This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അശ്രദ്ധ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അശ്രദ്ധ

ഗുരുവാക്യങ്ങളിലും വേദവേദാന്തവാക്യങ്ങളിലും വിശ്വാസമില്ലായ്മ. 'ഗുരുവേദാന്തവാക്യാര്‍ഥേ ഇദം ഏവം നഭവത്യേവ ഇതി വിപര്യയരൂപാ നാസ്തിക്യബുദ്ധിഃ അശ്രദ്ധാ' എന്നാണ് ഭഗവദ്ഗീതാ വ്യാഖ്യാനത്തില്‍ മധുസൂദനസരസ്വതി ഇതിനു കൊടുത്തിരിക്കുന്ന നിര്‍വചനം. പുരുഷാര്‍ഥങ്ങള്‍ സാധിക്കുന്നതിന് അശ്രദ്ധ ഏറ്റവും വലിയ മാര്‍ഗവിഘ്നമായിട്ടാണ് ആചാര്യന്‍മാര്‍ പ്രസ്താവിച്ചിട്ടുള്ളത്. വേദാന്തഗ്രന്ഥങ്ങളില്‍ അധികാരി നിരൂപണത്തില്‍ തദ്വിശേഷണരൂപമായ സാധനങ്ങളെ പ്രതിപാദിക്കുമ്പോള്‍ നിത്യാനിത്യവസ്തുവിവേകം, ഇഹാമുദ്രാര്‍ഥഫലഭോഗവിരാഗം, ശമാദിഷട്കസംപത്തി, മുമുക്ഷുത്വം എന്നിങ്ങനെ നാലെണ്ണം പറയുന്നുണ്ട്. ഇവയില്‍ ശ്രദ്ധ എന്നത് ശമാദിഷട്കത്തില്‍​പ്പെടുന്ന ഒന്നാണ്. ഗുരുവേദാന്തവാക്യങ്ങളില്‍ വിശ്വാസമാണ് ശ്രദ്ധയുടെ അര്‍ഥമായി അവിടെ നിര്‍ദേശിച്ചിട്ടുള്ളത്. ശ്രദ്ധയുടെ വിപരീതമായ അശ്രദ്ധയ്ക്കു മധുസൂദനസരസ്വതി കൊടുത്ത വ്യാഖ്യാനത്തിന്റെ ആസ്പദം ഇതാണ്.

ജ്ഞാനത്തിന് ഉപകരണങ്ങളായ പ്രമാണങ്ങളില്‍ ഒന്ന് ആപ്തവാക്യമാണ്. ആപ്തവാക്യമെന്നതുകൊണ്ട് ശ്രുതി സ്മൃതികളെയും തദധിഷ്ഠിതങ്ങളായ ശാസ്ത്രങ്ങളെയുമാണ് ഉദ്ദേശിച്ചിട്ടുള്ളത്. അശ്രദ്ധയുള്ളവന് ആപ്തവാക്യം അഥവാ ആഗമം ഒരിക്കലും ജ്ഞാനസമ്പാദനത്തിന് ഉപകരിക്കുകയില്ല. ദൈവം, കര്‍മഫലം, പരലോകം, പുനര്‍ജന്മം മുതലായവ വേദവാക്യങ്ങളെ ആസ്പദമാക്കി അറിയേണ്ടവയാകയാല്‍ അശ്രദ്ധാലുവിന് ഇവയൊന്നും വിശ്വാസയോഗ്യമായിത്തീരുന്നില്ല. 'കാമഃ, സങ്കല്പഃ, വിചികിത്സാ, ശ്രദ്ധാ, അശ്രദ്ധാ, ധൃതിഃ, അധൃതിഃ, ഹ്രീഃ, ധീഃ, ഭീഃ ഏതത് സര്‍വം മനഃ ഏവ' എന്നിങ്ങനെ ഉപനിഷത്തുകളില്‍ പറഞ്ഞിട്ടുണ്ട്. അശ്രദ്ധ മനസ്സിന്റെ തന്നെ ഒരു വൃത്തിയോ ഭാവമോ ആണെന്നാണ് ഇതില്‍ നിന്നു ധരിക്കാനുള്ളത്. ആധുനിക മനഃശാസ്ത്രജ്ഞന്മാര്‍ അശ്രദ്ധയെ ശ്രദ്ധയെപ്പോലെ പഠനവിഷയമാക്കിയിട്ടുണ്ട്. നോ: അവധാനം

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%85%E0%B4%B6%E0%B5%8D%E0%B4%B0%E0%B4%A6%E0%B5%8D%E0%B4%A7" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍