This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആഗ്ര

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആഗ്ര

ഉത്തരപ്രദേശില്‍ യമുനാനദിയുടെ വലത്തേതീരത്തായി സ്ഥിതിചെയ്യുന്ന നഗരം. 27° 10' വ.; 78° 03' കി. നദിയുടെ ഇടത്തേക്കരയില്‍ ഇപ്പോഴത്തെ നഗരത്തിന് 10-11 കി.മീ. തെ.കി. ആണ് പുരാതന നഗരം സ്ഥിതിചെയ്തിരുന്നതെന്നതിനു രേഖകളുണ്ട്. എന്നാല്‍ ഇപ്പോള്‍ ഈ ഭാഗത്തിന്റെ അവശിഷ്ടങ്ങള്‍ ഒന്നും കാണ്‍മാനില്ല. നദിയുടെ ഗതിമാറ്റംമൂലം പഴയ നഗരം ഒന്നാകെ നാമാവശേഷമായതാണെന്നു കരുതപ്പെടുന്നു.

ആഗ്രയിലെ ഇത്തിമാദ്ദൗലയുടെ ശവകുടീരം

ഇന്നത്തെ ആഗ്രാപട്ടണം മുസ്ലിംരാജവംശങ്ങള്‍ പടുത്തുയര്‍ത്തിയതാണ്. ലോധിവംശത്തിലെ രാജാവ് സിക്കന്ദര്‍ ലോധി ആഗ്ര തന്റെ തലസ്ഥാനമാക്കി (1505); അദ്ദേഹത്തിന്റെ പുത്രനായ ഇബ്രാഹിം ലോധിയുടെ തലസ്ഥാനവും ആഗ്ര തന്നെയായിരുന്നു. 1526-ല്‍ ഇബ്രാഹിം ലോധി പാനിപ്പട്ട് യുദ്ധത്തില്‍ വധിക്കപ്പെട്ടതോടെ ഈ നഗരം മുഗള്‍ചക്രവര്‍ത്തിയായ ബാബറുടെ കൈവശമായി. അക്ബര്‍ ചക്രവര്‍ത്തിയാണ് ആധുനിക ആഗ്രയുടെ ശില്പി; ഇദ്ദേഹമാണ് നഗരത്തിലെ അക്ബരാബാദ് കോട്ട നിര്‍മിച്ചത് (1571); കോട്ടയ്ക്കുള്ളിലെ മനോഹരഹര്‍മ്യങ്ങള്‍ ഒട്ടുമുക്കാലും ജഹാംഗീറിന്റെയും ഷാജഹാന്റെയും കാലത്ത് പണിതിട്ടുള്ളവയാണ്. ഉത്തരോത്തരം അഭിവൃദ്ധി പ്രാപിച്ചുവന്ന ആഗ്രയുടെ പ്രശസ്തി അറംഗസീബിന്റെ കാലത്ത് തലസ്ഥാനം ഡല്‍ഹിയിലേക്കു മാറ്റപ്പെട്ടതോടെ ക്ഷയിച്ചുതുടങ്ങി. 18-ാം ശ.-ത്തിന്റെ അന്ത്യത്തില്‍ ജാട്, മറാഠാ തുടങ്ങിയ വര്‍ഗക്കാര്‍ ആഗ്രയെ തങ്ങളുടെ അധീനത്തിലാക്കാന്‍ ശ്രമിച്ചു; 1803-ല്‍ ഈസ്റ്റിന്ത്യാക്കമ്പനി ഇവിടം കൈവശപ്പെടുത്തി. തുടര്‍ന്നു വ.പടിഞ്ഞാറന്‍ പ്രവിശ്യയുടെ തലസ്ഥാനമായിത്തീര്‍ന്നു; 1857-ല്‍ ശിപായി ലഹളക്കാലത്ത് തലസ്ഥാനപദവി നഷ്ടപ്പെട്ടു. അതിനുശേഷം നഗരത്തിന്റെ പ്രൗഢി വീണ്ടെടുക്കാനാവാത്തവിധം മങ്ങിപ്പോയി. സ്വാതന്ത്ര്യപ്രാപ്തിക്കുശേഷം ഈ നഗരത്തിനു നാനാമുഖമായ പുരോഗതിയും സംരക്ഷണവും ഉണ്ടായിട്ടുണ്ട്.

ജഹാംഗീര്‍ കൊട്ടാരം

ലോകത്തെ അദ്ഭുതങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന താജ്മഹലിന്റെ ആസ്ഥാനമെന്ന നിലയ്ക്ക് അന്താരാഷ്ട്രപ്രശസ്തി ആര്‍ജിച്ചിട്ടുള്ളതാണ് ഈ നഗരം; അതിന് കിടനില്ക്കുന്ന ശതക്കണക്കിനു ശില്പവൈഭവങ്ങളും ഈ പട്ടണം ഉള്‍ക്കൊള്ളുന്നു. മുഗള്‍ പ്രൌഢിയുടെയും ശില്പവൈഭവത്തിന്റെയും അനശ്വരസ്മാരകങ്ങളാണ് ഇവ. 4 കി.മീ. വ്യാസത്തില്‍ വൃത്താകൃതിയില്‍ കെട്ടിപ്പടുത്തിട്ടുള്ളതാണ് അക്ബരാബാദ് കോട്ട. കോട്ടയ്ക്കുള്ളിലെ മോതിമസ്ജിദ്, ജഹാംഗിരി മഹല്‍ എന്നിവ മികച്ച ശില്പസൗന്ദര്യം തുളുമ്പുന്നവയാണ്. യമുനയുടെ മറുകരയിലായി പണിതിട്ടുള്ള ഇത്തിമാദുദൌലയുടെ ശവകുടീരം താജ്മഹലിനെ അതിശയിക്കുന്ന കലാസൌന്ദര്യം ഉള്‍ക്കൊള്ളുന്നു. നഗരത്തിന് 8 കി.മീ. പ. സിക്കന്ദരാബാദിലാണ് അക്ബറിന്റെ ശവകുടീരം; അക്ബറിന്റെ ജീവിതകാലത്തുതന്നെ പണി തുടങ്ങി, ജഹാംഗീര്‍ മുഴുമിപ്പിച്ച ഈ സൌധം മനോഹാരിതയുടെയും വാസ്തുസൌകുമാര്യത്തിന്റെയും പ്രതീകമാണ്.

ഉത്തര്‍പ്രദേശിലെ ഒരു പ്രമുഖ വിദ്യാഭ്യാസകേന്ദ്രം കൂടിയാണ് ഈ നഗരം; ആഗ്രാ സര്‍വകലാശാലയുടെ ആസ്ഥാനവുമാണ്. വിരിപ്പുകള്‍, കമ്പളങ്ങള്‍ തുടങ്ങിയവയ്ക്ക് പ്രസിദ്ധിനേടിയിരിക്കുന്നു. തുകല്‍ വ്യവസായ കേന്ദ്രവുമാണ്. ജനസംഖ്യ: 36,11,301 (2001). നോ: താജ്മഹല്‍

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%86%E0%B4%97%E0%B5%8D%E0%B4%B0" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍