This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അല്‍ഫോന്‍സോ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അല്‍ഫോന്‍സോ

Alfonso

സ്പെയിനിലെ അരഗോണ്‍, ലിയോണ്‍, കസ്റ്റീല്‍ എന്നിവിടങ്ങളിലെയും പോര്‍ച്ചുഗലിലെയും ചില രാജാക്കന്മാര്‍.

അല്‍ഫോന്‍സോ I (അരഗോണ്‍, 1073-1134). അരഗോണിലെയും നവാറെയിലെയും രാജാവ്. സാഞ്ചൊ V റാമിറസിന്റെ പുത്രനായ ഇദ്ദേഹം ശക്തനായ ഒരു സേനാപതിയായിരുന്നുവെങ്കിലും നയതന്ത്രജ്ഞനായിരുന്നില്ല. ലിയോണിലെയും കസ്റ്റീലിലെയും രാജാവായ അല്‍ഫോന്‍സോ VI (1042-1109)-ന്റെ നിര്‍ബന്ധത്തിന് വഴങ്ങി, ബര്‍ഗണ്ടിയിലെ റെയ്മോണ്ടിന്റെ വിധവയായ യുറാക്കയെ ഇദ്ദേഹത്തിനു വിവാഹം കഴിക്കേണ്ടിവന്നു. 1109-ല്‍ അല്‍ഫോന്‍സോ VI നിര്യാതനായതിനെത്തുടര്‍ന്ന് അരഗോണ്‍, നവാറെ, ലിയോണ്‍, കസ്റ്റീല്‍ എന്നീ നാലു രാജ്യങ്ങള്‍ പേരിന് സംയോജിപ്പിച്ച് അല്‍ഫോന്‍സോ I ചക്രവര്‍ത്തിയായി. എന്നാല്‍ ലിയോണ്‍-കസ്റ്റീല്‍ വാസികള്‍ പുതിയ ചക്രവര്‍ത്തിയെ ഇഷ്ടപ്പെട്ടില്ല. യുറാക്കയ്ക്ക് തന്റെ രണ്ടാം ഭര്‍ത്താവിനോടു പ്രിയവുമായിരുന്നില്ല. ടൊളിഡോയിലെ ക്ലൊനിയാക്ക് ആര്‍ച് ബിഷപ്പായ ബര്‍ണാഡിനും യുറാക്കയ്ക്കും, അവള്‍ക്ക് ആദ്യഭര്‍ത്താവിലുണ്ടായ പുത്രനെ (അല്‍ഫോന്‍സോ റാമിറസ്) വാഴിക്കാനായിരുന്നു മോഹം. ഈ പ്രവര്‍ത്തനങ്ങളെ അല്‍ഫോന്‍സോ ഉരുക്കുമുഷ്ടിയോടെ നേരിട്ടുവെന്നു പറയപ്പെടുന്നു. ബര്‍ണാഡിന്റെ ശ്രമഫലമായി, അല്‍ഫോന്‍സോയും യുറാക്കയും തമ്മിലുള്ള ദാമ്പത്യത്തെ മാര്‍പ്പാപ്പ വിടര്‍ത്തി. ഈ പ്രതിസന്ധിയിലും അല്‍ഫോന്‍സോ സാമ്രാജ്യവിസ്തൃതിയില്‍ ജാഗരൂകനായിരുന്നു. 1118-ല്‍ മുസ്ലിം ആസ്ഥാനമായ സാരഗോസ ഇദ്ദേഹം കീഴടക്കി, എബ്രോ താഴ്വരവരെ സാമ്രാജ്യം വികസിപ്പിച്ചു. 1125-ല്‍ ദക്ഷിണ സ്പെയിന്‍ ആക്രമിച്ച് അവിടെനിന്നു നിരവധി മൊസാറബുകളെ കൊണ്ടുവന്നു പുതിയതായി കീഴടക്കിയ പ്രദേശങ്ങളില്‍ കുടിയിരുത്തി. 1116-ല്‍ ടൂലോസ് പ്രഭുവും കീഴടങ്ങി. 1126-ല്‍ യുറാക്കയുടെ നിര്യാണത്തിനുശേഷം രാജ്യാവകാശം അല്‍ഫോന്‍സോ റാമിറസിന് നല്കി. 1134-ല്‍ ഫ്രഗയുദ്ധത്തില്‍ പങ്കെടുത്ത അല്‍ഫോന്‍സോയ്ക്ക് മാരകമായി മുറിവേറ്റു; സെപ്.-ല്‍ നിര്യാതനാവുകയും ചെയ്തു.

അല്‍ഫോന്‍സോ II (അരഗോണ്‍, 1152-96). അരഗോണിലെ രാജാവ്. ബാര്‍സലോണ പ്രഭുവായിരുന്ന റാമണ്‍ ബൈറങ്കര്‍ IV-ന്റെയും അരഗോണിലെ റാമിറോ II-ന്റെ പുത്രി പെട്രോനിലയുടെയും പുത്രനായി ജനിച്ചു. 1162-ല്‍ പിതാവിന്റെ നിര്യാണത്തെത്തുടര്‍ന്ന് ബര്‍സലോണപ്രഭുവും മാതാവിന്റെ നിര്യാണത്തെത്തുടര്‍ന്ന് 1164-ല്‍ അരഗോണ്‍ ഭരണാധികാരിയുമായി. അങ്ങനെ ബാര്‍സലോണ-അരഗോണ്‍ രാജ്യങ്ങള്‍ ഏകീകരിക്കപ്പെട്ടു. ഈ കാലം മുതലാണ് അരഗോണ്‍, ഫ്രാന്‍സിന്റെ കാര്യങ്ങളില്‍ ഇടപെടാന്‍ തുടങ്ങിയത്. 1171-ലെ ടെറൂല്‍ ആക്രമണം വാലെന്‍ഷ്യ ആക്രമണത്തിന് വിത്തുപാകി. കസോര്‍ല സന്ധിയോടെ യുദ്ധം അവസാനിപ്പിച്ചു. 1196-ല്‍ പെര്‍പിഗ്നില്‍വച്ച് അല്‍ഫോന്‍സോ II അന്തരിച്ചു.

അല്‍ഫോന്‍സോ III (അരഗോണ്‍, 1265-91). പീറ്റര്‍ III-ന്റെ പുത്രന്‍; 1285-ല്‍ അരഗോണ്‍ രാജാവായി. അരഗോണിലെ പ്രഭുക്കന്മാരുമായി ഭരണപരമായ ചില തര്‍ക്കങ്ങളില്‍ ഇദ്ദേഹം ഇടപെട്ടതിന്റെ ഫലമായി രാജാവിന്റെ ചില അധികാരങ്ങള്‍ പ്രഭുക്കന്മാര്‍ക്ക് കൈമാറേണ്ടിവന്നു. 1291 ജൂണ്‍ 18-ന് ബാര്‍സലോണയില്‍വച്ച് ഇദ്ദേഹം അന്തരിച്ചു.

അല്‍ഫോണ്‍സോ IV (അരഗോണ്‍, 1299-1336). ജയിംസ് II-ന്റെ പുത്രനായ ഇദ്ദേഹം 1327 ന. 2-ന് അരഗോണ്‍ രാജാവായി. ഇദ്ദേഹത്തിന്റെ ഭരണകാലത്ത് സാര്‍ഡീനിയയില്‍ ഗുരുതരമായ ലഹള പൊട്ടിപ്പുറപ്പെട്ടു. അത് ജനോവയുമായി യുദ്ധത്തിനു വഴിതെളിച്ചു. ഉത്തരാഫ്രിക്കയിലെ മൂര്‍ (മുസ്ലിം) രാജാവുമായി നയതന്ത്രബന്ധം സ്ഥാപിക്കാനും ഇദ്ദേഹം നിര്‍ബന്ധിതനായി. രണ്ടാം ഭാര്യയുടെ അഭീഷ്ടത്തിനു വഴങ്ങേണ്ടിവന്ന രാജാവിന്, രാജ്യത്തെ രാഷ്ട്രീയ കുഴപ്പങ്ങളും ഒരു ഭീഷണിയായിത്തീര്‍ന്നു. 1336 ജനു. 24-ന് ബര്‍സലോണയില്‍വച്ച് ഇദ്ദേഹം നിര്യാതനായി.

അല്‍ഫോണ്‍സോ V (അരഗോണ്‍, 1396-1458). അരഗോണിലെ ഫെര്‍ഡിനന്റ് I-ന്റെ പുത്രന്‍; ഇദ്ദേഹം 'ഉദാരനായ രാജാവ്' (The Magnanimous) എന്ന പേരില്‍ അറിയപ്പെടുന്നു. പിതാവിനെ പിന്തുടര്‍ന്ന് 1416 ഏ. 2-ന് അരഗോണ്‍ രാജാവായി. മധ്യമെഡിറ്ററേനിയന്‍ പ്രദേശങ്ങളില്‍ നടത്തിയ ആക്രമണങ്ങള്‍മൂലം ഇദ്ദേഹത്തിന്റെ ശക്തി വര്‍ധിച്ചു. സാര്‍ഡീനിയന്‍മാരെ 1420-ല്‍ കീഴടക്കി; സിസിലിയില്‍ ക്രമസമാധാനം പുനഃസ്ഥാപിച്ചു. അന്‍ജുവിലെ ലൂയി III നേപ്പിള്‍സിലെ ജൊവാന്‍ II-നെ ആക്രമിക്കുമെന്നു ഭീഷണിപ്പെടുത്തിയപ്പോള്‍ (1421) ജൊവാന്‍ II അല്‍ഫോന്‍സോയെ നേപ്പിള്‍സിലെ അവകാശിയാക്കി പ്രഖ്യാപിച്ചു. ഈ സാഹസത്തില്‍ മിക്ക ഇറ്റാലിയന്‍ നഗരങ്ങളെയും മാര്‍പ്പാപ്പയെയും ഇദ്ദേഹത്തിന് എതിര്‍ക്കേണ്ടിവന്നു. അന്‍ജുവിലെ റെനെയെ ജൊവാന്‍ അവിടത്തെ ഭരണാധികാരിയാക്കി. 1435-ല്‍ ജനോവക്കാര്‍ ഇദ്ദേഹത്തെ തോല്പിക്കുകയും തടവുകാരനായി പിടിക്കുകയും ചെയ്തു. മിലാനിലെ പ്രഭുവും അല്‍ഫോന്‍സോയുമായി ഒരു പുതിയ സൗഹൃദസന്ധിയില്‍ ഏര്‍ പ്പെട്ടു (1442). നേപ്പിള്‍സ് അല്‍ഫോന്‍സോയ്ക്ക് കീഴടങ്ങി. 1443-ല്‍ അല്‍ഫോന്‍സോ തലസ്ഥാനനഗരി നേപ്പിള്‍സിലേക്കു മാറ്റി. ഇറ്റാലിയന്‍ വന്‍കരയില്‍ സ്പാനിഷ് ആധിപത്യത്തിന് അടിത്തറ പാകിയത് അല്‍ഫോന്‍സോ ആയിരുന്നു. ജനോവ ആക്രമണത്തിനു തയ്യാറെടുത്തുകൊണ്ടിരിക്കവേ 1458 ജൂണ്‍ 27-ന് ഇദ്ദേഹം അന്തരിച്ചു. ഇറ്റലിയിലെ പ്രദേശങ്ങളെല്ലാം ഇദ്ദേഹത്തിന്റെ ജാരസന്തതിയായ ഫെര്‍ഡിനന്റിന് ലഭിച്ചു.

അല്‍ഫോന്‍സോ I (അസ്തൂറിയസ്, 683-757). 739 മുതല്‍ 757 വരെ അസ്തൂറിയസ് ഭരിച്ച രാജാവ്. ആദ്യത്തെ അസ്തൂറിയസ് രാജാവായ പിലായൊയുടെ ജാമാതാവാണ് ഇദ്ദേഹമെന്നു വിശ്വസിക്കപ്പെടുന്നു. ഇസ്ലാമിക സ്പെയിനിലെ ബെര്‍ബര്‍ കലാപ(1741)ത്തെ തുടര്‍ന്നുണ്ടായ ആഭ്യന്തരക്കുഴപ്പത്തിനിടയ്ക്ക് അല്‍ഫോന്‍സോ ഗലീഷ്യ തന്റെ സാമ്രാജ്യത്തോടു ചേര്‍ത്തു.

അല്‍ഫോന്‍സോ II (അസ്തൂറിയസ്, 759-842). 791 മുതല്‍ 842 വരെ അസ്തൂറിയസിലെ രാജാവ്. ഫ്രൂല I-ന്റെ പുത്രനായി 759-ല്‍ കാന്‍ഗാസില്‍ ജനിച്ചു. കോര്‍ഡോവ അമീര്‍മാര്‍മാരുടെ ഭീഷണികളെ നേരിടാനും അസ്തൂറിയസിന്റെ സ്വാതന്ത്ര്യം നിലനിര്‍ത്താനും കഴിഞ്ഞത് ഇദ്ദേഹത്തിന്റെ നേട്ടമായിരുന്നു. തന്ത്രപ്രധാനമായ ഓവീഡോ പര്‍വതപ്രദേശത്ത് ഇദ്ദേഹം പുതിയ തലസ്ഥാനനഗരി നിര്‍മിച്ചു; വിസിഗോത്ത് കീഴ്വഴക്കങ്ങള്‍ ഭരണപരവും മതപരവുമായ അംശങ്ങളില്‍ അനുവര്‍ത്തിച്ച് പുതിയൊരു ദേശീയത നാട്ടില്‍ ഇദ്ദേഹം സ്ഥാപിച്ചു. അമീര്‍മാര്‍ ക്കെതിരായി വിപ്ലവം നടത്തുന്നതില്‍ ഇദ്ദേഹത്തിനു വിശ്വാസം ഉണ്ടായിരുന്നില്ല. ഷാര്‍ലിമെയിന്‍ ചക്രവര്‍ത്തിയുടെ സഹായം ഇദ്ദേഹം പ്രതീക്ഷിച്ചെങ്കിലും കിട്ടിയില്ല. ഇദ്ദേഹത്തിന്റെ ഭരണകാലത്താണ് ഗലീഷ്യയില്‍ വിശുദ്ധ ജയിംസ് അപ്പോസ്തലന്റേതെന്നു കരുതപ്പെടുന്ന ശവകുടീരം കണ്ടുപിടിക്കപ്പെട്ടത്. അത് ഒരു ക്രൈസ്തവ തീര്‍ഥാടനകേന്ദ്രമാക്കി മാറ്റാനും തന്‍മൂലം അസ്തൂറിയസിന് പ്രാമാണ്യം ലഭിക്കാനും ഇടയായി. 842-ല്‍ ഓവീഡോയില്‍വച്ച് ഇദ്ദേഹം അന്തരിച്ചു.

അല്‍ഫോന്‍സോ III (അസ്തൂറിയസ്, 838-910). മഹാനായ അല്‍ഫോന്‍സോ എന്നറിയപ്പെടുന്ന അല്‍ഫോന്‍സോ III പിതാവായ ഒര്‍ഡൊനൊ I-നെത്തുടര്‍ന്ന് 866 മേയ് 26-ന് അസ്തൂറിയസ് രാജാവായി. 886-ല്‍ കോര്‍ദോവ അമീറായ മുഹമ്മദ് I നിര്യാതനായപ്പോള്‍ അവിടെ അന്തച്ഛിദ്രമുണ്ടായി. ആ അവസരമുപയോഗപ്പെടുത്തി ഒസ്മവരെയുള്ള പ്രദേശങ്ങള്‍ ആസ്തൂറിയാസിന്റെ കീഴിലാക്കി. ഈ പുതിയ സ്ഥലങ്ങളില്‍ മൊസാറബുകളായിരുന്നു വസിച്ചിരുന്നത്. 910 ഡി. 20-ന് ഇദ്ദേഹം അന്തരിച്ചു.

അല്‍ഫോന്‍സോ IV (ലിയോണ്‍, മ. 933). 926 മുതല്‍ 931 വരെ ലിയോണ്‍, അസ്തൂറിയസ് എന്നിവിടങ്ങളിലെ രാജാവായിരുന്ന ഇദ്ദേഹം ഒര്‍ഡൊനൊ II-ന്റെ പുത്രനും ഫ്രൂല II-ന്റെ പിന്‍ഗാമിയുമായിരുന്നു. 931-നു ശേഷം സന്ന്യാസജീവിതം നയിച്ചുതുടങ്ങിയെങ്കിലും പിന്നീട് സിംഹാസനം തിരിച്ചുപിടിക്കാന്‍ ശ്രമം നടത്താതിരുന്നില്ല. 933-ല്‍ ഇദ്ദേഹം അന്തരിച്ചു.

അല്‍ഫോന്‍സോ V (ലിയോണ്‍, 994-1028). 999 മുതല്‍ 1028 വരെ ലിയോണിലെ രാജാവ്. അല്‍മന്‍സൂറും പുത്രനായ അബ്ദല്‍ മാലിക്ക് അല്‍മുസാഫറും ലിയോണ്‍ ആക്രമിച്ച് വന്‍പിച്ച നാശനഷ്ടം വരുത്തിയ കാലത്തായിരുന്നു ഇദ്ദേഹം രാജാവായത്. 1007-ല്‍ അബ്ദല്‍ മാലിക്കിന്റെ നിര്യാണത്തെത്തുടര്‍ന്നു ലിയോണ്‍ ഒരുവിധം സ്വതന്ത്രമായി. നവാറെയിലെ സാന്‍ചൊ III ആയിരുന്നു അടുത്ത പ്രതിയോഗി. 1024-ല്‍ അല്‍ഫോന്‍സോ സാന്‍ചൊയുടെ പുത്രിയായ യുറാക്കയെ വിവാഹം ചെയ്തതോടെ ആ പ്രതിസന്ധിക്ക് പരിഹാരമുണ്ടായി. നഷ്ടപ്പെട്ട പോര്‍ച്ചുഗീസ് പ്രദേശങ്ങള്‍ ഇദ്ദേഹം തിരിച്ചുപിടിച്ചു. വിസ്യു ഉപരോധത്തിനു പോയ ഇദ്ദേഹം വധിക്കപ്പെട്ടുവെന്നാണ് വിശ്വാസം.

അല്‍ഫോന്‍സോ VI (ലിയോണ്‍, 1042-1109). 1065 മുതല്‍ ലിയോണിലെയും 1072 മുതല്‍ കസ്റ്റീലിലെയും രാജാവ്. മധ്യകാല സ്പാനിഷ് രാജാക്കന്മാരില്‍ പ്രമുഖനായിരുന്നു ഇദ്ദേഹം. ഇദ്ദേഹത്തിന്റെ നേതൃത്വവും ക്രാന്തദര്‍ശിത്വവുംമൂലം ആ ഉപദ്വീപില്‍ ക്രൈസ്തവ മേധാവിത്വം നിലനിന്നു. ഫെര്‍ഡിനന്റ് I-ന്റെ പുത്രനായ അല്‍ഫോന്‍സോ 1065-ല്‍ പിതാവ് മരിച്ചപ്പോള്‍ ലിയോണ്‍ രാജാവായി. കസ്റ്റീല്‍ ഭരിച്ചിരുന്നത് സഹോദരനായ സാന്‍ചൊ ആയിരുന്നു. സാന്‍ചൊ ശക്തി ഉപയോഗിച്ച് അല്‍ഫോന്‍സോയെ സ്ഥാനഭ്രഷ്ടനാക്കി. ടൊളിഡോ രാജാവായ യാഹ്യ I-ന്റെ കൊട്ടാരത്തില്‍ ഇദ്ദേഹം അഭയം തേടി. 1072-ല്‍ സമോറയില്‍വച്ച് സാന്‍ചൊ അന്തരിച്ചപ്പോള്‍ അല്‍ഫോന്‍സോ ലിയോണ്‍, കസ്റ്റീല്‍ എന്നീ രാജ്യങ്ങളുടെ രാജാവായി. 1077-ല്‍ ഇദ്ദേഹം സ്പെയിന്‍ ചക്രവര്‍ത്തിയായി സ്വയം പ്രഖ്യാപിച്ചു; സ്പെയിന്‍, ടൊളിഡോ എന്നീ രാജ്യങ്ങളെ ഇദ്ദേഹം കീഴ്പ്പെടുത്തി. ദക്ഷിണ സ്പെയിനിലെ ചെറിയ രാജ്യങ്ങള്‍ ഇദ്ദേഹത്തെ അംഗീകരിച്ചു. മുസ്ലിം പ്രജകളോട് ഇദ്ദേഹം സഹിഷ്ണുത പുലര്‍ത്തിയിരുന്നു. എന്നാല്‍ ക്ളൂണിയാക്ക് പാതിരിമാരുടെ നിര്‍ബന്ധംമൂലം ഈ നയം മാറ്റാന്‍ ഇദ്ദേഹം നിര്‍ബന്ധിതനായി. ഉത്തരാഫ്രിക്കയിലെ അല്‍മൊറാവിദുകളും, ആഫ്രിക്കയിലെ ഗോത്രത്തലവന്മാരും ഇദ്ദേഹത്തോടെതിരിട്ടു. അരഗോണിലെ അല്‍ഫോന്‍സോ I-ന് തന്റെ പുത്രി യുറാക്കയെ വിവാഹം ചെയ്തുകൊടുത്തു. 1109 ജൂണ്‍ 30-ന് ടൊളിഡോയില്‍ ഇദ്ദേഹം അന്തരിച്ചു.

അല്‍ഫോന്‍സോ VII (ലിയോണ്‍, 1104-57). ലിയോണ്‍, കസ്റ്റീല്‍ എന്നീ രാജ്യങ്ങളുടെ രാജാവ്. അല്‍ഫോന്‍സോ VI-ന്റെ പൗത്രനും ബര്‍ഗണ്ടിയിലെ റെയ്മോണ്ടിന്റെ പുത്രനുമായിരുന്ന ഇദ്ദേഹം 1126 മുതല്‍ 1157 വരെ നാടു ഭരിച്ചു. മാതാവായ യുറാക്കയും ചിറ്റപ്പനായ അല്‍ഫോന്‍സോയും തമ്മിലുള്ള കലഹത്തിന്റെ നിഴലിലാണ് ഇദ്ദേഹം വളര്‍ന്നുവന്നത്. 1147-ല്‍ അല്‍മേറിയ കീഴടക്കിയതോടെ ഇദ്ദേഹത്തിന്റെ ശക്തി വര്‍ധിച്ചു; കോര്‍ദോവയും കുറച്ചുകാലം ഇദ്ദേഹത്തിന്റെ കീഴിലമര്‍ന്നു. 1146 മുതല്‍ അല്‍മൊഹാദ് ആക്രമണങ്ങള്‍ രാജ്യത്തുണ്ടായി. അല്‍മൊറാവിദു(അല്‍മുറബ്ബിദു)കളെ കൂട്ടുപിടിച്ച് അല്‍മൊഹാദുകളെ (അല്‍മുവഹിദുകള്‍) ചെറുക്കാന്‍ ഇദ്ദേഹം തയ്യാറായി. 1157 ആഗ.-ല്‍ ഫ്രെസ്നദയില്‍ വച്ച് ഇദ്ദേഹം രാജ്യം സാന്‍ചൊ III-നും, ഫെര്‍ഡിനന്റ് II-നും ഭാഗിച്ചുകൊടുത്തു.

അല്‍ഫോന്‍സോ VIII (കസ്റ്റീല്‍, 1155-1214). സാന്‍ചൊ III-ന്റെ പുത്രനായ ഇദ്ദേഹം മൂന്നു വയസ്സുള്ളപ്പോള്‍ രാജാവായി. ബാല്യകാലം മുതല്‍ രാജ്യം ആഭ്യന്തരകുഴപ്പങ്ങള്‍കൊണ്ടു കലുഷമായിരുന്നു. ഇംഗ്ലണ്ടിലെ ഹെന്‍റി II-ന്റെ പുത്രി എലിനറെ 1170-ല്‍ ഇദ്ദേഹം വിവാഹം ചെയ്തു. കസോര്‍ല കരാറുപ്രകാരം അരഗോണും കസ്റ്റീലും തമ്മിലുള്ള അതിര്‍ത്തി നിര്‍ണയിച്ചു. 1172 ആയപ്പോഴേക്കും അല്‍മൊഹാദുകള്‍ പ്രബലരായിക്കഴിഞ്ഞിരുന്നു. അലാര്‍കോസില്‍വച്ച് 1195-ല്‍ അവര്‍ അല്‍ഫോന്‍സോയെ തോല്പിച്ചു. ലിയോണ്‍-നവാറെ രാജാക്കന്മാരും അവരെ സഹായിച്ചിരുന്നു. അരഗോണിലെ പീറ്റര്‍ II-ന്റെ സഹായംമൂലം ലിയോണ്‍-നവാറെ രാജാക്കന്മാരെ ഇദ്ദേഹം എതിരിട്ടു. ലിയോണ്‍ രാജാവിന് ഇദ്ദേഹത്തിന്റെ പുത്രിയെ വിവാഹം കഴിക്കേണ്ടിവന്നു. 1212-ല്‍ ഇദ്ദേഹം അല്‍മൊഹാദുകളെ തോല്പിച്ചു. 1214 ഒ. 6-ന് അല്‍ഫോന്‍സോ അന്തരിച്ചു.

അല്‍ഫോന്‍സോ IX (ലിയോണ്‍, 1171-1230). 1188 മുതല്‍ 1230 വരെ ലിയോണിലെ രാജാവ്. പ്രഭുക്കന്മാരെ അമര്‍ച്ച വരുത്തിയതാണ് ഇദ്ദേഹത്തിന്റെ മുഖ്യ നേട്ടം. ഫെര്‍ഡിനന്റ് II-ന്റെ പുത്രനായ ഇദ്ദേഹത്തിന് കസ്റ്റീലിനു നഷ്ടപ്പെട്ട അരഗോണ്‍ പ്രദേശങ്ങള്‍ തിരിച്ചുപിടിക്കാന്‍ ആഗ്രഹമുണ്ടായി. കസ്റ്റീല്‍ രാജാവിന്റെ പുത്രിയെ ഇദ്ദേഹം വിവാഹം ചെയ്തു. 1212-ല്‍ കസ്റ്റീല്‍ അല്‍മൊഹാദുകളുമായി യുദ്ധത്തിനു പോയപ്പോള്‍ ഇദ്ദേഹം സഹായിച്ചില്ല. കാസറസ് (1257) മെറിഡ, ബെഡജോസ് (1230) എന്നീ പ്രദേശങ്ങള്‍ അദ്ദേഹം അല്‍മൊഹാദുകളില്‍നിന്നും പിടിച്ചെടുത്തു. 1230 സെപ്. 24-ന് വില്ലനൂവദെസാറിയയില്‍വച്ച് ഇദ്ദേഹം അന്തരിച്ചു.

അല്‍ഫോന്‍സോ X (കസ്റ്റീല്‍, 1221-84). കസ്റ്റീല്‍-ലിയോണ്‍ രാജാവ്. 1252 മുതല്‍ 1284 വരെ ഭരിച്ചു. ഫെര്‍ഡിനന്റ് III-ന്റെ പുത്രനായി 1221 ന. 23-ന് ബര്‍ഗോസില്‍ ജനിച്ചു. 1257-ല്‍ ഇദ്ദേഹത്തെ ജര്‍മന്‍ രാജാവായി തെരഞ്ഞെടുത്തെങ്കിലും മാര്‍പ്പാപ്പ ആ തെരഞ്ഞെടുപ്പ് അംഗീകരിച്ചില്ല. വര്‍ഷങ്ങളോളം ജര്‍മന്‍ രാജാവാകാന്‍ ഇദ്ദേഹം പരിശ്രമിച്ചു. കാര്‍ട്ടാജിന, കാഡിസ് എന്നിവ മൂറു(മുസ്ലിം)കളില്‍നിന്നും ഇദ്ദേഹം മോചിപ്പിച്ചു. 1284 ഏ. 4-ന് ഇദ്ദേഹം അന്തരിച്ചു. ഇദ്ദേഹം കലാപോഷണതത്പരനായിരുന്നു.

അല്‍ഫോന്‍സോ XI (കസ്റ്റീല്‍, 1311-50). കസ്റ്റീല്‍-ലിയോണ്‍ രാജാവ്. ഒരു വയസ്സായപ്പോള്‍ തന്നെ ഫെര്‍ഡിനന്റ് IV-ന്റെ പുത്രനായ ഇദ്ദേഹം കീരിടാവകാശിയായി. ബാല്യത്തില്‍ പല അന്തഃഛിദ്രങ്ങളെയും നേരിടേണ്ടി വന്നു. എന്നാല്‍ 14 വയസ്സായപ്പോഴേക്കും ഇദ്ദേഹം രാജ്യകാര്യങ്ങള്‍ ഭദ്രമാക്കി. മുനിസിപ്പാലിറ്റികള്‍ക്കും കോര്‍ട്ടെസിനും അധികാരങ്ങള്‍ നല്കി. റയോസലാഡൊമ്പയില്‍ വച്ച് (1340) ഇദ്ദേഹം വന്‍പിച്ച വിജയം നേടി. 1344-ല്‍ അല്‍ജിസിറാസ് ഇദ്ദേഹം തിരിച്ചു പിടിച്ചു. ജിബ്രാള്‍ട്ടര്‍ പിടിച്ചടക്കാന്‍ തയ്യാറെടുപ്പു നടത്തിക്കൊണ്ടിരിക്കവെ പ്ലേഗു മൂലം 1350 മാ. 26-ന് ഇദ്ദേഹം അന്തരിച്ചു.

അല്‍ഫോന്‍സോ XII (സ്പെയിന്‍, 1857-85). സ്പാനിഷ് രാജാവ്. ഇസബെല്ല രാജ്ഞിയുടെയും മരിയഫെര്‍നാന്റൊ ഫ്രാന്‍സിസ്കൊ ദെ അസീസിയുടെയും പുത്രനായി 1857 ന. 28-ന് ജനിച്ചു. 1868-ലെ വിപ്ലവത്തെത്തുടര്‍ന്ന് മാതാപിതാക്കള്‍ സ്പെയിന്‍ വിടാന്‍ നിര്‍ബന്ധിതരായപ്പോള്‍ ഇദ്ദേഹവും അവരോടൊന്നിച്ചു പോയി. പാരിസില്‍ കുറച്ചുകാലം താമസിച്ചെങ്കിലും വിയെന്നയിലെ തെറേസ്യാനത്തിലായിരുന്നു ഇദ്ദേഹത്തിന്റെ വിദ്യാഭ്യാസം. മാതാവ് രാജ്ഞിസ്ഥാനം ത്യജിച്ചതിനെത്തുടര്‍ന്ന് 1870 ജൂണ്‍ 25-ന് അല്‍ഫോന്‍സോയെ പാരിസിലേക്കു തിരിച്ചുവിളിച്ചു. അല്‍ഫോന്‍സോ ​XII എന്ന പേരില്‍ സ്പാനിഷ് രാജാവായി. മുന്‍പ് ലിയോണ്‍, കസ്റ്റീല്‍ എന്നീ രാജ്യങ്ങളില്‍ പതിനൊന്ന് അല്‍ഫോന്‍സോ രാജാക്കന്മാര്‍ ഭരിച്ചിരുന്നതിന്റെ തുടര്‍ച്ചയായി ഈ രാജസ്ഥാനവും ഗണിക്കപ്പെട്ടതിനാല്‍ ഇദ്ദേഹം അല്‍ഫോന്‍സോ XII ആയി. രാജാവായ ഉടന്‍ ഇംഗ്ലണ്ടിലെ സാന്‍ഡ്ഹേഴ്സില്‍ ചേര്‍ന്ന് സൈനിക വിദ്യാഭ്യാസം നേടി. 1874 ഡി. 1-ന് ഇദ്ദേഹം സ്പെയിനിലെ രാജവംശത്തിന്റെ ഏക അവകാശിയാണെന്ന് സ്വയം പ്രഖ്യാപിച്ചു. ആ വര്‍ഷം സൈനികനേതൃത്വം ഏറ്റെടുക്കാന്‍ മാഡ്രിഡില്‍നിന്നും മാര്‍ഷല്‍ സെറാനൊ തിരിച്ചു. ആ അവസരത്തില്‍ അല്‍ഫോന്‍സോയെ പ്രതിനിധാനം ചെയ്ത് ജനറല്‍ മാര്‍ട്ടിനെസ് കാംപോസ് വാലെന്‍ഷ്യയില്‍ പ്രവേശിച്ചു; അതിനെത്തുടര്‍ന്ന് വിപ്ലവകൗണ്‍സില്‍ അധികാരം വച്ചൊഴിഞ്ഞു. പകരം അല്‍ഫോന്‍സോയുടെ ഉപദേഷ്ടാവായ കനോവാസ്

ദെല്‍ കാസ്റ്റിലോ അധികാരം ഏറ്റു. 1876-ലെ യുദ്ധത്തില്‍ അല്‍ഫോന്‍സോ ​XII ഡോണ്‍ കാര്‍ലോസിനെ തോല്പിച്ചു. 1878-ല്‍ ഇദ്ദേഹം മരിയ ദെലാസ് മെര്‍സിഡസിനെ വിവാഹം കഴിച്ചുവെങ്കിലും ആറു മാസത്തിനകം അവര്‍ അന്തരിച്ചു. തുടര്‍ന്ന് 1878 ന. 29-ന് ആര്‍ച്ച് ഡ്യൂക്ക് ചാള്‍സ് ഫെര്‍ഡിനന്റിന്റെ പുത്രി മരിയ ക്രിസ്റ്റീനയെ വിവാഹം ചെയ്തു. മാഡ്രിഡില്‍വച്ച് ടറാഗോണയിലെ ഒരു തൊഴിലാളിയായ ഒലിവ മാര്‍കൂസി രാജാവിനെ വെടിവച്ചെങ്കിലും ഇദ്ദേഹം രക്ഷപ്പെട്ടു. 1879-ല്‍ ഒട്ടേറൊ എന്നൊരാളും രാജകീയ ദമ്പതികളെ വധിക്കാന്‍ ശ്രമിക്കുകയുണ്ടായി. മരിയ ദെ ലാസ് മെര്‍സിഡസ്, മരിയ ടെറേസ, അല്‍ഫോന്‍സോ എന്നിങ്ങനെ മൂന്നു സന്താനങ്ങള്‍ ഇദ്ദേഹത്തിനുണ്ടായി. അന്റോണിയോ കനോവാസ് ദെല്‍ കസ്റ്റിലോയുടെ രാജിയെത്തുടര്‍ന്ന് ലിബറല്‍ നേതാവായ സഗസ്റ്റയെ അദ്ദേഹം പ്രധാനമന്ത്രിയാക്കി. 1885 ന. 24-ന് ക്ഷയരോഗംമൂലം അല്‍ഫോന്‍സോ XII അന്തരിച്ചു.

അല്‍ഫോന്‍സോ XIII (സ്പെയിന്‍, 1886-1941). സ്പെയിന്‍ രാജാവ്. അല്‍ഫോന്‍സോ XII-ന്റെ പുത്രനായി 1886 മേയ് 17-ന് മാഡ്രിഡില്‍ ജനിച്ചു. ലിയോണ്‍ ഫെര്‍ണാന്റെമാറിയ ജയിം ഇസിദോറൊ പാസ്കല്‍ അന്റോണിയോ എന്നായിരുന്നു ജ്ഞാനസ്നാനനാമം. മാതാവിന്റെ റീജന്‍സിയില്‍ രാജാവായി ജനിച്ച അല്‍ഫോന്‍സോ ഫ്രഞ്ച്, ഇംഗ്ലീഷ്, ജര്‍മന്‍ എന്നീ ഭാഷകളിലും ചരിത്രം, കൃഷിശാസ്ത്രം എന്നീ വിഷയങ്ങളിലും പ്രാഗല്ഭ്യം നേടി. 1902 മുതല്‍ ഭരണകാര്യങ്ങളില്‍ ശ്രദ്ധിക്കാന്‍ തുടങ്ങി. ആസ്റ്റ്രിയ, ജര്‍മനി, ഇംഗ്ലണ്ട്, ഫ്രാന്‍സ് എന്നീ രാജ്യങ്ങളില്‍ ഇദ്ദേഹം പര്യടനം നടത്തി (1905). പാരിസില്‍വച്ച് ഒരു ബോംബാക്രമണത്തില്‍നിന്ന് ഇദ്ദേഹം രക്ഷപ്പെട്ടു.

അല്‍ഫോന്‍സോ XIII

1906 മേയ് 31-ന് വിക്ടോറിയ രാജ്ഞിയുടെ പൗത്രിയായ വിക്ടോറിയ യൂജിനിയെ അല്‍ഫോന്‍സോ വിവാഹം ചെയ്തു. വിവാഹദിവസംതന്നെ രാജദമ്പതികള്‍ ബോംബേറിനു വിധേയരായെങ്കിലും രക്ഷ പ്രാപിച്ചു. ഇദ്ദേഹം മൂത്തപുത്രനായ അല്‍ഫോന്‍സോ(1907-38)യെ അസ്തൂറിയാസിലെ രാജകുമാരനാക്കി. പ്രധാനമന്ത്രിയായ കനലേജസ് വധിക്കപ്പെട്ടതിനെത്തുടര്‍ന്ന് നടന്ന ശവസംസ്കാരച്ചടങ്ങില്‍ ഇദ്ദേഹവും പങ്കെടുത്തു. 1913 ഏ.-ല്‍ മാഡ്രിഡില്‍ നിന്നും ഒരു ചടങ്ങുകഴിഞ്ഞു തിരിച്ചു വരുംവഴി ഒരു അക്രമി അദ്ദേഹത്തിന്റെ നേരെ മൂന്നു പ്രാവശ്യം നിറയൊഴിച്ചു. അതില്‍നിന്നും യാതൊരു അപകടവുംകൂടാതെ രാജാവ് രക്ഷപ്പെട്ടു. ഫ്രാങ്കോ-ആംഗ്ലോ-റഷ്യന്‍ കൂട്ടുകെട്ടില്‍ 1913-ല്‍ സ്പെയിനും ചേര്‍ന്നു. കറ്റലോണിയന്‍ പ്രതിസന്ധി തരണം ചെയ്യുന്നതില്‍ രാജാവ് പരാജയപ്പെട്ടു. ആധുനിക സ്പെയിനിലെ ഏറ്റവും പ്രശസ്ത രാഷ്ട്രതന്ത്രജ്ഞന്മാരില്‍ ഒരാളായ അന്റോണിയോ മോറയുടെ നവീകരണ നടപടികളും വിജയിച്ചില്ല. പോര്‍ച്ചുഗലിലെ വിപ്ലവം രാജാവിനെ കൂടുതല്‍ കുഴപ്പത്തിലാക്കി. ഒന്നാം ലോകയുദ്ധത്തില്‍ സ്പെയിന്‍ നിഷ്പക്ഷമായിനിന്നു. വിദ്യാഭ്യാസം, സൈന്യം, ഭരണം എന്നീ രംഗങ്ങളില്‍ അസംതൃപ്തിയുണ്ടായി. പട്ടാളവിപ്ലവം അനിവാര്യമായിത്തീര്‍ന്നു. ജനറല്‍ പ്രിമോ ദെ റിവേര രാജാവിന്റെ ഒത്താശയോടെ അധികാരം പിടിച്ചെടുത്തതോടുകൂടി ഒരു കിരാതവാഴ്ച ആരംഭിച്ചു. രണ്ടുവര്‍ഷം കഴിഞ്ഞപ്പോള്‍ ഇദ്ദേഹവും ജനരോഷത്തിന് ഇരയായി. 1927 സെപ.-ല്‍ ഒരു ജനപ്രതിനിധിസഭ വിളിച്ചുകൂട്ടി, കാര്യങ്ങള്‍ ശരിയാക്കാന്‍ രാജാവ് റിവേരയെ അധികാരപ്പെടുത്തി. 1930 ജനു. 28-ന് റിവേര രാജിവയ്ക്കാന്‍ നിര്‍ബന്ധിതനായി. 1931-ലെ തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ കക്ഷിക്ക് ഭൂരിപക്ഷം കിട്ടി. സ്ഥാനത്യാഗം ചെയ്യാന്‍ നിര്‍ബന്ധിതനായ അല്‍ഫോന്‍സോ രാജ്യം വിട്ടുപോയി. പിന്നീട് ഇദ്ദേഹം സ്പെയിനില്‍ തിരിച്ചെത്തിയില്ല. 1932-ല്‍ ഇദ്ദേഹത്തിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടിയെങ്കിലും, 1939 ഏ. 24-ന് അത് തിരിച്ചുനല്കാന്‍ ജനറല്‍ ഫ്രാങ്കോ തയ്യാറായി. ഇദ്ദേഹത്തെ സ്പാനിഷ് പൗരനായി അംഗീകരിച്ചു. റോമില്‍ വച്ച് 1941 ഫെ. 28-ന് അല്‍ഫോന്‍സോ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍