This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അല്‍മനാക്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അല്‍മനാക്

Almanac

വര്‍ഷം, മാസം, തീയതി, നക്ഷത്രം, തിഥി മുതലാവയും ജ്യോതിഷപരവും കാലാവസ്ഥാപരവുമായ വിവരങ്ങളും, മതപരവും അല്ലാത്തതുമായ വാര്‍ഷിക വിശേഷദിനങ്ങളും രേഖപ്പെടുത്തിയിട്ടുള്ള പട്ടികകള്‍ ഉള്‍ ക്കൊള്ളുന്ന ഗ്രന്ഥം. സൂര്യചന്ദ്രാദികളുടെ ഉദയാസ്തമയസമയം, ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങള്‍, ഗ്രഹണങ്ങള്‍, വേലിയേറ്റിറക്കങ്ങള്‍ എന്നു തുടങ്ങിയവയെപ്പറ്റിയുള്ള വിവരങ്ങളും അല്‍മനാക്കില്‍ ചേര്‍ക്കാറുണ്ട്.

ഒരു അല്‍മനാക്കിന്റെ ശീര്‍ഷകപേജ് 1763-ല്‍ ലണ്ടനില്‍ അച്ചടിച്ചത്.'അല്‍മനാക്കി'നുപകരം ഉപയോഗിച്ചിരുന്ന മറ്റൊരു പദമായിരുന്നു'എഫെമെറിസ്'

അറബിഭാഷയിലെ 'അല്‍' (വേല) എന്ന ഉപസര്‍ഗവും പഞ്ചാംഗം എന്ന് അര്‍ഥമുള്ള 'മനാഖ്' എന്ന പദവും ചേര്‍ന്നുണ്ടായതാണ് 'അല്‍മനാഖ്' എന്ന ശബ്ദം. ആദ്യകാലത്തെ അല്‍മനാക്കുകള്‍ മിക്കവാറും കലണ്ടര്‍ തന്നെയായിരുന്നു. അതില്‍ കൊല്ലം, ചന്ദ്രന്റെ കലകള്‍ (phases), ഗ്രഹങ്ങളുടെ ചലനം, വാര്‍ഷികാഘോഷദിനങ്ങള്‍, മതപരവും അല്ലാത്തവയുമായ വിശേഷദിനങ്ങള്‍ തുടങ്ങിയവയെപ്പറ്റിയുള്ള വിവരങ്ങളാണ് നല്കിയിരുന്നത്. 12-ാം ശ. വരെ പഴക്കമുള്ള ഇത്തരം ഗ്രന്ഥങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ബ്രിട്ടനില്‍ അച്ചടിച്ചതില്‍ ആദ്യത്തേത് എന്നു കരുതപ്പെടുന്നത് 1497-ല്‍ പ്രസിദ്ധീകൃതമായ ദ് കലണ്ടര്‍ ഒഫ് ഷെപ്പേര്‍ഡ്സ് (The Kalender of Shepardes) എന്നതാണ്. ഫ്രഞ്ചുഭാഷയിലുണ്ടായിരുന്ന കൃതിയുടെ ഇംഗ്ലീഷ് പരിഭാഷയാണിത്. 15-16 നൂറ്റാണ്ടുകളില്‍ ജര്‍മനിലും ഫ്രഞ്ചിലും ഇംഗ്ലീഷിലും ജ്യോതിഷികമായ ഭാവിപ്രവചനങ്ങള്‍ ഉള്‍ ക്കൊള്ളുന്ന അല്‍മനാക്കുകള്‍ ഉണ്ടായിരുന്നു. 1700 ജൂല.-ല്‍ പുറത്തുവന്ന (ഫ്രാന്‍സിസ് മൂറിന്റെ) വോക്സ് സ്റ്റെല്ലാറം (Vox Stellarum=Voice of the Stars) ആണ് ഇംഗ്ലണ്ടില്‍ ഏറ്റവും പ്രസിദ്ധമായത്. 1701-ലെ സംഭവങ്ങള്‍ ഇതില്‍ പ്രവചിച്ചിരുന്നതായും പറയ പ്പെടുന്നു. മൂര്‍ അല്‍മനാക് എന്ന പേരിലും പിന്നീട് ഓള്‍ഡ് മൂര്‍ അല്‍മനാക് എന്ന പേരിലും ഇതു തുടര്‍ന്നു പ്രസിദ്ധീകൃതമായി.

യു.എസ്സിലെ ഏറ്റവും പ്രധാനപ്പെട്ട അല്‍മനാക് അമേരിക്കന്‍ എഫിമെറസും നോട്ടിക്കല്‍ അല്‍മനാക്കും (American Ephemerus and Nautical Almanac) എന്ന ഗ്രന്ഥപരമ്പരയാണ്. അതില്‍ ഖഗോളീയ സ്ഥിരാങ്കങ്ങള്‍ (Astro-nomical constants), സൂര്യചന്ദ്രാദി ഗോളങ്ങളുടെ ദൈനംദിന ചലനകോടികള്‍, വ്യാസാര്‍ധങ്ങള്‍, ഗ്രഹണങ്ങള്‍ (occultations), അന്താരാഷ്ട്രസമയക്രമങ്ങള്‍, ഉദയാസ്തമയകാലങ്ങള്‍ എന്നിവ ഗണിച്ചു ചേര്‍ത്തിട്ടുണ്ട്. 1765 ഫെ. 9-നു അക്കാലത്തെ ജ്യോതിഃശാസ്ത്രജ്ഞനായിരുന്ന നെവില്‍ മാസ്കലിന്‍ ആണ് ഇത്തരം ഒരു ഗ്രന്ഥത്തിന്റെ ആവശ്യകത ആദ്യമായി ഊന്നിപ്പറഞ്ഞത്. സമുദ്രസഞ്ചാരികള്‍ക്കു സ്ഥലകാലനിര്‍ണയം എളുപ്പം സാധിക്കുകയും സഞ്ചാരം സുഗമമാക്കുകയും ആയിരുന്നു ഈ ഗ്രന്ഥത്തിന്റെ പ്രധാന ലക്ഷ്യം. 1767-ലെ സ്ഥിതിഗതികള്‍ അടങ്ങിയ ആദ്യത്തെ നോട്ടിക്കല്‍ അല്‍മനാക് 1766-ല്‍ പ്രസിദ്ധീകരിക്കപ്പെട്ടു. അതിനുശേഷം വര്‍ഷംതോറും തുടര്‍ന്നു പ്രസിദ്ധീകരിക്കപ്പെടുന്നു.

ഇനി മറ്റൊരുതരം അല്‍മനാക്കുണ്ട് - ദേശീയ അല്‍മനാക്ക് (National Almanac) അതില്‍ രാഷ്ട്രത്തെ സംബന്ധിച്ച എല്ലാ വിവരങ്ങളും കണക്കുകളും ഉള്‍ പ്പെടുത്തിയിരിക്കുന്നു. നോട്ടിക്കല്‍ അല്‍മനാക് 1914 മുതല്‍ വര്‍ഷംതോറും പ്രസിദ്ധീകരിക്കപ്പെടുന്നു. 1763-ല്‍ ജര്‍മനിയിലെ ഗോഥ (Gotha) എന്ന സ്ഥലത്തുനിന്നും അല്‍മനാക് ദെ ഗോഥ (Almanach De Gotha) എന്നൊന്ന് ശാസ്ത്രപ്രസാധകനായ പെര്‍ത്തസ് ആദ്യം ജര്‍മനിലും പിന്നീട് 1871 മുതല്‍ 1944 വരെ ഫ്രഞ്ചിലും പ്രസിദ്ധീകരിച്ചിരുന്നു. യൂറോപ്പിലെ രാജകുടുംബങ്ങളുടെയും പ്രഭുകുടുംബങ്ങളുടെയും ചരിത്രവിവരങ്ങളും ലോകരാഷ്ട്രങ്ങളെപ്പറ്റിയുള്ള പ്രയോജനകരമായ വിവരങ്ങളും ആണ് അതില്‍ ചേര്‍ത്തിരുന്നത്. ഫ്രഞ്ച് അല്‍മനാക് നാഷണല്‍ (Almanac National: 1679), അമേരിക്കന്‍ അല്‍മനാക് (1878), വിറ്റേക്കര്‍ അല്‍മനാക് (Whitaker's Almanac) എന്നിവയാണ് വര്‍ഷംതോറും പുറപ്പെടുന്ന മറ്റ് അല്‍മനാക്കുകള്‍. നോ: കലണ്ടര്‍; പഞ്ചാംഗം

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍