This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആര്യഭടന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആര്യഭടന്‍

ആര്യഭടന്‍

പ്രാചീനഭാരതത്തിലെ ഏറ്റവും വലിയ ജ്യോതിഃശാസ്‌ത്രജ്ഞന്‍. എ.ഡി. 476-ൽ അശ്‌മകം എന്ന സ്ഥലത്തു ജനിച്ചു. അശ്‌മകം കേരളത്തിലെ കൊടുങ്ങല്ലൂരാണെന്നു ചിലർ കരുതുന്നു. ജീവിതകാലം കഴിച്ചു കൂട്ടിയത്‌ കുസുമപുരത്ത്‌ (പാറ്റ്‌ന) ആയിരുന്നു. എ.ഡി. 499-ൽ ഇദ്ദേഹം ആര്യഭടീയം എന്ന ജ്യോതിഃശാസ്‌ത്രഗ്രന്ഥം രചിച്ചു. കുസുമപുരത്തുവച്ചാണ്‌ ഈ ഗ്രന്ഥം എഴുതിയതെന്ന്‌ വിശ്വസിക്കപ്പെടുന്നു.

ജ്യോതിശാസ്‌ത്രത്തിന്റെ സൈദ്ധാന്തികരംഗത്താണ്‌ സമകാലികരായ യവനപണ്ഡിതന്മാർ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്‌. ആര്യഭടനാകട്ടെ സൈദ്ധാന്തികരംഗത്തും പ്രായോഗികരംഗത്തും ഒരുപോലെ പ്രഗല്‌ഭനായിരുന്നു. ഇന്ത്യയിൽ ജ്യോതിഃശാസ്‌ത്രം വളർച്ചയെത്തിയിരുന്ന കാലമായിരുന്നു അത്‌. അന്ന്‌ ജ്യോതിഃശാസ്‌ത്രത്തിന്റെ വികാസത്തിനുവേണ്ടി ഗണിതശാസ്‌ത്രത്തിനും ആചാര്യന്മാർ പ്രാധാന്യം നല്‌കിയിരുന്നു. അക്കങ്ങള്‍ എഴുതുന്നതിന്‌ സ്ഥാനക്രമസമ്പ്രദായം കണ്ടുപിടിച്ചത്‌ ആര്യഭടനാണെന്ന്‌ അഭിപ്രായമുണ്ട്‌. ബീജഗണിത(Algebra)ത്തിലെ പല നിയമങ്ങള്‍ക്കും ഇദ്ദേഹം രൂപം നല്‌കി. 1 മുതൽ 9 വരെയുള്ള അക്കങ്ങളും പൂജ്യവും ഇദ്ദേഹം ഉപയോഗപ്പെടുത്തിയിരുന്നു. പൂജ്യസംജ്ഞയ്‌ക്കുപകരം ബിന്ദുവാണ്‌ ഉപയോഗപ്പെടുത്തിയത്‌. വർഗമൂലവും ഘനമൂലവും (square root and cube root) നിർണയിക്കാനുള്ള മാർഗം ഇദ്ദേഹത്തിനു വശമായിരുന്നു. ദ്വിഘാതസമവാക്യങ്ങള്‍ (second degree equations) നിർധാരണം ചെയ്യുന്നതിലും ജ്യാമിതി(Geometry)യിലും ജ്യോതിഃശാസ്‌ത്രത്തിലും ബീജഗണിതം പ്രയോഗിക്കുന്നതിലും ഇദ്ദേഹം ആധുനികഗണിതശാസ്‌ത്രജ്ഞന്മാർക്ക്‌ മാർഗദർശിയാണ്‌.

അങ്കഗണിതത്തിലെ നിയമങ്ങള്‍, ആദ്യത്തെ 'n' നിസർഗസംഖ്യ(natural numbers)കെളുടേയും അവയുടെ വർഗങ്ങളുടേയും ഘനങ്ങളുടേയും ആകെത്തുക നിർണയിക്കുവാനുള്ള വാക്യങ്ങള്‍, ത്രികോണമിതിയിലെ "സൈന്‍' (ശെില) പട്ടിക തയ്യാറാക്കുവാനുള്ള സമ്പ്രദായം തുടങ്ങിയവ ഇദ്ദേഹത്തിന്റെ സംഭാവനകളാണ്‌. "പൈ' () യുടെ ഏകദേശമൂല്യം 62,832/20,000 (= 3.1416) ആണെന്ന്‌ ഇദ്ദേഹം കണ്ടുപിടിച്ചു.

നക്ഷത്രമണ്ഡലം ഒന്നാകെ തിരിയുന്നതായി തോന്നുന്നത്‌ ഭൂമി സ്വയം തിരിയുന്നതിനാലാണ്‌ എന്ന്‌ ഇദ്ദേഹം ആര്യഭടീയത്തിൽ പ്രസ്‌താവിച്ചിട്ടുണ്ട്‌. നദിയിലൂടെ തോണിയിൽ സഞ്ചരിക്കുന്ന ആളിന്‌, കരയിലുള്ള മരങ്ങളും മറ്റും പിന്നോട്ട്‌ ഓടുന്നതായി തോന്നുന്നതിനോടാണ്‌ അദ്ദേഹം അതിനെ ഉപമിച്ചിരിക്കുന്നുത്‌. സൂര്യചന്ദ്രഗ്രഹണങ്ങള്‍ നിർണയിക്കാനുള്ള ഉപായം അദ്ദേഹത്തിനു വശമായിരുന്നു. സൂര്യന്റെയും ചന്ദ്രന്റെയും കോണീയ വലുപ്പവും പരിക്രമണ വേഗവും ഉപയോഗിച്ചുള്ള ഗണിത നിർധാരണമാണ്‌ ഇതിനദ്ദേഹം ഉപയോഗിക്കുന്നത്‌. ഭൂഗോളത്തിന്റെ ചുറ്റളവ്‌ 25,080 മൈൽ ആണെന്ന്‌ ഇദ്ദേഹം കണക്കാക്കിയിരുന്നു.

ദശഗീതികാസൂത്രം, ആര്യാഷ്‌ടശതം, കാലക്രിയാഗോളം എന്നീ ഗ്രന്ഥങ്ങളുടെ രചയിതാവും ആര്യഭടന്‍തന്നെയാണെന്നു കരുതപ്പെടുന്നു. അദ്ദേഹം 23-ാം വയസ്സിലാണ്‌ ഗ്രന്ഥനിർമാണം ആരംഭിച്ചത്‌. എത്ര വയസ്സുവരെ ജീവിച്ചിരുന്നു എന്നതിന്‌ മതിയായ തെളിവുകള്‍ ലഭിച്ചിട്ടില്ല.

ഇദ്ദേഹത്തിന്റെ പേര്‌ ആര്യഭട്ടന്‍ എന്നാണെന്ന്‌ ചില പണ്ഡിതന്മാർ വാദിക്കുന്നു; "ഭട്ട്‌' ശബ്‌ദത്തിന്‌ ബ്രാഹ്മണന്‍, പണ്ഡിതന്‍, യജമാനന്‍ എന്നീ അർഥങ്ങളുള്ളതിനാലും, ചില യൂറോപ്യന്‍ നിഘണ്ടുകാരന്മാർ ലിപ്യന്തരണത്തിൽ "ട'യ്‌ക്ക്‌ ദിത്വം (tt) വേരുത്തിക്കാണുന്നതിനാലും വന്നുകൂടിയ ഒരു രൂപാന്തരമായി മാത്രമേ ഇതിനെ കരുതാറുള്ളൂ. ആര്യഭടീയം ജ്യോതിഷത്തോട്‌ പ്രദർശിപ്പിച്ച അവഗണനയും ഗ്രഹണത്തിനുനൽകിയ ശാസ്‌ത്രീയ വിശദീകരണങ്ങളുമാകാം, ഒരുപക്ഷെ, ഇദ്ദേഹം വടക്കെ ഇന്ത്യയിൽ (ആര്യാവർത്തം) തിരസ്‌ക്കരിക്കപ്പെടാന്‍ കാരണം. ആര്യഭടന്‌ പിന്‍ഗാമികളായി മികച്ച ജോതിശാസ്‌ത്രജ്ഞരുണ്ടായത്‌ കേരളത്തിൽ മാത്രമാണ്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍