This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആര്യഭടീയം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആര്യഭടീയം

ആര്യഭടീയം - പുറംചട്ട

ഭാരതീയജ്യോതിഃശാസ്‌ത്രത്തിന്റെ ഗണിതശാഖയിൽപ്പെട്ട പ്രാചീന പ്രമാണഗ്രന്ഥം. കലിവർഷം 3600-ൽ, അതായത്‌ എ.ഡി. 499-ൽ കുസുമപുരത്തു (പാട്‌ന) താമസിച്ചിരുന്ന ആര്യഭടന്‍ തന്റെ 23-ാമത്തെ വയസ്സിൽ രചിച്ച കൃതിയാണ്‌ ഇത്‌. പാണിനീയസൂത്രങ്ങള്‍ പോലെ അല്‌പാക്ഷരങ്ങളും അർഥപരിപുഷ്‌ടങ്ങളുമായ 121 ഗീതിവൃത്തനിബദ്ധങ്ങളായ പദ്യങ്ങളാണ്‌ ഇതിലുള്ളത്‌. ഈ ഗ്രന്ഥം ഗീതിക, ഗണിതം, കാലക്രിയ, ഗോളം എന്നിങ്ങനെ നാല്‌ പാദങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു.

ഗീതികാപാദം കൂട്ടത്തിൽവച്ച്‌ ഏറ്റവും ചെറുതാണ്‌. മൊത്തം 13 പദ്യങ്ങളെ ഇതിൽ ഉള്ളൂ. പക്ഷേ, ഇതിൽ ഒട്ടുവളരെ സാമഗ്രികള്‍ അടക്കംചെയ്യപ്പെട്ടിട്ടുണ്ട്‌. ഗണിതം മുതലായ മറ്റു മൂന്നു പാദങ്ങള്‍ക്കും ആവശ്യമായ ഉപകരണങ്ങളുടെ-ഗ്രഹ-യുഗ-ഭഗണങ്ങള്‍ മുതലായവയുടെ-സംഖ്യാനിർദേശങ്ങള്‍ ഇതിലുണ്ട്‌. സംഖ്യാസങ്കേതത്തെ സംബന്ധിച്ചിടത്തോളം പഴയ "ഭൂതസംഖ്യ'യിൽ നിന്നും "കടപയാദി'യിൽ നിന്നും വ്യത്യസ്‌തവും രസാവഹവുമായ ഒരു പുതിയ രീതിയാണ്‌ ഇതിലുള്ളത്‌. ഈ പദ്ധതിയിൽ വ്യഞ്‌ജനങ്ങള്‍ നിസർഗസംഖ്യകളെ കുറിക്കുവാനും സ്വരങ്ങള്‍ പൂജ്യത്തിന്റെ എച്ചം സൂചിപ്പിക്കുവാനും ഉപയോഗിക്കപ്പെടുന്നു. ഉദാ. "ഖ്യുഘൃ' എന്ന ശബ്‌ദം 43,20,000 എന്ന സംഖ്യയെ പ്രതിനിധാനം ചെയ്യുന്നു. ഖ്യുഘൃ എന്നതിലെ ഖ എന്നത്‌ 2 ആണ്‌; യ എന്നത്‌ 30-ഉം. രണ്ടക്ഷരങ്ങളും ചേർത്തിട്ടാണല്ലോ എഴുതിയിട്ടുള്ളത്‌. ഇനി ഖ്യു എന്നതിൽ ഉ എന്ന സ്വരമുണ്ട്‌. അതിന്‌ 10,000 എന്നാണ്‌ അർഥം (ഉ അഞ്ചാമത്തെ സ്വരമാണ്‌). ഇടത്തുനിന്നും വലത്തോട്ടാണ്‌ സംഖ്യ എഴുതുന്നത്‌. അപ്പോള്‍ ഖ്യു എന്ന ഒരക്ഷരത്തിന്‌ 3,20,000 എന്ന അർഥമായി. ഘൃ എന്ന അക്ഷരത്തിലെ ഘ എന്നതിന്‌ 4 എന്നും ഋ എന്ന സ്വരത്തിന്‌ (ഏഴാമത്തെ സ്വരം) 10,00,000 എന്നുമാണ്‌ അർഥങ്ങള്‍. അപ്പോള്‍ ഘൃ എന്നത്‌ 40,00,000 ആയി. അതുകൊണ്ട്‌ ഖ്യുഘൃ 43,20,000 എന്നാണ്‌. ഇത്‌ കൗതുകകരമായ ഒരു രീതിയാണെങ്കിലും അക്ഷരങ്ങളിൽ അനവധാനതകൊണ്ട്‌ അല്‌പം പിശകുവന്നാൽ സംഖ്യയിൽ വലിയ വ്യത്യാസം വരും. അങ്ങനെ ചില ദോഷങ്ങളുണ്ടെങ്കിൽകൂടി ആര്യഭടീയത്തിലെ ഈ രീതിക്ക്‌ അതിന്റേതായ ചില സൗകര്യങ്ങളുണ്ട്‌. ഗണിതപാദത്തിൽ 33 പദ്യങ്ങളുണ്ട്‌. ഇതിൽ സാമാന്യഗണിതവും ജ്യോതിഃശാസ്‌ത്രപഠനത്തിന്‌ പ്രത്യേകം പ്രയോജനപ്പെടുന്നവയുമായ അനവധി ഗണിതവിഷയങ്ങളും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്‌. സാമാന്യഗണിതത്തിലെ സങ്കലനം, വ്യവകലനം, ഗുണനം, ഹരണം ഇവ നാലും വിട്ടിട്ട്‌ വർഗം മുതലാണ്‌ കണക്കുകള്‍ ആരംഭിച്ചിരിക്കുന്നത്‌. കൂട്ടാനും കുറയ്‌ക്കാനും മറ്റുമുള്ള കണക്കുകള്‍ പ്രസിദ്ധങ്ങളായതുകൊണ്ട്‌ ഉപേക്ഷിച്ചതായിരിക്കണം. വർഗം, ഘനം, വർഗമൂലം, ഘനമൂലം, ത്രിഭുജ-ചതുർഭുജ-ഷഡശ്ര-വൃത്ത-ഘനഗോളാദികളുടെ ക്ഷേത്രഫലം, വൃത്തപരിധിയുടെ 1/6 ഭാഗം വരുന്ന ജ്യാവ്‌ വ്യാസാർധതുല്യമാണെന്നുള്ളതിന്റെ യുക്തി, പരിധി-വ്യാസങ്ങളുടെ സംബന്ധം, അർധജ്യാനയനം, ഛായാഗണിതം (shadow calculation), വർഗചിതിഘനം (വർഗങ്ങളുടെ ആകെത്തുക), ശ്രഢി (progression), ത്രരാശികം (The rule of three), മൂലഫലം (പലിശ), കുട്ടാകാരം (Indeterminate equation) എന്നിവയെ സംബന്ധിച്ച്‌ ഈ പാദത്തിൽ മുഖ്യമായി പ്രതിപാദിച്ചിരിക്കുന്നു.

25 ശ്ലോകങ്ങളുള്ള ഒന്നാണ്‌ കാലക്രിയാപാദം, ഈ പ്രകരണത്തിൽ കാലവിഭാഗം (വർഷം, മാസം മുതലായവ), ക്ഷേത്രവിഭാഗം (രാശി, ഭാഗ മുതലായവ), ഉച്ചനീചവൃത്തങ്ങളുടെ യുഗപരിവർത്തനം, ഗുരുവർഷം, സൗരവർഷം, ചന്ദ്രമാസം, നക്ഷത്രമാസം, അധിമാസം, ഗ്രഹങ്ങളുടെ ഗതിസാമ്യം, ഗതിഭേദം, കക്ഷ്യാക്രമം, കാലഹോര എന്നിവയാണ്‌ പ്രധാനപ്രമേയങ്ങള്‍. ഗ്രന്ഥരചനാകാലവും കാലക്രിയയിൽ ഉള്‍പ്പെടുത്തിയിരിക്കുന്നു. ആര്യഭടീയത്തിലെ ചതുർഥപാദമാണ്‌ 50 ശ്ലോകങ്ങളുള്ള ഗോളപാദം. ഇതിൽ അപക്രമമണ്ഡലത്തിന്റെയും വിക്ഷേപണമണ്ഡലത്തിന്റെയും സ്ഥാനങ്ങള്‍, ആ മണ്ഡലങ്ങളിൽക്കൂടിയുള്ള ഗ്രഹപാതാദിസഞ്ചാരങ്ങള്‍, ഗ്രഹമൗഢ്യകാരണം, ഭൂഗോളത്തിന്റെയും ചന്ദ്രാദിഗോളങ്ങളുടെയും പ്രകാശനത്തിനുള്ള ഹേതു, ഭൂഗോളത്തിന്റെ സ്ഥാനനിർണയം, ഭൂമിയുടെ വൃദ്ധിക്ഷയകാലങ്ങള്‍; നക്ഷത്രഭ്രമണകാരണം, ദേവന്മാരുടെയും പിതൃക്കളുടെയും ദിനരാത്രിനിർണയം, ത്രിജ്യാനയനം (അഹോരാത്രവൃത്തത്തിന്റെ വ്യാസാർധം കണ്ടുപിടിക്കാനുള്ള വഴി) ദിനരാത്രികള്‍ കൂടിയും കുറഞ്ഞും വരുന്നതിന്റെ കാരണം, ഗ്രഹണയുക്തി മുതലായവയാണ്‌ പ്രതിപാദിക്കപ്പെട്ടിട്ടുള്ളത്‌. തോണിയിലിരുന്നുകൊണ്ട്‌ നദിയിൽക്കൂടി കിഴക്കോട്ടു സഞ്ചരിക്കുന്ന ഒരാളിന്‌ തീരസ്ഥങ്ങളായ മരങ്ങളും മറ്റും പടിഞ്ഞാറോട്ടുപോകുന്നതായി തോന്നുന്നതുപോലെയാണ്‌, നിശ്ചിത അച്ചുതണ്ടിനെ ആധാരമാക്കി സ്വയം കറങ്ങിക്കൊണ്ടിരിക്കുന്ന ഭൂമിയിൽ സ്ഥിതിചെയ്യുന്ന നമുക്ക്‌ നക്ഷത്രങ്ങള്‍ സഞ്ചരിക്കുന്നതായി തോന്നുന്നതെന്ന്‌ ആര്യഭടന്‍ ഗോളപദത്തിൽ സമർഥിച്ചിട്ടുണ്ട്‌. ആരംഭത്തിലെ മംഗളവും അവസാനത്തെ ഫലശ്രുതിയും കണക്കിലെടുത്തുകൊണ്ട്‌ ഗീതികാപാദത്തെ ആര്യഭടീയത്തിന്റെ പൂർവഭാഗമെന്നും വിഷയപ്രാധാന്യമനുസരിച്ച്‌ ഗണിതാദികളായ മൂന്നു പാദങ്ങളെ ഉത്തരഭാഗമെന്നും കല്‌പിച്ചിരിക്കുന്നു. ഗണിതപാദാരംഭത്തിലും പ്രത്യേക മംഗളാചരണം കാണപ്പെടുന്നുണ്ട്‌. ഒരേ പ്രബന്ധത്തിന്റെ തന്നെ ആദിയിലും മധ്യത്തിലും അവസാനത്തിലും മഗംളാചരണം വിഹിതമായിട്ടുമുണ്ട്‌. എന്നാലും ആര്യഭടീയം നാലു പാദങ്ങളോടുകൂടിയ ഒരേയൊരു പ്രബന്ധം തന്നെയാണ്‌. പൂർവഭാഗമായ ഗീതികാപാദത്തിന്‌ ദശഗീതികാസൂത്രം എന്നും പ്രസിദ്ധിയുണ്ട്‌. ആര്യഭടീയത്തിന്റെ വ്യാഖ്യാനങ്ങളിൽ നീലകണ്‌ഠസോമയാജി(കേളല്ലൂർ ചോമാതിരി)യുടെ ഭാഷ്യം പ്രധാനസ്ഥാനം വഹിക്കുന്നു. പാണിനീയത്തിനു പതഞ്‌ജലിയുടെ മഹാഭാഷ്യം പോലെതന്നെയാണ്‌ ആര്യഭടീയത്തിന്‌ ഈ മഹത്തായ വ്യാഖ്യാനം. ദൃഗ്ഗണിതകർത്താവായ ശ്രീപരമേശ്വരന്റെ ഭടദീപിക എന്ന വ്യാഖ്യാനവും പ്രസിദ്ധമാണ്‌. സൂര്യദേവന്‍, ഗോവിന്ദസ്വാമി എന്നീ പണ്ഡിതന്മാരും ആര്യഭടീയത്തിന്‌ വ്യാഖ്യാനങ്ങളെഴുതിയിട്ടുണ്ട്‌. എല്ലാ വ്യാഖ്യാതാക്കളും കേരളീയർതന്നെയാണ്‌. സോമയാജിയുടെ ഭാഷ്യാരംഭത്തിലുള്ള "അശ്‌മകജനപദജാത ആര്യഭടാചാര്യഃ' എന്ന പ്രസ്‌താവനയുടെ വെളിച്ചത്തിൽ, ആര്യഭടനും കേരളീയനായിരിക്കാനിടയുണ്ടെന്നു ഗവേഷകന്മാർ അഭിപ്രയാപ്പെടുന്നുണ്ട്‌. അശ്‌മകം എന്ന സ്ഥലത്താണ്‌ ആര്യഭടന്‍ ജനിച്ചത്‌. ഗ്രന്ഥരചന കുസുമപുരം (പാടലീപുത്രം) എന്ന സ്ഥലത്തുവച്ചാണെന്നു ഗ്രന്ഥകാരന്‍ തന്നെ പറഞ്ഞിട്ടുണ്ട്‌. കേരളത്തിൽ ജനിച്ചുവളർന്ന്‌ ചെറുപ്പത്തിലെ മഹാപണ്ഡിതനായിത്തീർന്ന ആര്യഭടന്‍ സ്വയംഭുവസിദ്ധാന്തത്തിൽ (ബ്രഹ്മസിദ്ധാന്തത്തിൽ) അദ്വിതീയനായിത്തീരുകയും ആ സിദ്ധാന്തത്തെ അങ്ങേയറ്റം ആദരിച്ചുപോന്ന ഗുപ്‌തരാജാക്കന്മാരുടെ അനുഗ്രഹത്തിനുപാത്രപമാവുകയും അവരുടെ അഭിലാഷമനുസരിച്ച്‌ ബ്രഹ്മസിദ്ധാന്താനുസാരിയായ ആര്യഭടീയം നിർമിക്കുകയും ചെയ്‌തതായിരിക്കണം എന്ന്‌ ചിലർ വാദിക്കുന്നു.

ആര്യഭടീയത്തിന്‌ രണ്ടു പ്രസിദ്ധ ഇംഗ്ലീഷ്‌ പരിഭാഷകളുണ്ട്‌. പ്രബന്ധചന്ദ്ര സെന്‍ഗുപ്‌ത(1927, കല്‌ക്കത്ത)യുടെയും ഡബ്ല്യു. ഇ. ക്ലാർക്കിന്റെയും (1930, ഷിക്കാഗോ). ദക്ഷിണഭാരതത്തിൽ പ്രചാരത്തിലിരിക്കുന്ന പഞ്ചാംഗം ആര്യഭടീയത്തെ ആധാരമാക്കിയാണ്‌ തയ്യാറാക്കിവരുന്നത്‌. നോ: ആര്യഭടന്‍ (476-?) (പ്രാഫ. എസ്‌. കെ. പെരിനാട്‌)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍