This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അഷ്ടപദി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അഷ്ടപദി

വംഗദേശീയനായ ജയദേവകവി സംസ്കൃതത്തില്‍ രചിച്ച ഗീതഗോവിന്ദം (12, 13 ശ.-ങ്ങളില്‍) എന്ന നാടകീയ ഗീതികാവ്യത്തിനു കേരളത്തില്‍ പ്രചാരം സിദ്ധിച്ച നാമധേയം. ഗീതഗോവിന്ദത്തിലെ ഓരോ ഗീതത്തിലും എട്ടു പദങ്ങള്‍-ചരണങ്ങള്‍-വീതം ഉള്ളതുകൊണ്ടാണ് അഷ്ടപദി എന്ന പേര് ഈ കൃതിക്കു ലഭിച്ചത്.

പ്രതിപാദ്യം. ഭാഗവതം ദശമസ്കന്ധത്തില്‍ പ്രതിപാദിതമായ രാസക്രീഡയിലെ ഒരു ഭാഗമാണ് ഗീതഗോവിന്ദത്തിലെ വര്‍ണ്യവിഷയം. ഇതിലെ നായകന്‍ കൃഷ്ണനാണ്; നായിക ഗോപികയും. ഗര്‍വിതയായ രാധയെ ഗര്‍വശമനത്തിനായി കൃഷ്ണന്‍ വിട്ടുപിരിഞ്ഞു പോകുന്നതും അവള്‍ വിരഹാര്‍ത്തിമൂലം വിവശയാകുന്നതും ഒടുവില്‍ പശ്ചാത്താപഭരിതനായ കൃഷ്ണന്‍ അവളുമായി വീണ്ടും സംഗമിക്കുന്നതുമാണ് സന്ദര്‍ഭം.

ആകാശം മേഘാച്ഛന്നമായിത്തീര്‍ന്ന ഒരു സായാഹ്നത്തില്‍ വൃന്ദാവനഭൂമി തമാലശ്യാമളിമകൊണ്ട് ഇരുണ്ടു തുടങ്ങിയപ്പോള്‍ ഭീരുവായ പുത്രനെ-കൃഷ്ണനെ-സ്വഗൃഹത്തിലേക്കു കൂട്ടിക്കൊണ്ടുപോകുവാന്‍ നന്ദഗോപന്‍ രാധയോട് ആവശ്യപ്പെടുന്നു. അതനുസരിച്ച് രാധാമാധവന്മാര്‍ ഭവനത്തിലേക്കു മടങ്ങുമ്പോള്‍ മാര്‍ഗമധ്യേയുള്ള ഓരോ വള്ളിക്കുടിലിലും കയറി രഹഃകേളികള്‍ നിര്‍വഹിക്കുന്നു. ഈ കേളികള്‍ സര്‍വോത്കര്‍ഷേണ വിജയിക്കുന്നു എന്നിങ്ങനെ പ്രസ്താവിക്കുന്ന മംഗളശ്ളോകത്തോടുകൂടിയാണ് ഗീതഗോവിന്ദം ആരംഭിക്കുന്നത്. തികച്ചും ശൃംഗാരമയമായ ഒരു കാവ്യമാണ് ഇതെന്നു മംഗളശ്ളോകത്തില്‍ മാത്രമല്ല അവിടുന്നങ്ങോട്ടുള്ള കഥാഗതിയിലും കവി പ്രസ്പഷ്ടമാക്കിയിട്ടുണ്ട്. കൃഷ്ണന്‍ മറ്റു ഗോപസുന്ദരിമാരുമായി യഥേഷ്ടം ക്രീഡിക്കുന്ന കാഴ്ച നായികയായ രാധയ്ക്കു ദൂരെവച്ച് സഖി കാട്ടിക്കൊടുക്കുന്നു. പ്രേമഗര്‍വിഷഠയായ രാധ അതുകണ്ട് ഈര്‍ഷ്യാകുലയായി പരിഭവിക്കുന്നു; താനൊന്നിച്ചു കൃഷ്ണന്‍ മുന്‍പ് നടത്തിയിട്ടുള്ള രതിക്രീഡകളോര്‍ത്തു ചിന്താക്രാന്തയായി നെടുവീര്‍പ്പിടുന്നു. രാധയുടെ ഈ വിരഹാവസ്ഥയെക്കുറിച്ച് സഖി കൃഷ്ണനെ അറിയിക്കുന്നു. പുനഃസമാഗമോത്സുകരായ കാമിനീകാമുകന്മാരില്‍ ആര് ആരുടെ അടുക്കല്‍ ആദ്യം ചെല്ലണം എന്നു തീരുമാനമാകാതെ ക്ലേശിക്കുന്നു. ഒരു രാത്രി മുഴുവന്‍ നീണ്ടുനിന്ന ഈ പ്രണയകലഹത്തിന്റെ അവസാനം പരാജയം സമ്മതിച്ച് കൃഷ്ണന്‍തന്നെ വന്നു രാധയെ അനുനയിപ്പിക്കുന്നു. ആദ്യം കലഹാന്തരിതയായിത്തന്നെ നിലകൊള്ളുന്ന രാധ ഒടുവില്‍ സഖീപ്രേരണയാല്‍ ഈര്‍ഷ്യയുപേക്ഷിച്ചു കൃഷ്ണനുമായി ചേരുന്നു. നായകന്‍ നായികയെ പ്രേമാഭിഷേകം കൊണ്ടു പരമാനന്ദമനുഭവിപ്പിച്ച് ചരിതാര്‍ഥയാക്കുന്നു. ഇതാണ് അഷ്ടപദിയിലെ കഥാവസ്തു. കാമശാസ്ത്രപ്രതിപാദിതങ്ങളായ തത്ത്വങ്ങളുടെ പ്രകാശനംകൂടി ഈ കഥാസംവിധാനത്തില്‍ അടങ്ങിയിട്ടുള്ളതായി പറയപ്പെടുന്നു.

പ്രബന്ധസംവിധാനം. എട്ടു ചരണങ്ങള്‍ വീതമുള്ള 24 ഗീതങ്ങളും വിവിധ സംസ്കൃതവൃത്തങ്ങളിലായി 92 ശ്ളോകങ്ങളും അടങ്ങിയ ഈ പ്രബന്ധം 12 സര്‍ഗങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു. കഥാസന്ദര്‍ഭം സജീവമായി പ്രസ്ഫുരിക്കുംവിധം ഓരോ സര്‍ഗത്തിനും ഓരോ ഉപശീര്‍ഷകം കവി കല്പിച്ചിട്ടുണ്ട്. സാമോദ ദാമോദരം, അക്ളേശകേശവം, മുഗ്ധമധുസൂദനം, സ്നിഗ്ധമധുസൂദനം, സാകാംക്ഷ പുണ്ഡരീകാക്ഷം, സോത്കണ്ഠവൈകുണ്ഠം, നാഗനാരായണം, വിലക്ഷലക്ഷ്മീപതി, മുഗ്ധമുകുന്ദം, ചതുരചതുര്‍ഭുജം, സാനന്ദദാമോദരം, സുപ്രീതപീതാംബരം എന്നിവയാണ് 12 സര്‍ഗങ്ങളുടെ പേരുകള്‍. കൃഷ്ണഭക്തനായ കവി കൃഷ്ണനെ ആസ്പദമാക്കിയാണ് സര്‍ഗനാമങ്ങള്‍ കൊടുത്തിട്ടുള്ളതെങ്കിലും നായികയായ രാധയ്ക്കും സഖിക്കും പ്രബന്ധത്തില്‍ ഒട്ടും അപ്രധാനമല്ലാത്ത സ്ഥാനം ഉണ്ടെന്നു തീര്‍ച്ചയാണ്.

ആകെ 24 ഗാനങ്ങളുള്ളതില്‍ ഒന്നാമത്തേതു ദശാവതാരസ്തുതിയാണ്. ദശാവതാരങ്ങളില്‍ ശ്രീബുദ്ധനെയും ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്നത് ഇവിടെ ഒരു സവിശേഷതയാണ്. രണ്ടാമത്തേത് ഏതാനും ചില അവതാരങ്ങളെ മാത്രം വര്‍ണിക്കുന്നതാണ്. ഇവ രണ്ടും കവിയുടെ സ്തുതികളാകയാല്‍ കവിവാക്യങ്ങളാണ്.

22-ാമത്തെ ഗാനമാകട്ടെ, കൃഷ്ണനെ ദര്‍ശിച്ച രാധയെക്കുറിച്ച് കവിയുടെ പ്രതിപാദനമാണ്. ആകയാല്‍ ഇതും കവിവാക്യമായിരിക്കരുതാം. ശേഷമുള്ള 21 സര്‍ഗങ്ങള്‍ രാധ, കൃഷ്ണന്‍, സഖി എന്നിവര്‍ ഓരോ സന്ദര്‍ഭത്തില്‍ ചെയ്യുന്ന സംഭാഷണങ്ങളാണ്. ഓരോ ഗാനത്തിന്റെയും അവസാനം കവിയുടെ നാമം മുദ്രാരൂപത്തില്‍ വിനിവേശിപ്പിച്ചിട്ടുണ്ട്. (ഉദാ. ശ്രീ ജയദേവകവിഭണിതം; പദ്മാവതീരമണ ജയദേവകവിഭാരതീ...)

സാഹിത്യപരമായ പ്രാധാന്യം.സംസ്കൃതസാഹിത്യത്തില്‍ ഗീതഗോവിന്ദം എന്ന ലഘുശൃംഗാരകാവ്യം ശബ്ദാര്‍ഥസൌഷ്ഠവംകൊണ്ട് അദ്വിതീയമായ സൌഭാഗ്യത്തോടെ പരിലസിക്കുന്നു. സംഗീതമാധുര്യം തുളുമ്പുന്ന ശബ്ദങ്ങള്‍കൊണ്ട് ആപാദചൂഡം അലംകൃതമാണ് ഈ കൃതി.

തന്റെ കാവ്യം ശ്രവണസുന്ദരമാണെന്നു കവിതന്നെ മുഖവുരയില്‍ പ്രസ്താവിച്ചിട്ടുണ്ട്.

'യദി ഹരിസ്മരണേ സരസം മനോ

യദി വിലാസകഥാസു കുതൂഹലം

സരസകോമളകാന്തപദാവലിം

ശൃണു തദാ ജയദേവസരസ്വതീം'

'സരസകോമളകാന്തപദാവലി'യാണ് ജയദേവസരസ്വതി എന്നു ഘോഷിക്കുമ്പോള്‍ അര്‍ഥത്തില്‍ തന്റെ കാവ്യം ശുഷ്കമാണെന്നു തെറ്റിദ്ധരിക്കാതിരിക്കാന്‍ കവി തന്റെ പ്രബന്ധോദ്ദേശ്യത്തെ ആദ്യം തന്നെ സൂചിപ്പിച്ചിട്ടുണ്ട്. പ്രതിപാദ്യവിഷയം ശൃംഗാരരസപ്രധാനമാകയാല്‍ അത്തരം കഥകളില്‍ കൌതുകമുള്ള സഹൃദയന്മാര്‍ക്കാണ് തന്റെ കാവ്യത്തില്‍ പ്രവേശമുള്ളത് എന്ന് ഉദ്ധൃതശ്ളോകത്തിലെ രണ്ടാമത്തെ പാദം വ്യക്തമാക്കുന്നു. പക്ഷേ, ഒന്നാമത്തെ പാദത്തില്‍ കവി സ്പഷ്ടമാക്കിയിരിക്കുന്ന കാര്യം പ്രത്യേകം ശ്രദ്ധേയമത്രെ. 'ഹരിഭക്തിയില്‍ മനസ് സരസമാണെങ്കില്‍' ജയദേവ സരസ്വതി കേള്‍ക്കുവിന്‍ എന്നാണ് അതിന്റെ അര്‍ഥം. രാധാമാധവലീലകളില്‍ മാംസളമായ ശൃംഗാരം കേവലം ഉപരിപ്ളവമാണെന്നും അതു പരമാത്മാവുമായി സംഗമിക്കുന്നതിനുവേണ്ടി സദാ വെമ്പിക്കൊണ്ടിരിക്കുന്ന ജീവാത്മാവിന്റെ അതിമാത്രം പവിത്രമായ ഒരു അഭിസരണ പ്രക്രിയയാണെന്നും കവി ഇവിടെ വ്യക്തമാക്കിയിരിക്കുന്നു.

സംഗീതപരമായ പ്രാധാന്യം. സന്ദര്‍ഭാനുസൃതമായ രാഗതാളസംവിധാനവും ഉചിതപദസന്നിവേശവും ഇതിലെ ഗാനങ്ങളുടെ ആകര്‍ഷകതയെ വളരെയേറെ വര്‍ധിപ്പിക്കുന്നു. സംഭവങ്ങളുടെ അനുക്രമവും വികാരോല്‍ബണവുമായ അനാവരണം ഇതിനെ അത്യുജ്ജ്വലമായ ഒരു നാടകീയ കാവ്യമാക്കിയിട്ടുണ്ട്. ഇതിനെ ഒരു ഗീതിനാടകം (Lyrical Drama) എന്നും സംഗീതിക(Opera) എന്നും പാശ്ചാത്യനിരൂപകന്മാര്‍ വിശേഷിപ്പിച്ചിട്ടുണ്ട്. ഇതിലെ ഗാനങ്ങളുടെ സംഗീതസംബന്ധമായ വൈവിധ്യം സംഗീതപ്രധാനങ്ങളായ ഭാരതീയ കൃതികളില്‍ ഇതിനെ ഉയര്‍ത്തിക്കാണിക്കുന്നു. അപൂര്‍വ രാഗതാളങ്ങള്‍ ചേര്‍ന്ന ഇതിലെ പദങ്ങള്‍ ഗായകര്‍ക്കും ആസ്വാദകര്‍ക്കും ആനന്ദമുളവാക്കിക്കൊണ്ട് നൂറ്റാണ്ടുകളായി നിലകൊള്ളുന്നു. ആകെയുള്ള 24 ഗാനങ്ങള്‍ക്കു മൊത്തത്തില്‍ 20 തരം രാഗങ്ങള്‍ കവിതന്നെ നിര്‍ദേശിച്ചിട്ടുണ്ട്. ഓരോ ഗാനത്തിന്റെയും ഭാവത്തിന് അനുഗുണമായി, ഇന്ന ഗാനം ഇന്ന രാഗത്തിലും താളത്തിലും ആലപിക്കേണ്ടതാണെന്നു വിധിച്ചിരിക്കുകയാണ്. മാളവി, ഗുര്‍ജരി, വസന്തം, രാമക്രിയ, ഗുണ്ടക്രിയ, കര്‍ണാടകം, ദേശാക്ഷി, വരാളി, മാളവഗൌഡ, ശങ്കരാഭരണം, ആഹരി, കേദാരഗൌളം, മുഖാരി, പുന്നാഗം, ബലഹരി, മധ്യമാവതി, ഭൈരവി, വിരാടി, വിഭാസം, മംഗളകൌശികം ഇവയാണ് മൊത്തത്തിലുള്ള 20 രാഗങ്ങള്‍. ചില പ്രസിദ്ധഗാനങ്ങളും അവയ്ക്കു നിര്‍ദേശിച്ചിട്ടുള്ള രാഗങ്ങളും താഴെ കൊടുക്കുന്നു:

പ്രളയപയോധിജലേ...... മാളവി രാഗം

ശ്രിതകമലാകുചമണ്ഡല ഗുര്‍ജരി രാഗം

ലളിതലവംഗലതാപരിശീലന വസന്തം രാഗം

കോമളമലയസമീരേ

ചന്ദനചര്‍ച്ചിത നീലകളേബര രാമക്രിയ രാഗം

രതിസുഖസാരേ ഗതമഭിസാരേ ഗൌഡം രാഗം

മഞ്ജുതര കുഞ്ജതല കേളിസദനേ വരാളി രാഗം

കിസലയ ശയനതലേ വിഭാസം രാഗം

അതീവ വശ്യശക്തിയുള്ള ഈ രാഗങ്ങളില്‍ ഇതിലെ ഗാനങ്ങള്‍ ആലപിക്കപ്പെടുമ്പോള്‍ ഏതു സംഗീതസദസ്സും ആനന്ദമൂര്‍ച്ഛയിലെത്താതിരിക്കില്ല. കേരള സംഗീതത്തിന് ആകര്‍ഷകമായ ഒരു അന്തസ്സത്ത ഉണ്ടാക്കിക്കൊടുക്കുന്നതില്‍ അഷ്ടപദീഗാനങ്ങള്‍ക്കു ഗണ്യമായ പങ്കുണ്ട്. കഥകളിസംഗീതത്തിനു നാന്ദികുറിച്ച 'മഞ്ജുതര' തന്നെ ഇതിനൊരു ദൃഷ്ടാന്തമാണ്. ഇന്നു വിസ്മൃതമായിക്കൊണ്ടിരിക്കുന്ന സോപാനപദ്ധതി അഷ്ടപദിയിലൂടെയാണ് കേരളീയ സംഗീതത്തിന്റെ ശാസ്ത്രീയവികാസത്തിന് അടിത്തറ പാകിയതും കേരളീയ സംഗീതത്തിനു ദക്ഷിണേന്ത്യന്‍ സംഗീതമായ കര്‍ണാടക സംഗീതധാരയില്‍ നിന്നു തികച്ചും വ്യത്യസ്തമല്ലെങ്കിലും ശൈലീസംബന്ധമായ ഒരു സമൂര്‍ത്തഭാവം കൈവരുത്തിയതും. അതുപോലതന്നെ ഭാരതത്തിന്റെ പല പ്രദേശങ്ങളിലും ഗീതഗോവിന്ദത്തിന്റെ സ്വാധീനശക്തി ദൃശ്യകാവ്യപ്രസ്ഥാനങ്ങളുടെ വികാസത്തിനും പുരോഗതിക്കും വഴിതെളിക്കുകയും പുതിയ പ്രസ്ഥാനവിശേഷങ്ങള്‍ക്കു രൂപം നല്കുകയും ചെയ്തിട്ടുണ്ട്. ബംഗാളിലെ 'ജാത്ര' നാടകംതന്നെ ഇതിനൊരു തെളിവാണ്.

പ്രചാരവും സ്വാധീനശക്തിയും. ഭാരതത്തിലും വിദേശരാജ്യങ്ങളിലും അനവധി വിവര്‍ത്തനങ്ങളും ഭാഷ്യങ്ങളും വ്യാഖ്യാനങ്ങളും ജനിപ്പിച്ചിട്ടുള്ള ഉജ്ജ്വല കൃതികളിലൊന്നാണ് അഷ്ടപദി. സര്‍ വില്യം ജോണ്‍സും (1807) എഡ്വിന്‍ ആര്‍ണോള്‍ഡും (1875 -The Indian Song of Song ) ഇംഗ്ലീഷിലേക്കും ജി. കൗര്‍ടില്ലിയേ, ഏണസ്റ്റ് ലെറോ എന്നിവര്‍ ഫ്രഞ്ചിലേക്കും (1904) ഇതു ഭാഷാന്തരപ്പെടുത്തി. ഗെയ്ഥേ ഇത് ജര്‍മന്‍ ഭാഷയിലേക്ക് പരിഭാഷപ്പെടുത്താനൊരുങ്ങിയെങ്കിലും ഇതിന്റെ സൗന്ദര്യം മറ്റൊരു ഭാഷയിലേക്കു സംക്രമിപ്പിക്കാനാവതല്ലെന്നു കണ്ടു പിന്തിരിഞ്ഞതായി പറയപ്പെടുന്നു (Goethes Werke,Jubilaums Aus Gabe, Vol. 37). കുംഭന്റെ രസികപ്രിയ, ശങ്കരമിശ്രന്റെ രസമഞ്ജരി, ചൈതന്യദാസന്റെ ബാലബോധിനി തുടങ്ങിയവയാണ് ഇതിന്റെ പ്രസിദ്ധമായ സംസ്കൃതവ്യാഖ്യാനങ്ങള്‍. നാഗരലിപിയില്‍ ഇതാദ്യം വിദേശത്തു മുദ്രണം ചെയ്തു പ്രകാശിപ്പിക്കുന്നതു ലാസ്സെന്‍ എന്ന ജര്‍മന്‍പണ്ഡിതനാണ് (ബോണ്‍, 1846).

ഹിന്ദി തുടങ്ങിയ ഭാരതീയഭാഷകളിലും ഇതിനു വിവര്‍ത്തനങ്ങളും ഭാഷ്യങ്ങളുമുണ്ടായിട്ടുണ്ട്. കേരളീയ പണ്ഡിതന്മാരുടെ വക വ്യാഖ്യാനങ്ങളും പ്രകാശിതമായിട്ടുണ്ട്. രാമപുരത്തുവാരിയരും ചങ്ങമ്പുഴ കൃഷ്ണപിള്ളയുമാണ് (ദേവഗീത) ഇത് ഭാഷാനുവാദം ചെയ്ത മലയാള കവികളില്‍ വിജയം വരിച്ചിട്ടുള്ളവര്‍. രാമപുരത്തുവാരിയരുടെ അഷ്ടപദി (ഭാഷ), വി.വി. ശര്‍മയുടെ ഭാഷാ വ്യാഖ്യാനത്തോടുകൂടി കൊ.വ. 1072-ല്‍ (1899) തിരുവനന്തപുരം വി.വി. ബ്രദേഴ്സ് അച്ചടിച്ചു പ്രകാശിപ്പിച്ചിട്ടുണ്ട്. ദേവഗീതയുടെ പരിഷ്കരിച്ച പതിപ്പ് തൃശൂര്‍ മംഗളോദയം പ്രസ്സില്‍നിന്നും (1950) പ്രസിദ്ധപ്പെടുത്തി. ഗീതഗോവിന്ദത്തെ മാതൃകയാക്കി രാമപാണിവാദന്‍ രചിച്ചിട്ടുള്ള ഗീതാരാമം രൂപത്തില്‍ വിചിത്രപദപ്രയോഗപ്രൗഢമെങ്കിലും അന്തസ്സത്തയില്‍ ദുര്‍ബലമായ ഒരനുകരണമേ ആകുന്നുള്ളു. നോ: അഷ്ടപദിയാട്ടം; ജയദേവന്‍

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%85%E0%B4%B7%E0%B5%8D%E0%B4%9F%E0%B4%AA%E0%B4%A6%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍