This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആര്യഭട്ട

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആര്യഭട്ട

ആര്യഭട്ട

ഇന്ത്യവിക്ഷേപിച്ച ആദ്യത്തെ കൃത്രിമോപഗ്രഹം. 1975 ഏ. 19-ന്‌ ഇന്ത്യന്‍ സമയം ഉച്ചതിരിഞ്ഞ്‌ 1 മണിക്ക്‌ പഴയ സോവിയറ്റ്‌ യൂണിയനിൽ വോള്‍ഗാഗ്രാഡിനടുത്തുള്ള കപൂസ്‌നിന്‍യാർ കോസ്‌മോഡ്രാമിൽനിന്നും സോവിയറ്റ്‌ ഇന്റർകോസ്‌മോസ്‌ റോക്കറ്റ്‌ ഉപയോഗിച്ചാണ്‌ ഈ ഉപഗ്രഹം വിക്ഷേപിക്കപ്പെട്ടത്‌. മധ്യരേഖാതലത്തിന്‌ 50.7മ്പ ചരിവിൽ ഭൂമിയിൽനിന്നും, കുറഞ്ഞ ദൂരം 563 കി. മീറ്ററും കൂടിയദൂരം 619 കി. മീറ്ററുമായുള്ള ദീർഘവൃത്താകാരമായ ഭ്രമണപഥത്തിൽ ആര്യഭട്ട ഉദ്ദേശം 29 മിനിട്ടുകള്‍ക്കുള്ളിൽ എത്തിച്ചേർന്നു. ഇതിന്റെ ഭ്രമണകാലം (orbital period) 96.41 മിനിട്ട്‌ ആയതിനാൽ പ്രതിദിനം 15 പ്രാവശ്യത്തോളം ഭൂമിയെ പ്രദക്ഷിണം വയ്‌ക്കുന്നു. ആന്ധ്രപ്രദേശിലെ ശ്രീഹരിക്കോട്ടയിലേയും, മോസ്‌കോയ്‌ക്കടുത്തുള്ള ബേയേഴ്‌സ്‌ ലോക്കിലെയും ഗ്രൗണ്ട്‌ സ്റ്റേഷനുകള്‍ ഉപഗ്രഹവുമായി റേഡിയോബന്ധം പുലർത്തിയിരുന്നു. ഫ്രാന്‍സിലുള്ള മറ്റൊരു സ്റ്റേഷന്റെ സേവനവും ഇതോടൊപ്പംതന്നെ ലഭ്യമായിരുന്നു.

ഈ ബാഹ്യാകാശപേടകത്തിന്റെ ഭാരം ഉദ്ദേശം 360 കി. ഗ്രാം ആണ്‌. 26 പരന്ന വശങ്ങളും അഷ്‌ടകോണപരിച്ഛേദവും ഉള്ള സംരചനയാണ്‌ ഇതിന്റേത്‌. ഇതിന്റെ കുറുകെയുള്ള ദൈർഘ്യം 1.47 മീറ്ററും ഉയരും 1.19 മീറ്ററും ആകുന്നു. (പുറത്തേക്കു തള്ളിനില്‌ക്കുന്ന ആന്റിനകളെ കൂടാതെയുള്ള അളവുകളാണ്‌ ഇവ). അലൂമിനിയത്തിന്റെ പ്രത്യേകതരം കൂട്ടുലോഹംകൊണ്ടാണ്‌ ഇത്‌ നിർമിച്ചിരിക്കുന്നത്‌. ഉപഗ്രഹത്തിന്റെ ഉപരിതലത്തിൽ ഉദ്ദേശം 36,800 ച.സെ.മീ. ഭാഗത്ത്‌ സിലിക്കണ്‍-സോളാർ സെല്ലുകള്‍ ഘടിപ്പിച്ചിരിക്കുന്നു. ഇവയും ഉപഗ്രഹത്തിനുള്ളിലെ നിക്കൽ-കാഡ്‌മിയം സ്റ്റോറേജ്‌ ബാറ്ററികളും കൂടിച്ചേർന്ന്‌ മറ്റുപകരണങ്ങള്‍ക്കാവശ്യമുള്ള 46 വാട്ട്‌ വൈദ്യുതി ഉത്‌പാദിപ്പിച്ചു.

ഇലക്‌ട്രാണികോപകരണങ്ങളുടെ കാര്യക്ഷമമായ പ്രവർത്തനത്തിന്‌ താപനില നിയന്ത്രിക്കേണ്ടത്‌ അത്യന്താപേക്ഷിതമാണ്‌. ഇതിനുവേണ്ടി ഉപയോഗിച്ചിരുന്ന അനുയോജ്യമായ പെയിന്റുകള്‍കൊണ്ടുള്ള ഒരു ജഡ (passive) താപനിയന്ത്രണസംവിധാനമാണ്‌ ആര്യഭട്ടയുടെ ഉപരിതലോഷ്‌മാവ്‌-70മ്പ ഇ-നും + 125മ്പ ഇ-നും ഇടയ്‌ക്കും ആന്തരോഷ്‌മാവ്‌ 0മ്പ ഇ-നും + 40മ്പ ഇ-നും ഇടയ്‌ക്കും നിലനിർത്തിയിരുന്നത്‌. ബാംഗ്ലൂരിനടുത്ത്‌ പീനിയയിൽ സ്ഥാപിതമായ (1972) ഇന്ത്യന്‍ ശാസ്‌ത്രീയോപഗ്രഹപദ്ധതി (Indian Scientific Satellite Project) ആണ്‌ ഈ ഉപഗ്രഹം സംവിധാനം ചെയ്‌തത്‌. ഇതിനുവേണ്ട "ഫ്‌ളൈറ്റ്‌ മോഡൽ' തയ്യാറാക്കാന്‍ 26 മാസത്തെ ശ്രമം വേണ്ടിവന്നു. ഇന്ത്യന്‍ ബാഹ്യാകാശ ഗവേഷണസംഘടനയും (ISRO) സോവിയറ്റ്‌ സയന്‍സ്‌ അക്കാദമിയും തമ്മിൽ 1972 മേയ്‌ 10-ന്‌ ഉണ്ടാക്കിയ കരാറനുസരിച്ചാണ്‌ യു.എസ്‌.എസ്‌. ആർ. ഈ വിക്ഷേപണത്തിൽ സഹകരിച്ചത്‌. മൊത്തം ഇതിന്‌ 4.3 കോടി രൂപ ചെലവായി.

ആര്യഭട്ടയിലെ സാങ്കേതിക-ഉപസംവിധാനങ്ങള്‍ (Technical Support Sub-systems) പ്രധാനമായും ടെലിമെട്രി, ടെലികമാന്റ്‌, ദിശാനിർണയനം (Altitude Sensing), താപമാപനം എന്നിവയ്‌ക്കുള്ള ഉപകരണങ്ങള്‍, സ്‌പിന്‍-അപ്‌ സജ്ജീകരണങ്ങള്‍, ഊർജവിതരണം (power supply) എന്നിവയാണ്‌. ലഭ്യമായ വിവരങ്ങള്‍ പി.സി.എം. (pulse code modulation) സങ്കതേത്തിലൂടെ 137.44 MHz-ൽ പ്രവർത്തിക്കുന്ന പ്രക്ഷപിണി മുഖേന ഭൂമിയിലേക്കയയ്‌ക്കുന്നു. ഗ്രൗണ്ട്‌സ്റ്റേഷനുകള്‍ക്ക്‌ ഉപഗ്രഹവുമായി റേഡിയോസമ്പർക്കം ഉണ്ടാകുമ്പോള്‍ ടെലികമാന്റുവഴി നിർദേശങ്ങളയച്ച്‌ ഉപഗ്രഹത്തിലെ ടേപ്‌റെക്കാഡറിൽ രേഖപ്പെടുത്തിയിരിക്കുന്ന വിവരങ്ങള്‍ ഭൂമിയിലേക്കു പ്രഷണം ചെയ്യപ്പെടുന്നു. ആര്യഭട്ടയിലുപയോഗിച്ച ഡിജിറ്റൽ ടെലികമാന്റ്‌ സംവിധാനത്തിന്‌ ഒരേ സമയം വെണ്ണേറെയുള്ള 35 നിർദേശങ്ങള്‍ കൈകാര്യം ചെയ്യാന്‍ കഴിയും.

ഉപഗ്രഹത്തിനുണ്ടാകാവുന്ന അക്ഷഭ്രംശം ഒഴിവാക്കുന്നതിനും ഉപഗ്രഹത്തിന്റെ അക്ഷത്തിന്‌ ദിശാസ്ഥായിത്വം (stabilization) നല്‌കുന്നതിനുംവേണ്ടി അതിനെ മിനിട്ടിൽ 90 മുതൽ 15 വരെ തവണവച്ച്‌ അതിന്റെ അച്ചുതണ്ടിൽ കറക്കേണ്ടിയിരിക്കുന്നു. ആറ്‌ ടൈറ്റാനിയം കുപ്പികളിൽ 220 അന്തരീക്ഷമർദത്തിൽ നിറച്ചിട്ടുള്ള നൈട്രജന്‍വാതകം നിർദേശാനുസരണം നോസിലുകളിൽകൂടി പുറത്തേക്കു വിട്ടാണ്‌ ഇതു സാധിക്കുന്നത്‌. ആരംഭത്തിൽ രണ്ടു കുപ്പികളിലെ വാതകം പുറത്തേക്കു വിടും. ക്രമേണ സ്‌പിന്‍റേറ്റ്‌ കുറഞ്ഞ്‌ ചക്രണം 15 മിനിട്ട്‌ ആകുമ്പോള്‍ അടുത്ത കുപ്പി തുറക്കുന്നു. ആറു കുപ്പികളിലേയും വാതകം ഉപയോഗിക്കപ്പെട്ടുകഴിഞ്ഞാൽ, സ്‌പിന്‍-റേറ്റ്‌ കുറയുന്നതോടെ ഉപഗ്രഹാക്ഷത്തിന്റെ ദിശാസ്ഥായിത്വം നഷ്‌ടപ്പെടുന്നു. ഇതിനുശേഷം ഉപഗ്രഹാക്ഷം മുമ്പു ചെയ്‌തിരുന്നതുപോലെ ഒരു നിശ്ചിതദിശയിൽ സ്ഥിരമായിരിക്കുകയില്ല.

ഭൗമകാന്തമണ്ഡലത്തെക്കുറിച്ച്‌ മാഗ്നറ്റോമീറ്ററുകള്‍ തരുന്ന വിവരങ്ങളും, സോളാർ സെന്‍സറുകളിൽനിന്നും ലഭ്യമാകുന്ന ഉപഗ്രഹാക്ഷവും സൂര്യനും ആയുള്ള കോണുകളും ബന്ധിപ്പിച്ച്‌ ഉപഗ്രഹാക്ഷത്തിന്റെ ദിശ നിർണയിക്കുന്നു. സോളാർ സെല്ലുകള്‍ ഉറപ്പിച്ചിട്ടുള്ള പാനലുകള്‍, നിക്കൽ-കാഡ്‌മിയം ബാറ്ററി, ടേപ്‌റെക്കോഡർ, സ്‌പിന്‍-അപ്‌ സജ്ജീകരണം എന്നിവ സോവിയറ്റ്‌ യൂണിയനിൽനിന്നും ലഭിച്ചവയാണ്‌; ബാക്കി ഇന്ത്യയിൽത്തന്നെ നിർമിച്ചവയും.

ആര്യഭട്ടയിൽ മൂന്നു ശാസ്‌ത്രീയപരീക്ഷണങ്ങള്‍ക്കുള്ള സജ്ജീകരണങ്ങളുണ്ടായിരുന്നു: (1) ബാഹ്യാകാശത്തുനിന്നുള്ള എക്‌സ്‌റേ വികരിണത്തെക്കുറിച്ച്‌ പഠിക്കാന്‍ വേണ്ടി ഇന്ത്യന്‍ ശാസ്‌ത്രീയോപഗ്രഹപദ്ധതിയിൽ നിർമിച്ച എക്‌സ്‌റേ അസ്‌ട്രാണമി പേലോഡ്‌; (2) സൂര്യനിൽനിന്നു വരുന്ന ന്യൂട്രാണുകളെയും ഗാമാ രശ്‌മികളെയും നിരീക്ഷിക്കാനായി മുംബൈയിലെ ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഒഫ്‌ ഫണ്ടമെന്റൽ റിസേർച്ച്‌ സജ്ജമാക്കിയ ന്യൂട്രാണ്‍-ഗാമാ പേലോഡ്‌; (3) അയോണോസ്‌ഫിയറിലെ പ്രക്രിയകളെക്കുറിച്ച്‌ പഠനം നടത്താനായി അഹമ്മദാബാദിലെ ഫിസിക്കൽ റിസേർച്ച്‌ ലാബറട്ടറി തയ്യാറാക്കിയ എയ്‌റോണമി പേലോഡ്‌. ഉപഗ്രഹവിക്ഷേപണത്തിൽ വിജയിച്ച പതിനൊന്നാമത്തെ രാഷ്‌ട്രമായി ആര്യഭട്ടമൂലം ഇന്ത്യ ഉയർന്നു. ആര്യഭടന്‍ എന്ന പ്രസിദ്ധ ഭാരതീയ ജ്യോതിഃശാസ്‌ത്രജ്ഞന്റെ സ്‌മരണയ്‌ക്കുവേണ്ടിയാണ്‌ ഇതിന്‌ ഈ പേരു നല്‌കിയത്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍