This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആലങ്ങള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആലങ്ങള്‍

ജലയോജിത ദ്വിസൽഫേറ്റുകളായ ഒരു ഇനം അകാർബണിക ലവണങ്ങള്‍. ആലം എന്ന പദം ലത്തീന്‍ ഭാഷയിലെ ആലുമെന്‍ (alumen) (അലൂമിനിയം സൽഫേറ്റ്‌ അടങ്ങിയ ചവർപ്പുള്ള ലവണം) എന്നതിൽനിന്നുണ്ടായതാണ്‌. പൊട്ടാഷ്‌ ആലം (പൊട്ടാസിയം സല്‍ഫേറ്റും അലൂമിനിയം സല്‍ഫേറ്റും അടങ്ങിയ ദ്വിലവണം, ഗഅഹ(ടഛ4)212 ഒ2ഛ) അമോണിയം ആലം (അമോണിയം സൽഫേറ്റും അലൂമിനിയം സൽഫേറ്റും അടങ്ങിയ ദ്വിലവണം, (NH4) Al (SO4)212H2O). സോഡ ആലം (സോഡിയം സള്‍ഫേറ്റും അലൂമിനിയം സള്‍ഫേറ്റും അടങ്ങിയ ദ്വിലവണം, NaAl(SO4)2 H2O) എന്നിവയാണ്‌ പ്രധാന ആലങ്ങള്‍. ആലങ്ങളിൽ പൊതുവേ രണ്ടു ലോഹങ്ങളും (അമോണിയം ആലത്തിൽ ഒരു ലോഹം) രണ്ടു സൽഫേറ്റ്‌ ഗ്രൂപ്പുകളും ക്രിസ്റ്റലന ജലവും ഉണ്ടായിരിക്കും.

പരല്‍രൂപമുള്ള അനേകം ദ്വിസൽഫേറ്റുകള്‍ക്ക്‌ ആലം എന്ന പേരുണ്ട്‌. ഇവയ്‌ക്കെല്ലാം കൂടിയുള്ള ഒരു പൊതു ഫോർമുല

M (I) M (III) (SO4)2. 12 H2O എന്നാണ്‌. M (I) എന്നതു സോഡിയം, പൊട്ടാസിയം, റുബീഡിയം, അമോണിയം, ഥാലിയം തുടങ്ങിയ ഏക സംയോജക (monovalent) അയോണുകളിലൊന്നായിരിക്കും. M (III) എന്നത്‌ അലൂമിനിയം, ഇരുമ്പ്‌, ക്രാമിയം, മാന്‍ഗനീസ്‌, ഇന്‍ഡിയം, ഗാലിയം, ഇറിഡിയം, ടൈറ്റാനിയം, വനേഡിയം, കൊബാള്‍ട്‌, റോഡിയം തുടങ്ങിയ ത്രിസംയോജക (trivalent) അയോണുകളിലൊന്നുമായിരിക്കും. സൽഫേറ്റ്‌ (SO4) ഗ്രൂപ്പിനുപകരം സെലിനേറ്റ്‌ (SeO4) ആകാവുന്നതാണ്‌. ഇപ്രകാരം ധാരാളം യൗഗികങ്ങള്‍ ഇന്ന്‌ ആലങ്ങളുടെ ഇനത്തിൽ ഉള്‍പ്പെട്ടിരിക്കുന്നു. സീസിയം ആലം [Cs Al (SO4)2. 12H2O], ഇരുമ്പ്‌ ആലം (SO4)2. 12H2O], ക്രാം ആലം [K Cr (SO4)2. 12H2O], ക്രാമോസെലെനിക്‌ ആലം [K Cr (SeO4)2. 12H2O] എന്നിവ ഉദാഹരണങ്ങളാണ്‌.

ആലങ്ങള്‍ ചൂടുവെള്ളത്തിൽ നല്ലതുപോലെയും തണുത്ത വെള്ളത്തിൽ അല്‌പമായും ലയിക്കുന്നു. ആലംലായനി പൂരിതമാക്കി ബാഷ്‌പീകരിച്ചാൽ മനോഹരങ്ങളായ പരലുകള്‍ ഉണ്ടാക്കാം. ഈ പരലുകളുടെ ഒരു അവിഭാജ്യഘടകമാണ്‌ 12 H2 O എന്നത്‌. ആറു ജല തന്മാത്രകള്‍ M (III) അയോണിനോടും ബാക്കി ആറെച്ചം ഹൈഡ്രജന്‍ ബന്ധങ്ങള്‍വഴി (hydrogen bonds) സള്‍ഫേറ്റ്‌ അയോണുകളോടും ചേർന്നിരിക്കുന്നതായി കരുതപ്പെടുന്നു.

ഏറ്റവും പ്രധാനമായ അമോണിയം ആലവും പൊട്ടാസിയം ആലവും വ്യാവസായികമായി നിർമിക്കപ്പെടുന്നു. അമോണിയം ആലം നിർമിക്കപ്പെടുന്നത്‌ അമോണിയം സള്‍ഫേറ്റിന്റെയും അലൂമിനിയം സള്‍ഫേറ്റിന്റെയും ജലീയലായനികള്‍ മിശ്രണം ചെയ്‌തു പരൽരൂപീകരണത്തിനു വിധേയമാക്കിയാണ്‌. അലൂമിനിയം സള്‍ഫേറ്റും സള്‍ഫൂരിക്‌ അമ്ലവും ചേർന്ന മിശ്രിതം അമോണിയയുമായി പ്രതിപ്രവർത്തിപ്പിച്ചും ഈ ആലം ഉണ്ടാക്കാം. ഇതിന്‌ നിറമില്ല; കടുത്ത ചവർപ്പുണ്ട്‌.

പൊട്ടാസിയം ആലം, അലൂനൈറ്റ്‌ (alunite) കാലിനൈറ്റ്‌ (kalinite) എന്നീ പ്രാകൃതിക ധാതുക്കളിൽനിന്നു ലഭ്യമാക്കാവുന്ന ഒന്നാണ്‌. സള്‍ഫൂരിക്‌ അമ്ലവും പൊട്ടാസിയം സള്‍ഫേറ്റുമായി അലൂമിനിയം ഓക്‌സൈഡിനെ പ്രതിപ്രവർത്തിപ്പിച്ചും ഈ ആലം ഉണ്ടാക്കാം. ഇത്‌ വെളുത്ത പരലുകളായി ലഭിക്കുന്നു. മധുരം കലർന്ന ചവർപ്പാണ്‌ ഇതിന്റെ രുചി.

ആലത്തില്‍നിന്ന്‌ ജലീയവിശ്ലേഷണംവഴി അലൂമിനിയം അയോണ്‍ ഉണ്ടാകും. പിന്നീട്‌ അലൂമിനിയം ഹൈഡ്രാക്‌സൈഡ്‌ ജെല്ലിയായി അവക്ഷേപിക്കും. കൂടാതെ ഹൈഡ്രജന്‍ അയോണുകളും ഉണ്ടാകും. ഈ മൂന്ന്‌ ഉത്‌പന്നങ്ങളുടെ ഗുണധര്‍മങ്ങളെ ആശ്രയിച്ചാണ്‌ ആലത്തിന്റെ ഉപയോഗങ്ങള്‍. അലൂമിനിയം ഹൈഡ്രാക്‌സൈഡ്‌ തുണിയില്‍ നിറം പിടിപ്പിക്കുന്നതിനു സഹായകമായ മോർഡെന്റ്‌ ആയി ഉപയോഗിക്കുന്നു. ജലത്തിൽ വിലയിച്ചു കിടക്കുന്നതും നിലംബിതമായി (suspended) കിടക്കുന്നതും ആയ മാലിന്യങ്ങളെ അലൂമിനിയം ഹൈഡ്രാക്‌സൈഡ്‌ അധിശോഷണം ചെയ്യുന്നു. ആകയാൽ ആലത്തിന്‌ ജലശുദ്ധീകരണ പ്രക്രിയയിൽ മുഖ്യമായ സ്ഥാനമുണ്ട്‌. കടലാസു നിർമാണത്തിൽ കടലാസിന്റെ ഭാരം കൂട്ടാനും ആലം ഉപയോഗിക്കുന്നു. തുണിത്തരങ്ങള്‍ അഗ്നിസഹമാക്കാനും (fire proof) ആലത്തിനു കഴിയും. ഹൈഡ്രജന്‍ അയോണുകള്‍ ലഭ്യമാക്കുന്നതുകൊണ്ട്‌ അമ്‌ളീയ-ആലം-ലായനികള്‍ അപ്പക്കാരത്തിൽനിന്ന്‌ കാര്‍ബണ്‍ഡൈഓക്‌സൈഡ്‌ മോചിപ്പിക്കും. ആകയാൽ മാവു പുളിപ്പിക്കാന്‍ ആലം ഉപയോഗിക്കപ്പെടുന്നു. ഇതേ രീതിയിൽ കാർബണ്‍ഡൈ ഓക്‌സൈഡ്‌ മോചിപ്പിച്ച്‌ തീ കെടുത്താനും ആലങ്ങള്‍ക്കു കഴിയും. ചർമരോഗങ്ങള്‍ക്കും അമിതമായ വിയർക്കൽ നിയന്ത്രിക്കാനും ചെറിയ മുറിവുകളിൽനിന്നുള്ള രക്തവാർച്ച തടയാനും ആലം നല്ലതാണ്‌. രസതന്ത്രത്തിൽ ങ (III) അയോണുകളുടെ സ്രോതസ്സായും ആലങ്ങള്‍ പ്രയോജനപ്പെടുന്നു.

(ജെ.വി. വിളനിലം; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍