുമ്പ്‌ സഹായിക്കുന്നു. ശിശുക്കള്‍, കുട്ടികള്‍, കൗമാരപ്രായക്കാര്‍, ഗര്‍ഭിണികള്‍, മൂലയൂട്ടുന്ന അമ്മമാര്‍, ഋതുമതികള്‍ എന്നിവര്‍ക്ക്‌ ഇരുമ്പ്‌ കൂടുതല്‍ ആവശ്യമാണ്‌. കൂടാതെ രക്തം വാര്‍ന്നുപോകുന്നതരത്തില്‍ മുറിവേറ്റിട്ടുള്ളവര്‍ക്കും ഇരുമ്പ്‌ കൂടുതല്‍ നല്‌കണം. മുട്ടയുടെ മഞ്ഞക്കരു, കരള്‍, വൃക്ക, മുരിങ്ങയില, കരിപ്പുകട്ടി, പാവയ്‌ക്ക്‌, ഉണക്കമുന്തിരിങ്ങ, എള്ള്‌ എന്നിവയില്‍ ധാരാളം ഇരുമ്പ്‌ അടങ്ങിയിട്ടുണ്ട്‌.

ശരീരത്തിന്റെ വളര്‍ച്ചയ്‌ക്കുംഉപാപചയത്തിനും ആവശ്യമായ മറ്റൊരു മൂലകമാണ്‌ അയഡിന്‍. ഇത്‌ തൈറോയ്‌ഡ്‌ ഗ്രന്ഥിയില്‍ അടങ്ങിയിരിക്കുന്നു. അയഡിന്റെ അഭാവത്താല്‍ ബുദ്ധിമാന്ദ്യം, തൈറോയ്‌ഡ്‌ ഗ്രന്ഥിയുടെ വീക്കം (ഗോയിറ്റര്‍), ഉപാപചയത്തിനുണ്ടാകുന്ന തകരാറുകള്‍, വളര്‍ച്ചയുടെ സ്‌തംഭനം എന്നിവയുണ്ടാകുന്നു. കടല്‍ മത്സ്യം, കടല്‍പ്പായലുകള്‍, അയഡിനുള്ള മച്ചില്‍ വളരുന്ന സസ്യങ്ങള്‍, അസംസ്‌കൃത കറിയുപ്പ്‌ എന്നിവയില്‍ അയഡിന്‍ അടങ്ങിയിട്ടുണ്ട്‌.

കറിയുപ്പിന്റെ (സോഡിയം ക്ലോറൈഡ്‌) അപര്യാപ്‌തത മാംസപേശികളുടെ കോച്ചിപ്പിടുത്തത്തിനും ശരീരത്തിന്റെ ക്ഷീണത്തിനും ഇടയാക്കുന്നു. കഠിനമായ ചൂടുകൊണ്ട്‌ ശരീരം വിയര്‍ക്കുമ്പോള്‍ ജലത്തോടൊപ്പം ഉപ്പും നഷ്‌ടപ്പെടുന്നതിനാല്‍ നിത്യാഹാരത്തില്‍ കറിയുപ്പ്‌ ഉള്‍പ്പെടുത്തി നഷ്‌ടം പരിഹരിക്കാവുന്നതാണ്‌.

ജലാംശം. പോഷകഘടകങ്ങളെപ്പോലെതന്നെ മനുഷ്യന്‌ ആവശ്യമായ വസ്‌തുവാണ്‌ ജലം. ശരീരത്തിന്റെ താപനില നിയന്ത്രിക്കുന്നതില്‍ ജലത്തിന്‌ സാരമായ പങ്കുണ്ട്‌. ഭക്ഷ്യവസ്‌തുക്കളുടെ ആഗിരണം, മലിന വസ്‌തുക്കളുടെ വിസര്‍ജനം എന്നിവയെല്ലാം ജലമാധ്യമത്തിലാണ്‌ നടക്കുന്നത്‌. ഒരു വ്യക്തി 36 മുതല്‍ 48 വരെ ഔണ്‍സ്‌ വെള്ളം ഒരു ദിവസം കുടിക്കേണ്ടതാണ്‌. മേല്‌പറഞ്ഞ പോഷകഘടകങ്ങള്‍ ഒരു വ്യക്തിക്ക്‌ ആവശ്യമായ അനുപാതത്തില്‍ അടങ്ങിയിട്ടുള്ള ഭക്ഷണത്തെയാണ്‌ സമീകൃതഹാരം എന്നു പറയുന്നത്‌. വിദേശങ്ങളിലെയും ഇന്ത്യയിലെയും കണക്കുകളും മറ്റും ആധാരമാക്കി ആരോഗ്യമുള്ള ഓരോ വ്യക്തിക്കും ദൈനംദിനം വേണ്ട പോഷകമൂല്യങ്ങളുടെ അളവ്‌ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ്‌ മെഡിക്കല്‍ റിസര്‍ച്ച്‌ (ഐ.സി.എം.ആര്‍.) തിട്ടപ്പെടുത്തിയിട്ടുണ്ട്‌. സമീകൃതാഹാരത്തിനുവേണ്ട പോഷകഘടകങ്ങള്‍ നിത്യാഹാരത്തില്‍ ഉള്‍ക്കൊണ്ടിട്ടുണ്ടോ എന്ന്‌ സാധാരണക്കാര്‍ക്കുപോലും തിട്ടപ്പെടുത്തുവാന്‍ സൗകര്യമായരീതിയില്‍ ഭക്ഷ്യവസ്‌തുക്കളെ ദേശീയപോഷകാഹാര ഗവേഷണശാല 7 അടിസ്ഥാനഘടകങ്ങളായി (ബേസിക്‌ 7) വിഭജിച്ചിട്ടുണ്ട്‌. അവ താഴെകൊടുക്കുന്നു:

1. ധാന്യാംശം-300 ഗ്രാം, 2. പയറുവര്‍ഗങ്ങള്‍ 60 ഗ്രാം, 3. പച്ചക്കറികളും പഴങ്ങളും: (i) ഇലക്കറികള്‍-126 ഗ്രാം, (ii) കിഴങ്ങുവര്‍ഗങ്ങള്‍-50 ഗ്രാം, (iii) മറ്റു പച്ചക്കറികള്‍- 75 ഗ്രാം, പഴങ്ങള്‍-30 ഗ്രാം , 4. ക്ഷീരവും ക്ഷീരോത്‌പന്നങ്ങളും-200 ഗ്രാം (പകരം കൂവരക്‌ മാള്‍ട്ട്‌ 200 ഗ്രാം) 5. പഞ്ചസാര, ശര്‍ക്കര-30 ഗ്രാം, 6. എച്ച വകകള്‍-55 ഗ്രാം, 7. മാംസാഹാരം: (i) മുട്ട-1 (30 ഗ്രാം), (ii) മീന്‍, ഇറച്ചി-30 ഗ്രാം. മാംസാഹാരത്തിനുപകരം സസ്യഭുക്കുകളും താഴ്‌ന്നവരുമാനക്കാരും പയറുവര്‍ഗങ്ങള്‍ 55 ഗ്രാം വീതം കഴിക്കേണ്ടതാണ്‌.

രോഗാവസ്ഥയിലുള്ള ആഹാരക്രമം. സമീകൃതാഹാരത്തിന്റെ മൂലതത്ത്വങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുതന്നെയാണ്‌ രോഗാവസ്ഥയിലുള്ള ആഹാരവും ക്രമീകരിക്കേണ്ടത്‌. രോഗിയുടെ പോഷകനില പുനഃസ്ഥാപിക്കുകയും നിലനിര്‍ത്തുകയുമാണ്‌ രോഗകാലത്തെ ആഹാരസംവിധാനംകൊണ്ട്‌ ഉദ്ദേശിക്കപ്പെട്ടിട്ടുള്ളത്‌. രോഗത്തിന്റെ രീതിക്കനുസൃതമായി ആഹാരത്തെ ദ്രവരൂപത്തിലുള്ളവ, മൃദുവായിട്ടുള്ളവ എന്നിങ്ങനെ തിരിച്ചിട്ടുണ്ട്‌. ചിലയിനം രോഗങ്ങള്‍ ബാധിച്ചിരിക്കുമ്പോള്‍ ദീക്ഷിക്കേണ്ട ഭക്ഷണക്രമത്തില്‍ മസാലകളും ചില പോഷകങ്ങളും വര്‍ജിക്കുകയും പാചകരീതിയില്‍ വ്യത്യാസം വരുത്തുകയും ചെയ്യേണ്ടതായി വരും. ചില പ്രത്യേകരോഗങ്ങളുടെ ചികിത്സയില്‍ മരുന്നുപോലെ തന്നെ ഭക്ഷണക്രമവും പ്രാധാന്യം അര്‍ഹിക്കുന്നു. പ്രമേഹരോഗികളുടെ ആഹാരക്രമം ഇതിനുദാഹരണമാണ്‌. ഇവരുടെ ആഹാരക്രമത്തില്‍ കലോറിയുടെ അളവാണ്‌ പ്രധാനമായും കണക്കിലെടുക്കേണ്ടത്‌. രോഗിയുടെ ശരീരഭാരം, ചെയ്യുന്ന പ്രവൃത്തി എന്നിവ അടിസ്ഥാനപ്പെടുത്തിവേണം ഭക്ഷണക്രമം ആസൂത്രണം ചെയ്യുവാന്‍. 1 പൗണ്ട്‌ ഭാരത്തിന്‌ 20 കലോറിയും 0.5-0.7 ഗ്രാം പ്രാട്ടീനും ആവശ്യമുണ്ട്‌. മൊത്തത്തില്‍ ആവശ്യമുള്ള കലോറിയില്‍ പ്രാട്ടീനില്‍നിന്നും കിട്ടുന്നത്‌ ഒഴിവാക്കിയാല്‍ ബാക്കിയുള്ളതിന്റെ 50 ശ.മാ. അന്നജ(starch)ത്തില്‍നിന്നും ലഭിക്കണം; ബാക്കി കൊഴുപ്പില്‍നിന്നും. ശരീരത്തില്‍ കാര്‍ബോഹൈഡ്രറ്റില്‍നിന്ന്‌ യഥേഷം ഗ്ലൂക്കോസ്‌ ലഭിക്കുന്നതിനാല്‍ പ്രമേഹരോഗികളില്‍ കാര്‍ബോഹൈഡ്രറ്റിന്റെ അളവ്‌ നിയന്ത്രിക്കേണ്ടത്‌ ആവശ്യമാണ്‌.

പ്രമേഹത്തിന്‌ കലോറികുറഞ്ഞ ഭക്ഷണം നിശ്ചയിക്കുമ്പോള്‍ ടൈഫോയ്‌ഡ്‌ തുടങ്ങിയ കടുത്തപനി ബാധിച്ച രോഗികള്‍ക്ക്‌ കലോറി കൂടിയ ഭക്ഷണക്രമം സംവിധാനം ചെയ്യണം. ടൈഫോയ്‌ഡ്‌ ഉള്ളപ്പോള്‍ ദിവസേന മൊത്തം 4,000 മുതല്‍ 6,000 വരെ കലോറി ഊര്‍ജം വിസര്‍ജിക്കപ്പെടുന്നു. ഈ നഷ്‌ടം നികത്തുന്നതിന്‌ രോഗികള്‍ക്ക്‌ കൊഴുപ്പുകളും പഞ്ചസാരയും ധാരാളം അടങ്ങുന്ന മൃദുവായ ഭക്ഷണങ്ങളാണ്‌ നല്‌കേണ്ടത്‌. ഊര്‍ജസമൃദ്ധമായ ഭക്ഷണങ്ങള്‍ ആവശ്യമുള്ള മറ്റൊരു വിഭാഗക്കാരാണ്‌ ക്ഷയരോഗികള്‍. രോഗപ്രതിരോധശക്തി വീണ്ടെടുക്കുന്നതിനും ശരീരഭാരം കൂട്ടുന്നതിനും പറ്റിയതരത്തില്‍ ധാരാളം പ്രാട്ടീനും കാര്‍ബോഹൈഡ്രറ്റും വേണ്ടുവോളം ജീവകങ്ങളും ധാതുലവണങ്ങളും ഉള്‍ക്കൊള്ളുന്ന ആഹാരമാണ്‌ ക്ഷയരോഗികള്‍ക്ക്‌ നല്‌കേണ്ടത്‌. നന്നായി പാകപ്പെടുത്തി മൃദുവാക്കിയതും വേഗം അവശോഷണം ചെയ്യപ്പെടുന്നതുമായിരിക്കണം ഭക്ഷ്യവസ്‌തുക്കള്‍.

കരള്‍രോഗം, കുടല്‍സംബന്ധിയായ ചില രോഗങ്ങള്‍, വൃക്കരോഗങ്ങള്‍ എന്നിവ ബാധിക്കുമ്പോഴും മുറിവേറ്റിട്ടോ ശസ്‌ത്രക്രിയയ്‌ക്കു വിധേയമായോ രക്തം നഷ്‌ടപ്പെട്ടിട്ടുള്ളപ്പോഴും പ്രാട്ടീന്‍ കൂടുതല്‍ അടങ്ങിയ ആഹാരക്രമം സ്വീകരിക്കേണ്ടതാണ്‌. ശരീരത്തിന്‌ ക്ഷീണമുള്ളപ്പോള്‍ കലോറിയുടെ ആവശ്യകത കൂടുതലായതിനാല്‍ കൂടുതല്‍ അളവ്‌ പ്രാട്ടീന്‍ നല്‌കുന്നതോടൊപ്പം കാര്‍ബോഹൈഡ്രറ്റ്‌, കൊഴുപ്പ്‌ എന്നിവയും അധികമായി നല്‌കേണ്ടതാണ്‌. ഗുരുതരമായ പോഷകക്കുറവുള്ള ചില അവസ്ഥകളില്‍ ദിവസേന 150 മുതല്‍ 300 വരെ ഗ്രാം പ്രാട്ടീന്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതോടൊപ്പം കാര്‍ബോഹൈഡ്രറ്റും കൊഴുപ്പും യഥോചിതം ചേര്‍ത്ത്‌ കലോറിയുടെ അളവ്‌ 4,500 വരെ ഉയര്‍ത്തേണ്ടിവരും.

രക്തസമ്മര്‍ദം ഉള്ളവര്‍ക്കും ആര്‍ട്ടീരിയോസ്‌ക്ലെറോസിസ്‌ ബാധിച്ചവര്‍ക്കും കൊളസ്റ്റെറോള്‍ കുറവുള്ള ആഹാരമാണ്‌ നല്‌കേണ്ടത്‌. മുട്ട, മാംസം, കരള്‍, വെളിച്ചെച്ച, അണ്ടിവര്‍ഗങ്ങള്‍, പാല്‍, വെച്ച, ക്രീം, ചീസ്‌ എന്നിവയില്‍ കൊളസ്റ്റെറോള്‍ ധാരാളം അടങ്ങിയിരിക്കുന്നു. ഇവ പൂര്‍ണമായോ ഭാഗികമായോ ഒഴിവാക്കിക്കൊണ്ടുള്ള ഒരു ആഹാരക്രമമാണ്‌ മേല്‌പറഞ്ഞ രോഗികള്‍ക്ക്‌ നിര്‍ദേശിക്കേണ്ടത്‌. മൂത്രാശയസംബന്ധമായ രോഗങ്ങളും രക്തസമ്മര്‍ദത്തിന്‌ കാരണമായേക്കാമെന്നുള്ളതുകൊണ്ട്‌ ആഹാരത്തില്‍ ഉപ്പിന്റെ അളവും കുറയ്‌ക്കണം.

അമിതമായി തടിയുള്ളവര്‍ക്കും കരള്‍, പിത്താശയം എന്നീ അവയവങ്ങള്‍ക്ക്‌ രോഗം ബാധിച്ചവര്‍ക്കും കൊഴുപ്പുകുറഞ്ഞ ഭക്ഷണമാണ്‌ നല്‌കേണ്ടത്‌. എ, ഡി, എന്നീ ജീവകങ്ങളെ ലയിപ്പിക്കുന്നതിന്‌ കൊഴുപ്പ്‌ ആവശ്യമാകയാല്‍ മേല്‌പറഞ്ഞ ജീവകങ്ങളും കൊഴുപ്പ്‌ അമ്ലങ്ങളും പ്രത്യേകമായി നല്‌കണം. പാടനീക്കിയ പാലും അതിന്റെ ഉത്‌പന്നങ്ങളും മുട്ടയുടെ വെള്ളയും ഈ അവസ്ഥയില്‍ കൂടുതല്‍ നല്‌കാം. കൊഴുപ്പ്‌ കുറയ്‌ക്കുമ്പോള്‍ പ്രാട്ടീന്റെയും കാര്‍ബോഹൈഡ്രറ്റിന്റെയും അളവ്‌ കൂട്ടുകയും വേണം.

കുടല്‍സംബന്ധമായ രോഗം ബാധിച്ചവര്‍ക്ക്‌ മൃദുസ്വഭാവമുള്ള ആഹാരങ്ങളാണ്‌ നല്‌കേണ്ടത്‌. പെപ്‌ടിക്‌ വ്രണം, ഡുവോഡിനത്തിലെ വ്രണം, വയറുകടി എന്നീ രോഗങ്ങള്‍ ഉദാഹരണങ്ങളാണ്‌. പചനേന്ദ്രിയത്തിലും കുടലിലുമുള്ള ശ്ലേഷ്‌മാവരണത്തിലെ മുറിവുകളെ ഉത്തേജിപ്പിക്കാത്തതും അധികമായുണ്ടാകുന്ന ഗാസ്‌ട്രിക്‌ അമ്ലത്തെ നിയന്ത്രിക്കുന്നതിനും നിര്‍വീര്യമാക്കുന്നതിനും ഉതകുന്നതുമായ ഭക്ഷ്യവസ്‌തുക്കള്‍ പ്രത്യേകം തെരഞ്ഞെടുക്കണം. ഭക്ഷ്യവസ്‌തുക്കളുടെ തൊലി, കുരു, നാര്‌ എന്നിവ നീക്കം ചെയ്യേണ്ടതും രൂക്ഷഗന്ധികളായ ഉള്ളി, കാബേജ്‌ തുടങ്ങിയവ ഒഴിവാക്കേണ്ടതും ആണ്‌. പഴങ്ങളുടെ ചാറ്‌, ഇളം സസ്യങ്ങള്‍, പാല്‌, ക്രീം, വെച്ച എന്നിവ ഇവരുടെ ആഹാരത്തില്‍ ഉള്‍പ്പെടുത്തണം.

കട്ടിയായ ആഹാരം കഴിക്കാന്‍ നിവൃത്തിയില്ലാത്ത അവസ്ഥകളില്‍ രോഗിക്ക്‌ ദ്രവാഹാരങ്ങള്‍ നല്‌കുന്നു. കടുത്ത പനിയുള്ളപ്പോഴും ശസ്‌ത്രക്രിയയ്‌ക്കുശേഷവുമാണ്‌ സാധാരണ ദ്രവാഹാരങ്ങള്‍ വേണ്ടിവരുന്നത്‌. കാപ്പി, ചായ, പഴച്ചാറ്‌, കഞ്ഞി, ജലാറ്റിന്‍, ഐസ്‌ക്രീം, കൊഴുപ്പുനീക്കംചെയ്‌ത സൂപ്പ്‌ എന്നിവ ദ്രവാഹാരങ്ങളില്‍പ്പെടുന്നു.

പോഷകാഹാരങ്ങളുടെ ഏറ്റക്കുറവുകള്‍ രോഗങ്ങള്‍ക്ക്‌ കാരണമാകുമെന്നുള്ളതുകൊണ്ട്‌ ആരോഗ്യസംരക്ഷണത്തിനും രോഗനിര്‍മാര്‍ജനത്തിനും മരുന്നുകള്‍പോലെയോ ചിലപ്പോള്‍ അതിലധികമോ പ്രാധാന്യമര്‍ഹിക്കുന്ന ഘടകമാണ്‌ ആഹാരം. ആഹാരക്രമീകരണശാസ്‌ത്രത്തില്‍ വൈദഗ്‌ധ്യം നേടിയിട്ടുള്ള "ഡയറ്റീഷ്യന്മാ'രുടെ സേവനം പ്രധാന ചികിത്സാകേന്ദ്രങ്ങളില്‍ ഇന്ന്‌ പ്രയോജനപ്പെടുത്തിവരുന്നുണ്ട്‌. ഗൃഹശാസ്‌ത്രത്തില്‍ വൈദഗ്‌ധ്യം നേടിയിട്ടുള്ള സ്‌ത്രീകളാണ്‌ ഇന്ത്യയില്‍ ഈ രംഗത്ത്‌ സേവനം അനുഷ്‌ഠിച്ചുവരുന്നത്‌. നോ: കാര്‍ബോ ഹൈഡ്രറ്റ്‌; കൊഴുപ്പ്‌; ജീവകങ്ങള്‍; പ്രോട്ടീന്‍; പോഷകാഹാരവിജ്ഞാനം

(റഹീനാ അബ്‌ദുല്‍ഖാദര്‍; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍