This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആന്‍ഥ്രസീന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആന്‍ഥ്രസീന്‍

Anthracene

മൂന്നു സംഘനിത-ബെന്‍സീന്‍-വലയങ്ങള്‍ (condensed benzene) ഉള്ള ആരൊമാറ്റിക ഹൈഡ്രൊകാര്‍ബണ്‍. ഫോര്‍മുല, C14H10. അനേകം ചായങ്ങളുടെ ആധാരവസ്തുവാകയാല്‍ ഇതിനു വ്യാവസായികപ്രാധാന്യം ഉണ്ട്. കോള്‍ടാര്‍ ആണ് ഇതിന്റെ മുഖ്യമായ പ്രഭവസ്ഥാനം. അതില്‍ ആന്‍ഥ്രസീന്‍ 0.25-0.45 ശതമാനത്തോളം ഉണ്ടായിരിക്കും. 1832-ല്‍ ആണ് ഡൂമാസ്, ലാറന്റ് എന്നീ ശാസ്ത്രജ്ഞന്മാര്‍ കോള്‍ടാറില്‍നിന്ന് ഈ ഹൈഡ്രൊകാര്‍ബണ്‍ ആദ്യമായി വേര്‍തിരിച്ചെടുത്തത്. കല്‍ക്കരി എന്ന് അര്‍ഥമുള്ള ആന്‍ഥ്രാക്സ് എന്ന ഗ്രീക്കുപദത്തില്‍നിന്നാണ് ആന്‍ഥ്രസീന്‍ എന്ന വാക്ക് വ്യുത്പാദിപ്പിച്ചിട്ടുള്ളത്. കോള്‍ടാര്‍ സ്വേദനം ചെയ്യപ്പെടുമ്പോള്‍ 270°C-നും 360°C-നും ഇടയ്ക്കു വേര്‍തിരിയുന്ന ഉപോത്പന്നഘടകത്തിന് ഗ്രീന്‍ ഓയില്‍ അഥവാ ആന്‍ഥ്രസീന്‍ ഓയില്‍ എന്നു പേര്‍ പറയുന്നു. ഫിനാന്‍ഥ്രീന്‍, കാര്‍ബസോള്‍ എന്നിങ്ങനെ മറ്റു പല പദാര്‍ഥങ്ങളും ഈ ഘടകത്തില്‍ ഉണ്ടായിരിക്കും. തൈലപ്രായമായ ഇതില്‍നിന്നു സാവധാനത്തില്‍ വേര്‍തിരിഞ്ഞു വരുന്നു അസംസ്കൃത പിണ്ഡം ആന്‍ഥ്രസീന്‍ കേക്കുകള്‍ അരിച്ചെടുക്കുന്നതാണ്. ഇവയില്‍ 20 ശ.മാ. ആന്‍ഥ്രസീന്‍ ഉണ്ടായിരിക്കും. കേക്കുകളെ ലൈറ്റ് ഓയിലില്‍ നിക്ഷേപിച്ച് 90°C-ല്‍ തീവ്രമായി ഇളക്കിക്കൊണ്ടിരുന്നാല്‍ ചില അപദ്രവ്യങ്ങള്‍ അലിയുകയും അവശേഷിക്കുന്ന കേക്കില്‍ 35 ശ.മാ. ആന്‍ഥ്രസീന്‍ ഉണ്ടായിരിക്കയും ചെയ്യും. പിന്നീട് 100°C വരെ തപിപ്പിച്ചശേഷം അപകേന്ദ്രണയന്ത്രം (centrifuge) ഉപയോഗിച്ച് ആന്‍ഥ്രസീന്‍ വേര്‍തിരിച്ചെടുക്കുന്നു. അങ്ങനെ ലഭിക്കുന്ന ഖരവസ്തുവില്‍ 50 ശതമാനത്തോളം പ്രസ്തുത ഹൈഡ്രൊകാര്‍ബണ്‍ ഉണ്ടാകും. അത് നല്ലപോലെ പൊടിച്ച് സോള്‍വെന്റ് നാഫ്ഥ ഉപയോഗിച്ചു കഴുകി ഫിനാന്‍ഥ്രിനും പിന്നീട് പിരിഡീന്‍ കൊണ്ടു കഴുകി കാര്‍ബസോളും കളയുന്നു. അവശിഷ്ടത്തെ ഉത്പതനവിധേയമാക്കി ശുദ്ധമായ ആന്‍ഥ്രസീന്‍ ലഭ്യമാക്കുന്നു.

ഉദ്ഗ്രഥനംവഴി ആന്‍ഥ്രസീന്‍ ഉത്പാദിപ്പിക്കാന്‍ അനേകം മാര്‍ഗങ്ങളുണ്ട്. ഉദാഹരണമായി ബെന്‍സീന്‍ ക്ലോറൈഡ് അലുമിനിയം ക്ലോറൈഡ് ചേര്‍ത്തു തപിപ്പിക്കുക.


ആന്‍ഥ്രസീന്‍ നേരിയ, നിറമില്ലാത്ത തകിടുകളായി ലഭിക്കുന്നു. ശുദ്ധമായ ആന്‍ഥ്രസീന്‍ നീല പ്രതിദീപ്തിയുള്ളതാണ്. ദ്ര.അ. 216°C; ജലത്തില്‍ അലേയമായ ഇത് ആല്‍ക്കഹോള്‍, ഈഥര്‍ എന്നിവയില്‍ അല്പലേയവും ചൂടുള്ള ബെന്‍സീനില്‍ അനായാസേന ലേയവും ആണ്. ആന്‍ഥ്രസീനും പിക്രിക് ആസിഡും ആല്‍ക്കഹോളില്‍ പൂരിതലായനികളാക്കി മിശ്രണം ചെയ്താല്‍ പദ്മരാഗപാടലമായ സൂച്യാകാര പരലുകള്‍ ലഭിക്കുന്നു (ദ്ര.അ. 138°C.) വിധേയമാക്കി നിരോക്സീകരിച്ച് ആന്‍ഥ്രസീ ഡൈഹൈഡ്രൊ ആന്‍ഥ്രസീനും ഓക്സീകരിച്ച് ആന്‍ഥ്രക്വിനോണ്‍ ലഭിക്കുന്നതാണ്. വിലപിടിച്ച ചായങ്ങളുടെ ഉത്പാദനത്തില്‍ ആന്‍ഥ്രക്വിനോണ്‍ ഒരു ഇടയൗഗികമാകയാല്‍ ആദ്യകാലങ്ങളില്‍ ആന്‍ഥ്രസീനിന് വലിയ വ്യാവസായികപ്രാധാന്യം ഉണ്ടായിരുന്നു. കടുത്ത സാഹചര്യങ്ങളില്‍ ഓക്സീകരണം നടത്തിയാല്‍ ആന്‍ഥ്രസീനില്‍ നിന്നു ലഭിക്കുന്നത് ഥാലിക് അമ്ലം (phthalic acid) ആയിരിക്കും. ആന്‍ഥ്രസീന്‍ ഹാലൊജനുമായി പ്രതിപ്രവര്‍ത്തിക്കുമ്പോള്‍ പ്രതിസ്ഥാപിതങ്ങളോ യോഗാത്മകങ്ങളോ ആയ ഉത്പന്നങ്ങള്‍ ഉണ്ടാകുന്നു. സള്‍ഫ്യൂറിക് അമ്ലമായി പ്രതിപ്രവര്‍ത്തിക്കുമ്പോള്‍ ആന്‍ഥ്രസീന്‍ ഡൈസള്‍ഫോണിക് അമ്ലം ലഭിക്കുന്നു. ബെന്‍സീനില്‍ അലിയിച്ച ആന്‍ഥ്രസീന്‍ ലായനി സൂര്യവെളിച്ചത്തില്‍ വച്ചാല്‍ പോളിമറീകരിച്ച് 244°C ദ്ര.അ. ഉള്ള പാരാ ആന്‍ഥ്രസീന്‍ (C14H10)2 ഉത്പന്നമാകുന്നു. ഇത് ഇരുട്ടില്‍ കുറേനേരം വച്ചിരുന്നാല്‍ അല്ലെങ്കില്‍ ഉരുക്കിയാല്‍ പഴയപോലെ ആന്‍ഥ്രസീന്‍ ആയി മാറുന്നതാണ്. അസറ്റിക് അന്‍ഹൈഡ്രൈഡിന്റെ സാന്നിധ്യത്തില്‍ നൈട്രിക് അമ്ലംകൊണ്ട് ഉപചരിച്ചാല്‍ (15°C) ആന്‍ഥ്രസീനില്‍ നിന്ന് നൈട്രൊ വ്യുത്പന്നം ലഭിക്കുന്നു. ആന്‍ഥ്രസീനിന്റെ സംരചനാഫോര്‍മുല തിട്ടപ്പെടുത്തിയത് അനേകം പരീക്ഷണങ്ങളുടെ ഫലമായിട്ടാണ്. ബെന്‍സീന്‍, നാഫ്ഥലീന്‍ തുടങ്ങിയ ഹൈഡ്രോകാര്‍ബണുകളെപ്പോലെ ആന്‍ഥ്രസീനും അഞ്ച് ഘടനകളുടെ റെസൊണന്‍സ് ഹൈബ്രിഡാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍