This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അല്‍ബിഡോ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അല്‍ബിഡോ

Albedo

ഒരു വസ്തുവിന്റെ ഊര്‍ജപ്രതിപതന ശക്തി. വസ്തുക്കളുടെ ഊര്‍ജപ്രതിപതനശേഷി അളക്കുന്നത് പതിക്കുന്നതും പ്രതിപതിക്കുന്നതുമായ ഊര്‍ജങ്ങള്‍ തമ്മിലുള്ള അനുപാതസംഖ്യയുടെ വ്യുത്ക്രമം (inverse) ആയാണ്. അല്‍ബൂസ് (വെളുപ്പ്) എന്ന ലാറ്റിന്‍ വാക്കാണ് അല്‍ബിഡോ എന്ന പദത്തിന് ആധാരം. പതിക്കുന്ന ഊര്‍ജം മുഴുവനും പ്രതിപതിപ്പിക്കുവാന്‍ ഒരു വസ്തുവിനും കഴിയുകയില്ല. അങ്ങനെ കഴിഞ്ഞാല്‍ അതിന്റെ അല്‍ബിഡോ ഒന്ന് ആയിരിക്കും. സാധാരണമായി വസ്തുക്കളുടെ അല്‍ബിഡോ ഒന്നില്‍ താഴെയാണ്.

ഭൂപ്രതലത്തിന്റെയും അന്തരീക്ഷത്തിന്റെയും മൊത്തത്തിലുള്ള ഊര്‍ജപ്രതിപതനശേഷിയെയാണ് ഭൂമിയുടെ അല്‍ബിഡോ ആയി കണക്കാക്കുന്നത്. വികിരണരീതിയില്‍ എത്തിച്ചേരുന്ന സൗരോര്‍ജത്തിന്റെ ഒരംശം അന്തരീക്ഷത്തില്‍ വച്ചു പ്രകീര്‍ണന വിധേയമാകുകയും ബഹിരാകാശത്തിലേക്കു മടങ്ങുകയും ചെയ്യുന്നു. മറ്റൊരു ഭാഗം മേഘപാളികള്‍ പ്രതിപതിപ്പിക്കുന്നു. ഭൂപ്രതലവും പതിക്കുന്ന ഊര്‍ജത്തിന്റെ നല്ലൊരു ഭാഗം മടക്കുന്നു. ഇങ്ങനെ പ്രതിപതിക്കപ്പെടുന്ന മൊത്തം ഊര്‍ജത്തെ സൂര്യാതപത്തിന്റെ ഭിന്നമാക്കിപ്പറയുമ്പോള്‍ ഭൂമിയുടെ അല്‍ബിഡോ ആയി. ഭൂമിയാലോ അന്തരീക്ഷത്താലോ അവശോഷണം ചെയ്യപ്പെടാത്ത സൂര്യാതപത്തിന്റെ ഭാഗത്തെയാണ് അല്‍ബിഡോ സൂചിപ്പിക്കുന്നത്.

ജലവിതാനം, മേഘങ്ങള്‍, ഹിമപ്പരപ്പുകള്‍, മഞ്ഞ്, മരുഭൂമികള്‍ എന്നിവയൊക്കെ നല്ല പ്രതിപതനതലങ്ങളാണ്. സസ്യാവൃതതലങ്ങള്‍ അത്രമാത്രം പ്രതിപതിപ്പിക്കുന്നില്ല. ശുദ്ധമായ ഹിമപാളികള്‍ 85 ശ.മാ. ഊര്‍ജവും മടക്കുന്നു. മഞ്ഞിന്റെ ശ.ശ. അല്‍ബിഡോ 55 ശ.മാ. ആണ്; മേഘതലങ്ങളുടെ തോതും ഇതു തന്നെ. ഭൂമിയുടെ അല്‍ബിഡോ ഏറെക്കുറെ മേഘഹിമാവരണങ്ങളുടെ ഏറ്റക്കുറച്ചിലിനെ ആശ്രയിച്ചിരിക്കുന്നു; ശ.ശ. അല്‍ബിഡോ 0.43 ആണ്.

ഒരു തലത്തിന്റെ അല്‍ബിഡോ അതിന്റെ പ്രതിഫലനീയത(reflectivity)യില്‍ നിന്നു വ്യത്യസ്തമാണ്. ഊര്‍ജത്തിന്റെ ഒരു പ്രത്യേക തരംഗദൈര്‍ഘ്യത്തെ അടിസ്ഥാനമാക്കിയാണു പ്രതിഫലനീയത നിര്‍ണയിക്കുക. അല്‍ബിഡോ നിര്‍ണയിക്കുമ്പോള്‍ വിവിധ ദൈര്‍ഘ്യങ്ങളിലുള്ള ഊര്‍ജതരംഗങ്ങളെ മൊത്തത്തില്‍ കണക്കിലെടുക്കുന്നു.

അണുകേന്ദ്രവിജ്ഞാനീയത്തില്‍ അല്‍ബിഡോയ്ക്കു മറ്റൊരു നിര്‍വചനമാണുള്ളത്: പ്രഭവസ്ഥാനത്തേക്കു തന്നെ പ്രത്യാപതിക്കുന്ന ന്യൂട്രോണുകളുടെ എണ്ണവും ആപതിച്ചവയുടെ എണ്ണവും തമ്മിലുള്ള അനുപാതമാണ് അല്‍ബിഡോ.

അല്‍ബിഡോ അളക്കുന്നതിനുള്ള ഉപകരണമാണ് അല്‍ബിഡോമീറ്റര്‍. ചിലപ്പോള്‍ പൈറാനോമീറ്റര്‍ കൊണ്ടും ഈ ആവശ്യം നിവര്‍ത്തിക്കാം. നോ: അണുകേന്ദ്രവിജ്ഞാനീയം

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍