This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അസാവേരി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അസാവേരി

കര്‍ണാടകസംഗീതത്തിലെ ഒരു രാഗം. എട്ടാമത്തെ മേളകര്‍ത്താ രാഗമായ ഹനുമത്തോടിയുടെ ജന്യം.

ആരോഹണം സ രി മ പ ധ സ

അവരോഹണം സ നി ധ പ മ രി ഗാ രി സ

ഷഡ്ജപഞ്ചമങ്ങള്‍ക്കു പുറമേ തീവ്രഋഷഭം, കോമളഋഷഭം, കോമളഗാന്ധാരം, കോമളമധ്യമം, കോമളധൈവതം, കോമളനിഷാദം എന്നിവ ഈ രാഗത്തില്‍വരുന്ന സ്വരങ്ങളാണ്.

ആരോഹണത്തില്‍ ഗ, നി എന്നിവ വര്‍ജ്യസ്വരങ്ങളാണ്. മധ്യമസ്ഥായിയില്‍ രി, മ, പ എന്നിങ്ങനെ ആരോഹണക്രമത്തില്‍ വരുന്ന സഞ്ചാരങ്ങളില്‍ തീവ്രഋഷഭം അന്യസ്വരമായി വരുന്നതുകൊണ്ട് ഇതൊരു ഏകാന്യസ്വരഭാഷാംഗരാഗമായി കരുതാം. അതായത് ആരോഹണത്തില്‍ നിയമപ്രകാരം ശുദ്ധ (തീവ്ര) ഋഷഭമേ വരാവൂ. എന്നാല്‍ അവിടെ ചതുഃശ്രുതിഋഷഭം പ്രയോഗിച്ചുവെന്നുംവരാം. അങ്ങനെ പ്രയോഗിക്കുന്നത് രാഗച്ഛായ വേണ്ടത്ര ഉണ്ടാകാന്‍വേണ്ടിയാണ്. അപ്പോള്‍ അന്യസ്വരപ്രയോഗമാണ് ഫലത്തില്‍ ഉണ്ടാകുന്നത്. അതായത് രി, ഗ, ധ എന്നിവയാണ് ഈ രാഗത്തിലെ രാഗച്ഛായാസ്വരങ്ങള്‍. എന്നാല്‍ രി ഗാ രി സ; പ മ രി ഗാ രി സ എന്നീ സഞ്ചാരങ്ങളില്‍ ആദ്യത്തെ ഋഷഭം തീവ്രഋഷഭവും രണ്ടാമത്തേതു കോമളഋഷഭവുമായിരിക്കുന്നു. വക്രമല്ലാതെ ക്രമമായിവരുന്ന മ ഗ രി സ; ധ പ മ ഗ രി സ എന്നീ സഞ്ചാരങ്ങളിലും ഋഷഭം കോമളഋഷഭമായിരിക്കും.

ഈ രാഗത്തില്‍:

സ നി സ പ ധ പ മ രി ഗാ രി സ;

സ നി ധ പ മ ഗ രി സ. എന്നിങ്ങനെ അവരോഹണം വക്രമായിട്ടും വരും. നല്ല ഭാവവായ്പുള്ളതാണ് ഈ രാഗം. അതുകൊണ്ട് അഭിനയത്തോടു ചേര്‍ന്നുള്ള സംഗീതാലാപനത്തില്‍ ഈ രാഗത്തിനു വളരെ പ്രാധാന്യം ലഭിച്ചിട്ടുണ്ട്. ഒട്ടുവളരെ ഗാനങ്ങള്‍ ഈ രാഗത്തില്‍ രംഗവേദികളില്‍ ആലപിക്കപ്പെടാറുണ്ട്. എന്നാല്‍ വളരെ പൌരാണികവും കരുണരസ പ്രധാനവുമായ ഈ രാഗത്തില്‍ പ്രാചീനകൃതികളെന്നു പറയാന്‍തക്ക വളരെ കൃതികളൊന്നും പ്രചാരത്തിലില്ലതാനും. ഉള്ളവയില്‍ ത്യാഗരാജസ്വാമികളുടെ രാരമായിണ്ടിദാഗ, മുത്തുസ്വാമിദീക്ഷിതരുടെ ചന്ദ്രം ഭജ മാനസം, സ്വാതിതിരുനാളിന്റെ പാലയ മാധവ എന്നീ കൃതികള്‍ പ്രസിദ്ധങ്ങളാണ്. ആധുനിക സംഗീതരചയിതാക്കളില്‍ മുത്തയ്യാഭാഗവതരുടെ ശ്രീമംഗളവാണി ടി. ലക്ഷ്മണന്‍പിള്ളയുടെ അപ്പനും അമ്മയും എന്നീ കൃതികളാണ് സംഗീതാസ്വാദകരെ ആകര്‍ഷിച്ചിട്ടുള്ള ശാസ്ത്രീയകൃതികള്‍.

(വി.എസ്. നമ്പൂതിരിപ്പാട്; സ.പ.)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%85%E0%B4%B8%E0%B4%BE%E0%B4%B5%E0%B5%87%E0%B4%B0%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍