This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആത്മഹത്യ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഉള്ളടക്കം

ആത്മഹത്യ

Suicide


ഒരു വ്യക്തി ബോധപൂര്‍വം സ്വജീവിതം അവസാനിപ്പിക്കുന്ന പ്രവൃത്തി. ആധുനികലോകത്ത് സായുധകലാപങ്ങളില്‍ മരിക്കുന്നതിനെക്കാള്‍ കൂടുതല്‍ പേര്‍ ആത്മഹത്യ ചെയ്യുന്നുണ്ട്. ലോകത്താകെ പ്രതിവര്‍ഷം ഒരു ദശലക്ഷം ആളുകള്‍ ആത്മഹത്യചെയ്യുന്നു എന്നു കണക്കാക്കപ്പെടുന്നു. 2020-ഓടെ ഇത് 1.53 ദശലക്ഷമാകുമെന്നു കണക്കാക്കപ്പെടുന്നു. ഏതൊരു രാജ്യത്തും ആദ്യത്തെ പത്തു മരണകാരണങ്ങളില്‍ ഒന്ന് ആത്മഹത്യയാണ്. നിര്‍ഭാഗ്യമെന്നു പറയട്ടെ, കൌമാരപ്രായക്കാരിലും, ചെറുപ്പക്കാരിലും (15 വയസ്സുമുതല്‍ 35 വയസ്സുവരെ) ആത്മഹത്യാപ്രവണത കൂടിവരികയാണ്. ഒരാളുടെ ആത്മഹത്യ വളരെ അടുത്ത ബന്ധമുള്ള ആറുപേരെയെങ്കിലും കാര്യമായി ബാധിക്കുന്നു എന്നു പഠനങ്ങള്‍ സൂചിപ്പിക്കുന്നു.


സ്ഥിതിവിവരക്കണക്കുകള്‍

വിവിധ രാജ്യങ്ങളിലെ ആത്മഹത്യാനിരക്കുകള്‍ തമ്മില്‍ വളരെ അന്തരമുണ്ട്. ലോകത്ത് ഓരോ 20 സെക്കന്റിലും ഒരാത്മഹത്യയും, രണ്ടു സെക്കന്റില്‍ ഒരാത്മഹത്യാശ്രമവും നടക്കുന്നു. മതപരമായ വിശ്വാസസംഹിതകളും, വിലക്കുകളും ആത്മഹത്യയെ നിര്‍ണായകമാംവിധം സ്വാധീനിക്കുന്നു. ആത്മഹത്യ നിയമം മൂലം നിരോധിച്ചിട്ടുള്ള ഇസ്ലാമിക രാഷ്ട്രങ്ങളില്‍ (ഉദാ. കുവൈറ്റ്) ആത്മഹത്യാനിരക്ക് പ്രായോഗികമായി ഇല്ലെന്ന് (പൂജ്യം) കാണാം. (ലക്ഷത്തില്‍ 0.1 മാത്രം). പ്രധാനമായും ഹിന്ദുമത വിശ്വാസികളുള്ള രാജ്യങ്ങളിലും (ഉദാ. ഇന്ത്യ) ക്രിസ്തുമതവിശ്വാസികളുള്ള രാജ്യങ്ങളിലും (ഉദാ. ഇറ്റലി) ഈ നിരക്ക് ഏതാണ്ട് ഒരു ലക്ഷത്തിന് പത്ത് എന്നതാണ്. കൂടുതല്‍ ബുദ്ധമതാനുയായികളുള്ള ജപ്പാനില്‍ ഇത് 23.7 (2006) ആണ്. ചൈനയും തൊട്ടുപിന്നിലുണ്ട്. ജപ്പാനിലാണ് ഏറ്റവും ഉയര്‍ന്ന ആത്മഹത്യാ നിരക്ക്. സ്ത്രീകളെക്കാള്‍ അധികം പുരുഷന്‍മാരും, ചെറുപ്പക്കാരെക്കാള്‍ കൂടുതല്‍ പ്രായമുള്ളവരുമാണ് ആത്മഹത്യ ചെയ്യുന്നത്. വെള്ളക്കാരും കറുത്ത വര്‍ഗക്കാരും ഒരുമിച്ചു ജീവിക്കുന്ന രാജ്യങ്ങളില്‍ വെള്ളക്കാരുടെ ആത്മഹത്യാനിരക്ക് കറുത്തവരുടേതിനെക്കാള്‍ കൂടുതലാണ്. പല പാശ്ചാത്യ രാജ്യങ്ങളിലും സാമ്പത്തികത്തകര്‍ച്ചയുടെ കാലഘട്ടങ്ങളില്‍ ആത്മഹത്യകള്‍ വര്‍ധിച്ചിരുന്നു. ലോകയുദ്ധകാലത്ത് ആത്മഹത്യയുടെ എണ്ണം കുറഞ്ഞു. ഗ്രാമങ്ങളിലെക്കാള്‍ കൂടുതല്‍ ആത്മഹത്യകള്‍ പട്ടണങ്ങളിലും, ചെറിയ പട്ടണങ്ങളിലെക്കാള്‍ കൂടുതല്‍ വന്‍നഗരങ്ങളിലും നടക്കുന്നു. അവികസിത രാജ്യങ്ങളിലും പ്രാകൃതവര്‍ഗക്കാരുടെ ഇടയിലും ആത്മഹത്യകള്‍ വിരളമാണെന്ന പഴയ ധാരണ തികച്ചും ശരിയല്ലെന്നും ആധുനിക പഠനങ്ങള്‍ തെളിയിക്കുന്നു.

സാമ്പത്തികമായി ഏറ്റവും ഉയര്‍ന്നതും ഏറ്റവും താണതുമായ വിഭാഗങ്ങളിലാണ് ഇടത്തരക്കാരുടെയിടയിലുള്ളതിനെക്കാള്‍ അധികം ആത്മഹത്യ നടക്കുന്നത്. നിരന്തര ദാരിദ്ര്യത്തെക്കാള്‍ അധികമായി ആത്മഹത്യയ്ക്കു പ്രേരണ നല്കുന്ന വസ്തുത പൊടുന്നനേയുണ്ടാകുന്ന സാമ്പത്തികാധഃപതനമാണ്. മറ്റു ജോലികളിലേര്‍പ്പെട്ടിരിക്കുന്നവരുടേതിനെക്കാള്‍ പ്രൊഫഷണലുകളുടെയിടയില്‍ (ഉദാ. ഡോക്ടര്‍മാര്‍, എഞ്ചിനീയര്‍മാര്‍ പ്രത്യേകിച്ച് വിവര സാങ്കേതിക (ഐ.റ്റി.) വിദഗ്ദ്ധന്മാര്‍) ആത്മഹത്യാനിരക്ക് ഇരട്ടിയാണ്. ഡോക്ടര്‍മാരുടെയിടയിലും അപ്രകാരം തന്നെ. വിവാഹിതരുടെ ആത്മഹത്യാനിരക്ക് അവിവാഹിതരുടെയും, വൈധവ്യം, വിവാഹമോചനം എന്നിവയ്ക്കു വിധേയരായിട്ടുള്ളവരുടെയും നിരക്കിനെക്കാള്‍ കുറവാണ്. ശൈത്യകാലത്തെക്കാള്‍ വേനല്‍ക്കാലത്ത് ആത്മഹത്യാപ്രവണത കൂടുന്നതായും പഠനങ്ങള്‍ സൂചിപ്പിക്കുന്നു.

ലോകത്ത് നടക്കുന്ന ആത്മഹത്യകളില്‍ 40-50 ശ.മാ.വും ഏഷ്യയിലാണ്. തെ. കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍വച്ച് രണ്ടാമത്തെ സ്ഥാനമാണ് ഇക്കാര്യത്തില്‍ ഇന്ത്യയ്ക്ക്. 1995-ല്‍ 89,000 പേരും 1997-ല്‍ 96,000 പേരും, 1998-ല്‍ 1,04,000 പേരും ഇന്ത്യയില്‍ ആത്മഹത്യചെയ്തു. ഇന്ത്യയില്‍ അറുപത് പേരിലൊരാള്‍ ആത്മഹത്യയുടെ പ്രത്യാഘാതമനുഭവിക്കുന്നു. ഇവിടെ 35-40 ശ.മാ. ആത്മഹത്യകളും നടക്കുന്നത് 30വയസ്സില്‍ താഴെയുള്ളവരിലാണ് എന്നതുകൊണ്ട് ഇതുമൂലമുള്ള മാനസികവും, സാമൂഹികവും സാമ്പത്തികവുമായ പ്രത്യാഘാതം വളരെ വലുതാണ്. 1982-ല്‍ ആത്മഹത്യാനിരക്ക് ഒരു ലക്ഷത്തില്‍ 6.4 ആയിരുന്നത് 2003-ല്‍ 10.4 ആയി വര്‍ധിച്ചു. അതായത് 63 ശ.മാ. വര്‍ധന. അങ്ങനെ ആത്മഹത്യ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഒരു പ്രധാന പൊതുജനാരോഗ്യപ്രശ്നമായി മാറിയിരിക്കുന്നു.

കേരളത്തെ സംബന്ധിച്ചിടത്തോളം ആത്മഹത്യാനിരക്ക് ഗണ്യമായി വര്‍ധിച്ചുവരികയാണ്. ഇന്ത്യയുടെ നിരക്ക് 12/1,00,000 ആയിരിക്കുമ്പോള്‍ കേരളത്തിന്റേത് 32/1,00,000 ആണ്. അതായത് ദേശീയ നിരക്കിനെക്കാള്‍ ഏതാണ്ട് 3 ഇരട്ടി.

പ്രേരകങ്ങള്‍

അര്‍ബുദംപോലുള്ള ശാരീരിക രോഗങ്ങള്‍, മാനസിക രോഗങ്ങള്‍, ദാരിദ്ര്യം, തൊഴിലില്ലായ്മ, കുടുംബകലഹം, സാമ്പത്തിക ക്ളേശം, പ്രേമനൈരാശ്യം, ഏകാന്തത, തീവ്രമായ വിഷാദം, കുറ്റബോധം, അതിമദ്യാസക്തി ഇങ്ങനെ ഒട്ടേറെ സംഗതികള്‍ ആത്മഹത്യയ്ക്കു പ്രേരകമാകാറുണ്ട്.

ആത്മഹത്യയുടെ അടിസ്ഥാന കാരണങ്ങളിലേക്കു വെളിച്ചം വീശാന്‍ സാമൂഹികശാസ്ത്രജ്ഞന്‍മാരും മനഃശാസ്ത്രജ്ഞന്‍മാരും ശ്രമിച്ചിട്ടുണ്ട്. ഡര്‍ക്ക് ഹിം എന്ന സാമൂഹികശാസ്ത്രജ്ഞന്‍ സമൂഹത്തെ ബാധിച്ചിരിക്കുന്ന അസ്വസ്ഥതകളുടെ ഒരു ബാഹ്യപ്രകടനമായിട്ടാണ് ആത്മഹത്യയെ കണക്കാക്കുന്നത്. അതിരുകവിഞ്ഞ വ്യക്തിസ്വാതന്ത്ര്യം അനുവദിക്കപ്പെട്ട ഒരു സമൂഹത്തില്‍ സമൂഹത്തിനു വ്യക്തിയുടെമേലുള്ള നിയന്ത്രണങ്ങളും വ്യക്തിക്കു സമൂഹത്തോടുള്ള കടപ്പാടുകളെക്കുറിച്ചുള്ള ബോധവും ബലഹീനമായിത്തീരുന്നു. ഇപ്രകാരം ശൈഥില്യം സംഭവിച്ച ഒരു സമൂഹത്തിലെ അംഗങ്ങള്‍ എളുപ്പത്തില്‍ ആത്മഹത്യക്കു പ്രേരിതരാകുന്നു. മറിച്ച്, സമൂഹത്തിനു വ്യക്തിയുടെമേലുള്ള സ്വാധീനം ക്രമാതീതമാകുമ്പോഴും ആളുകള്‍ ആത്മഹത്യക്കു മുതിരുന്നതായിക്കാണാം. അത്യധികമായ സാമൂഹികനിയന്ത്രണം ഒരുവന്റെ വ്യക്തിസ്വാതന്ത്യ്രത്തെ നശിപ്പിക്കുന്നു. സമൂഹത്തിന്റെ നന്‍മയെപ്പറ്റിയുള്ള ആകാംക്ഷയും സാമൂഹികാചാരങ്ങളോടുള്ള അതിരുകവിഞ്ഞ ബഹുമാനവും ചില സന്ദര്‍ഭങ്ങളില്‍ ഒരുവനെ ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിക്കാറുണ്ട്. ഭര്‍ത്താക്കന്‍മാരുടെ മരണത്തെത്തുടര്‍ന്ന് സതി അനുഷ്ഠിച്ചിരുന്ന ഭാരതീയ വനിതകളും രാജ്യത്തിനു വേണ്ടി ഹരാകിരി ചെയ്യുന്ന ജാപ്പനീസ് ദേശസ്നേഹികളും ഈ വസ്തുതയെ ഉദാഹരിക്കുന്നു. ഒരു വ്യക്തിയുടെ സാമൂഹികവും മതപരവുമായ കെട്ടുപാടുകള്‍ നഷ്ടപ്പെട്ട്, സമൂഹത്തില്‍ നിന്ന് ഒറ്റപ്പെട്ട് ആര്‍ക്കും വേണ്ടാത്തവനായിത്തീരുന്ന അവസ്ഥയും ആത്മഹത്യയ്ക്കു പ്രേരകമാകാറുണ്ട്. സമൂഹത്തിന്റെ ശൈഥില്യം, സമൂഹത്തോടുള്ള അതിരുകവിഞ്ഞ വിധേയത്വം, സമൂഹത്തില്‍ നിന്നും ഒറ്റപ്പെട്ടു എന്ന ബോധം തുടങ്ങിയ സാമൂഹിക പ്രശ്നങ്ങളിലൂടെയാണ് ആത്മഹത്യയെ ഡര്‍ക്ക് ഹിം വിലയിരുത്തുന്നത്. ആത്മഹത്യ ചെയ്യുന്ന വ്യക്തിയുടെ മാനസികവ്യാപാരങ്ങള്‍ക്ക് അദ്ദേഹം ഒട്ടുംതന്നെ പ്രാധാന്യം നല്കുന്നില്ല. പക്ഷേ, പില്ക്കാലത്ത് പല മനശ്ശാസ്ത്രജ്ഞന്‍മാരും ആത്മഹത്യയ്ക്കു നിദാനമായ മാനസികപ്രശ്നങ്ങളിലേക്ക് വെളിച്ചം വീശാന്‍ ശ്രമിച്ചു.

മാനസികാപഗ്രഥനസിദ്ധാന്തത്തിന്റെ ജനയിതാവായ ഫ്രോയിഡും അദ്ദേഹത്തിന്റെ ശിഷ്യന്‍മാരുമാണ് ഇക്കാര്യത്തില്‍ ഏറ്റവും അധികം സംഭാവനകള്‍ നല്കിയിട്ടുള്ളത്. ഒരുവന്റെ ഉപബോധമനസ്സില്‍ കുടികൊള്ളുന്ന കോപത്തെയും ആക്രമണാസക്തിയെയും മറ്റുള്ളവരുടെ നേരെ പ്രയോഗിക്കുന്നതിനുപകരം അവനവന്റെ നേര്‍ക്കുതന്നെ തിരിച്ചുവിടുന്ന ഒരു ക്രിയയായിട്ടാണ് ഫ്രോയിഡ് ആത്മഹത്യയെ വീക്ഷിച്ചത്. സുഖം നേടാനുള്ള വ്യഗ്രത മനുഷ്യനില്‍ അന്തര്‍ലീനമായിട്ടുള്ളതുപോലെതന്നെ, സ്വയം നശിപ്പിക്കാനുള്ള ഒരു വാസനയും മനുഷ്യനില്‍ ഉണ്ടെന്നും, സ്വയം നശിപ്പിക്കാനുള്ള ആ പ്രവണതയുടെ ഒരു ബാഹ്യപ്രകടനമാണ് ആത്മഹത്യ എന്നും ഇദ്ദേഹം സമര്‍ഥിച്ചു. എങ്കിലും പല ആധുനിക മനശ്ശാസ്ത്രജ്ഞന്‍മാരും ആത്മഹത്യയെക്കുറിച്ച് ഫ്രോയിഡ് പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങള്‍ നിരുപാധികമായി സ്വീകരിക്കാന്‍ മടിക്കുന്നു.

ജനിച്ചാല്‍ ഒരിക്കല്‍ മരിക്കുമെന്നുള്ളതു തീര്‍ച്ചയാണെങ്കിലും, മരണം എപ്പോള്‍ സംഭവിക്കുമെന്നുള്ളത് മനുഷ്യന് ഉത്തരം കിട്ടാത്ത ഒരു ചോദ്യമാണ്. ഈ അനിശ്ചിതാവസ്ഥയില്‍ നിന്നുള്ള ഒരു രക്ഷപ്പെടലാണ്, അഥവാ ജീവിതത്തെക്കുറിച്ചുള്ള തന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്കാന്‍ വിസമ്മതിക്കുന്ന പ്രകൃതിക്കു മനുഷ്യന്‍ നല്കുന്ന ഒരു തിരിച്ചടിയാണ്, ആത്മഹത്യ എന്നു മറ്റു ചില മനശ്ശാസ്ത്രജ്ഞന്‍മാര്‍ കരുതുന്നു.

കുടുംബച്ഛിദ്രത്തിനോ മാതാപിതാക്കളുടെ അഭാവത്തിനോ കുട്ടിക്കാലത്തു വിധേയരായിട്ടുള്ളവരില്‍ പലരും പില്ക്കാലത്ത് ആത്മഹത്യയ്ക്കു പ്രേരിതരാകുന്നതായി കാണുന്നു. അനുകരണപ്രവണതയും ആത്മഹത്യയ്ക്കു വഴിതെളിച്ചേക്കാം. ഒരു കുടുംബത്തിലെ തന്നെ പല അംഗങ്ങളും ആത്മഹത്യയില്‍ക്കൂടി ജീവിതം അവസാനിപ്പിക്കുന്നതും പ്രസിദ്ധരായ വ്യക്തികള്‍ ആത്മഹത്യ ചെയ്യുന്നതിനെത്തുടര്‍ന്ന് സാധാരണക്കാരും ആത്മഹത്യ ചെയ്യാന്‍ പ്രേരിതരാകുന്നതും തെളിവുകളാണ്.

ആത്മഹത്യാമാര്‍ഗങ്ങള്‍

സ്വയം നശീകരണത്തിനായി മനുഷ്യന്‍ ഉപയോഗിക്കുന്ന മാര്‍ഗങ്ങള്‍ വിവിധങ്ങളാണ്. ഒരു സമൂഹത്തില്‍ ഏറ്റവും അധികം ഉപയോഗിക്കപ്പെടുന്ന ആത്മഹത്യാമാര്‍ഗം എന്താണെന്നത് അതിന്റെ ലഭ്യതയെ ആശ്രയിച്ചിരിക്കും. പാശ്ചാത്യരാജ്യങ്ങളില്‍ തോക്ക്, പാചകത്തിനുപയോഗിക്കുന്ന ഗ്യാസ്, ഉറക്കമരുന്നുകള്‍ എന്നിവ ഉപയോഗിച്ചുള്ള ആത്മഹത്യകള്‍ ധാരാളമാണ്. വെള്ളത്തില്‍ ചാടുക, തൂങ്ങിമരിക്കുക, മൂര്‍ച്ചയുള്ള ആയുധങ്ങള്‍മൂലം സ്വയം മുറിവേല്പിക്കുക, സ്വയം ദഹിപ്പിക്കുക, വിഷംകഴിക്കുക തുടങ്ങിയവയാണ് ഇന്ത്യയില്‍ അധികമായി ഉപയോഗിക്കപ്പെടുന്ന ആത്മഹത്യാമാര്‍ഗങ്ങള്‍. വിഷംകഴിക്കല്‍ 38.4 ശ.മാ., തൂങ്ങിമരണം 29.4 ശ.മാ., കീടനാശിനി കഴിക്കല്‍ 20.7 ശ.മാ. സ്വയം ദഹിപ്പിക്കല്‍ 9.4 ശ.മാ. എന്നിങ്ങനെയാണ് കണ്ടുവരുന്നത്. മദ്യപാനം ഇന്ത്യയില്‍ ഒരു അംഗീകൃത സാമൂഹ്യാചാരമല്ലെങ്കിലും, ആത്മഹത്യയുടെ കാര്യത്തില്‍ മദ്യത്തിന് ഒരു പ്രധാന പങ്കുണ്ട്. ആത്മഹത്യ ചെയ്യുന്ന പുരുഷന്മാരില്‍ 30-50 ശ.മാ.-വും മദ്യപിച്ചതിനു ശേഷമാണ് ശ്രമം നടത്തിയിട്ടുള്ളത്. കൂടാതെ പല സ്ത്രീകളും ആത്മഹത്യചെയ്യുന്നതിന്റെ കാരണം ഭര്‍ത്താക്കന്മാരുടെ മദ്യപാനാസ്‍ക്തിയും അനുബന്ധ പ്രശ്നങ്ങളുമാണ് എന്നതും ശ്രദ്ധേയമാണ്. പുരുഷന്‍മാരാണ് സ്വയം മുറിവേല്പിക്കുക, തൂങ്ങിമരിക്കുക തുടങ്ങിയ കൂടുതല്‍ ബീഭത്സങ്ങളായ ആത്മഹത്യാ മാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നതില്‍ സ്ത്രീകളെക്കാള്‍ മുന്നിട്ടു നില്ക്കുന്നത്.

ആത്മഹത്യ ചെയ്യുന്നവരില്‍ പലരും തങ്ങള്‍ ആത്മഹത്യ ചെയ്യാനുദ്ദേശിക്കുന്നു എന്ന വിവരം ബന്ധുമിത്രാദികളെ പ്രത്യക്ഷമായോ പരോക്ഷമായോ മുന്‍കൂട്ടി അറിയിക്കാറുണ്ട്. മറ്റു ചിലര്‍ തങ്ങളെ ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിച്ച കാരണങ്ങളെപ്പറ്റി കത്തെഴുതിവച്ചിട്ട് ആത്മഹത്യ ചെയ്യുന്നു. മറ്റുള്ളവരുടെ സ്നേഹം ലഭിക്കാന്‍ ആത്മഹത്യചെയ്ത വ്യക്തിക്കുണ്ടായിരുന്ന ആഗ്രഹവും അവന്റെ വികാരങ്ങളെ മുറിപ്പെടുത്തിയവരോടുള്ള വിദ്വേഷവും ഇത്തരം കത്തുകളില്‍ പ്രകടമാണ്. പലരും മറ്റുള്ളവരോട് മാപ്പിരക്കുന്നു. മറ്റു ചിലര്‍ സമുദായത്തെ ഒന്നടങ്കം പഴിക്കുന്നു. രണ്ടോ അതിലധികമോ പേര്‍ ഒരുമിച്ച് ആത്മഹത്യ ചെയ്യുന്നതും വിരളമല്ല. പ്രേമബന്ധത്തിനു മാര്‍ഗതടസ്സമുണ്ടാകുന്ന കാമിനീകാമുകന്‍മാരാണ് കൂടുതലും ഇത്തരം ആത്മഹത്യാകരാറുകളില്‍ പങ്കുചേരാറുള്ളതെന്ന ധാരണ ശരിയല്ല. അങ്ങനെ ചെയ്യുന്നവരില്‍ നല്ല പങ്കും ഭാര്യാഭര്‍ത്താക്കന്മാരാണെന്നാണ് കണക്കുകള്‍ അറിയിക്കുന്നത്.

ആത്മഹത്യാശ്രമം

Attempted Suicide

ആത്മഹത്യാശ്രമത്തിന്റെ വിവിധവശങ്ങളെ ആത്മഹത്യയില്‍ നിന്നു വേര്‍തിരിച്ച് പഠിക്കേണ്ടതാണെന്ന് ചില ശാസ്ത്രജ്ഞന്‍മാര്‍ കരുതുന്നു. ആത്മഹത്യാശ്രമത്തെ മറച്ചുപിടിക്കാന്‍ ആത്മഹത്യയ്ക്കു ശ്രമിച്ച വ്യക്തിയും അയാളുടെ ബന്ധുക്കളും ശ്രമിക്കുന്നതിനാല്‍ ആത്മഹത്യാശ്രമത്തെപ്പറ്റിയുള്ള സ്ഥിതിവിവരക്കണക്കുകള്‍ വളരെ ദുര്‍ലഭമാണ്. എങ്കിലും ആത്മഹത്യ ചെയ്യുന്നവരെക്കാള്‍ എട്ടിരട്ടി ആളുകള്‍ ആത്മഹത്യാശ്രമം നടത്തുന്നുണ്ട് എന്നു കണക്കാക്കപ്പെട്ടിരിക്കുന്നു. പുരുഷന്‍മാരെക്കാള്‍ രണ്ടിരട്ടി സ്ത്രീകള്‍ ആത്മഹത്യാശ്രമം നടത്തുന്നു. ഇങ്ങനെ ചെയ്യുന്നവരില്‍ പകുതിപ്പേരും മുപ്പതുവയസ്സിനു താഴെ ഉള്ളവരാണ്.

തങ്ങള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട വ്യക്തികളുമായുള്ള വൈകാരികബന്ധത്തിന് ഉലച്ചില്‍ തട്ടുമ്പോഴാണ് പലരും ആത്മഹത്യാശ്രമം നടത്തുന്നത്. പ്രേമനൈരാശ്യം, മാതാപിതാക്കളോടുള്ള എതിര്‍പ്പ്, ഭാര്യാഭര്‍ത്താക്കന്‍മാര്‍ തമ്മിലുള്ള പിണക്കം ഇങ്ങനെ പല കാര്യങ്ങളും ഒരുവനെ ആത്മഹത്യാശ്രമത്തിലേക്കു നയിച്ചേക്കാം. മാനസികരോഗങ്ങള്‍, സ്വഭാവവൈകൃതങ്ങള്‍, അതിമദ്യാസക്തി എന്നിവയ്ക്കടിമപ്പെട്ടിരിക്കുന്നവരുടെ ഇടയിലെ ആത്മഹത്യാശ്രമങ്ങള്‍ വളരെയധികമാണ്.

ആത്മഹത്യാശ്രമം നടത്തുന്നവരില്‍ മൂന്നിലൊരുഭാഗം പേര്‍ മാത്രമേ അതിനായി മുന്‍കൂട്ടി തയ്യാറെടുക്കുന്നുള്ളു. പെട്ടെന്നുണ്ടാകുന്ന മാനസികവിക്ഷോഭത്തിനു വശംവദരായി ആത്മഹത്യയ്ക്ക് ശ്രമിക്കുന്നവരാണ് അധികംപേരും. തങ്ങളുടെ ആത്മഹത്യാശ്രമം ഒരു പക്ഷേ, മരണത്തില്‍ കലാശിച്ചേക്കാമെന്ന വസ്തുതയെപ്പറ്റിപ്പോലും ബോധവാന്‍മാരല്ല അവരില്‍ പലരും. തത്കാലം തങ്ങളെ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളില്‍നിന്ന് രക്ഷപ്പെടാനുള്ള ഒരു എളുപ്പവഴിയായിട്ടുമാത്രമാണ് അവര്‍ ആത്മഹത്യാശ്രമത്തെ കാണുന്നത്. പലപ്പോഴും ഇത്തരം ശ്രമങ്ങള്‍ നടക്കുന്നത് പരസഹായം വേഗത്തില്‍ കിട്ടാന്‍ സാധ്യതയുള്ള സാഹചര്യങ്ങളിലാണ്.

ആത്മഹത്യാശ്രമം സ്വയംനശീകരണത്തിനായുള്ള ഒരു ശ്രമമല്ല. പ്രത്യുത പരസഹായത്തിനുവേണ്ടിയുള്ള ഒരു അഭ്യര്‍ഥനയാണ് എന്നാണ് പ്രസിദ്ധ മനശ്ശാസ്ത്രജ്ഞനായ എര്‍വിന്‍ സ്റ്റെംഗല്‍ അഭിപ്രായപ്പെടുന്നത്. ആത്മഹത്യയ്ക്കു ശ്രമിച്ച വ്യക്തിയിലേക്കും അയാള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളിലേക്കും മറ്റുള്ളവരുടെ ശ്രദ്ധയെ ആകര്‍ഷിക്കാന്‍ ആത്മഹത്യാശ്രമം സഹായിക്കുന്നു. തങ്ങളോടു തെറ്റുചെയ്തവരെ ശിക്ഷിക്കാനുള്ള ഒരു ഉപാധിയായിട്ടാണ് മറ്റുചിലര്‍ ആത്മഹത്യാശ്രമത്തെ വീക്ഷിക്കുന്നത്. ആത്മഹത്യാശ്രമം ചിലര്‍ക്കു സ്വയം പരിശോധനയ്ക്കും പശ്ചാത്താപത്തിനും മറ്റുള്ളവരോടുള്ള ബന്ധത്തില്‍ പുതിയ ഒരു സമീപനം സ്വീകരിക്കാനുമുളള അവസരമായിത്തീരുന്നു. ചിലര്‍ ആത്മഹത്യാശ്രമത്തെ മരണത്തിനു തുല്യമായും അതില്‍നിന്നുള്ള രക്ഷപ്പെടലിനെ പുതിയ ജീവിതത്തിന്റെ ആരംഭമായും കണക്കാക്കുന്നു. മറ്റുള്ളവരുടെ സഹാനുഭൂതി പിടിച്ചുപറ്റാനുള്ള ഒരു അടവായി മാത്രം ആത്മഹത്യാശ്രമത്തെ കരുതുന്നതും ശരിയല്ല. ഉടനടി ശരിയായ വൈദ്യസഹായം ലഭിക്കാതെവന്നാല്‍ ആത്മഹത്യാശ്രമം നടത്തുന്നവരില്‍ പലര്‍ക്കും ജീവഹാനി സംഭവിച്ചു എന്നും വരാം. അതുപോലെതന്നെ ഒരിക്കല്‍ ആത്മഹത്യാശ്രമം നടത്തിയവരില്‍ പലരും ഇത്തരം ശ്രമങ്ങള്‍ വീണ്ടും നടത്തുകയും അവരില്‍ പത്തുശ.മാ. പേരെങ്കിലും ആത്മഹത്യയിലൂടെ സ്വയം നശിപ്പിക്കുന്നതില്‍ വിജയിക്കുകയും ചെയ്യുന്നതായി കാണാം. ഒരു പക്ഷേ, മറ്റുള്ളവരില്‍നിന്നു വേണ്ടത്ര സഹായം നേടിയെടുക്കാന്‍ ആദ്യശ്രമം പര്യാപ്തമായില്ല എന്നതായിരിക്കാം വീണ്ടും വീണ്ടും ഉള്ള ഇത്തരം ശ്രമങ്ങള്‍ക്കു കാരണം.

ആത്മഹത്യയ്ക്കു ശ്രമിച്ച വ്യക്തികളെല്ലാംതന്നെ ഒരു മനോരോഗചികിത്സാവിദഗ്ധന്റെ പരിശോധനയ്ക്കും അതിനെത്തുടര്‍ന്ന് ആവശ്യമുണ്ടെന്നു കാണുന്നപക്ഷം ചികിത്സയ്ക്കും വിധേയരാകേണ്ടതാണ്. പക്ഷേ, ഇന്ത്യന്‍ ശിക്ഷാനിയമം അനുസരിച്ച്, ആത്മഹത്യാശ്രമം തടവുശിക്ഷയര്‍ഹിക്കുന്ന ഒരു ക്രിമിനല്‍ കുറ്റമായതിനാല്‍ ആത്മഹത്യാശ്രമം നടത്തുന്നവരില്‍ പലരും ചികിത്സയ്ക്കായി ഡോക്ടറെ സമീപിക്കാന്‍ മടിക്കുകയും ആത്മഹത്യാശ്രമത്തെ മറച്ചുപിടിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു.

നിവാരണമാര്‍ഗങ്ങള്‍

ഇരുപതാം ശ.-ത്തിന്റെ ആരംഭം മുതല്‍തന്നെ പല പാശ്ചാത്യ രാജ്യങ്ങളിലും ആത്മഹത്യാനിരക്ക് കുറയ്ക്കാനുള്ള ശ്രമങ്ങള്‍ ആരംഭിക്കുകയുണ്ടായി. ആത്മഹത്യ ചെയ്യാനുള്ള പ്രേരണ ഉണ്ടാകുന്ന ഏതൊരു വ്യക്തിക്കും ടെലിഫോണ്‍വഴി ബന്ധത്തിലേര്‍പ്പെടാന്‍ സൌകര്യമുള്ള ആത്മഹത്യാ പ്രഥമശുശ്രൂഷാകേന്ദ്രങ്ങള്‍ പല വന്‍നഗരങ്ങളിലും പ്രവര്‍ത്തിക്കുന്നുണ്ട്. ഉത്കടമായ മാനസികക്ഷോഭം അനുഭവിക്കുന്ന വ്യക്തിയുമായി സുഹൃത്ബന്ധം സ്ഥാപിക്കുക, ആത്മഹത്യയില്‍നിന്നു പിന്‍തിരിയാനുതകുന്ന ഉപദേശങ്ങള്‍ അയാള്‍ക്കു നല്കുക എന്നിവയാണ് ഈ പ്രഥമശുശ്രൂഷാകേന്ദ്രങ്ങളുടെ ആദ്യ കര്‍ത്തവ്യങ്ങള്‍. പ്രഥമശുശ്രൂഷയ്ക്കുശേഷം മനോരോഗചികിത്സ ആവശ്യമുള്ളവരെ മനോരോഗചികിത്സകന്റെ അടുത്തേക്ക് അയയ്ക്കുന്ന ചുമതലയും ഈ കേന്ദ്രങ്ങള്‍ നിര്‍വഹിക്കുന്നു. താന്‍ സമൂഹത്തില്‍നിന്ന് ഒറ്റപ്പെട്ടവനല്ലെന്നും തന്റെ വൈഷമ്യങ്ങള്‍ മനസ്സിലാക്കാനും സഹായിക്കാനും പ്രാപ്തിയും സന്മനസ്സും ഉള്ളവര്‍ തന്റെ ചുറ്റും ഉണ്ടെന്നും ഉള്ള ബോധം ആത്മഹത്യാചിന്തയ്ക്ക് അധീനനായ വ്യക്തിക്കു നല്കാനും തന്‍മൂലം അവനെ ആത്മഹത്യാശ്രമത്തില്‍നിന്ന് പിന്തിരിപ്പിക്കാനും ഈ നടപടികള്‍ സഹായിക്കുന്നു. ആത്മഹത്യയ്ക്കു പ്രേരകങ്ങളായ മുഖ്യവസ്തുതകള്‍ കണക്കിലെടുത്തുകൊണ്ട് ഇത്തരം വൈഷമ്യങ്ങള്‍ക്ക് അധീനരായവര്‍ക്ക് എത്രയുമെളുപ്പം വിദഗ്ധമായ വൈദ്യസഹായവും സാമൂഹികസംരക്ഷണവും നല്കുകയെന്നതാണ് ആത്മഹത്യാനിവാരണത്തിനുള്ള പ്രധാനമാര്‍ഗം.

കൂടാതെ കീടനാശിനികളുടെ വീര്യം കുറയ്ക്കുകയും, ലഭ്യത നിയന്ത്രിക്കുകയും ചെയ്യുക, ആത്മഹത്യാശ്രമം പരസ്യമാക്കുന്നതിനെ പ്രോത്സാഹിപ്പിക്കുക, മദ്യത്തിന്റെ ലഭ്യതയും ഉപഭോഗവും കുറയ്ക്കുക, ആത്മഹത്യയ്ക്കെതിരായി വ്യാപകമായ ബോധവത്കരണം നടത്തുക, വിഷാദം തുടങ്ങി ചികിത്സിച്ചു ഭേദമാക്കാവുന്ന മനോരോഗങ്ങള്‍ യഥാസമയം കണ്ടെത്തി ചികിത്സ കഴിയുമെങ്കില്‍ പ്രാഥമികാരോഗ്യകേന്ദ്രങ്ങളില്‍ത്തന്നെ ലഭ്യമാക്കുക, ആത്മഹത്യാശ്രമം നടത്തിയവര്‍ക്ക് വേണ്ട പിന്തുണയും തുടര്‍ചികിത്സയും നല്കുക, ഉത്തരവാദിത്വമുള്ള സന്നദ്ധസംഘടനകളുടെ സഹകരണം തേടുക, അച്ചടി-ഇലക്ട്രോണിക മാധ്യമങ്ങള്‍ ആത്മഹത്യകള്‍ റിപ്പോര്‍ട്ടു ചെയ്യുമ്പോള്‍ മിതത്വം പാലിക്കുകയും കഴിയുമെങ്കില്‍ ഒഴിവാക്കുകയും ചെയ്യുക തുടങ്ങി വിവിധ നിവാരണ മാര്‍ഗങ്ങളും അവലംബിക്കേണ്ടതാണ്.

നിയമവശം

വ്യക്തികളുടെ ജീവന്‍, അവര്‍ക്കു മാത്രമല്ല സമൂഹത്തിനും രാജ്യത്തിനും വിലയേറിയതാണ്. ജനങ്ങളുടെ ആരോഗ്യസംരക്ഷണത്തിനും രോഗനിവാരണത്തിനും പര്യാപ്തമായ കാര്യങ്ങള്‍ ചെയ്യാന്‍ ഗവണ്‍മെന്റുകള്‍ മുന്നോട്ടു വരുന്നത് അക്കാരണത്താലാണ്. മറ്റൊരുവന്റെ ജീവന്‍ ഹനിക്കുന്നതുപോലെ കുറ്റകരമാണ് സ്വന്തം ജീവന്‍ ഹനിക്കുന്നതും. ആത്മഹത്യ പരഹത്യയെക്കാള്‍ കടുത്ത പാതകമാണെന്നു ലത്തീന്‍ഭാഷയില്‍ ഒരു ചൊല്ലുണ്ട്. ഇക്കാരണങ്ങളുടെ അടിസ്ഥാനത്തിലാണ് പരിഷ്കൃതമായ എല്ലാ രാജ്യങ്ങളുടെ നിയമസംഹിതകളിലും കൊലപാതകവും ആത്മഹത്യാശ്രമവും ശിക്ഷാര്‍ഹമാക്കിയിരിക്കുന്നത്. ആത്മഹത്യ ചെയ്തുകഴിഞ്ഞാല്‍ ആത്മഹത്യ ചെയ്തവന്റെ മേല്‍ യാതൊരു നടപടിയും എടുക്കാന്‍ സാധ്യമല്ല. ഇന്ത്യന്‍ ശിക്ഷാനിയമം 309-ാം വകുപ്പനുസരിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിക്കുന്ന ഏതൊരാളെയും ഒരു വര്‍ഷംവരെ വെറും തടവോ പിഴയോ രണ്ടുമോ നല്കി ശിക്ഷിക്കാവുന്നതാണ്.

എന്തെങ്കിലും കാരണത്താല്‍ ഒരാള്‍ ആത്മഹത്യ ചെയ്യും എന്നു പറഞ്ഞു എന്നതുകൊണ്ടു മാത്രം അയാള്‍ ശിക്ഷാര്‍ഹനാകുന്നില്ല. അതുപോലെ ആത്മഹത്യയ്ക്കുവേണ്ടി ഒരാള്‍ കേവലമായ തയ്യാറെടുപ്പു നടത്തുന്നു എന്നതുകൊണ്ടും കുറ്റക്കാരനാകുന്നില്ല. ആത്മഹത്യ ചെയ്യുന്നതിലേക്ക് എന്തെങ്കിലും പ്രകടമായ കാല്‍വയ്പ് ഉണ്ടായാല്‍ മാത്രമേ നിയമം അയാള്‍ക്കെതിരായി തിരിയുകയുള്ളു. മരിക്കുന്നതിനുവേണ്ടി എന്തെങ്കിലും വിഷം കഴിക്കുകയോ കിണറ്റില്‍ ചാടുകയോ ചെയ്ത ഒരാള്‍ രക്ഷപ്പെട്ടാല്‍ അയാള്‍ ശിക്ഷാര്‍ഹനായിത്തീരും. ഉപവാസം അനുഷ്ഠിക്കല്‍ ഒരു ഘട്ടം വരെ കുറ്റകരമാകുന്നതല്ല; എന്നാല്‍ മരണത്തിലേക്കു നയിക്കാന്‍ സാധ്യതയുണ്ടാകുന്നതരത്തില്‍ അയാള്‍ തന്റെ ആരോഗ്യം നിലനിര്‍ത്തുന്ന കാര്യത്തില്‍ ഉപേക്ഷ കാണിക്കുന്നുവെങ്കില്‍ അയാള്‍ കുറ്റക്കാരനാകുന്നതാണ്. പ്രയത്നം അല്ലെങ്കില്‍ ശ്രമം എന്നതു മനഃപൂര്‍വമായിരിക്കുകയും വേണം. ഉദാ. എന്തെങ്കിലും മരുന്ന് അബദ്ധത്തില്‍ മാറിക്കഴിക്കുന്നത് അല്ലെങ്കില്‍ അളവുതെറ്റി ഉപയോഗിക്കുന്നത് ആത്മഹത്യാശ്രമമായി വ്യാഖ്യാനിക്കുകയില്ല. ആരുടെയെങ്കിലും ആക്രമണത്തെ ഭയന്നോ അല്ലെങ്കില്‍ പൊലീസുകാരെത്തന്നെ ഭയന്നോ കുളത്തിലോ മറ്റോ ചാടിയാല്‍ അത് ആത്മഹത്യാശ്രമം എന്ന കുറ്റം ആകുന്നതല്ല.

ആത്മഹത്യാശ്രമത്തിനു നിയമം വ്യവസ്ഥ ചെയ്യുന്ന ശിക്ഷ താരതമ്യേന ലഘുവാണ്. ജീവിതം ആര്‍ക്കും പ്രിയംകരമായിരിക്കും. അതിനാല്‍ അത് അവസാനിപ്പിക്കാന്‍ മുതിരുന്നവര്‍ എന്തെങ്കിലും ഉഗ്രമായ വികാരത്തിനോ ആവേശത്തിനോ വഴിപ്പെട്ടായിരിക്കും അതിനു ശ്രമിക്കുന്നത് എന്നു കരുതാവുന്നതാണ്. ആ നിലയ്ക്ക് അവര്‍ അനുകമ്പാര്‍ഹരാണ്. നിയമം നിശ്ചയിച്ചിട്ടുള്ള ശിക്ഷ ആ തോതില്‍ത്തന്നെ നല്കാറില്ല. ആത്മഹത്യാശ്രമത്തിന്റെ എല്ലാ സാഹചര്യങ്ങളും ശിക്ഷ ലഘൂകരിക്കുന്നതിനുള്ള തത്ത്വങ്ങളും പരിഗണിച്ചുകൊണ്ടാണ് ശിക്ഷ നിശ്ചയിക്കപ്പെടുക. വിദ്യാഭ്യാസപരമോ സാംസ്കാരികമോ സാമൂഹികമോ ആയി പറയത്തക്ക നേട്ടമൊന്നും ഇല്ലാത്ത ആളുകള്‍ ഗാര്‍ഹികമായ വഴക്കോ കലാപമോ എന്തെങ്കിലും നൈരാശ്യമോ മോഹഭംഗമോ രോഗമോ ദുഃഖമോ കാരണമായി സ്വജീവന്‍ ഹനിക്കുവാന്‍ യത്നിക്കുന്ന കേസുകളില്‍ ശിക്ഷ വിധിക്കുന്ന കോടതി, കുറ്റക്കാരന്‍ ഏതു പരിതഃസ്ഥിതിയിലാണ് ആത്മഹത്യയ്ക്കു ശ്രമിച്ചത് എന്നു നോക്കിയിട്ടാണ് ശിക്ഷയുടെ പരിമാണം നിശ്ചയിക്കുന്നത്. ഒരിക്കല്‍ ആത്മഹത്യയ്ക്കു ശ്രമിച്ചയാള്‍ വീണ്ടും ശ്രമിക്കാതിരിക്കുന്നതിനും സമൂഹത്തിലെ മറ്റംഗങ്ങള്‍ അങ്ങനെ ശ്രമിക്കുന്നത് തടയുന്നതിനുംവേണ്ടിയാണ് ശിക്ഷ നല്കപ്പെടുന്നത്.

(ഡോ. കെ. കുരുവിള; എം. പ്രഭ; ഡോ. ടി. സാഗര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍