This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അല്‍മൊഗാവറുകള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അല്‍മൊഗാവറുകള്‍

Almogavares

ഒരു സ്പാനിഷ് സേനാവിഭാഗം. അല്‍ മുഗാവിര്‍ (ശത്രുവെന്ന നിലയില്‍ ആക്രമണം നടത്തുന്ന ഒരുവന്‍) എന്ന അറബിവാക്കില്‍ നിന്നു രൂപം പ്രാപിച്ചതാണ് ഈ പദം. 13-ഉം 14-ഉം ശതാബ്ദങ്ങളില്‍ ഇറ്റലിയിലും മറ്റും സേവനം അനുഷ്ഠിക്കുന്നതിനായി സ്പെയിനിലെ അരഗോണിലും നവാറെയിലും കാറ്റലോണിയയിലും നിന്നു തെരഞ്ഞെടുത്തു സജ്ജമാക്കിയ ഒരു കാലാള്‍പ്പടയാണ് അല്‍മൊഗാവറുകള്‍. പടച്ചട്ട അണിയാതെ കുന്തങ്ങളും പരിചയും മാത്രം ധരിച്ചിരുന്ന ശൂരന്‍മാരടങ്ങിയ ഈ കാലാള്‍പ്പടയെ അരഗോണിലെ രാജാവായിരുന്ന പീറ്റര്‍ III (1236-86) സിസിലി ആക്രമിക്കാന്‍ നിയോഗിച്ചു (1282 മാ. 30); ഈ പട്ടാളം ഇദ്ദേഹത്തിന്റെ പിന്‍ഗാമിയെയും സേവിക്കുകയുണ്ടായി. യുദ്ധം അവസാനിച്ചതുകൊണ്ട് ഈ സേനയിലെ ഭൂരിപക്ഷം പേരും തൊഴില്‍രഹിതരായി. സിസിലിയിലെ ഫ്രെഡറിക്ക് I-ന്റെ അനുവാദത്തോടെ ഈ സേനാവിഭാഗത്തിലെ ഭൂരിപക്ഷം പേര്‍ ബൈസാന്തിയന്‍ ചക്രവര്‍ത്തിയായ അന്‍ഡ്രോണിക്കസ് II (1260-1332) നെ യുദ്ധത്തില്‍ സഹായിക്കാനെത്തി (1320). ഈ സേനാവിഭാഗം അന്നു ഗ്രാന്റ് കാറ്റലന്‍ കമ്പനി (Grande Compagnie Catalane) എന്നാണറിയപ്പെട്ടിരുന്നത്. അന്‍ഡ്രോണിക്കസ് II ഈ സേനാവിഭാഗത്തെ ഉപയോഗിച്ചു തുര്‍ക്കികളെ പരാജയപ്പെടുത്തി. അവര്‍ കൊള്ളയടിച്ചു നേടിയ സാധനങ്ങളുമായി മടങ്ങി. ക്രിസ്തുമതസ്ഥര്‍ ഈ സേനാവിഭാഗത്തെ ആദ്യം സ്വാഗതം ചെയ്തെങ്കിലും അവരുടെ ക്രൂരത കണ്ടു പിന്നീടു വെറുത്തു. ബൈസാന്തിയന്‍ സാമ്രാജ്യത്തിനു തന്നെ ഭീഷണിയായിത്തീര്‍ന്ന ഈ കൂലിപ്പടയുടെ നേതാവ്, റോജര്‍ ദെ ഫ്ലോര്‍, ബൈസാന്തിയന്‍ ചക്രവര്‍ത്തിയുടെ പുത്രനായ മൈക്കിളിന്റെ നിര്‍ദേശാനുസരണം വധിക്കപ്പെട്ടു. പ്രതികാരമനഃസ്ഥിതിയോടെ ഈ സേനാംഗങ്ങള്‍ ദക്ഷിണ യൂറോപ്പിലെ പല രാജ്യങ്ങളും കൊള്ളയടിക്കുകയും വളരെ നാശനഷ്ടങ്ങള്‍ വരുത്തുകയും ചെയ്തതിനുശേഷം ആഥന്‍സ് ആക്രമിച്ച് അവിടെ സ്ഥിരവാസമുറപ്പിച്ചു; സിസിലിയുടെ അധീശാധികാരം സ്വയം അംഗീകരിച്ചു. സിസിലിയില്‍ നിന്ന് ഗവര്‍ണര്‍മാര്‍ ആഥന്‍സില്‍ നിയോഗിക്കപ്പെട്ടു. സിസിലിയിലെ ഫ്രെഡറിക്ക് III (1272-1337) നിര്യാതനായപ്പോള്‍ ആഥന്‍സിലെ അല്‍മൊഗാവറുകള്‍ അവരുടെ കൂറ് അരഗോണിലെ പെദ്രോ IV-ലേക്കു മാറ്റി. 1388-ല്‍ ഇവരുടെ ആസ്ഥാനം ഫ്ലോറന്‍സിന്റെ അധീനതയിലായി. 16-ാം ശ.-ത്തോടുകൂടി അല്‍മൊഗാവറുകള്‍ നാമാവശേഷമായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍