This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആഹരി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആഹരി

മേളകര്‍ത്താരാഗപദ്ധതി നടപ്പാകുന്നതിനു വളരെ മുമ്പുതന്നെ നിലവിലുണ്ടായിരുന്ന ഒരു പ്രാചീന രാഗമാണ്‌ ആഹരി. 14-ാം മേളകര്‍ത്താരാഗമായ വകുളാഭരണത്തിന്റെ ജന്യമായി ഇപ്പോള്‍ പരിഗണിക്കപ്പെട്ടുവരുന്നുണ്ടെങ്കിലും 8-ാമത്തെ മേളകര്‍ത്താരാഗമായ ഹനുമന്തോടിയുടെ ജന്യമായിട്ടാണ്‌ പണ്ടുമുതല്‍ കരുതിവന്നിട്ടുള്ളത്‌. ഇതിലെ ആരോഹണവും അവരോഹണവും വക്രമാകയാല്‍ ഇത്‌ ഒരു ഉഭയവക്രരാഗമാണെന്ന്‌ പറയാം.

ആരോഹണം:	സ രി സ മ ഗ മ പ ധ നി സ
അവരോഹണം:	സ നി ധ പ മ ഗ രി സ
 

കരുണം, ശോകം എന്നീ രസങ്ങളുളവാക്കാന്‍ കഴിയുന്ന ഒരു രാഗമാണിത്‌. ഷഡ്‌ജപഞ്ചമസ്വരങ്ങള്‍ക്കുപുറമേ കോമളഋഷഭം, തീവ്രഗാന്ധാരം, കോമളമധ്യമം, കോമള ധൈവതം, കോമളനിഷാദം എന്നിവയും ഈ രാഗത്തില്‍വരുന്ന സ്വരങ്ങളാണ്‌; ഹനുമന്തോടിയുടെ ജന്യമായി കണക്കാക്കുമ്പോള്‍ തീവ്രഗാന്ധാരപ്രയോഗം അന്യസ്വരമായും വകുളാഭരണത്തിന്റെ ജന്യമായി കണക്കാക്കുമ്പോള്‍ കോമളഗാന്ധാരം അന്യസ്വരമായും വരും. ഇങ്ങനെ അന്യസ്വരപ്രയോഗം രണ്ടുപ്രകാരത്തിലും വരുന്നതുകൊണ്ട്‌ ഹനുമന്തോടിയുടെ ജന്യമായാലും വകുളാഭരണത്തിന്റെ ജന്യമായാലും ആഹരി ഒരു ഭാഷാംഗരാഗമായി പരിഗണിക്കപ്പെട്ടുവരുന്നു. മ, നി എന്നിവ രാഗച്ഛായ സ്വരങ്ങളാണ്‌. പ ധ നി പ, മ ഗ പ മ രി എന്നിവ ഇതിലെ സവിശേഷപ്രയോഗങ്ങളാണ്‌.

"ആഹരി പാടിയാല്‍ അന്നം കിട്ടുകയില്ല' എന്നൊരു ചൊല്ലുള്ളതുകൊണ്ട്‌ മഹാപണ്ഡിതന്മാരായ പല സംഗീതജ്ഞന്മാരും ഈ രാഗം പഠിപ്പിക്കുകയോ രാഗലക്ഷണങ്ങള്‍ വ്യക്തമായി ഗ്രഹിക്കത്തക്കവിധം ശിഷ്യന്മാര്‍ക്കു പറഞ്ഞുകൊടുക്കുകയോ ചെയ്യാറില്ല. സംഗീതത്തില്‍ സൂക്ഷ്‌മജ്ഞാനം നേടിയവര്‍ ഗുരുവിന്റെ നിഷ്‌കര്‍ഷ കൂടാതെതന്നെ കേട്ടുപഠിച്ചുകൊള്ളണമെന്നതാണ്‌ കീഴ്‌വഴക്കം. ഇക്കാരണത്താല്‍ തലമുറകള്‍ ചെല്ലുന്തോറും ഈ രാഗത്തിന്റെ വിശദരൂപത്തെക്കുറിച്ച്‌ തിട്ടമില്ലാതായിത്തീര്‍ന്നുകൊണ്ടിരിക്കുന്നുവെന്ന്‌ ഒരാക്ഷേപമുണ്ട്‌. പ്രധാനകൃതികള്‍: അഭയശ്രീരഘുവര-ത്യാഗരാജസ്വാമി, ശ്രീ കമലാംബാ-മുത്തുസ്വാമിദീക്ഷിതര്‍, മായമ്മ-ശ്യാമാശാസ്‌ത്രി, പന്നഗേന്ദ്ര-സ്വാതിതിരുനാള്‍.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%86%E0%B4%B9%E0%B4%B0%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍