This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അല്‍പക

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അല്‍പക

ടൈലോപോഡ (Tylopoda) ഉപഗോത്രത്തില്‍പ്പെടുന്ന ഒരു സസ്തനി. ശാ.നാ.: ലാമ പാക്കോസ് (Llama pacos). ഒട്ടകവും ഇതേ ഗോത്രത്തില്‍ പ്പെടുന്നു.

ബൊളീവിയ, പെറു, വ. അര്‍ജന്റീന എന്നിവിടങ്ങളിലെ വിശാലമായ പര്‍വതപ്രദേശങ്ങളില്‍ പറ്റംപറ്റമായി മേഞ്ഞുനടക്കുന്ന അല്‍പക എന്ന അയവിറക്കുമൃഗം ഇവിടത്തെ ജന്തുക്കളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ്. തോള്‍ഭാഗത്ത് ഒരു മീറ്ററോളം ഉയരമുള്ള അല്‍പക, ലാമയെക്കാള്‍ ചെറുതാണ്. വാല്‍ എപ്പോഴും ശരീരത്തോടു ചേര്‍ത്തുവയ്ക്കുന്ന ശീലം ഇതിനുണ്ട്. നിറം കറുപ്പു മുതല്‍ വിളറിയ മഞ്ഞവരെ ഏതുമാകാം; മഞ്ഞുപോലെ വെളുത്തവയും അപൂര്‍വമല്ല. പല നിറങ്ങളുള്ള അല്‍പക ഒരപൂര്‍വദൃശ്യമാണ്. 4,250 മുതല്‍ 5,000 വരെ മീ. ഉയരമുള്ള ചതുപ്പു പ്രദേശങ്ങളില്‍ കഴിയാന്‍ അല്‍പകയെപ്പോലെ ഇത്രയധികം കഴിവുള്ള ജീവികള്‍ വേറെയില്ല.

അല്‍പക

നീണ്ടു മിനുസമേറിയ രോമങ്ങള്‍ക്കുവേണ്ടി മാത്രമാണ് മനുഷ്യന്‍ ഇവയെ ഇണക്കിവളര്‍ത്തുന്നത്. കാഴ്ചയില്‍ ആടിനോട് വളരെയധികം സാദൃശ്യമുള്ള ഇവയില്‍ രണ്ടിനങ്ങളുണ്ട്: സാധാരണ അല്‍പകയും സൂരിയും (Suri). സൂരിയുടെ രോമം വെട്ടിയെടുക്കാതെ വളരാനനുവദിച്ചാല്‍ അത് വളര്‍ന്നിറങ്ങി നിലത്തു മുട്ടും. അപ്പോള്‍ അത് കാഴ്ചയില്‍ വലുപ്പംവച്ച ഒരു 'പൂഡില്‍' (Poodle) നായയെപ്പോലെയിരിക്കും. ഒട്ടകത്തിന്റെ ബന്ധുക്കളായ നാല് ലാമോയ്ഡുകളില്‍ (Llamoids) വച്ച് കമ്പിളിനിര്‍മാണത്തില്‍ പ്രഥമസ്ഥാനവും ഇതിനുതന്നെ.

അല്‍പകയും ലാമയുമായി ഇണചേര്‍ന്നു പുതിയൊരു തലമുറ ഉണ്ടായിട്ടുണ്ടെങ്കിലും അവയുടെ കുട്ടികള്‍ പലപ്പോഴും ആദ്യതലമുറകളിലേതുപോലെയാവാറുണ്ട്. പട്ടുപോലെ മിനുത്ത രോമത്തിന് ഉടമയായ വിക്കുണ(Vicuna)യെയും ധാരാളം രോമമുള്ള അല്‍പകയെയും ഇണചേര്‍ത്ത് 'പാക്കോ-വിക്കുണ' (Paco-vicuna) എന്ന പുതിയൊരിനത്തെ ഉത്പാദിപ്പിച്ചിട്ടുണ്ട്. വിക്കുണയുടെയും അല്‍പകയുടെയും നല്ല ഗുണങ്ങള്‍ ഒരുമിച്ച് ഒരു തലമുറയില്‍ കാണുമെന്നായിരുന്നു പ്രതീക്ഷ; എന്നാല്‍ ഈ പരീക്ഷണവും പൂര്‍ണവിജയമായിട്ടില്ല. പാക്കോ-വിക്കുണയുടെ രോമത്തിന്റെ മിനുസം ഒരിക്കല്‍ വെട്ടിയെടുത്തുകഴിയുമ്പോള്‍ നഷ്ടപ്പെടുന്നു; അതോടൊപ്പം കട്ടിയുള്ള രോമത്തില്‍ വര്‍ധനവ് ഉണ്ടാകുകയും ചെയ്യും. കൂടാതെ പലപ്പോഴും ഇവയുടെ കുഞ്ഞുങ്ങള്‍ ആദ്യതലമുറയിലെപ്പോലെ ആകാറുമുണ്ട്.

മൂന്നു വയസ്സാകുന്നതോടെ അല്‍പകയുടെ ശരീരത്തിലെ ഏറ്റവും പഴക്കമുള്ള രോമങ്ങള്‍ പൊഴിയാനാരംഭിക്കുന്നു. രണ്ടാമത്തെ വയസ്സു മുതല്‍ രോമം വെട്ടിത്തുടങ്ങാം. സാധാരണ അല്‍പകയില്‍ രണ്ടു വര്‍ഷംകൊണ്ട് 30 സെ.മീ. വരെ രോമം വളരുമ്പോള്‍ സൂരിയുടേത് 60 സെ.മീ. വളരുന്നു. 5-ാം വര്‍ഷമാണ് ഏറ്റവും കൂടുതല്‍ രോമം ലഭിക്കുന്നത്. അപ്പോള്‍ ഓരോ വെട്ടലിനും 3 കി.ഗ്രാം വരെ കമ്പിളി ലഭിക്കും. വര്‍ഷംതോറും 3,000 ടണ്ണോളം കമ്പിളി ഉത്പാദിപ്പിക്കുന്ന പെറു ആണ് ഈ വ്യവസായത്തില്‍ മുന്‍പന്തിയില്‍ നില്ക്കുന്ന രാജ്യം. ഏഴുവയസ്സാകുന്നതോടെ അല്‍പകയ്ക്ക് വാര്‍ധക്യം ബാധിക്കുന്നു; അപ്പോള്‍ ഇറച്ചിക്കായി കൊല്ലുക പതിവാണ്. നോ: ലാമ

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%85%E0%B4%B2%E0%B5%8D%E2%80%8D%E0%B4%AA%E0%B4%95" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍