This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അല്‍ബേനിയ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഉള്ളടക്കം

അല്‍ബേനിയ

Albania

പൂര്‍വ യൂറോപ്പിലെ ഒരു രാജ്യം. ഔദ്യോഗികനാമം: 'പീപ്പിള്‍സ് റിപ്പബ്ലിക് ഒഫ് അല്‍ബേനിയ' (റിപ്പബ്ലിക്കാ പോപ്പുലര്‍ എഷ്ക്വിപെരൈസ്). 'ഷ്ക്വിപെരി' എന്നാല്‍ കഴുകന്റെ നാട് എന്നാണര്‍ഥം. വിസ്തീര്‍ണം: 28,750 ച.കി.മീ.; ജനസംഖ്യ: 35,82,200 (2003); തലസ്ഥാനം: ടിറാന.

ഈ മേഖലയിലെ മറ്റു രാജ്യങ്ങളുമായി തട്ടിച്ചുനോക്കുമ്പോള്‍ വികസനകാര്യത്തില്‍ ഏറ്റവും പിന്നില്‍ നില്ക്കുന്ന അല്‍ബേനിയ, സെര്‍ബിയയ്ക്കും ഗ്രീസിനും ഇടയ്ക്ക് ഏഡ്രിയാറ്റിക് കടല്‍ത്തീരത്തു സ്ഥിതിചെയ്യുന്നു. പടിഞ്ഞാറേ അതിര്‍ത്തി ഏറിയ ദൂരവും ഏഡ്രിയാറ്റിക് കടലാണ്. രാജ്യത്തിന്റെ മധ്യഭാഗം മുഴുവനും തെ.വടക്കായിക്കിടക്കുന്ന ഡൈനാറിക് മലനിരകളാണ് (Dinaric mountains). ഇവ കിഴക്കു മാസിഡോണിയന്‍ സമതലങ്ങളോളം വ്യാപിച്ചിരിക്കുന്നു. അല്‍ബേനിയയ്ക്കു കുറുകെയുള്ള ഗതാഗതം ദുര്‍ഘടവും പ്രായേണ ദുഷ്കരവുമാണ്; എങ്കില്‍ക്കൂടി ചരിത്രപരമായി നോക്കുമ്പോള്‍ ഈ പ്രദേശം ഗണ്യമായ പ്രാമാണ്യം അനുഭവിച്ചുപോന്നതായിക്കാണാം. അല്‍ബേനിയയെ ഓട്റാന്‍ടോ കടലിടുക്ക് ഇറ്റലിയുടെ തീരത്ത് നിന്നും വേര്‍തിരിക്കുന്നു.

ഭൗതികഭൂമിശാസ്ത്രം

ഭൂവിജ്ഞാനീയം.

അല്‍ബേനിയയുടെ വടക്കരികില്‍ ഏഡ്രിയന്‍ കടല്‍ തെ.വടക്കായി കിടക്കുന്നു; തെക്കേ പകുതിയില്‍ അത് തെ.കി. - വ.പ. ദിശയില്‍ അവസ്ഥിതമായി കാണുന്നു. ഡൈനാറിക് മലനിരകളുടെ ദിശയും ഇതുതന്നെ. അല്‍ബേനിയന്‍ ഭൂപ്രകൃതിയില്‍ മികച്ച സ്വാധീനത ചെലുത്തുന്നവയാണ് ഈ പര്‍വതങ്ങള്‍. തെ. അല്‍ബേനിയയിലെ കടല്‍ത്തീരത്തോളമെത്തുന്ന കുന്നുകളും മുനമ്പുകളും ഈ പര്‍വതങ്ങളുടെ തുടര്‍ച്ചയാണ്.

സെര്‍ബിയന്‍ പ്രദേശത്തിന്റെ പ്രത്യേകതയായ കാര്‍സ്റ്റ് സ്ഥലരൂപങ്ങള്‍ അല്‍ബേനിയയിലേക്കു നീണ്ടുകാണുന്നില്ല. ഇവിടെ ഉന്നതപ്രദേശങ്ങളില്‍ പാലിയോസോയിക് യുഗത്തിലെ പുരാതന ശിലാസ്തരങ്ങളാണുള്ളത്. തീരപ്രദേശത്തേക്കു അടുക്കുന്തോറും താരതമ്യേന പ്രായംകുറഞ്ഞ ശിലാശേഖരങ്ങള്‍ കണ്ടുവരുന്നു. മേല്പറഞ്ഞ പാലിയോസോയിക് പ്രസ്തരങ്ങള്‍ ആഗ്നേയപ്രക്രിയകള്‍ക്കു വിധേയമായിട്ടുള്ളവയാണ്. അന്തര്‍വേധശിലകളുടെ ബാഹുല്യം ഈ പ്രദേശങ്ങളുടെ സവിശേഷതയാണ്. ഗാബ്രോ, സര്‍പെന്റെയിന്‍ തുടങ്ങിയ ശിലകളാണ് ഇവിടെ ധാരാളമായി കണ്ടുവരുന്നത്. സങ്കീര്‍ണമായ ഒരു പ്രതല സംരചനയ്ക്ക് ആഗ്നേയപ്രക്രിയകള്‍ ഹേതുവായിരിക്കുന്നു.

തെ.പടിഞ്ഞാറന്‍ പ്രദേശത്തു മാത്രമാണ് ചായ് വു കുറഞ്ഞ തലങ്ങളുള്ളത്. വടക്കേ അറ്റത്ത് ഈ മേഖലയുടെ വീതി വെറും എട്ട് കി.മീ. മാത്രമാണ്. തെക്കോട്ടു വരുന്തോറും വീതി ക്രമേണ വര്‍ധിക്കുന്നു. കാര്‍സ്റ്റ് പ്രദേശത്തിന്റെ തുടര്‍ച്ചയാണ് ഈ സ്ഥലങ്ങള്‍. തെക്കേ അറ്റത്ത് ഇവ കടല്‍ത്തീരത്തോളം വ്യാപിച്ചുകാണുന്നു.

ഭൂപ്രകൃതി.

ഭൂപ്രകൃതിയനുസരിച്ച് അല്‍ബേനിയയെ പ്രധാനമായി മൂന്നു മേഖലകളായി വിഭജിക്കാം.

തീരപ്രദേശം.

മോണ്ടിനെഗ്രോ അതിര്‍ത്തിക്കടുത്തുള്ള ഷോഡര്‍ തടാകം തൊട്ട് തെ. വ്ളോര്‍ ഉള്‍ക്കടലോളം ഉദ്ദേശം 200 കി.മീ. നീണ്ടുകാണുന്ന ഈ പ്രദേശത്തിന്റെ വീതി പലയിടത്തും വ്യത്യസ്തമാണ്. ദ്രിന്‍ നദീമുഖത്തുള്ള കടലിനും മലകള്‍ക്കുമിടയ്ക്ക് 7 കി.മീ. വിസ്തൃതിയില്‍ ചതുപ്പു പ്രദേശമാണുളളത്. ഏതാണ്ട് 80 കി.മീ. തെ. തീരപ്രദേശത്തിന്റെ വീതി സുമാര്‍ 50 കി.മീ. ആണ്. അതിനും തെ. കുന്നുകളും മലകളും കടല്‍ത്തീരത്തോളം കയറിക്കിടക്കുന്നു. നദീതടങ്ങളൊഴികെ ഇവിടെ തീരസമതലങ്ങളില്ലെന്നുതന്നെ പറയാം.

സമുദ്രനിരപ്പില്‍നിന്ന് ഏതാനും മീറ്റര്‍ മാത്രം ഉയരത്തിലുള്ള തീരസമതലം എക്കല്‍മണ്ണുകൊണ്ട് മൂടപ്പെട്ട ടെര്‍ഷ്യറി (Tertiary) ശിലാപ്രസ്തരമാണ് ഉള്‍ ക്കൊള്ളുന്നത്. നദികളുടെ വിസര്‍പ്പഗതികാരണം എക്കല്‍നിക്ഷേപങ്ങളുടെ കനം അനുവര്‍ഷം വര്‍ധിച്ചുവരുന്നു. നിക്ഷേപഫലമായി ഉണ്ടാകുന്ന തിട്ടുകളും വരമ്പുകളും തീരപ്രദേശത്ത് ചതുപ്പുകളും കായലുകളും നിര്‍മിക്കുന്നതില്‍ കടലേറ്റങ്ങളോടു പങ്കുചേരുന്നു. സമുദ്രത്തിലേക്കു കയറിക്കിടക്കുന്ന ഡെല്‍റ്റകള്‍ പ്രായേണ ചതുപ്പുപ്രദേശങ്ങളാണ്. ചരിത്രകാലാരംഭത്തിനുശേഷം തന്നെ തടരേഖ 5 കി. മീറ്ററോളം കടലിലേക്കിറങ്ങിയതായി അനുമാനിക്കപ്പെടുന്നു. കടലോരത്തോളം എത്തുന്ന കുന്നുകളില്‍ ചിലതിനു സമുദ്രനിരപ്പില്‍ നിന്നും സു. 300 മീറ്ററോളം ഉയരമുണ്ട്. തലസ്ഥാനമായ ടിറാനയ്ക്കു തെക്കും പടിഞ്ഞാറും ഈ കുന്നുകള്‍ സമാന്തരനിരകളായി വര്‍ത്തിക്കുന്നു. ഈ കുന്നുകളും ഡൈനാറിക് നിരകളുമൊക്കെത്തന്നെ നിരന്ന ഭൂമിയില്‍നിന്നും തൂക്കായി എഴുന്നു കാണുന്നു.

ഫലഭൂയിഷ്ഠമായ തീരപ്രദേശം ഒട്ടുമുക്കാലും കൃഷിഭൂമികളാണ്; ശൈത്യകാലത്ത് മേച്ചില്‍സ്ഥലമായും ഇവ ഉപയോഗിക്കപ്പെടുന്നു. വേനല്ക്കാലത്ത് ആടുകളെ ഉന്നത പ്രദേശങ്ങളിലേക്ക് മേച്ചിലിനു വിടുന്നു. വരള്‍ച്ചമൂലം വേനല്ക്കാലത്തു ജലസേചനസൗകര്യമുള്ളിടത്തു മാത്രം നെല്ലും പരുത്തിയും കൃഷിചെയ്യുന്നു. ജലസംഭരണത്തിനു പറ്റിയ ശിലാഘടനയല്ല ഈ പ്രദേശത്തിലുള്ളത്. ചതുപ്പുനിലങ്ങള്‍ പലതും കൃഷിസ്ഥലങ്ങളായി മാറിയിട്ടുണ്ട്.

ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങള്‍ താരതമ്യേന കുറവാണ്. ചുരുക്കം നഗരങ്ങള്‍ കഴിഞ്ഞാല്‍ പിന്നെ ഒറ്റപ്പെട്ട കുടിപാര്‍പ്പുകളാണധികവും. അങ്ങിങ്ങായി മാത്രം ചെറിയ ഗ്രാമങ്ങള്‍ കാണാം. പട്ടണങ്ങള്‍ അധികവും മലകളുടെ താഴ്വാരത്തായാണ്. കേന്ദ്രീകരിച്ചിട്ടുള്ളത്. ഷോഡര്‍, ടിറാന, എല്‍ബസാന്‍, ബറാത് എന്നിവയാണ് പ്രധാന പട്ടണങ്ങള്‍; ഡെറെസ്, വ്ളോര്‍ എന്നിവ തുറമുഖങ്ങളും.

മധ്യ-ഉന്നതപ്രദേശം.

ടെര്‍ഷ്യറി യുഗത്തിലെ മടക്കുപര്‍വതങ്ങളുടെ ശ്രേണിയാണിത്. സമാന്തര മലനിരകളും അവയ്ക്കിടയിലുള്ള താഴ്വാരങ്ങളും ഏറെക്കുറെ ക്രമീകൃതമായിക്കാണുന്നു. തൂക്കായുള്ള ചരിവുതലങ്ങളും മൊട്ടക്കുന്നുകളും അങ്ങിങ്ങായി കാണാമെങ്കിലും പൊതുവേ ഫലഭൂയിഷ്ഠത തീരെയില്ലാത്ത ഉല്‍ഖാതഭൂമി(bad land)യാണ്. രാജ്യത്തിന്റെ വടക്കേ അരികിലേക്കു പോകുന്തോറും ഈ മേഖല വീതി കുറഞ്ഞ് കഠിനശിലാസമൂഹങ്ങളുടേതായ സമാന്തരപംക്തികളായിത്തീരുന്നു. ഇവയ്ക്കിടയിലൂടെ ഒഴുകുന്ന മാറ്റ് നദീതടം മാത്രം ഫലഭൂയിഷ്ഠമായ എക്കല്‍ പ്രദേശമായി മാറിയിട്ടുണ്ട്. അല്‍ബേനിയയ്ക്ക് അനുദൈര്‍ഘ്യമായിക്കിടക്കുന്ന മധ്യ-ഉന്നതപ്രദേശം രാജ്യത്തിന്റെ വ.കിഴക്കേ അരികിലെത്തുമ്പോള്‍ തീരസമതലത്തില്‍ ലയിക്കുന്നു. പൊതുവേ നോക്കുമ്പോള്‍ തെക്കന്‍ പകുതി മനുഷ്യപ്രാപ്യവും വടക്കന്‍ പകുതി ദുര്‍ഗമവും ആണ്.

പര്‍വതപ്രദേശം.

മധ്യ-ഉന്നതപ്രദേശത്തിനും കിഴക്കുള്ള മേഖല പര്‍വതങ്ങള്‍ നിറഞ്ഞ് സങ്കീര്‍ണമായ ഭൂപ്രകൃതിയുള്ളതാണ്. രാജ്യത്തിന്റെ കിഴക്കരികിലായി വ.നിന്നും തെക്കോട്ട് ക്രമേണ വീതി കുറഞ്ഞുവരുന്ന പര്‍വതനിരകള്‍ ഒടുവില്‍ ഗ്രീസ് അതിര്‍ത്തിയിലേക്കു പടര്‍ന്നു കാണുന്നു. ആല്‍പൈന്‍ പര്‍വതത്തോട് അനുബന്ധിച്ചുണ്ടായ മടക്കു പര്‍വതങ്ങളാണിവ. അല്‍ബേനിയയിലെ പ്രധാന നദികളൊക്കെത്തന്നെ ഈ ഭാഗത്തെ പര്‍വതനിരകളില്‍നിന്നും ഉദ്ഭവിച്ച് അവയെ കുറുകെ മുറിച്ചൊഴുകുന്നവയാണ്. അഗാധവും വീതി കുറഞ്ഞതുമായ താഴ്വര പ്രദേശങ്ങളാണ് ഇവയ്ക്കിടയിലുള്ളത്. മാസിഡോണിയ-അല്‍ബേനിയ അതിര്‍ത്തിയില്‍ രണ്ടു രാജ്യങ്ങളിലുമായി വ്യാപിച്ചുകിടക്കുന്ന തടാകപ്രദേശവും ഈ മേഖലയില്‍ ഉള്‍ പ്പെടുന്നു. ഓറിഡ്, പ്രെസ്പ എന്നീ പ്രധാന തടാകങ്ങള്‍ ഇരുരാജ്യങ്ങളിലുമായാണ് വ്യാപിച്ചിരിക്കുന്നത്.

ജലസമ്പത്ത്.

രാജ്യത്തിന്റെ തെക്കും കിഴക്കും അതിരുകള്‍ക്ക് ഇരുപുറവുമായി ഉദ്ഭവിക്കുന്ന അനേകം നദികള്‍ ഏഡ്രിയാറ്റിക്കില്‍ പതിക്കുന്നവയായുണ്ട്. മിക്കവാറും നദികള്‍ ഒഴുകുന്നത് വ.കി. ദിശയിലാണ്; ഡൈനാറിക് മലനിരകള്‍ക്കിടയിക്കുള്ള താഴ്വരകളിലൂടെയാണ് ഗതി. ദ്രിന്‍ (Drin), മാറ്റ് (Mat), ഷ്കുംബി (Shkumbi) എന്നീ നദികള്‍ ഡൈനാറിക് നിരകള്‍ക്കു കുറുകെ പ്രവാഹകന്ദരങ്ങള്‍ (caverns) നിര്‍മിച്ചുകൊണ്ട് തീരസമതലങ്ങളിലേക്കു കടക്കുന്നു. ഒന്നിലേറെ മലനിരകളെ അതിക്രമിച്ചാണ് ഇവ ഒഴുകുന്നത്. പൂര്‍വവര്‍തി (anticedent) അപവാഹത്തിന്റെ ഒന്നാംതരം ദൃഷ്ടാന്തങ്ങളാണിവ.

ദ്രിന്‍ ആണ് ഏറ്റവും വലിയ നദി. ബ്ലാക്ക് ദ്രിന്‍, വൈറ്റ് ദ്രിന്‍ എന്നിങ്ങനെ രണ്ടു ശാഖകള്‍ ചേര്‍ന്നാണ് ഈ നദി രൂപംകൊള്ളുന്നത്. ഏതാണ്ട് 40 കി.മീ. നീളമുള്ള ഒരു ചുരത്തിലൂടെ കടന്ന് ഇത് യുഗോസ്ലാവിയന്‍ പ്രദേശത്തേക്ക് ഒഴുകുന്നു. അവിടെ രണ്ടായിപ്പിരിഞ്ഞൊഴുകി ഒരു ശാഖ ഷോഡര്‍ തടാകത്തിലും മറ്റൊന്ന് സമുദ്രത്തിലും പതിക്കുന്നു. അല്‍ബേനിയയിലെ പര്‍വതപ്രദേശത്തുവച്ച് അനേകം ഉപനദികള്‍ ദ്രിനില്‍ ചേരുന്നു. ആദ്യം വ.പടിഞ്ഞാറും (ബ്ലാക്ക് ദ്രിന്‍), പിന്നെ ഏതാണ്ട് തെ.പടിഞ്ഞാറുമായാണ് ഇതിന്റെ ഗതി.

ദ്രിന്‍ നദിയുടെ പടിഞ്ഞാറായുള്ള മധ്യോന്നത പ്രദേശത്താണ് മാറ്റ് നദിയുടെ ഉദ്ഭവം. പടിഞ്ഞാറേ അരികിലുള്ള മലനിരയെ ഭേദിച്ചുകൊണ്ട് ഈ നദി സമുദ്രത്തിലേക്കൊഴുകുന്നു.

ഷ്കുംബി, ഡെവോള്‍ എന്നിവയാണ് മധ്യഅല്‍ബേനിയയിലെ പ്രധാന നദികള്‍. ഓറിദ് തടാകത്തില്‍നിന്നും ഉദ്ഭവിക്കുന്ന ഷ്കുംബി ആദ്യം വ.പടിഞ്ഞാറും പിന്നെ മലനിരകള്‍ക്കു കുറുകെ പടിഞ്ഞാറായും ഒഴുകി സമുദ്രത്തിലെത്തുന്നു. ഓറിദ് തടാകത്തിനരികിലായിത്തന്നെയാണ് ഡെവോളിന്റെ പ്രഭവവും. മലനിരകള്‍ക്കു കുറുകെയും സമാന്തരമായും മാറിമാറിയൊഴുകുന്ന ഡെവോളും അവസാനം ഏഡ്രിയാറ്റിക് കടലില്‍ പതിക്കുന്നു. ഈ മൂന്നു നദികളുടെയും ഗതി പരിശോധിച്ചാല്‍ നദീഗ്രഹണത്തിന്റെ ( river-capture) പ്രത്യക്ഷലക്ഷണങ്ങള്‍ കാണാവുന്നതാണ്. തെക്കേ അല്‍ബേനിയയിലും ധാരാളം ചെറു നദികളുണ്ട്.

വേനല്ക്കാലത്തു പ്രായേണ വരള്‍ച്ച അനുഭവപ്പെടുന്ന അല്‍ബേനിയന്‍ നദികള്‍ മറ്റ് ഋതുക്കളില്‍-പ്രത്യേകിച്ച് ശൈത്യകാലത്ത്-നിറഞ്ഞൊഴുകുന്നവയാണ്. പര്‍വതസാനുക്കള്‍ വിട്ടകലുന്നതോടെ ഇവയുടെ പ്രവാഹവേഗം കുറയുന്നു. കനത്ത ജലോഢനിക്ഷേപങ്ങള്‍ സൃഷ്ടിക്കുന്നതിലും ഇവ പ്രധാന പങ്കു വഹിക്കുന്നു. സമതലങ്ങളില്‍ ഈ നദികള്‍ വളഞ്ഞുപുളഞ്ഞൊഴുകുന്നവയും കൂടെക്കൂടെ ഗതിമാറുന്നവയുമാണ്.

കാലാവസ്ഥ.

ചൂടുകൂടിയ വേനല്ക്കാലവും, തണുപ്പ് കുറഞ്ഞ ശിശിരവുമുള്ള ഉപോഷ്ണകാലാവസ്ഥയാണ് അല്‍ബേനിയയിലേത്. സാമാന്യം നല്ല മഴ ലഭിക്കുന്നു. നിമ്നോന്നതമായ ഭൂപ്രകൃതിമൂലം കാലാവസ്ഥയില്‍ പ്രാദേശികമായ വൈവിധ്യം അനുഭവപ്പെടാറുണ്ട്. കടലോരപ്രദേശങ്ങളില്‍ മെഡിറ്ററേനിയന്‍ കാലാവസ്ഥയാണുള്ളത്. അത് ലാന്തിക്കിലും മെഡിറ്ററേനിയനിലും രൂപംകൊള്ളുന്ന ചക്രവാതങ്ങളുടെ ഗതി മിക്കപ്പോഴും അല്‍ബേനിയയിലൂടെയാണ്; ഏഡ്രിയാറ്റിക് കടലില്‍ രൂപംകൊള്ളുന്നവയും അല്‍ബേനിയന്‍ പ്രദേശത്തുകൂടി നീങ്ങുന്നു. ഇവ മൂലമാണ് മഴ ലഭിക്കുന്നത്. രാജ്യത്തിന്റെ വടക്കരികിലുള്ള ആല്‍പ്സ് നിരകളും മറ്റു പര്‍വതശിഖരങ്ങളും ശിശിരത്തില്‍ ഹിമപാതത്തിനും ഗ്രീഷ്മത്തില്‍ ആലിപ്പഴവര്‍ഷത്തിനും വിധേയമാണ്. ശിശിരകാലത്ത് അല്‍ബേനിയയുടെ ഉള്‍പ്രദേശങ്ങളിലെയും ഏഡ്രിയാറ്റിക് കടലിലെയും താപനിലകള്‍ തമ്മിലുള്ള സാരമായ അന്തരം 'ബോറാ' എന്നു വിളിക്കപ്പെടുന്ന ഉഷ്ണക്കാറ്റുകള്‍ക്ക് ഹേതുവായിത്തീരുന്നു.

സസ്യങ്ങളും ജന്തുക്കളും.

ഒരു അല്‍ബേനിയന്‍ ഗ്രാമത്തിലെ ആടു വിപണി(Sheep market)

മനുഷ്യരുടെയും വളര്‍ത്തുമൃഗങ്ങളുടെയും നെടുനാളായുള്ള ഉപഭോഗംമൂലം അല്‍ബേനിയയിലെ നൈസര്‍ഗികപ്രകൃതി മിക്കവാറും മാറ്റപ്പെട്ടിരിക്കുന്നു. കൃഷിക്ക് ഉപയുക്തമല്ലാത്ത പ്രദേശങ്ങളില്‍ മാത്രമാണ് നൈസര്‍ഗിക സസ്യങ്ങള്‍ കാണാറുള്ളത്. കുറ്റിക്കാടുകള്‍ മേച്ചില്‍പ്പുറങ്ങളായി ഉപയോഗപ്പെടുത്തുന്നു. സമുദ്രതീരത്തും ജലാശയങ്ങള്‍ക്കു സമീപവും കണ്ടുവരുന്ന ചതുപ്പുനിലങ്ങള്‍ സവിശേഷമായ സസ്യസമൃദ്ധിയുള്ളവയാണ്. പൊതുവേ മെഡിറ്ററേനിയന്‍ കാലാവസ്ഥയ്ക്കനുസൃതമായി ഓക്, ബീച്, പൈന്‍ തുടങ്ങിയ വന്‍വൃക്ഷങ്ങളാണുള്ളത്. തീരപ്രദേശത്തോടടുക്കുമ്പോള്‍ സ്ട്രാബെറി, ജൂണിപ്പര്‍, മെര്‍ട്ടിന്‍, സ്മിലാക്സ്, ബ്രാബിള്‍ മുതലായ ഉയരം കുറഞ്ഞ് തഴച്ചുവളരുന്ന നിത്യഹരിതസസ്യങ്ങളുടെ ആധിക്യം കാണാം. ഉയരംകൂടിയ പ്രദേശങ്ങളില്‍ പുല്‍പ്പടര്‍പ്പുകളും മുള്‍ ച്ചെടികളുമാണ് പ്രധാനമായും വളരുന്നത്.

ഓക് വനങ്ങളില്‍ ധാരാളം കണ്ടുവരുന്ന കാട്ടുപന്നികള്‍ ഒഴിച്ചാല്‍ വന്യമൃഗങ്ങള്‍ ഇല്ലെന്നുതന്നെ പറയാം. തുറസ്സായ വനപ്രദേശങ്ങള്‍ ഏറിയകൂറും മേച്ചില്‍പ്പുറങ്ങളായി മാറിയിരിക്കുന്നു.

സമ്പദ്ഘടന

കൃഷി.

വ്യാവസായികമായി യൂറോപ്യന്‍ രാജ്യങ്ങളുടെ കൂട്ടത്തില്‍ അല്‍ബേനിയ ഏറ്റവും പിന്നിലാണ്; പ്രധാനമായും ഒരു കാര്‍ഷികരാജ്യമാണ് അല്‍ബേനിയ. ജനങ്ങളില്‍ നല്ലൊരു ശതമാനം കാര്‍ഷികവൃത്തിയെ ആശ്രയിച്ചു ജിവിക്കുന്ന ഗ്രാമീണരാണ്; 1945 വരെ പ്രാകൃത കൃഷിസമ്പ്രദായങ്ങളാണ് നിലവിലിരുന്നത്. ഭക്ഷ്യധാന്യങ്ങളായിരുന്നു പ്രധാന കൃഷി; നാണ്യവിളകള്‍ അല്പമായി മാത്രം ഉത്പാദിപ്പിച്ചിരുന്നു. രണ്ടാം ലോകയുദ്ധത്തിനു ശേഷം ഈ സ്ഥിതി പാടേ മാറി; കൂട്ടുകൃഷി സമ്പ്രദായം നിലവില്‍വന്നു; കൃഷി യന്ത്രവത്കൃതമായി. കൃഷിഭൂമിയുടെ വ്യാപ്തി വര്‍ധിപ്പിക്കുന്നതിനും രാസവളങ്ങളും മികച്ചയിനം വിത്തുകളും ഉപയോഗിച്ച് വിളവെടുപ്പ് ഇരട്ടിപ്പിക്കുന്നതിനും ഗവണ്‍മെന്റ് തലത്തില്‍ ശ്രമം നടന്നു. 1961 ആയപ്പോഴേക്കും കൃഷിഭൂമിയുടെ 93.3 ശ.മാ.-ത്തോളം പൊതു ഉടമയിലുള്ള കൂട്ടുകൃഷി സ്ഥാപനങ്ങളുടെ മേല്‍നോട്ടത്തിലായിത്തീര്‍ന്നിരുന്നു. ശാസ്ത്രീയ കൃഷിസമ്പ്രദായങ്ങളുടെ അടിസ്ഥാനത്തില്‍ രാജ്യത്തിലെ മൊത്തം ഭൂമിയുടെ 17 ശ.മാ. ധാന്യങ്ങള്‍, പഴവര്‍ഗങ്ങള്‍ എന്നിവയ്ക്കായും, 25 ശ.മാ. മേച്ചില്‍പ്പുറങ്ങളായും, 45 ശ.മാ. റിസര്‍വ് വനങ്ങളായും വിഭജിക്കപ്പെട്ടിരിക്കുന്നു. നാണ്യവിളകള്‍ക്കായുള്ള തോട്ടക്കൃഷിയും അഭിവൃദ്ധിപ്പെട്ടിട്ടുണ്ട്.

ധാതുക്കള്‍.

ഓറിഡ് തടാകത്തിനു തെ.പ. ഉള്ള മലനിരകളും ദ്രിന്‍നദീതടവും മറ്റും ധാതുനിക്ഷേപങ്ങളുടെ കലവറയാണ്. ക്രോമിയം, ചെമ്പ് എന്നിവയാണ് പ്രധാനലോഹങ്ങള്‍. ഇരുമ്പുനിക്ഷേപങ്ങള്‍ താരതമ്യേന സമ്പന്നമല്ല. നിക്കലും അല്പമായി ഖനനം ചെയ്തുവരുന്നു. മുന്തിയ ഇനം കല്‍ക്കരി ഇല്ലെന്നുതന്നെ പറയാം; ലിഗ്നൈറ്റിന്റെ നിക്ഷേപങ്ങളുമുണ്ട്. പെട്രോളിയവും ധാരാളമായി ഉത്പാദിപ്പിക്കുന്നു.

വനം.

അല്‍ബേനിയയിലെ വനങ്ങളില്‍ സാമ്പത്തികപ്രാധാന്യമുള്ള നിരവധി വൃക്ഷങ്ങള്‍ നിബിഡമായി വളരുന്നു. അനിയന്ത്രിതമായ ഉപഭോഗം മൂലം ഇവയില്‍ പലയിനങ്ങള്‍ക്കും ഉന്‍മൂലനം സംഭവിച്ചിട്ടുണ്ട്. സോഷ്യലിസ്റ്റ് ഭരണത്തിന്റെ ആവിര്‍ഭാവത്തിനുശേഷം വനങ്ങള്‍ ശാസ്ത്രീയമായി സംരക്ഷിക്കപ്പെട്ടുവരുന്നു; തടിവ്യവസായം ഗണ്യമായി പുരോഗമിച്ചിട്ടുണ്ട്.

വ്യവസായം.

ലോഹനിഷ്കര്‍ഷണമാണ് ഏറ്റവും മുന്തിയ വ്യവസായം. ക്രോമിയം, ചെമ്പ്, ഇരുമ്പ് എന്നിവയ്ക്കും ധാതുഎണ്ണയ്ക്കും വന്‍കിട ശുദ്ധീകരണശാലകള്‍ സ്ഥാപിച്ചിട്ടുണ്ട്. സിമന്റ്, രാസദ്രവ്യങ്ങള്‍ എന്നിവയാണ് മറ്റു പ്രധാന ഉത്പാദിത വസ്തുക്കള്‍. സോപ്പ്, കടലാസ് തുടങ്ങിയ നിത്യോപയോഗസാധനങ്ങളും ചെറുകിടയന്ത്രങ്ങളും നിര്‍മിക്കുന്ന ധാരാളം ഫാക്ടറികള്‍ ഉണ്ട്. ചെറുകിട വ്യവസായങ്ങളും വികസിച്ചിട്ടുണ്ട്. ലിഗ്നൈറ്റ് ഉപയോഗിച്ച് ഉത്പാദിപ്പിക്കുന്ന താപവൈദ്യുതിയും ധാതുഎണ്ണയുമാണ് ഇന്ധനങ്ങളായി ഉപയോഗപ്പെടുത്തിവരുന്നത്.

വാണിജ്യം.

അവികസിതമെങ്കിലും സ്വയംപര്യാപ്തമായ ഒരു സമ്പദ്ഘടനയാണ് അല്‍ബേനിയയ്ക്കുള്ളത്. തന്മൂലം വിദേശവ്യാപാരം വിപുലപ്പെടുത്തേണ്ട ആവശ്യം നേരിട്ടിരുന്നില്ല. ഒന്നാം ലോകയുദ്ധത്തിനുശേഷം ഈ സ്ഥിതിയില്‍ മാറ്റമുണ്ടായി. ഇറ്റലിയുമായി കടല്‍മാര്‍ഗമുള്ള വാണിജ്യബന്ധം അഭിവൃദ്ധിപ്പെട്ടു. രണ്ടാം ലോകയുദ്ധത്തിനുശേഷം അല്‍ബേനിയയുടെ വാണിജ്യബന്ധം കമ്യൂണിസ്റ്റു ചേരിയിലുള്ള രാജ്യങ്ങളുമായി മാത്രമായിത്തീര്‍ന്നു. മുന്‍ സോവിയറ്റ് യൂണിയന്‍, യുഗോസ്ലാവിയ എന്നിവിടങ്ങളില്‍ നിന്ന് ധാരാളം ഉത്പന്നങ്ങള്‍ ഇറക്കുമതി ചെയ്യപ്പെട്ടു. 1964-നു ശേഷം കമ്യൂണിസ്റ്റ് ചൈനയുമായുള്ള ബന്ധം ദൃഢമായതോടെ ഇറക്കുമതികള്‍ ഏറിയഭാഗവും ആ രാജ്യത്തുനിന്നു മാത്രമായി. യന്ത്രസാമഗ്രികളും യന്ത്രോത്പാദിതവിഭവങ്ങളുമാണ് പ്രധാനപ്പെട്ട ഇറക്കുമതികള്‍. ലോഹഅയിരുകളും പുകയില തുടങ്ങിയ കാര്‍ഷികവിഭവങ്ങളും കയറ്റുമതി ചെയ്യപ്പെടുന്നു.

ഗതാഗതം.

റോമന്‍ കാലത്തു നിര്‍മിക്കപ്പെട്ടിരുന്ന പഴയ പാതകള്‍ ഇന്നും കേടുകൂടാതെ സംരക്ഷിക്കപ്പെടുന്നു. ഇവയില്‍ പ്രധാനമായത് കടല്‍ത്തീരത്തു നീണ്ടുക്കിടക്കുന്ന റോഡാണ്. വളരെയധികം പാലങ്ങള്‍ ആവശ്യമായിവരുന്നുവെന്നതാണ് അല്‍ബേനിയന്‍ റോഡുനിര്‍മാണത്തിലെ പ്രധാന തടസ്സം; ഹൈവേ 18,000 കി. മീ. (1998). മിക്കയിടങ്ങളിലും കടത്തുതോണി ഉപയോഗിക്കുന്നു. റെയില്‍ സൗകര്യങ്ങള്‍ കുറവാണ്; റെയില്‍വേ 447 കി.മീ. (2002).

ജനങ്ങള്‍.

പ്രാചീനകാലത്ത് ഡൈനാറിക് മേഖല അധിവസിച്ച ഇലീറിയന്‍ ജനതയുടെ പിന്‍ഗാമികളാണ് അല്‍ബേനിയക്കാര്‍. ഗ്രീക്കുകാര്‍, ഇറ്റലിക്കാര്‍, സ്ലാവ് വര്‍ഗക്കാര്‍, തുര്‍ക്കികള്‍ തുടങ്ങിയവരുടെ അധിനിവേശവും സമ്പര്‍ക്കവും മൂലം തെക്കേ അല്‍ബേനിയയില്‍ സങ്കരവര്‍ഗങ്ങള്‍ ഉടലെടുത്തിട്ടുണ്ട്. എന്നാല്‍ രാജ്യത്തിന്റെ ഉത്തരഭാഗത്തുള്ള ആല്‍പ്സ് മേഖലയില്‍ ഇന്നും ഇറീലിയന്‍ സംസ്കാരം നിലനിന്നുപോരുന്നു.

ജനങ്ങളില്‍ ഭൂരിപക്ഷവും ഘെഗ് (Gheg), ടോസ്ക് (Tosk) എന്നീ വിഭാഗങ്ങളില്‍ പ്പെടുന്നു; ഗ്രീക്, സ്ലാവ് തുടങ്ങിയവര്‍ ന്യൂനപക്ഷങ്ങളാണ്. ഗ്രീക്കുകാരില്‍ ഏറിയകൂറും രണ്ടാം ലോകയുദ്ധക്കാലത്തോ അതിനു ശേഷമോ മാതൃരാജ്യത്തിലേക്കു മടങ്ങിപ്പോയിട്ടുണ്ട്. അല്‍ബേനിയയില്‍ നിന്ന് അയല്‍ രാജ്യങ്ങളിലേക്കും മറിച്ചും കുടിയേറിയിട്ടുള്ള ജനങ്ങളുടെ കൃത്യമായ സംഖ്യ തിട്ടപ്പെടുത്താനായിട്ടില്ല.

19-ാം ശ. വരെ സ്വന്തമായി ലിപിയില്ലാതിരുന്ന അല്‍ബേനിയന്‍ ഭാഷ ഇന്തോ-യൂറോപ്യന്‍ ഗോത്രത്തില്‍പ്പെടുന്നു. 16-ാം ശ.-ത്തില്‍ പൗരസ്ത്യസഭകളുടെ ആവിര്‍ഭാവം മുതല്‍ ഈ രാജ്യത്ത് ഗ്രീക്കുഭാഷയ്ക്കു പ്രചാരം വന്നു; വിദ്യാഭ്യാസമാധ്യമം ഗ്രീക് ആയിരുന്നു. ദേശീയ ഭാഷയില്‍ ഗ്രീക്, ലാറ്റിന്‍, സ്ലാവിക് തുടങ്ങിയ ഭാഷകളുടെ സ്വാധീനമുണ്ട്. റോമന്‍ കത്തോലിക്കാ വിഭാഗത്തില്‍ പ്പെട്ട ജനങ്ങള്‍ കൂടുതലുള്ള ഉത്തരപ്രാന്തങ്ങളില്‍ ലാറ്റിന്‍ സ്വാധീനവും പൗരസ്ത്യസഭയ്ക്ക് ആഭിമുഖ്യമുള്ള തെക്കന്‍ ഭാഗത്ത് ഗ്രീക് സ്വാധീനവും തെളിഞ്ഞുകാണാം. 20-ാം ശ.-ത്തിന്റെ ആരംഭത്തോടെ പ്രായോഗികത പരിഗണിച്ച് ദേശീയഭാഷയ്ക്ക് ലാറ്റിന്‍ അക്ഷരമാലാക്രമം സ്വീകരിച്ചു; എന്നാല്‍ സംസാരഭാഷകളിലുള്ള വൈവിധ്യം ഒഴിവാക്കി ഏകരൂപമായ ദേശീയഭാഷ ആവിഷ്കരിക്കുവാന്‍ ഇനിയും കഴിഞ്ഞിട്ടില്ല.

മുസ്ലിം ഭൂരിപക്ഷമുള്ള ഒരു രാജ്യമാണ് അല്‍ബേനിയ; ക്രിസ്ത്യാനികള്‍ ന്യൂനപക്ഷമാണ്. മുസ്ലിങ്ങളുടെ ആധിക്യമുള്ളത് രാജ്യത്തിന്റെ മധ്യഭാഗത്താണ്.

ചരിത്രം.

യൂറോപ്പിലെ ഏറ്റവും പ്രാചീന ജനവിഭാഗങ്ങളുടെ നാടാണ് അല്‍ബേനിയ; റോമന്‍ സാമ്രാജ്യത്തിലെ ഇലീറിയ (Illyria), എപ്പിറസ് (Epirus) എന്നീ പ്രവിശ്യകളുടെ ഭാഗമായിരുന്ന ഈ പ്രദേശം, റോമന്‍ സാമ്രാജ്യത്തിന്റെ ശിഥിലീകരണത്തോടെ ബൈസാന്തിയന്‍ സാമ്രാജ്യത്തിന്റെ ഭാഗമായിത്തീര്‍ന്നു.

ആദ്യകാലം.

ചരിത്രാതീതകാലത്തുതന്നെ അല്‍ബേനിയ ഉള്‍ പ്പെടുന്ന പ്രദേശങ്ങളില്‍ ഇലീറിയന്‍മാര്‍ വസിച്ചിരുന്നു. ഈ പ്രദേശങ്ങളിലുണ്ടായിരുന്ന ജനവിഭാഗങ്ങളെപ്പറ്റിയുള്ള വിവരങ്ങള്‍ ഗ്രീക്കു ഗ്രന്ഥങ്ങളില്‍ കാണാം. ഇലീറിയന്‍മാര്‍ ഇന്തോ-യൂറോപ്യന്‍ ജനവര്‍ഗത്തില്‍ പ്പെട്ടവരായിരുന്നു; പല ഗോത്രങ്ങളായിട്ടാണ് അവര്‍ വര്‍ത്തിച്ചിരുന്നത്. ആധുനിക അല്‍ബേനിയയുടെ ദക്ഷിണഭാഗത്തുണ്ടായിരുന്ന ഇലീറിയന്‍മാര്‍ ഗ്രീക്കു സംസ്കാരവുമായി ബന്ധപ്പെട്ടുവെങ്കിലും അവര്‍ ഒരു സ്വതന്ത്ര രാഷ്ട്രമായും ജനതയായും തുടര്‍ന്നു. ബി.സി. മൂന്നാം ശ.-ത്തില്‍ അവരുടെ രാജാവ് അഗ്രോന്‍ ആയിരുന്നു; തലസ്ഥാനം സ്കോഡ്രാ (Scorda)യും (ആധുനികഷ്കോഡര്‍-Shkoder). ഇലീറിയന്‍മാര്‍ ഗ്രീക്കുകാരുമായും ഇറ്റലിക്കാരുമായും വ്യാപാരബന്ധങ്ങളില്‍ ഏര്‍ പ്പെട്ടിരുന്നു. ലെംബി (Lembi) എന്നറിയപ്പെട്ടിരുന്ന നൗകകളില്‍ കയറി ഏഡ്രിയാറ്റിക് തീരത്തു കടല്‍ ക്കൊള്ള നടത്തുക അന്നു സാധാരണമായിരുന്നു. ഒരു യുദ്ധവിജയാഘോഷത്തിനിടയ്ക്ക് അമിത മദ്യപാനത്താല്‍ അഗ്രോന്‍ പെട്ടെന്നു മരിച്ചു. അദ്ദേഹത്തിന്റെ വിധവ ട്യൂട്ട റീജന്റായി. അവര്‍ ഗ്രീക്കു കോളനികള്‍ ആക്രമിക്കുകയും ഇറ്റലിക്കാരെ കൊള്ളയടിക്കുകയും ചെയ്തു. റോമാക്കാര്‍ നാവികസേനയുമായി ഏഡ്രിയാറ്റിക്കു തീരത്തെത്തി ഗ്രീക്കു കോളനികള്‍ കീഴടക്കി. ഇലീറിയന്മാര്‍ റോമാക്കാര്‍ക്കു കീഴടങ്ങാന്‍ നിര്‍ബന്ധിതരായി (ബി.സി. 228). ബി.സി. 219-ല്‍ വീണ്ടും റോമാക്കാര്‍ ഇലീറിയ ആക്രമിച്ചു. അന്നു മാസിഡോണിയയിലെ ഫിലിപ്പ് V ഇലീറിയക്കാരെ സഹായിക്കാനെത്തി. അനന്തരഫലമായി റോമാക്കാര്‍ ബാള്‍ക്കന്‍ ഉപദ്വീപ് മുഴുവന്‍ ആക്രമിച്ചു. അവസാനത്തെ ഇലീറിയന്‍ രാജാവായ ഗെന്തിസ് ബി.സി. 168-ല്‍ കീഴടങ്ങി. റോമന്‍ സാമ്രാജ്യഭാഗമായിത്തീര്‍ന്നപ്പോള്‍, ഈ പ്രദേശം ഡല്‍മേഷിയ (Dalmatia) എന്നും പനോനിയ (Pannonia) എന്നും രണ്ടു പ്രവിശ്യകളായി വിഭജിക്കപ്പെട്ടു. മാസിഡോണിയ, അക്കിയ, എപ്പിറസ് എന്നീ പ്രവിശ്യകളിലും ഇലീറിയന്മാര്‍ വസിച്ചിരുന്നു. ഇലീറിയന്‍മാര്‍ക്ക് റോമന്‍ ഭരണകാലത്ത് സ്വയംഭരണാവകാശം ഉണ്ടായിരുന്നു. റോമന്‍ ആധിപത്യകാലത്ത് കിഴക്കന്‍ യൂറോപ്പും റോമും തമ്മിലുള്ള ബന്ധത്തിന്റെ ഒരു സുപ്രധാന കണ്ണിയായിരുന്നു ഇലീറിയ. ഇലീറിയക്കാര്‍ നല്ല യോദ്ധാക്കളായിരുന്നതിനാല്‍ റോമന്‍സേനയില്‍ അവര്‍ നിര്‍ണായകമായ സ്വാധീനം ചെലുത്തിയിരുന്നു. എ.ഡി. മൂന്നും നാലും ശതകങ്ങളിലെ പല റോമന്‍ സമ്രാട്ടുകളും ഇലീറിയക്കാരായിരുന്നു (ക്ലോഡിയസ് II, ഗോത്തിക്കസ്, ഒറേലിയന്‍, ഡയക്ലീഷിയന്‍, കോണ്‍സ്റ്റന്‍റ്റീന്‍).

വ്ളോര്‍ തുറമുഖനഗരത്തിന്റെ ഒരു ദൃശ്യം.ഈ നഗരത്തില്‍ വച്ചായിരുന്നു 1912-ല്‍ അല്‍ബേനിയയുടെ സ്വാതന്ത്ര്യം പ്രഖ്യാപിക്കപ്പെട്ടത്

എ.ഡി. 395-ല്‍ റോമാസാമ്രാജ്യം വിഭജിക്കപ്പെട്ടപ്പോള്‍ ഇലീറിയ ബൈസാന്തിയന്‍ സാമ്രാജ്യത്തിന്റെ ഭാഗമായി. അക്കാലത്ത് ഈ പ്രദേശം വിസിഗോത്തുകളുടെ ആക്രമണത്തിന് വിധേയമാവുകയുണ്ടായി. ആറും ഏഴും ശ.-ങ്ങളില്‍ സ്ലാവ് വര്‍ഗക്കാര്‍ ഈ പ്രദേശങ്ങളില്‍ കുടിപാര്‍പ്പ് ആരംഭിച്ചു. ആധുനിക അല്‍ബേനിയക്കാര്‍ മാത്രമാണ് പ്രാചീന ഇലീറിയന്‍ വംശജരുടെ പരമ്പരയില്‍ പ്പെടുന്നത്.

ഇലീറിയയ്ക്കു പകരം അല്‍ബേനിയ എന്ന് ആദ്യമായി രേഖപ്പെടുത്തിയത് ബൈസാന്തിയന്‍ ചക്രവര്‍ത്തി അലക്സിയസ് കോംനേനസിന്റെ പുത്രിയും സുപ്രസിദ്ധ ചരിത്രകാരിയുമായ അന്നാ കോംനേനയാണ്. നാലും അഞ്ചും ശ.-ങ്ങളില്‍ ഗോത്തുകള്‍ ഈ പ്രദേശം ആക്രമിച്ചു കീഴടക്കി. ജസ്റ്റീനിയന്‍ ചക്രവര്‍ത്തി 535-ല്‍ ഈ പ്രദേശം തിരികെ പിടിച്ചെടുത്തു. സെര്‍ബുകള്‍ 640-ല്‍ അല്‍ബേനിയയുടെ ഉത്തരപ്രദേശങ്ങള്‍ അധീനതയിലാക്കി.

എട്ടാം ശ.-ത്തില്‍ സ്ലാവ് വര്‍ഗക്കാര്‍ കുടിയേറിപ്പാര്‍ത്തതോടുകൂടി അല്‍ബേനിയന്‍ ഭാഷ സംസാരിക്കുന്നവരുടെ നാട്, അല്‍ബേനിയയും യുഗോസ്ലാവിയ, മാസിഡോണിയ, ഉത്തരഗ്രീസ് എന്നിവിടങ്ങളിലെ ചില പ്രദേശങ്ങളും മാത്രമായി. 11-ാം ശ. വരെയും സ്ലാവ് വര്‍ഗക്കാര്‍ അല്‍ബേനിയയിലെ ചില പ്രദേശങ്ങളില്‍ ആധിപത്യം ഉറപ്പിച്ചിരുന്നു. 861-ല്‍ അല്‍ബേനിയയുടെ ദക്ഷിണപ്രദേശങ്ങള്‍ ബള്‍ഗേറിയരും പിടിച്ചെടുത്തു. ഗ്രീക്കുകാരും നോര്‍മന്‍കാരും ഈ പ്രദേശം ഭരിച്ചിരുന്നു. 1205-ല്‍ മൈക്കേല്‍ കോംനേനസ് ദക്ഷിണ അല്‍ബേനിയയിലെ എപ്പിറസില്‍ ഏകാധിപത്യ ഭരണം സ്ഥാപിച്ചു. 1214 വരെ ഈ ഭരണം നിലനിന്നു. മൈക്കേലിനുശേഷം തിയഡോര്‍ അന്‍ജേലസ് ഭരണാധികാരിയായി. എന്നാല്‍ ബള്‍ഗേറിയയിലെ ഇവാന്‍ അസന്‍ അദ്ദേഹത്തെ പരാജയപ്പെടുത്തി അല്‍ബേനിയയുടെമേല്‍ ആധിപത്യം സ്ഥാപിച്ചു. ഇവാനുശേഷം മൈക്കേല്‍ അന്‍ജേലസ് II ഏകാധിപത്യഭരണം പുനഃസ്ഥാപിച്ചെങ്കിലും താമസിയാതെ (1264) മൈക്കേല്‍ പലിയോലോഗസ് ബൈസാന്തിയന്‍ ചക്രവര്‍ത്തിയാല്‍ പരാജയപ്പെടുത്തപ്പെട്ടു. അങ്ങനെ വീണ്ടും അല്‍ബേനിയ ബൈസാന്തിയന്‍ സാമ്രാജ്യവിഭാഗമായിത്തീര്‍ന്നു.13-ഉം, 14-ഉം ശ.-ങ്ങളില്‍ അല്‍ബേനിയയെ സെര്‍ബുകള്‍ ആക്രമിച്ചു.

ഒട്ടോമന്‍ തുര്‍ക്കികള്‍.

14-ാം ശ.-ത്തിന്റെ ഉത്തരാര്‍ധത്തില്‍ അല്‍ബേനിയയിലെ ചെറിയ രാജ്യങ്ങള്‍ ബൈസാന്തിയന്‍ സാമ്രാജ്യത്തിന്റെ അധീശാധികാരത്തില്‍ നിന്നു സ്വതന്ത്രമായെങ്കിലും അവര്‍ തമ്മില്‍ കലഹിച്ചുകൊണ്ടിരുന്നു. ബല്‍ഷാ, ദുക്കാഗ്ജിന്‍, തോബിയ, കസ്റ്റ്രിയോട്ടി, മുസാക്കി, അരിയാന്തി-ക്വെംനേനി, ഷ്പ്താ എന്നിവ അന്ന് അല്‍ബേനിയന്‍ പ്രദേശത്തെ ചെറിയ രാജ്യങ്ങളായിരുന്നു; ഇവയെല്ലാം ക്രൈസ്തവ രാജ്യങ്ങളുമായിരുന്നു. ഈ സന്ദര്‍ഭത്തിലാണ് തുര്‍ക്കികള്‍ അല്‍ബേനിയ ആക്രമിച്ചു കീഴടക്കിയത്. 1443-ല്‍ തുര്‍ക്കികള്‍ ക്കെതിരായി സ്കന്‍ഡര്‍ബെഗ് എന്ന് അറിയപ്പെടുന്ന ജോര്‍ജ് കസ്റ്റ്രിയോട്ടിയുടെ നേതൃത്വത്തില്‍ അല്‍ബേനിയക്കാര്‍ അണിനിരന്നു. മുറാദ് II അയച്ച തുര്‍ക്കിസേനയെ സ്കന്‍ഡര്‍ബെഗ് തോല്പിച്ചു. തുര്‍ക്കികളുമായി അല്‍ബേനിയക്കാര്‍ക്കു തുടരെത്തുടരെ പൊരുതേണ്ടിവന്നു. 1451-ല്‍ സ്കന്‍ഡര്‍ബെഗ് നേപ്പിള്‍സിലെ അല്‍ഫോന്‍സോ I-മായി സഖ്യം ചെയ്ത് നേപ്പിള്‍സിന്റെ അധീശാധികാരം അംഗീകരിച്ചു. നേപ്പിള്‍സുകാരുടെ ഒരു സേനാവിഭാഗത്തെ അല്‍ബേനിയയില്‍ പാര്‍പ്പിക്കുകയും ചെയ്തു. 1466-ലും 1467-ലും തുര്‍ക്കി സുല്‍ത്താന്‍ മുഹമ്മദ് II-ന്റെ വമ്പിച്ച സേന അല്‍ബേനിയ ആക്രമിക്കുകയുണ്ടായി. എങ്കിലും സ്കന്‍ഡര്‍ബെഗ് അവരെ തോല്പിച്ചു. സ്കന്‍ഡര്‍ബെഗ് 1467-ല്‍ നിര്യാതനായി; 1478-ല്‍ അല്‍ബേനിയ തുര്‍ക്കികള്‍ കൈവശമാക്കുകയും ചെയ്തു. 1501-ല്‍ വെനീസുകാരും അല്‍ബേനിയ വിട്ടൊഴിഞ്ഞതോടെ, അല്‍ബേനിയ തുര്‍ക്കിഭരണാധികാരികളുടെ പൂര്‍ണമായ പിടിയിലമര്‍ന്നു. തുര്‍ക്കിഭരണകാലത്ത് അനേകം അല്‍ബേനിയക്കാര്‍ ഇറ്റലിയില്‍ അഭയം തേടി. ഭൂവുടമകളായ വളരെപ്പേര്‍ ഇസ്ലാം മതം സ്വീകരിച്ചു. പട്ടണങ്ങളില്‍ തുര്‍ക്കികളുടെ നേരിട്ടുള്ള ഭരണം നടപ്പിലായെങ്കിലും പല ഉള്‍പ്രദേശങ്ങളും പ്രായേണ സ്വതന്ത്രമായിരുന്നു. ഈ സ്വതന്ത്രഘടകങ്ങള്‍ മേല്ക്കോയ്മകളായിരുന്ന തുര്‍ക്കികള്‍ക്കു കപ്പം നല്കിവന്നു. ഇസ്ലാം മതം സ്വീകരിച്ച അല്‍ബേനിയര്‍ തുര്‍ക്കിയില്‍ വിദ്യാഭ്യാസം ചെയ്യുകയും അവരില്‍ പലരും ഉയര്‍ന്ന ഉദ്യോഗങ്ങളില്‍ നിയമിതരാകുകയും ചെയ്തു; പല അല്‍ബേനിയരും തുര്‍ക്കിസേനാംഗങ്ങളുമായി.

ഹെര്‍തടാകതീരത്തുള്ള പള്ളി

19-ാം ശ.-ത്തില്‍ തുര്‍ക്കിയില്‍ ഭരണപ്രതിസന്ധി ഉണ്ടായപ്പോള്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ അല്‍ബേനിയയിലും അനുഭവപ്പെട്ടു; ജനങ്ങളില്‍ മൂന്നില്‍ രണ്ടുഭാഗം ഇസ്ലാം മതസ്ഥരും മൂന്നിലൊന്ന് ക്രിസ്തുമതാനുയായികളുമായിരുന്നു. തുര്‍ക്കികളുടെ കേന്ദ്രഭരണം ബലഹീനമായപ്പോള്‍ പല പ്രാദേശിക ഭരണകര്‍ത്താക്കളും സ്വതന്ത്രരാവാനുള്ള ശ്രമം ആരംഭിച്ചു. ഇങ്ങനെ അലിപാഷാ ജന്നീനയില്‍ (ദക്ഷിണ അല്‍ബേനിയ) ഒരു സ്വതന്ത്രഭരണകൂടം സ്ഥാപിച്ചു; എന്നാല്‍ 1822-ല്‍ ഇദ്ദേഹം വധിക്കപ്പെട്ടു. ഉത്തര അല്‍ബേനിയയില്‍ ബുഷാതി കുടുംബക്കാര്‍ സ്വതന്ത്ര ഭരണകൂടം സ്ഥാപിക്കാനുള്ള ശ്രമത്തിലായിരുന്നു. മുഹമ്മദ് ബുഷാതിയും അദ്ദേഹത്തിന്റെ പൗത്രനായ മുസ്തഫയും ആയിരുന്നു ആ കുടുംബത്തിലെ പ്രമുഖര്‍. തുര്‍ക്കി സുല്‍ത്താനായ അബ്ദുല്‍ മജീദ് I തുര്‍ക്കികളുടെ ആധിപത്യം അല്‍ബേനിയയില്‍ ഉറപ്പിച്ചശേഷം പല ഭരണപരിഷ്കാരങ്ങളും നടപ്പിലാക്കി. പക്ഷേ, അവയൊന്നും ഉദ്ദേശിച്ച ഫലം നല്കിയില്ല.

സ്വാതന്ത്ര്യസമരങ്ങള്‍.

തുര്‍ക്കിയില്‍നിന്നു റഷ്യ പിടിച്ചെടുത്ത അല്‍ബേനിയന്‍ പ്രദേശങ്ങള്‍ വീണ്ടെടുക്കുന്നതിനു തുര്‍ക്കിയും അല്‍ബേനിയയും ചേര്‍ന്ന് ഒരു ദേശീയ സംഘടന രൂപവത്കരിച്ചു. പക്ഷേ, അല്‍ബേനിയര്‍ സ്വന്തം സ്വാതന്ത്ര്യമാണ് ലക്ഷ്യമാക്കുന്നതെന്നു മനസ്സിലാക്കിയ തുര്‍ക്കികള്‍, അല്‍ബേനിയരുമായുള്ള കൂട്ടുപ്രവര്‍ത്തനങ്ങളില്‍നിന്നു പിന്‍മാറുകയും അവര്‍ ക്കെതിരായുള്ള സന്നാഹങ്ങളെ സഹായിക്കുകയും ചെയ്തു. അല്‍ബേനിയര്‍ക്കു രണ്ടു തുറമുഖ പട്ടണങ്ങള്‍ നഷ്ടപ്പെട്ടത് അവരുടെ സ്വാതന്ത്ര്യസമരത്തിനു ശക്തികൂട്ടി. തുര്‍ക്കിയുടെ അധീശാധികാരത്തിനും അയല്‍രാജ്യങ്ങളുടെ കൈയേറ്റങ്ങള്‍ക്കും എതിരായി ഒരു ദ്വിമുഖ സമരം നയിക്കാന്‍ അല്‍ബേനിയര്‍ നിര്‍ബന്ധിതരായി. ദേശീയ ചിന്താഗതി വളര്‍ത്തുന്നതിനനുകൂലമായ പ്രവര്‍ത്തനങ്ങള്‍ അല്‍ബേനിയയിലുടനീളം ശക്തി പ്രാപിച്ചു. ഒട്ടോമന്‍ സാമ്രാജ്യത്തിനുള്ളില്‍ സ്വയംഭരണാധികാരമുള്ള അല്‍ബേനിയന്‍ രാഷ്ട്രം സ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടര്‍ന്നു. യുവതുര്‍ക്കിപ്രസ്ഥാനം തുര്‍ക്കിയില്‍ വിജയിച്ചപ്പോഴും അല്‍ബേനിയരുടെ സ്വയം നിര്‍ണയാവകാശത്തെ അവര്‍ നിഷേധിക്കുകയാണു ചെയ്തത്. പക്ഷേ, പിന്നീട് അല്‍ബേനിയരുടെ അവകാശങ്ങള്‍ അംഗീകരിക്കാന്‍ അവര്‍ നിര്‍ബന്ധിതരായി. തുര്‍ക്കിസേനയുടെ പരാജയം അല്‍ബേനിയയ്ക്ക് പുതിയ ശത്രുക്കളെ സൃഷ്ടിച്ചു. സ്വതന്ത്ര അല്‍ബേനിയന്‍ രാഷ്ട്രത്തിന്റെ ആവിര്‍ഭാവത്തെ എതിര്‍ത്ത ഗ്രീസ്, സെര്‍ബിയ ആദിയായ രാഷ്ട്രങ്ങള്‍, അല്‍ബേനിയയെ ആക്രമിക്കാന്‍ സന്നദ്ധമായി. എങ്കിലും 1912 ന. 28-ന് ഇസ്മായില്‍ കെമാല്‍ വ്ലോറയുടെ നേതൃത്വത്തില്‍ സ്വതന്ത്ര അല്‍ബേനിയന്‍ രാഷ്ട്രം ഉടലെടുത്തു. യൂറോപ്പിലെ വന്‍കിടരാഷ്ട്രങ്ങള്‍ അല്‍ബേനിയന്‍ പ്രശ്നത്തില്‍ ഇടപെടുകയും അവസാനം അല്‍ബേനിയയെ അംഗീകരിക്കുകയും ചെയ്തു (1912 ഡി.). ഒന്നാം ലോകയുദ്ധകാലത്ത് അല്‍ബേനിയ നിഷ്പക്ഷത പ്രഖ്യാപിച്ചെങ്കിലും അത് ഒരു യുദ്ധരംഗമായിത്തീരുകയാണുണ്ടായത്.

ഒന്നാം ലോകയുദ്ധാനന്തരമുണ്ടായ പാരിസ് സമാധാന സമ്മേളനം അല്‍ബേനിയന്‍ പ്രശ്നം പരിഹരിച്ചില്ല. 1920-ല്‍ സുലൈമാന്‍ ദെല്‍വിനയുടെ നേതൃത്വത്തില്‍ ടിറാന തലസ്ഥാനമാക്കി ഒരു ദേശീയ ഗവണ്‍മെന്റ് രൂപവത്കൃതമാകുകയും സഖ്യകക്ഷികള്‍ കൈയടക്കിയിരുന്ന പ്രദേശങ്ങള്‍ ഈ ദേശീയ ഗവണ്‍മെന്റിനു കൈമാറ്റം ചെയ്യപ്പെടുകയും ചെയ്തു. ഇറ്റലിയും യുഗോസ്ലാവിയയും അല്‍ബേനിയന്‍ പ്രദേശങ്ങളില്‍ നിന്നു പിന്‍മാറി. 1920-ല്‍ ലീഗ് ഒഫ് നേഷന്‍സില്‍ (League of Nations) അല്‍ബേനിയ അംഗമായി.

ജനായത്തഭരണസമ്പ്രദായം നടപ്പിലാക്കുവാന്‍ നടത്തിയ ശ്രമങ്ങള്‍ അല്‍ബേനിയയില്‍ വിജയിച്ചില്ല. അഹമ്മദ് ബേസോഗു പ്രധാനമന്ത്രിയായിരിക്കവെ നടന്ന വിപ്ലവഫലമായി അദ്ദേഹം പുറന്തള്ളപ്പെടുകയുണ്ടായെങ്കിലും ഇദ്ദേഹം വീണ്ടും അധികാരത്തിലെത്തി ഏകാധിപത്യഭരണമാരംഭിച്ചു. 1928-ല്‍ ഇദ്ദേഹം സോഗ്ക എന്ന പേരില്‍ അല്‍ബേനിയന്‍ രാജാവായി സ്വയം പ്രഖ്യാപിച്ചു. ഇറ്റലിയുമായുള്ള സൗഹാര്‍ദബന്ധം ഇദ്ദേഹം ബലപ്പെടുത്തി. സോഗിന്റെ ഭരണം അല്‍ബേനിയയിലെ ആഭ്യന്തര കാര്‍ഷിക പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സഹായകമായിരുന്നില്ല. തകര്‍ന്ന സാമ്പത്തികസ്ഥിതി പുനരുദ്ധരിക്കുവാന്‍ അല്‍ബേനിയയെ ഇറ്റലി സഹായിച്ചു. അല്‍ബേനിയയിലെ ഏകാധിപത്യഭരണത്തെ ജനങ്ങള്‍ വെറുക്കുകയും സാമ്പത്തിക സാമൂഹിക പ്രശ്നങ്ങള്‍ വളരുകയും ചെയ്തപ്പോള്‍ ജനങ്ങള്‍ കമ്യൂണിസ്റ്റ് ആദര്‍ശങ്ങളോടു സഹാനുഭൂതിയുള്ളവരായിത്തീര്‍ന്നു. എങ്കിലും ഒരു ശക്തമായ ഗവണ്‍മെന്റ് അല്‍ബേനിയയില്‍ നിലവിലിരുന്നത് സോഗിന്റെ 11 വര്‍ഷത്തെ ഭരണകാലത്താണ്. സോഗ് ഹംഗറിയിലെ പ്രഭ്വിയായ ജെറാള്‍ഡിന്‍ അപ്പോനിയിയെ വിവാഹം കഴിച്ചു (1938). അല്‍ബേനിയയെ ഇറ്റലിയുടെ അധീശാധികാരത്തില്‍ കൊണ്ടുവരാനുള്ള ശ്രമങ്ങളെ എതിര്‍ത്തതോടെ മുസ്സോളിനി അല്‍ബേനിയ ആക്രമിച്ചു. അല്‍ബേനിയ ഇറ്റലിയുടെ ഒരു പ്രവിശ്യയായിത്തീര്‍ന്നു. ഇറ്റാലിയന്‍ ചക്രവര്‍ത്തി ഇമ്മാനുവല്‍ III അല്‍ബേനിയന്‍ രാജാവായി പ്രഖ്യാപിക്കപ്പെട്ടു.

കമ്യൂണിസ്റ്റ് ഭരണം.

രണ്ടാം ലോകയുദ്ധകാലത്ത് ഇറ്റലിയുടെ അധീശാധികാരത്തിനെതിരായി അല്‍ബേനിയയില്‍ വിപ്ലവങ്ങള്‍ സംഘടിപ്പിക്കപ്പെട്ടു. യുദ്ധകാലത്ത് അല്‍ബേനിയയിലെ കമ്യൂണിസ്റ്റ് സംഘടനയ്ക്ക് ഐക്യകക്ഷികളുടെ സഹായവും ലഭിച്ചു. മുസ്സോളിനിയുടെ തിരോധാനശേഷം അല്‍ബേനിയയില്‍ കമ്യൂണിസ്റ്റുകളും ദേശീയവാദികളും തമ്മിലുണ്ടായ സംഘട്ടനത്തിനുശേഷം അവിടെ കമ്യൂണിസ്റ്റുകാര്‍ പ്രബലരായി.

1944 ന.-ല്‍ അന്‍വര്‍ ഹോജ(Enver Hoxha)യുടെ നേതൃത്വത്തില്‍ ഒരു ഗവണ്‍മെന്റ് രൂപവത്കൃതമായി. കമ്യൂണിസ്റ്റ് പരിപാടികള്‍ നടപ്പിലാക്കാന്‍ ആരംഭിച്ചതോടെ ഇദ്ദേഹത്തിനു പല എതിര്‍പ്പുകളും നേരിടേണ്ടിവന്നു. 1945-ല്‍ നാഷണല്‍ അസംബ്ലിയിലേക്ക് തെരഞ്ഞെടുപ്പു നടന്നു. 1948 വരെ അല്‍ബേനിയ യുഗോസ്ലാവിയയുമായി സൗഹൃദത്തിലായിരുന്നു. അതിനുശേഷം യുഗോസ്ലാവിയയ്ക്കനുകൂലമായ നയപരിപാടികള്‍ നടപ്പിലാക്കാന്‍ ശ്രമിച്ചവരെ അധികാരത്തില്‍നിന്നു പുറന്തള്ളിയതോടെ അന്‍വര്‍ ഹോജയും മുഹമ്മദ് ഷെഹുവും യു.എസ്.എസ്.അര്‍-നു അനുകൂലമായ നയപരിപാടികള്‍ ആവിഷ്കരിച്ചു. 1961 വരെ അല്‍ബേനിയ മുന്‍ യു.എസ്.എസ്.ആര്‍ ചേരിയില്‍ തുടര്‍ന്നു. സ്റ്റാലിന്‍ പക്ഷപാതിയായ അല്‍ബേനിയന്‍ ഭരണനേതാവ്, എന്‍.എസ്. ക്രൂഷ്ചേവിന്റെ രാഷ്ട്രീയചേരിക്ക് എതിരായ നിലപാട് സ്വീകരിച്ചതോടെ യു.എസ്.എസ്.ആറുമായുള്ള അല്‍ബേനിയയുടെ ബന്ധങ്ങള്‍ ഉലയുകയും കമ്യൂണിസ്റ്റ് ചൈനയുമായുള്ള ബന്ധങ്ങള്‍ ദൃഢതരമാവുകയും ചെയ്തു. ചൈനീസ് കമ്യൂണിസ്റ്റ് ക്യാമ്പുമായി അടുപ്പം സ്ഥാപിച്ച ആദ്യത്തെ യൂറോപ്യന്‍ രാഷ്ട്രമാണിത്. 1976 ജനു. 21-നു പുതിയ ഭരണഘടന നിലവില്‍വന്നു. അതോടെ രാജ്യം "പീപ്പിള്‍സ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്ക് ഒഫ് അല്‍ബേനിയയായിത്തീര്‍ന്നു. ഹോജയുടെ മരണ(1985)ത്തെത്തുടര്‍ന്നു റമിസ് അലിയ ഭരണമേറ്റു. തുടര്‍ന്ന് പാശ്ചാത്യരാഷ്ട്രങ്ങളുമായുള്ള സാമ്പത്തികബന്ധങ്ങള്‍ മെച്ചപ്പെടുകയും ജനാധിപത്യപ്രക്രിയ ത്വരിതപ്പെടുകയും ചെയ്തു. 1991-ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ പല രാഷ്ട്രീയപാര്‍ട്ടികളും പങ്കെടുത്തു. 1992-ല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയാണ് അധികാരത്തിലെത്തിയത്. സാമ്പത്തികപരിഷ്കാരങ്ങള്‍ നടപ്പിലാക്കിയതിന്റെ ഭാഗമായി അഴിമതിയും വര്‍ധിച്ചുവന്നു. 1995-ല്‍ അല്‍ബേനിയയ്ക്ക് കൗണ്‍സില്‍ ഒഫ് യൂറോപ്പില്‍ അംഗീകാരം ലഭിച്ചു.

1997-ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ സോഷ്യലിസ്റ്റ് പാര്‍ട്ടികള്‍ അധികാരത്തിലെത്തി. റീഹെപ്മീദാനി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. അല്‍ബേനിയന്‍ സോഷ്യലിസ്റ്റ് പാര്‍ട്ടി ചെയര്‍മാനായ ഫാറ്റോഡ് നാനോ പ്രധാനമന്ത്രിപദം ഏറ്റെടുത്തു. 1998-ല്‍ അംഗീകരിക്കപ്പെട്ട ഭരണഘടന പ്രകാരം ജനാധിപത്യഭരണവ്യവസ്ഥ നിലവില്‍വരികയും പൗരാവകാശങ്ങള്‍ സംരക്ഷിക്കപ്പെടുകയും ചെയ്തു. 2000 ഒ.-ല്‍ നടന്ന പ്രാദേശികതെരഞ്ഞെടുപ്പുകളിലും സോഷ്യലിസ്റ്റുകളാണ് വിജയക്കൊടി പാറിച്ചത്.

2001 ജൂണില്‍ നടന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനെത്തുടര്‍ന്ന് സോഷ്യലിസ്റ്റ് നേതാവായ ഇലിര്‍മേന പ്രധാനമന്ത്രിയായി അവരോധിക്കപ്പെട്ടു. എങ്കിലും പാര്‍ട്ടിയ്ക്കുള്ളിലെ വിഭാഗീയപ്രവണതകള്‍ കാരണം 2002-ല്‍ പണ്ഡേലിമാജ്കൊ പ്രധാനമന്ത്രിസ്ഥാനം ഏറ്റെടുത്തു.

കഴിഞ്ഞ രണ്ടു ദശകങ്ങളില്‍ അല്‍ബേനിയയിലുണ്ടായ സാമ്പത്തികപുരോഗതി ശ്രദ്ധേയമാണ്. ജനങ്ങളുടെ ജീവിതനിലവാരം വളരെയേറെ മെച്ചപ്പെട്ടിരിക്കുന്നു. ഉപഭോക്തൃസാധനങ്ങളുടെ ഉത്പാദനത്തിലും വിപണനത്തിലും അല്‍ബേനിയ മുന്‍പന്തിയിലാണ്.

(കെ.എം. ജോണ്‍; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍