This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആലെപ്പോ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആലെപ്പോ

Aleppo

സിറിയയിലെ ഏറ്റവും വലിയ നഗരവും വാണിജ്യകേന്ദ്രവും; ഇതേപേരിലുള്ള ജില്ലയുടെ ആസ്ഥാനവുമാണ്‌. കുവെയ്‌ക്‌ എന്ന ചെറുനദിയുടെ തീരത്തായി സമുദ്രനിരപ്പില്‍നിന്നും 372 മീ. ഉയരത്തില്‍ സ്ഥിതിചെയ്യുന്നു. ജനസംഖ്യ 4,507,000 (2009); ജനങ്ങളില്‍ ഭൂരിഭാഗവും മുസ്‌ലിങ്ങളാണ്‌. ഇവിടെ താരതമ്യേന സുഖകരമായ കാലാവസ്ഥയാണുള്ളത്‌. ഉഷ്‌ണകാലത്ത്‌ ശരാശരി ചൂട്‌ 45-48മ്പഇ ആകുമെങ്കിലും പ്രാദേശികവാതങ്ങളുടെ സ്വാധീനംമൂലം ഉഷ്‌ണം കുറഞ്ഞുകാണുന്നു. ഒരു ഭൂകമ്പമേഖലയിലാണ്‌ ഈ നഗരം സ്ഥിതിചെയ്യുന്നത്‌.

പഴയ തുര്‍ക്കിക്കോട്ടയെ ചുറ്റി സമചതുരാകൃതിയില്‍ നിര്‍മിക്കപ്പെട്ടിരുന്ന ഈ നഗരം രണ്ടാം ലോകയുദ്ധത്തിനു ശേഷം വികസിതമായി; ആധുനികരീതിയിലുള്ള നിരത്തുകളും ഹര്‍മ്യങ്ങളും നിര്‍മിക്കപ്പെട്ടു. യൂഫ്രട്ടീസ്‌ നദിയില്‍നിന്നും ജലവിതരണസൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നു. സിറിയ സര്‍വകലാശാലയുടെ എന്‍ജിനീയറിങ്‌ ഉള്‍പ്പെടെയുള്ള പല വിഭാഗങ്ങളും ഈ നഗരത്തിലാണ്‌ പ്രവര്‍ത്തിച്ചുവരുന്നത്‌. അതിവിശിഷ്‌ടങ്ങളായ നിരവധി പുരാവസ്‌തുശേഖരങ്ങളുള്‍ക്കൊള്ളുന്ന ഒരു കാഴ്‌ചബംഗ്ലാവും ഇവിടെയുണ്ട്‌.

ആലെപ്പോയിലെ പൗരാണിക നഗരാവശിഷ്‌ടം

മുന്‍കാലത്ത്‌ ഈ നഗരം മധ്യപൂര്‍വേഷ്യയിലെ ഏറ്റവും പ്രസിദ്ധമായ ഒരു വിപണിയായിരുന്നു; ഇപ്പോഴും ആ നിലയില്‍ തുടരുന്നു. ഏതാണ്ട്‌ 25 കി. മീറ്ററോളം നീളുന്ന ആപണവീഥികള്‍, ഭാണ്ഡാഗാരങ്ങള്‍, രമ്യഹര്‍മ്യങ്ങള്‍, പള്ളികള്‍ തുടങ്ങിയവ ഈ നഗരത്തെ മോടിപിടിപ്പിക്കുന്നു; ഇവയില്‍ മിക്കവയും 16-17 ശതകങ്ങളില്‍ നിര്‍മിക്കപ്പെട്ടവയാണ്‌. പഴയ നഗരത്തിലെ പ്രധാനഭാഗം കോട്ടയാണ്‌. മനുഷ്യനിര്‍മിതമായ ഒരു കുന്നിന്‍മേലാണ്‌ ഈ കോട്ട സ്ഥാപിച്ചിരിക്കുന്നത്‌. കോട്ടവാതിലുകളില്‍ മംഗോളിയന്‍വര്‍ഗക്കാരില്‍നിന്നും നഗരം വീണ്ടെടുത്ത (1256) മാംലൂക്ക്‌ സുല്‍ത്താന്‍ ഖാലിദിന്റെ പേര്‌ കൊത്തിയിട്ടുണ്ട്‌. കോട്ടയ്‌ക്കുള്ളിലെ ഏറ്റവും ഉയര്‍ന്ന ഭാഗത്തായി ഇബ്രാഹിമിന്റെ പള്ളി കാണാം; ഒരു ബൈസാന്തിയന്‍ പള്ളി മാറ്റിപ്പണിതതാണിതെന്നു വിചാരിക്കപ്പെടുന്നു. ആലെപ്പോ കോട്ടയിലെ ഒന്‍പതു കവാടങ്ങളില്‍ അഞ്ചെച്ചം ഇപ്പോഴും കേടുകൂടാതെ നിലകൊള്ളുന്നു. ഹെലെനിക്‌ കാലഘട്ടത്തിലെ കോട്ടമതിലുകളും ഭാഗികമായി സുരക്ഷിതാവസ്ഥയിലാണ്‌.

ആലെപ്പോ നഗരം-രാത്രിദൃശ്യം

നഗരത്തിലുള്ള നിരവധി മുസ്‌ലിം പള്ളികളില്‍ ഏറ്റവും വലുത്‌ ജാമി സക്കരിയാ (715) ആണ്‌. ഇതിന്റെ എടുപ്പുകള്‍ സെല്‍ജുക്‌ മാതൃകയില്‍ നിര്‍മിക്കപ്പെട്ട (1090) മനോഹരശില്‌പങ്ങളാണ്‌. ഇത്‌ രണ്ടു പ്രാവശ്യം അഗ്നിക്കിരയായി നശിച്ചുവെങ്കിലും വീണ്ടും പുതുക്കിപ്പണിയിക്കപ്പെട്ടു. നഗരകേന്ദ്രത്തിനു തെക്കുഭാഗത്താണ്‌ അല്‍ഫിര്‍ദൗസ്‌ പള്ളിയും മദ്രസയും (1235) അല്‍സാഹിര്‍ഗാസിയുടെ വിധവ തന്റെ ഭര്‍ത്താവിന്റെ സ്‌മാരകമെന്നനിലയില്‍ പണികഴിപ്പിച്ചിട്ടുള്ള ഈ സ്ഥാപനം സിറിയയില്‍ ശേഷിച്ചിട്ടുള്ള മധ്യകാലശില്‌പങ്ങളില്‍വച്ച്‌ ഏറ്റവും മനോഹരമാണ്‌. വാപികളെ ചുറ്റിയുള്ള കമനീയമായ ഉദ്യാനങ്ങളും ദാരുശില്‌പാലംകൃതങ്ങളായ കെട്ടിടങ്ങളും ചേര്‍ന്നുള്ള പുരാതനഭവനങ്ങള്‍ പഴയ നഗരത്തിലെ സാധാരണദൃശ്യമാണ്‌. ഇവയൊക്കെത്തന്നെ സ്‌കൂളുകളും അനാഥമന്ദിരങ്ങളുമായിത്തീര്‍ന്നിരിക്കുന്നു. ഇസ്‌താന്‍ബൂള്‍-ബാഗ്‌ദാദ്‌ റയില്‍വേ ആലെപ്പോയിലൂടെയാണ്‌ കടന്നുപോകുന്നത്‌. ട്രിപ്പോളി, ലെബനന്‍, ബെയ്‌റൂട്ട്‌ എന്നിവിടങ്ങളിലേക്കും സിറിയയുടെ തലസ്ഥാനമായ ദമാസ്‌കസ്സിലേക്കും റെയില്‍പ്പാതകളുണ്ട്‌. മരുഭൂമിക്കു കുറുകേയുള്ള മിക്ക റോഡുകളും ആലെപ്പോയെ സ്‌പര്‍ശിക്കുന്നു; മൊസൂള്‍, ബാഗ്‌ദാദ്‌, അന്ത്യോഖ്യ, ലഡാക്കിയ, ദമാസ്‌കസ്‌ എന്നിവിടങ്ങളുമായി ഗതാഗതബന്ധമുള്ള ഈ നഗരത്തിന്‌ 3 കി.മീ. അകലെ നെരാബില്‍ ഒരു വിമാനത്താവളമുണ്ട്‌. ഇവിടെ തുണിവ്യവസായം അഭിവൃദ്ധിപ്പെട്ടിട്ടുണ്ട്‌; പട്ടുനെയ്‌ത്തും പരുത്തിത്തുണി ഡിസൈന്‍ ചെയ്യലുമാണ്‌ മുഖ്യ വ്യവസായങ്ങള്‍. രോമം, തുകല്‍, പഴവര്‍ഗങ്ങള്‍ എന്നിവയുടെ സംസ്‌കരണവും സിമെന്റുനിര്‍മാണവും സാമാന്യമായ തോതില്‍ വികസിച്ചിട്ടുണ്ട്‌.

ആലെപ്പോജില്ല. 16,141 ച.കി.മീ. വിസ്‌തീര്‍ണമുള്ള ആലെപ്പോജില്ല അനേകം "കാസ'കളായി വിഭജിക്കപ്പെട്ടിരിക്കുന്നു. കിഴക്ക്‌ യൂഫ്രട്ടീസ്‌ നദീതീരംമുതല്‍ പടിഞ്ഞാറ്‌ തുര്‍ക്കിയുടെ അതിര്‍ത്തിവരെ വ്യാപിച്ചു കിടക്കുന്ന ആലെപ്പോജില്ല ഒരു കാര്‍ഷികമേഖലയാണ്‌. അനേകം ചെറുനഗരങ്ങളും നിരവധി ഗ്രാമങ്ങളും ഉള്‍ക്കൊള്ളുന്ന ഈ പ്രദേശത്തെ മുഖ്യ വിളകള്‍ മുന്തിരി, ഗോതമ്പ്‌, ബാര്‍ലി, പരുത്തി, പഴവര്‍ഗങ്ങള്‍ എന്നിവയാണ്‌. ഇവിടത്തെ ജനസംഖ്യ 4,507,000 (2009) ആണ്‌.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%86%E0%B4%B2%E0%B5%86%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%8B" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍