This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആശ്ചര്യചൂഡാമണി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആശ്ചര്യചൂഡാമണി

ശക്തിഭദ്രന്‍ എന്ന കേരളീയ കവി എഴുതിയ സംസ്‌കൃതനാടകം. രാമായണത്തിലെ ഇതിവൃത്തത്തെ ഉപജീവിച്ചു വിരചിതമായ ഇതിൽ ഏഴങ്കങ്ങളുണ്ട്‌. ഖരന്‍, ദൂഷണന്‍ മുതലായ രാക്ഷസന്മാരുടെ വധത്തിനുശേഷം ശൂർപ്പണഖ ശ്രീരാമസന്നിധിയിലെത്തുന്ന ഘട്ടം മുതലാണ്‌ കഥ ആരംഭിക്കുന്നത്‌. അഗ്നിപ്രവേശനത്തിനുശേഷം സീതയുടെ പാതിവ്രത്യമഹിമ കണ്ടു സന്തുഷ്‌ഠരായ ദേവന്മാർ പറഞ്ഞയച്ച നാരദമഹർഷി ശ്രീരാമനെ അനുഗ്രഹിക്കുന്നഘട്ടത്തിൽ നാടകം അവസാനിക്കുന്നു. വാല്‌മീകിരാമായണത്തിലെ മൂലകഥയിൽനിന്ന്‌ പല വ്യതിയാനങ്ങളും കവി ഇതിൽ വരുത്തിയിട്ടുണ്ട്‌. രാമന്‍, ലക്ഷ്‌മണന്‍, സീത, രാവണന്‍ എന്നീ കഥാപാത്രങ്ങളുടെ സ്വഭാവ ചിത്രീകരണത്തിൽ പല നവീനതകളും കാണാം. സീത ഹനുമാന്റെ കൈയിൽ കൊടുത്തയയ്‌ക്കുന്ന ചൂഡാമണിയുടെ അനുസ്‌മരണമാണ്‌ ആശ്ചര്യചൂഡാമണി എന്ന നാടകനാമത്തിൽ ദൃശ്യമാകുന്നത്‌. സംഭവങ്ങളുടെ നാടകീയതയാൽ ആശ്ചര്യരസം അടിക്കടി വിന്യസിക്കപ്പെട്ടതുകൊണ്ടായിരിക്കണം ആശ്ചര്യചൂഡാമണി എന്ന പേര്‌ കവിതന്നെ ഇതിനു നിർദേശിച്ചിട്ടുള്ളത്‌. രാമായണാവലംബികളായ ഇരുന്നൂറിലധികം സംസ്‌കൃതനാടകങ്ങളുണ്ടെങ്കിലും ഭവഭൂതിയുടെ ഉത്തരരാമചരിതം കഴിഞ്ഞാൽ ആശ്ചര്യചൂഡാമണി ആണ്‌ പ്രഥമസ്ഥാനത്തിന്‌ അർഹമെന്ന്‌ പൊതുവേ കരുതപ്പെടുന്നു. ഇതിന്റെ ഏറ്റവും മികച്ച സവിശേഷത അഭിനയയോഗ്യതയാണ്‌. കേരളത്തിൽ ചാക്യാന്മാർ കൂടിയാട്ടത്തിൽ അഭിനയിക്കുവാന്‍ പല നാടകങ്ങളിൽനിന്നുമായി 72 അങ്കങ്ങള്‍ സ്വീകരിച്ചിട്ടുള്ളതിൽ പ്രസ്‌തുത നാടകത്തിലെ ആറങ്കങ്ങള്‍ ഉള്‍പ്പെട്ടിരിക്കുന്നു; ചാക്യാന്മാർ സൗകര്യത്തിനുവേണ്ടി ഈ ആറങ്കങ്ങള്‍ക്കു കഥാവസ്‌തുവിന്നനുരൂപമായി ഓരോ പേര്‌ നല്‌കിയിട്ടുണ്ട്‌: പർണശാലാങ്കം, ശൂർപ്പണഖാങ്കം, മായാസീതാങ്കം, ജടായുവധാങ്കം, അശോകവനികാങ്കം, അംഗുലീയാങ്കം. ഇവയിൽ അശോകവനികാങ്കത്തിനും അംഗുലീയാങ്കത്തിനും അതിയായ പ്രാധാന്യമുണ്ട്‌. നാലാമത്തേതായി ജടായുവധാങ്കത്തിൽ രാവണനും ജടായുവും തമ്മിലുള്ള യുദ്ധം അഭിനയിക്കേണ്ടതുണ്ട്‌; ഇത്‌ നാട്യശാസ്‌ത്രനിബന്ധനത്തിന്‌ വിപരീതമാണുതാനും.

ദക്ഷിണഭാരതത്തിൽ ആരും അതുവരെ നാടകം രചിച്ചിരുന്നില്ല എന്നും അത്തരമൊരു സംഭവം ആകാശത്തിൽ പുഷ്‌പോത്‌പത്തിയും മണൽത്തരികളിൽ തൈലോദ്‌ഗമവും പോലെ ആണ്‌ എന്നും ഔത്തരാഹന്മാർ കരുതിവന്നിരുന്നതായി പറയപ്പെടുന്നു. ഈ അപവാദത്തെ നിർമാർജനം ചെയ്യുന്നതിനുവേണ്ടിയാണ്‌ ശക്തിഭദ്രന്‍ ആശ്ചര്യചൂഡാമണി നിർമിച്ചത്‌ എന്ന വസ്‌തുത നാടകത്തിന്റെ പ്രാരംഭത്തിലെ സ്ഥാപനയിൽ സൂത്രധാരനും നടിയും തമ്മിലുള്ള സംഭാഷണത്തിൽനിന്നു വ്യക്തമാകുന്നുണ്ട്‌.

കൊല്ലം ജില്ലയിൽ കുന്നത്തൂർ താലൂക്കിൽപ്പെട്ട കൊടുമണ്‍ പകുതിയിൽ ചെന്നീർക്കര സ്വരൂപം എന്ന ഒരു ബ്രാഹ്മണകുടുംബത്തിലാണ്‌ ശക്തിഭദ്രന്‍ ജനിച്ചത്‌. ചെങ്ങന്നൂർഗ്രാമത്തിൽപ്പെട്ടതായിരുന്നു ഈ കുടുംബം. സാക്ഷാൽ പേര്‌ ശങ്കരന്‍ എന്നാണെന്നും ശക്തിഭദ്രന്‍ എന്നത്‌ സ്ഥാനപ്പേരാണെന്നും പറയപ്പെടുന്നു. ഇദ്ദേഹത്തിന്റെകാലം എ.ഡി. എഴാം ശ.-ത്തിന്റെ ഉത്തരാർധമായിരിക്കണം; ഒന്‍പതാം ശ.-ത്തിലാണെന്നും ഒരഭിപ്രായമുണ്ട്‌. ഭാസകൃതികളായ അഭിഷേകനാടകവും പ്രതിമാനാടകവും ശക്തിഭദ്രന്റേതാണെന്നു ചിലർ വിശ്വസിക്കുന്നു. ഉന്മാദവാസവദത്താപ്രഭൃതിനാംകാവ്യനാം കർത്തുഃ കവേഃശക്തിഭദ്രസ്യ' എന്ന ചൂഡാമണിസ്ഥാപനയിലെ സൂത്രധാരന്റെ പ്രസ്‌താവനയിൽ സൂചിതമായ ഉന്മാദവാസവദത്ത എന്ന നാടകം ഭാസന്റേതെന്ന്‌ വിശ്വസിച്ചുപോരുന്ന പ്രതിജ്ഞായൗഗന്ധരായണം തന്നെയാണ്‌ എന്നും ഒരു വാദഗതിയുണ്ട്‌; ഉന്മാദവാസവദത്ത എന്ന്‌ അറിയപ്പെടുന്നത്‌ അപൂർണവും നഷ്‌ടവുമായ വീണാവാസവദത്ത എന്ന ഒരു കൃതിയാണ്‌ എന്ന വേറൊരു അഭിപ്രായവും പ്രചാരത്തിലുണ്ട്‌. പക്ഷേ ഒന്നിനും വേണ്ട തെളിവില്ല. ഏതായാലും ആശ്ചാര്യചൂഡാമണി ശക്തിഭദ്രന്റെ കൃതിയാണെന്നുള്ളതിൽ പക്ഷാന്തരമില്ല. എ.ഡി. 15-ാം ശ.-ത്തിലുദ്‌ഭവിച്ചതായിക്കരുതപ്പെടുന്ന നടാങ്കുശം എന്ന ഗ്രന്ഥത്തിൽ "യത്‌കൃതം നാടകം ചൂഡാമണിശ്ചൂഡാമണി- സ്‌സതാം, സ കസ്യൈവ ന മാന്യോയംശക്തിഭദ്രാ മഹാകവിഃ' എന്നിങ്ങനെ (സജ്ജനങ്ങള്‍ക്ക്‌ ചൂഡാമണിയായ ചൂഡാമണി നാടകം എഴുതിയ മഹാകവി ശക്തിഭദ്രന്‍ ആർക്കുമാന്യനല്ല?) ശക്തിഭദ്രനെക്കുറിച്ചു പരാമർശിച്ചുകാണുന്നുണ്ട്‌. ഏതായാലും ആശ്ചര്യചൂഡാമണി ഭാരതത്തിൽ ആദ്യകാലം മുതല്‌ക്കുതന്നെ പ്രശസ്‌തിയാർജിച്ചിട്ടുണ്ട്‌. ഗദ്യവും പദ്യവും ഒരുപോലെ മനോഹരമായ ഈ നാടകം ദാക്ഷിണാത്യരുടെഅഭിമാനത്തെ സർവഥാ വിജൃംഭിപ്പിക്കുന്ന ഒന്നാണ്‌ എന്നതിൽ സംശയമില്ല. ഭാരദ്വാജഗ്രാമവാസിയും കൗമാരിളമതാനുയായിയുമായ ഒരു പണ്ഡിതന്‍ ആശ്ചര്യചൂഡാമണിക്ക്‌ വിവൃതി എന്ന ഒരു വ്യാഖ്യാനം രചിച്ചിട്ടുണ്ട്‌. അതിൽ പൂർവവ്യാഖ്യാതാക്കന്മാരെയും "കേചിത്‌' (ചിലർ) എന്ന പദംകൊണ്ട്‌ സ്‌മരിച്ചിരിക്കുന്നു. കൊടുങ്ങല്ലൂർ കുഞ്ഞുക്കുട്ടന്‍തമ്പുരാന്‍ ഇതിനെ മലയാളത്തിലേക്കു തർജുമ ചെയ്‌തിട്ടുണ്ട്‌. കെ. വിജയന്റെ ഒരു തനി ഗദ്യപരിഭാഷയും അടുത്തകാലത്ത്‌ (1972) പ്രസിദ്ധീകൃതമായിട്ടുണ്ട്‌. നോ: ശക്തിഭദ്രന്‍

ആശ്ച്യുതാശ്‌മം, നിശ്ച്യുതാശ്‌മം
ടമേഹമരശേലേ, ടമേഹമഴാശലേ


ചുച്ചാമ്പുകൽ പ്രദേശങ്ങളിലെ പ്രകൃതിദത്തമായ ഭൂഗർഭ ഗുഹകള്‍ക്കുള്ളിൽ രൂപംകൊള്ളുന്ന സവിശേഷശിലാഘടനകള്‍. ഗുഹകളുടെ മേൽത്തട്ടിൽനിന്നു ഞാന്നുകിടക്കുന്ന രീതിയിൽ രൂപംകൊള്ളുന്ന ശിലാഘടനയാണ്‌ ആശ്ച്യുതാശ്‌മം (Stalactite); അടിത്തറയിൽ നിക്ഷിപ്‌തമായി ക്രമേണ വളർന്നുപൊങ്ങുന്ന ശിലാഘടനകളെ നിശ്ച്യുതാശ്‌മം (Stalagmite) എന്നും പറയുന്നു. ഇവ രൂപംകൊള്ളുന്ന പ്രക്രിയ തുടർന്നുപോരുന്നതുമൂലം ആശ്ച്യുതാശ്‌മങ്ങളും നിശ്ച്യുതാശ്‌മങ്ങളും ക്രമപ്രവൃദ്ധങ്ങളായി കാണപ്പെടുന്നു.

ചുച്ചാമ്പുകല്ലും വെള്ളവുമായുള്ള പ്രതിപ്രവർത്തനം കാർബോണിക്‌ അമ്ലം ഉത്‌പാദിപ്പിക്കുന്നു. ഭൂജലത്തോടൊപ്പം ഈ കാർബോണിക്‌ അമ്ലവും കീഴ്‌ത്തട്ടിലേക്ക്‌ ഊർന്നിറങ്ങും. ഭൂഗർഭഗുഹകളുടെ മേൽത്തട്ടിലെത്തുന്നതോടെ വായുസമ്പർക്കംമൂലം ജലാംശം ദൂരീകരിക്കപ്പെട്ട്‌ കാൽസിയം കാർബണേറ്റ്‌ ഉത്‌പാദിതമാവുന്നു. ഇങ്ങനെ നിക്ഷിപ്‌തമാവുന്ന കാർബണേറ്റ്‌ പദാർഥം മേൽത്തട്ടിൽത്തന്നെ പറ്റിപ്പിടിച്ചിരിക്കയോ, അടിത്തട്ടിലേക്കു നിപതിക്കയോ ചെയ്യും. ലായനി തുടർന്നും ഊർന്നിറങ്ങുന്നതോടെ കൂടുതൽകൂടുതൽ കാർബണേറ്റ്‌ ഉണ്ടാവുന്നു; തുടർന്ന്‌ മേൽത്തട്ടിൽ ഞാണു കിടക്കുന്നതോ, കീഴ്‌ത്തട്ടിൽനിന്നും കോണാകൃതിയിൽ വളർന്നുപൊങ്ങുന്നതോ ആയ കാർബണേറ്റ്‌ ഘടനകള്‍ രൂപംകൊള്ളുകയും ചെയ്യുന്നു. ഈ ശിലാരൂപങ്ങള്‍ക്ക്‌ സദൃശഘടനയാണുള്ളത്‌. ഇവയുടെ പരിച്ഛേദം പരിശോധിച്ചാൽ സകേന്ദ്രീയമായ അട്ടികള്‍ രൂപപ്പെട്ടിരിക്കുന്നതു കാണാം. കാൽസിയം കാർബണേറ്റിന്റെ ആവർത്തിച്ചുള്ള നിക്ഷേപം മാത്രമാണ്‌ ഇവ ഉണ്ടാകുന്നതിനു നിദാനമെന്ന്‌ ഇതിൽനിന്നു വ്യക്തമാവുന്നു. മീറ്ററുകളോളം നീളത്തിൽ സാമാന്യം സ്ഥൂലിച്ചുവളരുന്ന ആശ്ച്യുതാശ്‌മങ്ങളും നിശ്ച്യുതാശ്‌മങ്ങളും സാധാരണമാണ്‌.

മുകളിൽനിന്ന്‌ ഊർന്നിറങ്ങുന്ന ലായനി അപൂരിതാവസ്ഥയിലായിരിക്കുമ്പോളാണ്‌ അടിത്തട്ടിലേക്ക്‌ നിപതിക്കുന്നത്‌. ആശ്ച്യുതാശ്‌മങ്ങള്‍ക്കു മുകളിലൂടെ അപൂരിതലായനി ഒഴുകുമ്പോള്‍ അത്‌ കൂടുതൽ കാർബണേറ്റിനെ ലയിപ്പിക്കുന്നതോടൊപ്പം താഴെ ഇറ്റു വീഴുന്നു; ഇത്‌ നിശ്ച്യുതാശ്‌മത്തിന്റെ വളർച്ചയ്‌ക്കു സഹായകമാവുന്നു. വളർന്നുപൊങ്ങുന്ന നിശ്ച്യുതാശ്‌മങ്ങള്‍ ആശ്ച്യുതാശ്‌മങ്ങളുമായി കൂട്ടിമുട്ടി, പിന്നീട്‌ വളർന്ന്‌ ആനക്കാലുപോലെ ഗുഹയുടെ നടുവിലും പാർശ്വഭാഗങ്ങളിലും രൂപംകൊള്ളും. ഇത്തരം നിക്ഷേങ്ങള്‍ വർധിച്ച്‌ ഗുഹാഭാഗം മൂടിപ്പോയെന്നുവരാം. ഇംഗ്ലണ്ടിൽ ഡർഹാം, നോർത്തംബർലണ്ട്‌ എന്നിവിടങ്ങളിലെ കറുത്തീയഖനികളിൽ ലോഹഅയിരുകളും ആശ്ച്യുതാശ്‌മരീതിയിലുള്ള കാൽസിയം കാർബണേറ്റും ഇടകലർന്നു കണ്ടുവരുന്നത്‌ ഇതിനുദാഹരണമാണ്‌.

ഈ ശിലാഘടനകള്‍ പ്രകൃതത്തിലെന്നപോലെ സംരചനയിലും വലിയ വ്യത്യാസങ്ങള്‍ പ്രകടിപ്പിക്കുന്നു. പൊതുവേ അതാര്യമാണ്‌; അർധതാര്യഘടനകളും ഉണ്ട്‌; ചിലവ ക്രിസ്റ്റലീയഘടനയും ഏകദിശാവിദളന(cleavage)വും ഉള്ളവയാണ്‌; വന്‍തരികളോ ചെറുതരികളോ ആയി സാമാന്യമായ വിദളനസ്വഭാവമുള്ളവയുമുണ്ട്‌. വർണരഹിതമായോ, വെളുപ്പ്‌, മഞ്ഞകലർന്ന ചാരം, തവിട്ട്‌ എന്നീ നിറങ്ങളിലോ കണ്ടുവരുന്നു.

(ആർ. ഗോപി)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍