This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആദിത്യഹൃദയം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആദിത്യഹൃദയം

ശ്രീരാമന് അഗസ്ത്യന്‍ ഉപദേശിച്ചതായി രാമായണത്തില്‍ പരാമൃഷ്ടമായ മന്ത്രം. ഇതിന് ആദിത്യഹൃദയം എന്ന പേരു നിര്‍ദേശിച്ചത് വാല്മീകി ആണ്. രാവണനുമായുള്ള യുദ്ധത്തില്‍ രാമന്‍ തളര്‍ന്നു ചിന്താധീനനായി നില്ക്കുന്ന അവസരത്തില്‍ രാവണന്‍ വാശിയോടുകൂടി വീണ്ടും ആക്രമണത്തിനു തുനിഞ്ഞു. ദേവന്‍മാര്‍ മുകളില്‍ യുദ്ധരംഗം കാണാന്‍ വന്നു നില്ക്കുകയാണ്. ഒപ്പം അഗസ്ത്യനും ഉണ്ടായിരുന്നു. രാമന്റെ അപ്പോഴത്തെ അവസ്ഥ കണ്ട് ഉത്കണ്ഠപൂണ്ട മഹര്‍ഷി താഴോട്ടിറങ്ങി രാമന്റെ അടുക്കല്‍ വന്ന് ശത്രുക്ഷയം വരുത്തുന്നതിന് ആദിത്യഹൃദയം ജപിക്കുന്നത് നല്ലതാണെന്നു പറയുകയും അതു യഥാവിധി ഉപദേശിക്കുകയും ചെയ്തു. രാമന്‍ അതു മൂന്നുരു ജപിച്ച് വിജൃംഭിതവീര്യനായി രാവണനെ എതിരിട്ടു വധിച്ചു.

ആദിത്യഹൃദയം കാലത്തിലും ഘടനയിലും സ്തോത്ര സാഹിത്യചരിത്രത്തില്‍ വേദത്തിലെ സ്തുതിപരങ്ങളായ മന്ത്രങ്ങളുടെയും ചണ്ഡീസ്തോത്രം തുടങ്ങിയ ശുദ്ധ സ്തോത്രകൃതിയുടെയും മധ്യേനില്ക്കുന്ന ഒന്നാകുന്നു. നാമമാഹാത്മ്യ പ്രതിപാദനമാണ് ആദിത്യഹൃദയത്തില്‍ അഗസ്ത്യന്‍ എന്ന കഥാപാത്രത്തിലൂടെ വാല്മീകി സാധിച്ചിട്ടുള്ളത്. സര്‍വാര്‍ഥസിദ്ധിപ്രദമായ പ്രസ്തുത സ്തോത്രത്തിന്റെ സ്വരൂപം ദേവതയായ സൂര്യന്റെ വൈഭവം വര്‍ണിച്ച് അനേകം നാമങ്ങള്‍ കീര്‍ത്തിച്ച് സ്തുതിക്കുക എന്നതാണ്. വിഷ്ണു, ശിവന്‍, ദേവി തുടങ്ങിയ ഇഷ്ടദേവതകളുടെ 'സഹസ്രനാമ'ങ്ങള്‍ ഉദ്ഭവിച്ചതിന് ഈ ആദിത്യനാമാവലി പ്രചോദകമായിരുന്നു എന്നാണ് വിശ്വാസികളുടെ മതം. ആപത്തിലും കുഴപ്പത്തിലും ഭയത്തിലും സൂര്യനെ കീര്‍ത്തനം ചെയ്യുന്നവന് ഇടിവ് ഏല്ക്കില്ല എന്നാണ് ഈ സ്തോത്രത്തിന്റെ ഫലശ്രുതി. രാമന്‍ അഗസ്ത്യനെ അനുസരിച്ച് പ്രവര്‍ത്തിച്ചപ്പോള്‍ സന്തുഷ്ടനായ സൂര്യന്‍ ഹര്‍ഷപുളകിതനായി രാമനെ യുദ്ധത്തില്‍ പ്രോത്സാഹിപ്പിച്ചു എന്നുള്ള സൂചനയോടുകൂടിയാണ് ഈ അധ്യായം അവസാനിക്കുന്നത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍