This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആവിസ്‌നാനം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആവിസ്‌നാനം

പരമ്പരാഗതരീതിയിലുള്ള ആവിസ്‌നാനം

ആയുർവേദത്തിലെ "സ്വേദനം' (വിയർപ്പിക്കല്‍) എന്ന ക്രിയാക്രമത്തിന്റെ ഒരു വകഭേദം. ആയുർവേദചികിത്സയ്‌ക്ക്‌ സാമാന്യമായി രണ്ട്‌ ഉള്‍പ്പിരിവുകളുണ്ട്‌; (1) ശമനചികിത്സ, (2) ശോധനചികിത്സ. ഇവയില്‍ ശോധനചികിത്സയ്‌ക്കാണ്‌ കൂടുതല്‍ പ്രാധാന്യം. രോഗത്തിന്റെ ഉന്‍മൂലനാശം ഉണ്ടാകത്തക്കവച്ചം ശരീരത്തിനു ശുദ്ധിവരുത്തുകയാണ്‌ ഇതിന്റെ ലക്ഷ്യം. ഇത്‌ പല പ്രകാരത്തിലുമുണ്ട്‌. സ്‌നേഹനം, സ്വേദനം, വമനം, വിരേചനം, വസ്‌തി, നസ്യം, രക്തമോക്ഷം എന്നിവ ചില പ്രധാന ശോധനക്രിയകളാണ്‌. ഇവയില്‍ ആവിസ്‌നാനം സ്വേദനത്തില്‍ ഉള്‍പ്പെടുന്നു. സ്വേദനം അഥവാ സ്വേദക്രിയ സാമാന്യേന നാലായി വിഭജിക്കപ്പെട്ടിരിക്കുന്നു; (1) താപസ്വേദം, (2) ഉപനാഹസ്വേദം, (3) ദ്രവസ്വേദം, (4) ഊഷ്‌മസ്വേദം. ലോഹപാത്രങ്ങളോ വസ്‌ത്രങ്ങളോ കൈത്തലംതന്നെയോ ചൂടാക്കിവച്ചു വിയർപ്പിക്കലാണ്‌ താപസ്വേദം; രോഗാനുസരണം തിരഞ്ഞെടുക്കുന്ന ഔഷധദ്രവ്യങ്ങള്‍ അരച്ചു ചൂടാക്കി വേണ്ട സ്ഥലത്തു തേച്ചുകെട്ടുന്നത്‌ ഉപനാഹ (പ്ലാസ്റ്റർ) സ്വേദം. ദ്രവസ്വേദം രണ്ട്‌ പ്രകാരത്തിലുണ്ട്‌; പരിഷേകം, അവഗാഹം. ചൂടുള്ള ഔഷധദ്രവങ്ങള്‍ കിണ്ടിയിലോ മറ്റോ ആക്കി ശരീരത്തില്‍ മുഴുവനായോ ഭാഗികമായോ ധാര ചെയ്യുന്നതാണ്‌ പരഷേകം (ഇത്‌ കിണ്ടിയുടെ മുരലിനുപകരം തക്കതായ കുഴലുകള്‍ ഉപയോഗിച്ചു ചെയ്യാം). ചൂടുള്ള ഔഷധദ്രവ്യങ്ങളില്‍ ഇറങ്ങിയിരുന്നുള്ള സ്വേദനമാണ്‌ അവഗാഹം. ചൂടുള്ള ആവി (ഊഷ്‌മാവ്‌) ഏല്‌പിച്ചുള്ള സ്വേദനമാണ്‌ ആവിസ്‌നാനം (ഊഷ്‌മസ്വേദം). ദ്രവദ്രവ്യങ്ങളില്‍നിന്നുള്ള ആവി (നീരാവി) ഏല്‌പിച്ചും, ദ്രവങ്ങളല്ലാത്ത ഔഷധദ്രവ്യങ്ങളില്‍നിന്നുള്ള ബാഷ്‌പ (വാതക) രൂപമായ ആവി ഏല്‌പിച്ചും, രണ്ടു പ്രകാരത്തിലും, സ്വേദനം ചെയ്യിക്കാനുള്ള നിർദേശങ്ങള്‍ ആവിസ്‌നാന വിഭാഗത്തില്‍ അടങ്ങിയിരിക്കുന്നു. വാഗ്‌ഭടന്റെ അഷ്‌ടാംഗസംഗ്രഹത്തില്‍ (സൂത്രസ്ഥാനം-സ്വേദ വിധി അ: 26) ഇതിനെപ്പറ്റി സവിസ്‌തരം പ്രതിപാദിച്ചിട്ടുണ്ട്‌.

ആവിസ്‌നാനത്തിനുപയോഗിക്കുന്ന ആധുനിക സ്റ്റീംഷവറുകള്‍

ആവിസ്‌നാനത്തെ എട്ടായി വിഭജിച്ചിരിക്കുന്നു:

1. കുംഭീസ്വേദം. മരുന്നുകളിട്ടു തിളപ്പിച്ച വെള്ളമോ കാടിയോ കുടത്തിലാക്കി അതില്‍നിന്നു വരുന്ന ആവിയേല്‌പിച്ചു വിയർപ്പിക്കുന്ന സമ്പ്രദായമാണിത്‌. ആദ്യം ശരീരം മുഴുവന്‍ ഔഷധങ്ങള്‍കൊണ്ടു സംസ്‌കരിച്ച തൈലംപുരട്ടി തടവണം. ആവണക്കില, എരുക്കില, മുരിങ്ങയില മുതലായവയും ധാന്യങ്ങളും മറ്റും ഇട്ടു തിളപ്പിച്ച വെള്ളമോ വെപ്പുകാടിയോ ആവിപറക്കുന്ന ചൂടോടെ കുടത്തിലാക്കുക. ഈ കുടം (കുടങ്ങളോ) മുന്‍കൂട്ടി തയ്യാറാക്കിയ കുഴിയില്‍ കഴുത്തുവരെ ഇറക്കിവയ്‌ക്കുക. മീതെ ഒരു കയറ്റുകട്ടിലോ അത്തരം പീഠമോവച്ച്‌ ആവി പുറത്തുപോകാത്തവിധം കട്ടിത്തുണികൊണ്ട്‌ നാലുവശവും മറച്ച്‌ "സ്വേദ്യന്‍' (വിയർപ്പിക്കേണ്ട ആള്‍) മൂടിപ്പുതച്ച്‌ അതിന്മേല്‍ കിടക്കുകയോ ഇരിക്കുകയോ ചെയ്യണം. കുടത്തില്‍നിന്ന്‌ ആവി ധാരാളമായി നിരന്തരം വന്നുകൊണ്ടിരിക്കാന്‍ ലോഹക്കട്ടകളോ കല്ലുകളോ തീയില്‍ പഴുപ്പിച്ചു ഇടയ്‌ക്കിടെ കുടത്തില്‍ ഇട്ടുകൊണ്ടിരുന്നാല്‍ മതി. സ്വേദ്യന്‍ കിടക്കുകയാണെങ്കില്‍ മലർന്നും കമിഴ്‌ന്നും ചരിഞ്ഞും കിടന്നു വിയർപ്പിക്കാം. കുറച്ചുകഴിഞ്ഞ്‌ വിയർപ്പെല്ലാം തുടച്ചുകളഞ്ഞ്‌ വീണ്ടും തൈലംതേച്ചു തടവി തലയ്‌ക്കു സമശീതോഷ്‌ണവും, ദേഹത്ത്‌ സുഖോഷ്‌ണവുമായ വെള്ളം പകർന്നു കുളിക്കണം. ഈ കുംഭീസ്വേദം ഇന്ന്‌ ധാരാളം നടത്തിവരുന്നുണ്ട്‌.

2. നാളീസ്വേദം. ഔഷധങ്ങളിട്ടു തിളപ്പിച്ച വെള്ളത്തില്‍നിന്നുള്ള ആവി ഒരു നാളി(കുഴല്‍)യില്‍കൂടി ശരീരത്തില്‍ ഏല്‌പിച്ചു വിയർപ്പിക്കുന്ന രീതിയാണിത്‌. കുഴലിന്റെ വച്ചം, നീളം, ആകൃതി മുതലായവയെപ്പറ്റി പ്രത്യേകം നിർദേശങ്ങളുണ്ട്‌. ശരീരത്തില്‍ ചില ഭാഗങ്ങളില്‍ മാത്രമായി വിയർപ്പിക്കേണ്ട സന്ദർഭങ്ങളില്‍ ഈ രീതി കൂടുതല്‍ സൗകര്യപ്രദമാണ്‌.

3. പിണ്ഡസ്വേദം. കൊഴുക്കട്ടപായസം (പാല്‍ച്ചോറ്‌), എള്‍ച്ചോറ്‌ എന്നിവ ചൂടോടുകൂടിയും, ചാണകപ്പൊടി, മണല്‍, തവിട്‌ എന്നിവ വറുക്കുകയോ ദ്രവം ചേർത്ത്‌ അവിക്കുകയോ ചെയ്‌തും, ഇലകളുടെ നുറുക്കും മറ്റും തുണിയില്‍ നിരത്തി അതിന്മേല്‍ ഓടും കല്ലും ചുട്ടുപഴുപ്പിച്ചുവച്ചും കിഴിയാക്കി ആവിസ്‌നാനം പ്രയോഗിക്കാം. കേരളത്തില്‍ പ്രചാരമുള്ള ഞവരക്കിഴി മുതലായ പ്രയോഗങ്ങളെല്ലാം ഈ വകുപ്പില്‍പ്പെടുന്നു. ഇതിന്‌ സങ്കരസ്വേദമെന്നും പറയുന്നു.

4. സംസ്‌തരസ്വേദം. പത്രഭംഗാദികള്‍ (ഇലനുറുക്കും മറ്റും) ദ്രവദ്രവ്യങ്ങള്‍ ചേർത്ത്‌ ഒരു പാത്രത്തിലിട്ടു അടച്ചുകെട്ടി പുഴുങ്ങി ചൂടോടുകൂടി ഒരു പുല്‌പായില്‍ നിരത്തി അതിന്മേല്‍ വിരിപ്പുവിരിച്ചു കിടന്നു വിയർപ്പിക്കുന്നതാണ്‌ സംസ്‌തരസ്വേദം.

5. ഘനാശ്‌മസ്വേദം. ഒരാള്‍ക്കു കിടക്കാന്‍ മാത്രം വലുപ്പമുള്ള ഒരു കല്‌ത്തറമേലോ നിലത്തോ ഔഷധദ്രവ്യങ്ങള്‍ ഇട്ട്‌ തീകത്തിച്ച്‌, കനല്‍നീക്കി, ചുട്ടുപഴുത്ത ആ സ്ഥലത്തു ചൂടുവെള്ളമോ അമ്ലദ്രവ്യങ്ങളോ തളിച്ച്‌ ആവി പൊങ്ങിക്കൊണ്ടിരിക്കെ, ഔഷധപത്രങ്ങള്‍ വിരിച്ച്‌ സ്വേദ്യനെ അവിടെ പുതപ്പിച്ചുകിടത്തി വിയർപ്പിക്കുന്ന ഈ ക്രിയാക്രമത്തിന്‌ ഭൂസ്വേദമെന്നും പേരുണ്ട്‌.

6. കൂപസ്വേദം. അധികം വിസ്‌താരം (വ്യാസം) ഇല്ലാത്തതും വിസ്‌താരത്തില്‍ ഇരട്ടി ആഴമുള്ളതുമായ ഒരു കുഴിയുണ്ടാക്കി, അതില്‍ ഔഷധദ്രവ്യങ്ങളോ ചാണകവരടികളോ യുക്തംപോലെ ഇട്ടു കത്തിച്ച്‌ പുകയൊതുങ്ങിയാല്‍ പൊങ്ങുന്ന ആവിയേല്‌ക്കത്തക്കവച്ചം കുഴിയുടെ മീതെ ശയ്യ തയ്യാറാക്കി പുതപ്പിച്ചുകിടത്തി വിയർപ്പിക്കുന്ന സമ്പ്രദായം.

7. കുടീസ്വേദം. അധികം വിസ്‌താരവും ഉയരവും ജനാലകളുമില്ലാത്ത, കനത്ത ഭിത്തിയുള്ള, വൃത്താകാരമായ ഒരു മുറിക്കുള്ളില്‍ ചുറ്റും കരിങ്ങാലിക്കാതലിട്ടു ജ്വലിക്കുന്ന നെരിപ്പോടുകള്‍ വച്ചിട്ട്‌ നടുക്ക്‌ കട്ടിലിട്ട്‌ രോഗിയെ കിടത്തി വിയർപ്പിക്കുക. അകത്തേഭിത്തിയില്‍ ഉപനാഹത്തിനുപറഞ്ഞിട്ടുള്ള മരുന്നുകള്‍ അരച്ചു പൂശിയിരിക്കണം; ഇതാണ്‌ കുടീസ്വേദം.

8. ജേന്താകസ്വേദം. നല്ലൊരു ജലാശയത്തിന്റെ വക്കത്ത്‌ കിഴക്കോട്ടോ, വടക്കോട്ടോ അഭിമുഖമായി വട്ടത്തിലുള്ള ഒരു "കൂടാഗാരം' (കുടില്‍) നിർമിക്കുക; ഭിത്തി മച്ചരച്ചുതേച്ചു വെടിപ്പാക്കുക; ധാരാളം ജനലുകളും ഭിത്തിയോടുതൊട്ട്‌ ഒരുമുഴം വിസ്‌താരത്തില്‍ ഒരു തിച്ചയും വേണം; മുറിയുടെ നടുവില്‍ രണ്ടാള്‍ ഉയരത്തില്‍ ഉള്ളുപൊള്ളയായ, നാലുപാടും ചെറിയ ദ്വാരങ്ങളുള്ള, ഒരു മണ്‍തൂണ്‍ ഉണ്ടാക്കിയിട്ട്‌ അതിനുള്ളില്‍ നിറയെ കരിങ്ങാലി വിറകിട്ടു കത്തിച്ച്‌ കനലാക്കി, പുകയടങ്ങിയാല്‍ രോഗി മുറിയില്‍ കടന്നു തിച്ചയില്‍ തിരിഞ്ഞും പിരിഞ്ഞും കിടന്നു വിയർപ്പിക്കുക; ഇതാണ്‌ ജേന്താകസ്വേദം.

സൂക്ഷമമായി ചിന്തിച്ചാല്‍ ഒടുവില്‍ പറഞ്ഞ മൂന്ന്‌ സ്വേദങ്ങളും ആവിസ്‌നാനത്തില്‍പ്പെടുന്നതാണോ എന്നു സംശയിക്കണം; എന്തെന്നാല്‍ ദ്രവസംബന്ധമില്ലാത്തതുകൊണ്ട്‌ ഇതുകളില്‍നിന്നു പുറപ്പെടുന്നത്‌ ആവിയല്ല; താപമാകുന്നു; അതിനാല്‍ താപസ്വേദത്തിന്റെ വകഭേദങ്ങളായി ഇവയെ കല്‌പിക്കാവുന്നതാണ്‌.

കാറ്റു തട്ടാത്ത സ്ഥലത്തുവച്ചാവണം ഇത്തരം സ്വേദക്രിയകളെല്ലാം നടത്തുന്നത്‌. സ്വേദംകഴിഞ്ഞ ഉടനെ തണുത്തകാറ്റ്‌ ഏല്‌ക്കുക, തണുത്ത വെള്ളത്തില്‍ കുളിക്കുക മുതലായവ നിഷിദ്ധങ്ങളാണ്‌. സ്‌നേഹപാനം, അഭ്യംഗം എന്നിവകൊണ്ട്‌ ഉള്ളിലും പുറത്തും സ്‌നിഗ്‌ധത വരുത്തിയ ശേഷമേ സ്വേദിപ്പിക്കാവൂ. ചികിത്സ തുടങ്ങുംമുമ്പ്‌ രോഗിയുടെ ശരീരാവസ്ഥകളെപ്പറ്റി നല്ല വച്ചം ചിന്തിക്കണം. ഇന്നിന്ന ആളുകളെ സ്വേദിപ്പിക്കാം, ഇന്നിന്നവരെ സ്വേദിപ്പിക്കരുത്‌, ഇന്നിന്നതരം സ്വേദക്രിയ ഇന്നിന്നതരം രോഗികള്‍ക്കേ പാടുള്ളൂ എന്നൊക്കെ വിധി നിഷേധങ്ങളുണ്ട്‌.

(പി. ആർ. വാരിയർ)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍