This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അല്‍ജീരിയ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഉള്ളടക്കം

അല്‍ജീരിയ

Algeria

ഉത്തര ആഫ്രിക്കയില്‍ മെഡിറ്ററേനിയന്‍ തീരത്തുള്ള ഒരു സ്വതന്ത്ര പരമാധികാരരാഷ്ട്രം. ഔദ്യോഗികനാമം: ഡെമോക്രാറ്റിക് ആന്‍ഡ് പോപ്പുലര്‍ റിപ്പബ്ലിക് ഓഫ് അല്‍ജീരിയ. ഒരു ഫ്രഞ്ച് അധിനിവേശപ്രദേശമായിരുന്ന അല്‍ജീരിയ 1942-ലാണ് സ്വാതന്ത്ര്യം പ്രാപിച്ചത്. വ. മെഡിറ്ററേനിയന്‍ കടല്‍; കി. ടൂണിഷ്യ, ലിബിയ; തെ. നൈജര്‍, മാലി, മോരിറ്റാനിയ; പ. മൊറോക്കോ എന്നിങ്ങനെയാണ് അല്‍ജീരിയയുടെ അതിരുകള്‍. വിസ്തീര്‍ണം: 2,95,032 ച.കി.മീ. ഏറ്റവും കൂടിയ ദൈര്‍ഘ്യം കി.പ. 950 കി. മീറ്ററും തെ.വ. 400 കി.മീറ്ററും. സഹാറാമരുഭൂമിയിലെ ഏതാണ്ട് 20,86,711 ച.കി.മീ. പ്രദേശവും അല്‍ജീരിയയ്ക്കുള്ളിലാണ്. ജനസംഖ്യ: 32,532,000 (2005). തലസ്ഥാനം: അല്‍ജിയേഴ്സ്. ഒറാന്‍, കോണ്‍സ്റ്റന്റയിന്‍, അന്നാബ, സീ ദീ ബെല്‍ അബസ്, മോസ്താഗനം, സെറ്റിഫ്, സ്കിഡ്ഡ, ത്ലെംസെന്‍, ബ്ലീഡ, ബജൈയ എന്നിവയാണ് മറ്റു പ്രധാന നഗരങ്ങള്‍.

ഭൗതിക ഭൂമിശാസ്ത്രം

ഭൂവിജ്ഞാനീയം

ഭൂവിജ്ഞാനപരമായി സഹാറാമരുഭൂമി, അറ്റ്‍ലസ് പീഠപ്രദേശം എന്നിങ്ങനെ അല്‍ജീരിയയെ രണ്ടായി വിഭജിക്കാം. ഭൗമായുസ്സിലെ പ്രാചീന യുഗങ്ങള്‍ മുതല്‍ക്കേ കാര്യമായ പ്രതലവ്യതിയാനങ്ങള്‍ക്കു വിധേയമാകാതെ തുടര്‍ന്നുപോന്ന ഉറച്ച ശിലാഘടനയാണ് സഹാറാപ്രദേശത്തിനുള്ളത്. പ്രീകാംബ്രിയന്‍ ശിലകളുടെ മേല്‍ പാലിയോസോയിക് യുഗത്തിലേതായ നിക്ഷേപങ്ങളും ക്രിട്ടേഷ്യസ് യുഗത്തില്‍ സമുദ്രാതിക്രമണത്തിനു വിധേയമായതിലൂടെ രൂപംകൊണ്ടിട്ടുള്ള ചുണ്ണാമ്പുകല്ല് അട്ടികളുടെ നേരിയ ആവരണങ്ങളും അടങ്ങുന്നതാണ് ഈ പ്രദേശത്തെ ശിലാസംരചന. ഉത്തര അല്‍ജീരിയ അറ്റ്‍ലസ് വലന പര്‍വതന(folded mountain)ങ്ങളുടെ ഒരു ഭാഗമാണ്. ഭൂവിജ്ഞാനികളുടെ അഭിപ്രായത്തില്‍ സഹാറ, റ്റിറേനിയ എന്നീ പുരാതന ഭൂഖണ്ഡങ്ങളുടെ ഞെരുങ്ങലില്‍പ്പെട്ട് മടങ്ങി ഉയര്‍ന്നു പര്‍വതങ്ങളായിത്തീര്‍ന്ന ഒരു ഭൂഅഭിനതിയാണ് അല്‍ജീരിയ. ഈ പര്‍വതന പ്രക്രിയയുടെ കാലം ടെര്‍ഷ്യറിയുഗമായി അനുമാനിക്കപ്പെടുന്നു. ചുണ്ണാമ്പുകല്ല്, മണല്‍ക്കല്ല് തുടങ്ങിയവയുടെ ആധിക്യമുള്ള നൂതനശിലാക്രമങ്ങളാണ് ഈ പ്രദേശത്തുള്ളത്.

ഭൂപ്രകൃതി

ഉത്തര അല്‍ജീരിയയില്‍ മെഡിറ്ററേനിയന്‍ തീരത്തിനു സമാന്തരമായും സഹാറയ്ക്ക് അരികിലായും രണ്ടു പര്‍വതനിരകള്‍ കാണുന്നു. ഇവയ്ക്കിടയിലായി നിമ്നോന്നതഭാഗങ്ങള്‍ കുറഞ്ഞ ഒരു പീഠപ്രദേശവുമുണ്ട്. വടക്കേ അറ്റത്തെ പര്‍വതനിരയുടെ ശാഖകളായ കുന്നുകള്‍ സമുദ്രതീരത്തോളം വിച്ഛിന്നമായി നീണ്ടു കാണുന്നു. അവയ്ക്കു പിറകിലായുള്ള മലനിര 'ടെല്‍' എന്നു വിളിക്കപ്പെടുന്നു. സമുദ്രതീരത്ത് ഈ നിരകളുടെ ശ.ശ. ഉയരം 450 മീ. ആണ്. എന്നാല്‍ ഉള്ളിലേക്കു പോകുന്തോറും അതു ഗണ്യമായി കൂടുന്നു. അല്‍ജിയേഴ്സിനടുത്തുള്ള ജുര്‍ജുരായുടെ ഉയരം 2,308 മീ. ആണ്. ഈ മലനിരകള്‍ക്കിടയ്ക്ക് ഫലഭൂയിഷ്ഠങ്ങളായ നിരവധി താഴ്വരകളുണ്ട്; ഇവ പൊതുവേ ക്രമരഹിതമായി കാണപ്പെടുന്നു. സമുദ്രതീരത്തുള്ള പര്‍വതനിരകള്‍ മൊറോക്കോയുടെ കിഴക്കന്‍ ഭാഗം മുതല്‍ ട്യുണീഷ്യവരെ എത്തുന്നു. തെസ്സാല, ക്വാര്‍സെനിസ് എന്നിവ ഈ മലനിരകളുടെ അല്‍ജീരിയന്‍ ഭാഗങ്ങളാണ്.

സമുദ്രതീര മലനിരകള്‍ക്കും, തെ. സഹാറ-അറ്റ്‍ലസിനും മധ്യേ ഏതാണ്ട് സമനിരപ്പായുള്ള പീഠപ്രദേശമാണുള്ളത്. ശ.ശ. 1,050 മീ. ഉയരത്തിലുള്ള ഈ പ്രദേശം സ്റ്റെപ് മാതൃകയിലുള്ള പുല്‍മേടുകളും, ഇടയ്ക്കിടെയുള്ള ചതുപ്പുകളും ഉള്‍ക്കൊണ്ടു കാണുന്നു. ഗ്രീഷ്മകാലത്തു വരണ്ടുണങ്ങുന്ന ഈ ചതുപ്പുകള്‍ ശിശിരകാലത്തു ലവണജലതടാകങ്ങളായി രൂപാന്തരം പ്രാപിക്കുന്നു; 'ഷാട്ട്' (ചോട്ട്) എന്നാണ് ഇവ അറിയപ്പെടുന്നത്. സഹാറ-അറ്റ്‍ലസ് കി.പടിഞ്ഞാറായി രാജ്യത്തുടനീളമുള്ള ഉയര്‍ന്നമലനിരകളാണ്. ഉത്തര അല്‍ജീരിയയുടെ കാലാവസ്ഥയില്‍ തെക്കുള്ള സഹാറാമരുഭൂമിയുടെ പ്രഭാവം ഇല്ലാതാക്കുന്നത് ഈ പര്‍വതങ്ങളാണ്. തെ പ-വ. കി. ആയി സ്ഥിതിചെയ്യുന്ന ഇവയുടെ ഉയരം ക്രമേണ കുറഞ്ഞ് വടക്കുള്ള പീഠപ്രദേശത്ത് ലയിക്കുന്നു.

കാലാവസ്ഥ

മെഡിറ്ററേനിയന്‍ സമുദ്രത്തിനും വിസ്തൃതമായ സഹാറാമരുഭൂമിക്കും ഇടയ്ക്കുള്ള സ്ഥാനം കാലാവസ്ഥയില്‍ ഋതുവ്യവസ്ഥകള്‍ക്കു കൂടുതല്‍ സ്വാധീനത കൈവരുത്തുന്നു. ശൈത്യകാലത്താണ് മഴ ലഭിക്കുന്നത്; പശ്ചിമവാതങ്ങളുടെ പ്രഭാവം മൂലമുള്ള ചുഴലിമഴ (cyclonic rain) ഇവിടെ സാധാരണമാണ്. ഗ്രീഷ്മകാലത്തു വ.കിഴക്കുനിന്നെത്തുന്ന ശുഷ്കമായ ഉഷ്ണക്കാറ്റുകളുടെ പ്രഭാവം മൂലം പൊതുവേ വരള്‍ച്ച അനുഭവപ്പെടുന്നു. മൊത്തത്തില്‍ ആര്‍ദ്രവും തണുത്തതുമായ ശൈത്യകാലവും വരണ്ടു ചൂടു കൂടിയ വേനല്‍ക്കാലവുമാണുള്ളത്. എല്ലാ മാസങ്ങളിലും സൂര്യപ്രകാശം വേണ്ടുവോളം ലഭിക്കുന്നു. തീരപ്രദേശങ്ങളില്‍ കടല്‍ക്കാറ്റുകളുടെ ഫലമായി കാലാവസ്ഥ ഏറെക്കുറെ സമീകൃതമാണ്. രാജ്യത്തിന്റെ തെക്കന്‍ ഭാഗങ്ങള്‍ അത്യുഷ്ണവും മഴക്കുറവും അനുഭവപ്പെടുന്ന മരുപ്രദേശങ്ങളാണ്.

സസ്യജാലം

വടക്കേ അല്‍ജീരിയയില്‍ മെഡിറ്ററേനിയന്‍ കാലാവസ്ഥയ്ക്കിണങ്ങുന്ന സസ്യജാലമാണുള്ളത്. സഹാറ- അറ്റ്‍ലസ് വരെയുള്ള പ്രദേശങ്ങള്‍ സസ്യസമൃദ്ധമാണ്; അല്‍ജീരിയയില്‍ മാത്രം കണ്ടുവരുന്ന മുന്നൂറോളമിനം ചെടികളുണ്ട്. തെക്കന്‍ ഭാഗങ്ങളിലേക്കു ചെല്ലുന്തോറും മഴക്കുറവു മൂലം സസ്യങ്ങളുടെ വിതരണം ക്രമേണ കുറഞ്ഞുവരുന്നു.

മെഡിറ്ററേനിയന്‍ പ്രദേശത്ത് നിത്യഹരിതവൃക്ഷങ്ങളും കുറ്റിച്ചെടികളുമാണ് സാര്‍വത്രികമായുള്ളത്; താഴ്വാരങ്ങളിലും കടല്‍ത്തീരത്തുള്ള കുന്നുകളിലും ഒലീവ് വൃക്ഷങ്ങള്‍ സമൃദ്ധമായി വളരുന്നു. ഉയര്‍ന്ന പ്രദേശങ്ങളില്‍ ആലെപ്പോ, പൈന്‍, കോര്‍ക്ക്, ഓക്, സെഡാര്‍, തൂജ തുടങ്ങിയ വൃക്ഷങ്ങളാണ് ധാരാളമായുള്ളത്. കുന്നിന്‍ചരിവുകളും താഴ്വാരങ്ങളും പടര്‍പ്പുകള്‍ മൂടി കാണപ്പെടുന്നു. തെക്കോട്ടു പോകുന്തോറും സ്റ്റെപ് മാതൃകയിലുള്ള സസ്യജാലമാണുള്ളത്; ഉയരം കുറഞ്ഞ പുല്‍വര്‍ഗങ്ങളും കുറ്റിച്ചെടികളും അങ്ങിങ്ങായി ജലസമൃദ്ധമായ സ്ഥലങ്ങളില്‍ ജൂണിപെര്‍ വൃക്ഷക്കൂട്ടങ്ങളും കാണാം. സഹാറാപ്രദേശം സസ്യരഹിതമായ മണല്‍പ്പുറങ്ങളാണ്; അങ്ങിങ്ങായി മരൂരുഹങ്ങളും വളരുന്നു.

ജന്തുവര്‍ഗങ്ങള്‍

സഹാറയുടെ സീമാന്ത പ്രദേശം

മെഡിറ്ററേനിയന്‍ കാലാവസ്ഥയാണെങ്കില്‍ പോലും ആന, സിംഹം തുടങ്ങിയ വന്യമൃഗങ്ങള്‍ കാണാനില്ല. ഇവ നാമാവശേഷമായിയെന്നു കരുതാം. കാട്ടുപന്നി, കുറുനരി തുടങ്ങിയവയും മാന്‍വര്‍ഗങ്ങളുമാണ് ഇപ്പോഴുള്ള വന്യമൃഗങ്ങള്‍. പിതിക്കസ് ഇനുവസ് (pithecus innuus) എന്ന പ്രത്യേകയിനം കുരങ്ങുകളെയും അല്‍ജീരിയയില്‍ കാണാം. കഴുകന്‍, പരുന്ത്, ഒട്ടകപ്പക്ഷി തുടങ്ങിയ പക്ഷികളും സമൃദ്ധമായി ഉണ്ട്. മരുപ്രദേശങ്ങളില്‍ കൊമ്പുള്ള അണലികളും തേള്‍വര്‍ഗങ്ങളും ധാരാളമാണ്.

ജനങ്ങളും ജീവിതരീതിയും

ഇടയന്മാര്‍ ആട്ടിന്‍ പറ്റങ്ങളോടൊപ്പം

അല്‍ജീരിയയിലെ പ്രാചീനനിവാസികള്‍ ബെര്‍ബര്‍വര്‍ഗക്കാരായിരുന്നു. അറബികളുടെ ആവര്‍ത്തിച്ചുള്ള ആക്രമണങ്ങള്‍ അല്‍ജീരിയയില്‍ അറബിസംസ്കാരവും ഇസ്ലാം വിശ്വാസവും വ്യാപിക്കുന്നതിനു സഹായകമായി. എന്നാല്‍ അറബികള്‍ ഈ പ്രദേശത്തു സ്ഥിരമായി പാര്‍പ്പുറപ്പിക്കുകയോ സങ്കരവര്‍ഗങ്ങള്‍ ഉടലെടുക്കുന്നതിനു സാഹചര്യം സൃഷ്ടിക്കുകയോ ചെയ്തില്ല. ഉയര്‍ന്ന പ്രദേശങ്ങളില്‍ സ്ഥിരമായി പാര്‍പ്പുറപ്പിച്ചു കാര്‍ഷികവൃത്തിയിലേര്‍പ്പെട്ടിരുന്ന ബെര്‍ബര്‍ വര്‍ഗക്കാര്‍ തനതായ സംസ്കാരം അഭിവൃദ്ധിപ്പെടുത്തുന്നതില്‍ പ്രത്യേകം തത്പരരായിരുന്നു. അറബികള്‍ സാധാരണയായി കൂടാരങ്ങള്‍ നിര്‍മിച്ചു പാര്‍ത്തുപോന്ന സാര്‍ഥവാഹന്മാരായിരുന്നു. ഫ്രഞ്ച് ആധിപത്യകാലത്തും മുസ്ലിങ്ങളുടെ സംഖ്യ ഗണ്യമായി വര്‍ധിച്ചു. യൂറോപ്യരും ഇസ്ലാമികേതര സമുദായങ്ങളും തലസ്ഥാനമായ അല്‍ജിയേഴ്സിലും തെക്കന്‍ പ്രവിശ്യകളിലുമാണു പാര്‍പ്പുറപ്പിച്ചിട്ടുള്ളത്. യൂറോപ്യരില്‍ ഭൂരിപക്ഷവും ഫ്രഞ്ചുകാരാണ്; സ്വാതന്ത്ര്യപ്രാപ്തിക്കു ശേഷം ഇവരുടെ സംഖ്യ ഗണ്യമായി കുറഞ്ഞിരിക്കുന്നു. യൂറോപ്യരില്‍ ഭൂരിഭാഗവും കത്തോലിക്കരാണ്. ജനപ്പെരുപ്പം അല്‍ജീരിയയുടെ വികസനത്തെ സാരമായി ബാധിക്കുന്നു.

പ്രധാന ഭാഷ അറബിയാണ്. പ്രാക്തനഭാഷകളില്‍ ഇന്നും പ്രചാരത്തിലുള്ളത് ബെര്‍ബര്‍ ആണ്. താരെഗ് വര്‍ഗക്കാരാണ് ഈ ഭാഷ സംസാരിക്കുന്നത്. കബീലിയാ പ്രദേശത്തും ആറെസ് മലവാരങ്ങളിലും ഇതിനു പ്രചാരമുണ്ട്.

സമ്പദ്ഘടന

കൃഷി

അല്‍ജീരിയയുടെ ഭൂരിഭാഗവും കൃഷിയോഗ്യമല്ല. എന്നാല്‍ മെഡിറ്ററേനിയന്‍ തീരത്തെ ഫലഭൂയിഷ്ഠമായ താഴ്വാരങ്ങളില്‍ ശാസ്ത്രീയ കൃഷിസമ്പ്രദായത്തിലൂടെ മികച്ച വിളവ് ലഭിക്കുന്നു. മലഞ്ചരിവുകളും കുന്നിന്‍പുറങ്ങളും മേച്ചില്‍സ്ഥലങ്ങളോ, നിയന്ത്രിത വനങ്ങളോ ആയി ഉപയോഗിക്കപ്പെടുന്നു. ഈ പ്രദേശങ്ങളില്‍ കൃഷി താരതമ്യേന കുറവാണ്. ഗോതമ്പ്, ബാര്‍ലി, ഓട്സ് എന്നീ ധാന്യങ്ങളാണ് പ്രധാനവിളകള്‍. മെഡിറ്ററേനിയന്‍ തീരത്തുള്ള ഒറാന്‍ ഡിപ്പാര്‍ട്ടുമെന്റില്‍ മുന്തിരിക്കൃഷി ധാരാളമായി നടക്കുന്നു. ഒലീവ് മരങ്ങളും, നാരകം, ആപ്രിക്കോട്ട്, ബദാം തുടങ്ങിയ ഫലവൃക്ഷങ്ങളും സമൃദ്ധമാണ്. സമുദ്രതീരഭാഗങ്ങളില്‍ ശിശിരകാലം കാഠിന്യം കുറഞ്ഞ് അനുഭവപ്പെടുന്നതിനാല്‍ പച്ചക്കറിക്കൃഷി സാമാന്യമായി നടക്കുന്നു. കോണ്‍സ്റ്റന്റയിന്‍ ഡിപ്പാര്‍ട്ടുമെന്റില്‍ പുകയിലക്കൃഷി അഭിവൃദ്ധിപ്പെട്ടിട്ടുണ്ട്. ജലസേചനസൌകര്യങ്ങളും പദ്ധതികളും താരതമ്യേന വിരളമാണ്. സഹാറാപ്രദേശത്ത് ഈന്തപ്പന കൃഷി ചെയ്യുന്നു.

പീഠപ്രദേശത്തും അറ്റ്‍ലസ് പര്‍വതത്തിന്റെ കടല്‍ത്തീരനിരകളിലും ആടുവളര്‍ത്തല്‍ വികസിച്ചിട്ടുണ്ട്. ആടുവളര്‍ത്തലില്‍ ഏര്‍പ്പെട്ടിരിക്കുന്ന സഞ്ചാരികളായ ഇടയന്‍മാരില്‍ അധികവും മുസ്ലിങ്ങളാണ്.

വനവിഭവങ്ങള്‍

കോര്‍ക്ക് ആണ് ഏറ്റവും വിലപ്പെട്ട വനവിഭവം. ടെലിഗ്രാഫ് തൂണുകള്‍ക്കും റെയില്‍പ്പാളങ്ങളിലെ സ്ളീപ്പറുകള്‍ക്കും ഉപയോഗപ്പെടുന്ന പൈന്‍ വര്‍ഗത്തില്‍പ്പെട്ട ആലെപ്പോ മരം അറ്റ്‍ലസിന്റെ കിഴക്കന്‍ പകുതിയില്‍ സുലഭമാണ്. ഓക്, സെഡാര്‍ തുടങ്ങിയ വൃക്ഷങ്ങളും ഗണ്യമായി വളരുന്നു.

ധാതുക്കള്‍

പെട്രോളിയമാണ് അല്‍ജീരിയയിലെ ഏറ്റവും പ്രധാനപ്പെട്ട ധാതുദ്രവ്യം. സഹാറാപ്രദേശത്തിന്റെ വടക്കരികിലും രാജ്യത്തിന്റെ കിഴക്കന്‍ പകുതിയില്‍പ്പെട്ട ഹാസി-മസൂദ്, എഡ്ജ്ലെ തുടങ്ങിയ പ്രദേശങ്ങളിലും ധാതുഎണ്ണയുടെയും പ്രകൃതിവാതകത്തിന്റെയും സമൃദ്ധ നിക്ഷേപങ്ങളുണ്ട്. അല്‍ജീരിയയില്‍ എണ്ണ ഉത്പാദനം ഗണ്യമായി നടന്നുവരുന്നു. എണ്ണഖനികളെ കുഴല്‍മാര്‍ഗം ബോഗ്, ആര്‍സ്യൂ തുടങ്ങിയ നഗരങ്ങളുമായി ബന്ധിച്ചിട്ടുണ്ട്. ട്യുണീഷ്യയിലെ ആസ്, സുഖൈരാ തുടങ്ങിയ നഗരങ്ങളിലേക്കും പൈപ്പ് ലൈന്‍ ഘടിപ്പിച്ചിരിക്കുന്നു. എണ്ണനഗരങ്ങളായ ഹാസി-മസൂദ്, ഹാസി ആമെന്‍ എന്നിവിടങ്ങളില്‍നിന്ന് ഒറാന്‍, ആര്‍സ്യൂ എന്നിവിടങ്ങളിലൂടെ അല്‍ജിയേഴ്സിലേക്കു പോകുന്ന ഒരു പൈപ്പ്‍ലൈന്‍ നിര്‍മിക്കപ്പെട്ടിട്ടുണ്ട്. വൈദ്യുതി ഉത്പാദനവും ഗണ്യമായി വികസിച്ചിട്ടുണ്ട്.

ഇരുമ്പ്, നാകം, ഈയം എന്നിവയാണ് സാമ്പത്തികപ്രാധാന്യമുള്ള ഇതരധാതുക്കള്‍; പരിമിതമായ തോതില്‍ കല്‍ക്കരിയും ലഭിക്കുന്നു.

മത്സ്യബന്ധനം

മെഡിറ്ററേനിയന്‍ തീരത്ത് മത്സ്യബന്ധനം വിപുലമായി നടന്നുവരുന്നു; മത്തി, ആന്‍കോവിയസ്, ടണ്ണി, കവചമത്സ്യം തുടങ്ങിയവയാണു കൂടുതലായി ലഭിക്കുന്നത്.

വ്യവസായം

അല്‍ജിയേഴ്സ്:അല്‍ജീരിയയുടെ തലസ്ഥാനം

രണ്ടാം ലോകയുദ്ധക്കാലത്താണ് യന്ത്രവത്കൃതവ്യവസായങ്ങള്‍ അല്‍ജീരിയയില്‍ ആരംഭിച്ചത്; എന്നാല്‍ സ്വാതന്ത്ര്യപ്രാപ്തിക്കുശേഷം സാങ്കേതിക വൈദഗ്ധ്യത്തിന്റെയും മൂലധനത്തിന്റെയും കുറവുമൂലം വ്യാവസായിക പുരോഗതി മന്ദീഭവിക്കുകയുണ്ടായി. ദേശസാത്കരണ നയം വിദേശ മൂലധനത്തെ ആകര്‍ഷിക്കാതിരുന്നതും ഇതിനു കാരണമായി ഭവിച്ചു. രാജ്യത്തെ ഇറക്കുമതിയില്‍ ഭൂരിഭാഗവും യന്ത്രോത്പാദിത വസ്തുക്കളായിത്തീര്‍ന്നു.

ഒരു എണ്ണ.പ്രകൃതിവാതക ഉത്പാദനകേന്ദ്രം

കാനിംഗ്, മദ്യനിര്‍മാണം, ഗവ്യവ്യവസായം, എണ്ണ ശുദ്ധീകരണം തുടങ്ങിയവയും പുകയില സാധനങ്ങള്‍, തുകല്‍ വസ്തുക്കള്‍, തുണിത്തരങ്ങള്‍ എന്നിവയുടെ നിര്‍മാണവുമാണ് അല്‍ജീരിയയിലെ പ്രധാന വ്യവസായങ്ങള്‍, രാസവളം, തീപ്പെട്ടി, കൊഴുപ്പ്, കടലാസ്, കണ്ണാടി, വാസ്തുദ്രവ്യങ്ങള്‍ തുടങ്ങിയവയുടെ നിര്‍മാണവും വാര്‍ത്താവിനിമയോപകരണങ്ങളുടെ ഉത്പാദനവും വികസിച്ചുവരുന്നു. കുടില്‍വ്യവസായങ്ങളില്‍ പ്രധാനം പരവതാനി, തുകല്‍ സാധനങ്ങള്‍ എന്നിവയുടെ നിര്‍മാണമാണ്. അന്നാബയിലെ ഇരുമ്പുരുക്കു നിര്‍മാണശാലയാണ് യന്ത്രവത്കൃതവ്യവസായങ്ങളില്‍ ഏറ്റവും മുഖ്യം.

വാണിജ്യം

ഫ്രാന്‍സാണ് മുഖ്യ വാണിജ്യ പങ്കാളി. തീരുവനിരക്കുകളിലെ അയവാണ് ഇതിനു കാരണം. യന്ത്രോത്പാദിത വസ്തുക്കളും, പഞ്ചസാര, ഭക്ഷ്യഎണ്ണ, ഗവ്യപദാര്‍ഥങ്ങള്‍ തുടങ്ങിയവയുമാണ് മുഖ്യമായ ഇറക്കുമതികള്‍. കയറ്റുമതിയില്‍ പെട്രോളിയം, വീഞ്ഞ്, ഫലവര്‍ഗങ്ങള്‍ എന്നിവയ്ക്കാണ് പ്രാമുഖ്യമുള്ളത്.

ഫ്രഞ്ചുനാണയമായ ഫ്രാങ്കുമായി ഏതാണ്ട് തുല്യവിലയുള്ള ദീനാര്‍ ആണ് വിനിമയ മാധ്യമം.

ഗതാഗതം

റോഡുഗതാഗതം വിപുലപ്പെട്ടിട്ടുണ്ട്. സഹാറാപ്രദേശത്തിനു കുറുകെപ്പോലും മോട്ടോര്‍ ഗതാഗതത്തിനുപയുക്തമായ പാതകള്‍ നിര്‍മിക്കപ്പെട്ടിരിക്കുന്നു. മൊറോക്കോ മുതല്‍ ട്യുണീഷ്യവരെ ചെന്നെത്തുന്ന മുഖ്യ റെയില്‍പ്പാതയുടെ ശാഖകള്‍ എല്ലാ പ്രധാനതുറമുഖങ്ങളിലേക്കും നീളുന്നതിനു പുറമേ, തെക്കരികിലെ ക്രാംപെല്‍, കെനാദ്സാ തുടങ്ങിയ നഗരങ്ങളോളവും ദീര്‍ഘിച്ചിട്ടുണ്ട്. തലസ്ഥാനമായ അല്‍ജിയേഴ്സാണ് പ്രധാന തുറമുഖം. ധാതുദ്രവ്യങ്ങളുടെ വിപണനംമൂലം അന്നാബയുടെ പ്രാധാന്യവും വര്‍ധിച്ചിട്ടുണ്ട്.

ചരിത്രം

'അല്‍ ജെസയര്‍' (ദ്വീപുകള്‍) എന്ന അറബിവാക്കുകളില്‍നിന്നാണ് അല്‍ജീരിയ എന്ന വാക്കിന്റെ നിഷ്പത്തി. ഈ പ്രദേശത്ത് മൂന്നു ലക്ഷം വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ജനവാസമുണ്ടായിരുന്നുവെന്നുള്ളതിന്റെ ലക്ഷ്യങ്ങള്‍ പുരാവസ്തുഗവേഷകര്‍ക്കു ലഭിച്ചിട്ടുണ്ട്. പ്രാചീന കാലത്ത് മൊറോക്കോ, അല്‍ജീരിയ, ട്യുണീഷ്യ എന്നീ ആധുനിക രാഷ്ട്രങ്ങളുള്‍പ്പെടുന്ന പ്രദേശങ്ങള്‍ മഗ്രിബ്, ബെര്‍ബറി എന്നീ പേരുകളിലറിയപ്പെട്ടുവന്നു. ആധുനിക അല്‍ജീരിയ ഉള്‍പ്പെട്ട പ്രദേശത്തിന് നുമീഡിയ എന്നും പേരുണ്ടായിരുന്നു. വ. മെഡിറ്ററേനിയന്‍ കടലും തെ. മരുഭൂമിയുമായിരുന്നു മഗ്രിബിന്റെ അതിര്‍ത്തികള്‍.

ഫിനീഷ്യര്‍

എ.ഡി. ഏഴാം നൂറ്റാണ്ടില്‍ മുസ്ലിങ്ങള്‍ ഉത്തരാഫ്രിക്കയില്‍ എത്തുന്നതു വരെയുള്ള അല്‍ജീരിയന്‍ ചരിത്രം, ഈ പ്രദേശങ്ങള്‍ ആക്രമിക്കുകയും അവിടെ അധിനിവേശം നടത്തുകയും ചെയ്ത ജനവര്‍ഗങ്ങളില്‍പ്പെട്ടവരുടെ വിവരണങ്ങളില്‍നിന്നാണ് ലഭിച്ചിട്ടുള്ളത്. ഇവിടത്തെ ആദിവാസികള്‍ ബെര്‍ബര്‍ വര്‍ഗക്കാരാണ്; ആദ്യം കുടിയേറിപ്പാര്‍ത്ത വിദേശീയര്‍ ഫിനീഷ്യരും. ബി.സി. ഏഴാം ശ.-ത്തില്‍ ഫിനീഷ്യര്‍ ഈ ഭൂഭാഗങ്ങളില്‍ അവരുടെ കോളനികള്‍ സ്ഥാപിച്ചു. കാര്‍ത്തേജ് ആയിരുന്നു അവരുടെ മുഖ്യകേന്ദ്രം. നുമീഡിയയില്‍ ബി.സി. മൂന്നാം ശ.-ത്തില്‍ കാര്‍ത്തേജുകാരുടെ സുഹൃത്തായ സിഫാക്സ് എന്ന രാജാവും റോമാക്കാരുടെ അനുകൂലിയായ മാസിനിസ്സാ എന്ന മറ്റൊരു രാജാവും പ്രബലന്‍മാരായുണ്ടായിരുന്നു. രണ്ടാം പ്യൂണിക് യുദ്ധത്തിനു (ബി.സി. 218-201) ശേഷം മാസിനിസ്സാ നുമീഡിയ മുഴുവനും തന്റെ ആധിപത്യത്തിന്‍ കീഴിലാക്കി. മൂന്നാം പ്യൂണിക് യുദ്ധത്തിന്റെ അന്ത്യത്തോടെ (ബി.സി. 146) കാര്‍ത്തേജ് നിശ്ശേഷം നശിച്ചു.

റോമാക്കാര്‍

കാര്‍ത്തേജിന്റെ പതനത്തോടുകൂടി അല്‍ജീരിയ (ബെര്‍ബറി പ്രദേശം) റോമാസാമ്രാജ്യത്തിന്റെ ഭാഗമായിത്തീര്‍ന്നു. അന്നും റോമാക്കാരുടെ ആധിപത്യത്തിനെതിരായ സമരങ്ങള്‍ ബെര്‍ബറി പ്രദേശത്ത് ഉണ്ടായിക്കൊണ്ടിരുന്നു. ജുഗുര്‍ത്ത എന്ന നേതാവ് റോമന്‍ ഭരണത്തിനെതിരായി ഒളിപ്പോര്‍ പോരാട്ടം സംഘടിപ്പിച്ചിരുന്നു. ജുഗുര്‍ത്തയെ റോമാക്കാര്‍ തോല്പിച്ച് അല്‍ജീരിയയെ റോമാസാമ്രാജ്യത്തിന്റെ ഒരു പ്രവിശ്യയാക്കി. റോമന്‍ ആധിപത്യകാലത്ത് പല പ്രദേശങ്ങളിലും കോട്ടകള്‍ പണികഴിപ്പിച്ച് അവര്‍ രാജ്യത്തിന്റെ സുരക്ഷിതത്വം കൈവരുത്തി. റോമന്‍ അധിനിവേശത്തിന്റെ പല അവശിഷ്ടങ്ങളും അവിടെക്കാണാം.

എ.ഡി. 429 മുതല്‍ ഒരു നൂറ്റാണ്ടുകാലം വാന്‍ഡല്‍ വര്‍ഗക്കാര്‍ ബെര്‍ബറി പ്രദേശത്ത് അധീശത്വം സ്ഥാപിച്ചു. റോമന്‍ സംസ്കാരം ഉള്‍ക്കൊണ്ട തദ്ദേശീയരും വാന്‍ഡല്‍ വര്‍ഗക്കാരും നിരന്തരം സംഘട്ടനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു. ഇതു വിദേശീയാക്രമണത്തിനു വഴിതെളിയിച്ചു. എ.ഡി. 533-ല്‍ ബൈസാന്തിയന്‍ പട്ടാളമേധാവിയായ ബെലിസാറിയസ് വാന്‍ഡലുകളെ തോല്പിച്ച ശേഷം ബെര്‍ബറിയുടെ കിഴക്കുഭാഗത്ത് അധികാരം ഉറപ്പിച്ചു. ഈ പ്രദേശങ്ങളിലെല്ലാം അക്കാലത്ത് ക്രിസ്തുമതം സാമാന്യമായി പ്രചരിച്ചിരുന്നു.

മുസ്ലിങ്ങള്‍

7-ാം ശ.-ത്തിന്റെ ഉത്തരാര്‍ധത്തില്‍ മുസ്ലിങ്ങള്‍ ഈജിപ്തില്‍നിന്നും ബെര്‍ബറിയിലേക്കു കടന്നു. ഏതാണ്ട് ഒരു നൂറ്റാണ്ടു കാലംകൊണ്ട് ഈ പ്രദേശത്തെ ജനങ്ങള്‍ ഇസ്ലാം മതസ്ഥരായി. ഉമയാദ് ഖലീഫമാരുടെ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു ബെര്‍ബറി. എന്നാല്‍ എ.ഡി. 742-ഓടുകൂടി ദമാസ്കസിന്റെ കേന്ദ്രഭരണത്തില്‍നിന്നു സ്വതന്ത്രമായ അനേകം രാജ്യങ്ങള്‍ അല്‍ജീരിയന്‍ പ്രദേശങ്ങളില്‍ രൂപംകൊണ്ടു. താഹര്‍ത്ത് കേന്ദ്രമാക്കി റോസ്തമീഡുകളും ഖൈറുവാന്‍ തലസ്ഥാനമാക്കി അഖ്‍ലാബിദുകളും ഭരണം നടത്തി. ഖബായിലു(വിവിധ ബെര്‍ബര്‍ ഗോത്രങ്ങള്‍)കളുടെ സഹായത്തോടെ ഷിയാ വിഭാഗത്തില്‍പ്പെട്ട ഫാത്തിമിദുകളും തുടര്‍ന്ന് 11-ാം ശ.-ത്തിന്റെ ഉത്തരാര്‍ധം വരെ ഫാത്തിമിദുകളുടെ ശത്രുക്കളായിരുന്ന സെനാത്താ ബെര്‍ബറുകളും പടിഞ്ഞാറന്‍ അല്‍ജീരിയയില്‍ ശക്തി പ്രാപിച്ചു. അനന്തരം ഈ ഭൂവിഭാഗങ്ങളെല്ലാം അല്‍മൊറാവിദുകളുടെ സാമ്രാജ്യവിഭാഗമായി. 11-ാം ശ.-ത്തിന്റെ മധ്യകാലത്ത് അറബിഗോത്രങ്ങള്‍ അല്‍ജീരിയയില്‍ ആക്രമണങ്ങള്‍ നടത്തി; ബദൂയിന്‍ അറബികളുടെ ആക്രമണം അല്‍ജീരിയയില്‍ വലിയ സാമൂഹിക സാമ്പത്തിക പരിവര്‍ത്തനങ്ങള്‍ക്കു വഴിതെളിച്ചു. അറബിഭാഷ ഇവിടെ പ്രചരിച്ചതാണ് മറ്റൊരു പ്രധാന ഫലം. അല്‍മൊറാവിദുകള്‍ക്കു (അല്‍മുറബിദുകള്‍) ശേഷം അല്‍മൊഹാദുകള്‍ (അല്‍മുവഹിദുകള്‍) അല്‍ജീരിയയില്‍ ശക്തന്മാരായി. 13-ാം ശതാബ്ദത്തില്‍ അല്‍മൊഹാദുകളുടെ ഭരണവും അസ്മതിച്ചു. ഈ സാമ്രാജ്യങ്ങളുടെ തിരോധാനത്തോടെ ബെര്‍ബറിയില്‍ മൂന്നു സ്വതന്ത്ര ഭരണകൂടങ്ങള്‍ രൂപം പ്രാപിച്ചു; (1) ഫെസിലെ മാരിനിദുകള്‍; (2) ടെലിംസനിലെ അബ്ദുല്‍വദീദുകള്‍; (3) ട്യൂണിസിലെ ഹാഫ്സിദുകള്‍. അല്‍മൊഹാദുകളുടെ ഭരണകാലത്ത് അറബി സംസ്കാരം അല്‍ജീരിയയിലുടനീളം പ്രചരിച്ചു. വിദ്യാഭ്യാസകേന്ദ്രങ്ങള്‍ രാജ്യത്തിന്റെ പല ഭാഗങ്ങളിലും സ്ഥാപിതമായി. ടെലിംസന്‍, ബൂഗി, കോണ്‍സ്റ്റന്റിന്‍, ടൂണിസ് എന്നിവിടങ്ങളില്‍ സ്ഥാപിതമായിരുന്ന സര്‍വകലാശാലകളില്‍ യൂറോപ്യന്‍മാരുള്‍പ്പെടെ അനേകം വിദ്യാര്‍ഥികള്‍ ഉന്നതവിദ്യാഭ്യാസം നടത്തിയിരുന്നു.

തുര്‍ക്കികള്‍

യൂറോപ്പിലെ അറബിസാമ്രാജ്യത്തിന്റെ അധഃപതനത്തോടു (1942) കൂടി അല്‍ജീരിയയിലെ പല സ്ഥലങ്ങളും സ്പെയിന്‍കാര്‍ കീഴടക്കി. അബ്ദുല്‍ വദീദ് സുല്‍ത്താന്‍ സ്പെയിന്‍കാരുടെ ആധിപത്യം അംഗീകരിച്ചു. അല്‍ജീരിയയിലെ മുസ്ലിങ്ങളുടെ അഭ്യര്‍ഥനയനുസരിച്ച് ഒട്ടോമന്‍ തുര്‍ക്കികള്‍ 1518-ല്‍ സുശക്തമായ ഒരു സേനയെ അല്‍ജീരിയയിലേക്കയച്ചു. തുടര്‍ന്നുണ്ടായ സംഭവപരമ്പരകളുടെ ഫലമായി അല്‍ജീരിയ തുര്‍ക്കി സാമ്രാജ്യത്തിന്റെ ഭാഗമായിത്തീര്‍ന്നു. തുര്‍ക്കിയുടെ ആധിപത്യത്തിന്‍കീഴിലായ അല്‍ജീരിയയെ 'ബേ' എന്ന ഉദ്യോഗസ്ഥനാണ് യഥാര്‍ഥത്തില്‍ ഭരിച്ചിരുന്നത്. ബേയും അദ്ദേഹത്തിന്റെ കീഴിലുള്ള മറ്റ് ഉദ്യോഗസ്ഥന്മാരും (ഖായിദ്) കൂടി അല്‍ജീരിയയില്‍ സ്വതന്ത്രഭരണം നടത്തിയിരുന്നതിനാല്‍ കേന്ദ്രഗവണ്‍മെന്റിന്റെ ആധിപത്യം നാമമാത്രമായിരുന്നു.

ഫ്രഞ്ചുകാര്‍

ഫ്രഞ്ചുകോണ്‍സലും അല്‍ജീരിയയിലെ ഭരണാധികാരിയായിരുന്ന ഹുസ്സൈനും തമ്മില്‍ അതിപ്രധാന കാര്യങ്ങള്‍ക്കായുള്ള ഒരു കൂടിക്കാഴ്ചയ്ക്കിടയില്‍ നടന്ന വാഗ്വാദം ബലപ്രയോഗത്തില്‍ കലാശിക്കുകയും ഫ്രഞ്ചു കോണ്‍സലിനോട് അപമര്യാദയായി പെരുമാറിയതിനു തക്ക ശിക്ഷ നല്കാന്‍ ഫ്രഞ്ചുകാര്‍ തീരുമാനിക്കുകയും ചെയ്തു. 1830 ജൂണ്‍ 14-നു ഒരു ഫ്രഞ്ചു നാവികസേന അല്‍ജീരിയയില്‍ എത്തി; യുദ്ധത്തില്‍ അല്‍ജീരിയ പരാജയപ്പെട്ടു. അല്‍ജീരിയയുടെ അധിപന്മാരായിത്തീര്‍ന്ന ഫ്രഞ്ചുകാര്‍ തങ്ങളുടെ ഭരണാധികാരം തീരപ്രദേശങ്ങളില്‍നിന്നു ക്രമേണ ഉള്‍നാടുകളിലേക്കു വ്യാപിപ്പിച്ചു. എങ്കിലും ഫ്രഞ്ചുകാര്‍ക്ക് കടുത്ത എതിര്‍പ്പുകള്‍ അഭിമുഖീകരിക്കേണ്ടിവന്നു; ദേശീയ നേതാവായി ഉയര്‍ന്ന അബ്ദുല്‍ ഖാദര്‍ ഈ വിദേശ ഭരണമേധാവിത്വത്തിനെതിരായ സമരത്തിന്റെ ഒരു സമുന്നത നേതാവായിരുന്നു. 1839 ന. 18-നു ഇദ്ദേഹം ഫ്രഞ്ചുകാര്‍ക്കെതിരായ വിശുദ്ധ യുദ്ധം പ്രഖ്യാപിച്ചു. അല്‍ജീരിയ പൂര്‍ണമായും ഫ്രഞ്ച് ആധിപത്യത്തിന്‍കീഴിലാക്കാനുള്ള ശ്രമം 1840-ല്‍ ഫ്രഞ്ചുകാര്‍ ആരംഭിച്ചു. അബ്ദുല്‍ ഖാദറിന്റെ സേനയ്ക്കെതിരായ യുദ്ധം ആരംഭിക്കുകയും പല പ്രദേശങ്ങളും ഫ്രഞ്ചുസേന കീഴടക്കുകയും ചെയ്തു. മൊറോക്കോയിലെ സുല്‍ത്താന്‍ അബ്ദുല്‍ ഖാദറിനെ സഹായിച്ചപ്പോള്‍ ഫ്രഞ്ചുകാര്‍ മൊറോക്കോയിലെ പല പട്ടണങ്ങളും ആക്രമിച്ചു. 1847 ഡി. 23-ന് അബ്ദുല്‍ ഖാദര്‍ കീഴടങ്ങിയതോടെ ഫ്രഞ്ചുകാരുടെ ഭരണമേധാവിത്വം അല്‍ജീരിയയില്‍ ഉറച്ചു.

1830 മുതല്ക്കുള്ള ഭരണംകൊണ്ട് യൂറോപ്യന്‍ പക്ഷപാതികളായ ഒരു വിഭാഗം അല്‍ജീരിയക്കാരെ വാര്‍ത്തെടുക്കാന്‍ ഫ്രഞ്ചുകാര്‍ക്കു സാധിച്ചു. ഇവരില്‍ സ്പെയിന്‍കാര്‍, ഇറ്റലിക്കാര്‍, മാള്‍ട്ടാക്കാര്‍, യഹൂദന്മാര്‍ എന്നിവര്‍ ഉള്‍പ്പെടും. അല്‍ജീരിയക്കാരായ മുസ്ലിം ജനവിഭാഗങ്ങള്‍ക്കു രണ്ടാം സ്ഥാനം മാത്രമേ സ്വദേശത്തു ലഭിച്ചിരുന്നുള്ളു. അല്‍ജീരിയയില്‍ ഫ്രഞ്ചുകാര്‍ക്കെതിരായ സമരങ്ങള്‍ നിരന്തരം തുടര്‍ന്നു. മുഹമ്മദ് അല്‍ മൊഖ്റാതിയുടെ നേതൃത്വത്തില്‍ നടന്ന വിപ്ളവം (1871) ഫ്രഞ്ചുകാര്‍ അടിച്ചമര്‍ത്തി. ഫ്രഞ്ചുഭരണകാലത്ത് വളരെയധികം യൂറോപ്യന്‍മാര്‍, പ്രത്യേകിച്ച് ഫ്രഞ്ചുകാര്‍, അല്‍ജീരിയയില്‍ കുടിയേറിപ്പാര്‍ത്തു. ഇവരായിരുന്നു ഫ്രഞ്ചുഭരണത്തിന്റെ നെടുംതൂണുകള്‍. 1848-ല്‍ അല്‍ജീരിയയെ ഫ്രഞ്ചു അധീനപ്രദേശമായി പ്രഖ്യാപിച്ചു. നെപ്പോളിയന്‍ III അല്‍ജീരിയ സന്ദര്‍ശിക്കുകയുണ്ടായി. 1865-ലെ സെനറ്റ് ഡിക്രി പ്രകാരം ഓരോ അല്‍ജീരിയന്‍ മുസ്ലിമും ഫ്രഞ്ചുകാരനായിത്തീര്‍ന്നു; എന്നാല്‍ ഫ്രഞ്ചു പൗരത്വം അവര്‍ക്കു ലഭിച്ചില്ല. അല്‍ജീരിയയുടെ ഭരണം പൂര്‍ണമായും ഫ്രഞ്ചു ഗവര്‍ണര്‍ ജനറലില്‍ നിക്ഷിപ്തമായിരുന്നു. ഫ്രഞ്ചുകാര്‍ നടപ്പിലാക്കിയിരുന്ന ഭരണപരിഷ്കാരങ്ങള്‍ ഒന്നുംതന്നെ അല്‍ജീരിയന്‍ ജനവിഭാഗങ്ങള്‍ക്കു ഭരണത്തില്‍ പങ്കു നല്കുന്നവയായിരുന്നില്ല.

സ്വാതന്ത്ര്യസമരങ്ങള്‍

20-ാം ശ.-ത്തിന്റെ ആരംഭത്തോടുക്കൂടി അല്‍ജീരിയയില്‍ വിദേശികള്‍ക്കെതിരായ സ്വാതന്ത്ര്യസമരങ്ങള്‍ വീണ്ടും ആരംഭിച്ചു. ഫെര്‍ഹത് അബ്ബാസായിരുന്നു നേതാവ്. അധ്വാനിക്കുന്ന ജനവിഭാഗത്തിന്റെ നേതാവായ മെസാലി ഹജ് ആയിരുന്നു മറ്റൊരു സ്വാതന്ത്ര്യസമര സേനാനി. കുടിയേറിപ്പാര്‍ത്ത യൂറോപ്യന്‍ ജനവിഭാഗങ്ങള്‍ക്ക് ഉയര്‍ന്ന നിലവാരത്തിലുള്ള ജീവിതസൌകര്യങ്ങള്‍ ലഭിച്ചപ്പോള്‍ നാട്ടുകാരായ മുസ്ലിങ്ങള്‍ ദാരിദ്ര്യത്തിലും അജ്ഞതയിലുമാണ് കഴിഞ്ഞിരുന്നത്. ഈ അന്തരം സ്വാതന്ത്ര്യസമരങ്ങള്‍ക്കു വളരെയേറെ പ്രചോദനം നല്കി. ഈ സ്വാതന്ത്ര്യസമരങ്ങളുടെ ഫലമായി മുസ്ലിങ്ങള്‍ക്കു ചില സൌജന്യങ്ങള്‍ ഭരണതലത്തില്‍ നല്കിയെങ്കിലും അവയൊന്നും സാധാരണക്കാരെ തൃപ്തിപ്പെടുത്താന്‍ പര്യാപ്തമായിരുന്നില്ല. 1943, 44, 45, 46 എന്നീ വര്‍ഷങ്ങളിലെ ഭരണപരിഷ്കാരങ്ങള്‍ അല്‍ജീരിയക്കാരെ ഒട്ടും തൃപ്തിപ്പെടുത്തിയില്ല. 1945-ലെ യുദ്ധവിജയാഘോഷങ്ങള്‍ക്കിടയില്‍ പൊലീസുകാരും ദേശീയപതാകകള്‍ വഹിച്ചിരുന്ന അല്‍ജീരിയന്‍ പൗരന്മാരും തമ്മില്‍ നടന്ന സംഘട്ടനം അനവധി പേരുടെ മരണത്തില്‍ കലാശിച്ചു. അല്‍ജീരിയയ്ക്കു സ്വയംഭരണം നല്കാനുള്ള ഒരു ഒത്തുതീര്‍പ്പിനും ഫ്രഞ്ചുകാര്‍ സന്നദ്ധരായില്ല.

1954 ന. 1-ന് ഒരു സംഘടിത സായുധവിപ്ളവം അല്‍ജീരിയയില്‍ ഫ്രഞ്ചുഭരണത്തിന്നെതിരായി ഉണ്ടായി. ഈ സായുധസമരക്കാര്‍ ഒരു പുതിയ ദേശീയ സംഘടനയ്ക്ക് (Front de Liberation Nationale-FLN) രൂപംനല്കി. പരിപൂര്‍ണ സ്വാതന്ത്ര്യമുള്ള ഒരു അല്‍ജീരിയയായിരുന്നു അവരുടെ ലക്ഷ്യം. 1955-ലും അല്‍ജീരിയയില്‍ കൂടുതല്‍ ശക്തിയാര്‍ജിച്ച മറ്റൊരു സായുധ കലാപം നടന്നു. ഈ സമരങ്ങളില്‍ വളരെയേറെ ഫ്രഞ്ചുകാരും നാട്ടുകാരും വധിക്കപ്പെട്ടു. ഗവര്‍ണര്‍ ജനറലായ ജാക്വിസ് സോസ്റ്റെലേയുടെ ഭരണപരിഷ്കാരങ്ങള്‍ കൊണ്ട് ഉദ്ദേശിച്ച ഫലമുണ്ടായില്ല. 1956-ല്‍ ഫ്രഞ്ചുപ്രധാനമന്ത്രി അല്‍ജീരിയ സന്ദര്‍ശിച്ചു. മുസ്ലിങ്ങള്‍ക്കു ഭരണത്തില്‍ കൂടുതല്‍ പങ്കു നല്കുന്നത് അല്‍ജീരിയയില്‍ വസിച്ചിരുന്ന യൂറോപ്യന്‍ വംശജരുടെ എതിര്‍പ്പിനു കാരണമായി. തുടര്‍ന്ന് അല്‍ജീരിയയില്‍ പലയിടത്തും ഭീകരപ്രവര്‍ത്തനങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു. അവയെ ഫ്രഞ്ചുകാര്‍ അടിച്ചമര്‍ത്തി. 1957-ല്‍ അല്‍ജീരിയന്‍ പ്രശ്നം യു.എന്‍. പൊതുസഭ ചര്‍ച്ച ചെയ്തു. ഇതിനിടയ്ക്ക് എണ്ണശേഖരമുണ്ടായിരുന്ന ചില പ്രദേശങ്ങളെ അല്‍ജീരിയയില്‍ നിന്ന് വേര്‍തിരിച്ച് പാരിസിന്റെ നേരിട്ടുള്ള ഭരണത്തില്‍ കീഴിലാക്കി.

1958-ല്‍ അല്‍ജീരിയയില്‍ നടന്ന സംഭവങ്ങളുടെ പ്രത്യാഘാതമായി ചാള്‍സ് ഡിഗോള്‍ ഫ്രാന്‍സില്‍ ഭരണം പിടിച്ചെടുത്തു. ഫ്രാന്‍സുമായി സഹകരിക്കുന്ന ഒരൂ സ്വതന്ത്ര അല്‍ജീരിയയുടെ സൃഷ്ടിയായിരുന്നു ഇദ്ദേഹത്തിന്റെ ഉന്നം. ഇതിനിടയ്ക്ക് ഫെര്‍ഹത്ത് അബ്ബാസ് പ്രധാനമന്ത്രിയായുള്ള ഒരു താത്കാലിക ഗവണ്‍മെന്റ് ടൂണിസ് കേന്ദ്രമാക്കി രൂപവത്കരിക്കപ്പെട്ടു.

ചാള്‍സ് ഡിഗോള്‍ അല്‍ജീരിയയിലെ മുസ്ലിങ്ങള്‍ക്കനുകൂലമായ പല ഭരണപരിഷ്കാരങ്ങളും നിര്‍ദേശിച്ചു. അതിനെതിരായി അല്‍ജീരിയയിലെ യൂറോപ്യന്‍ വംശജര്‍ ആരംഭിച്ച വിപ്ളവം പരാജയപ്പെട്ടു. പട്ടാള ഉദ്യോഗസ്ഥന്മാരുടെ നേതൃത്വത്തില്‍ നടന്ന കലാപവും (1961) ഡിഗോള്‍ വിശേഷാധികാരങ്ങള്‍ ഏറ്റെടുത്തതോടെ പരാജയപ്പെടുകയാണുണ്ടായത്. 1961 ആഗ. 27-ന് ഫെര്‍ഹത് അബ്ബാസ് പ്രധാനമന്ത്രിപദം രാജിവച്ചു; ബെന്‍ യൂസുഫ് ബെന്‍ ഖെദ്ദ തത്സ്ഥാനം ഏറ്റെടുത്തു. 1962 മാ. 18-ന് രഹസ്യസംഭാഷണങ്ങളുടെ ഫലമായി അല്‍ജീരിയന്‍ ദേശീയ നേതൃത്വവും ഫ്രഞ്ച് അധികാരികളും തമ്മില്‍ യുദ്ധവിരാമ ഉടമ്പടി ഒപ്പുവച്ചു. 1962-ല്‍ ബെന്‍ ബെല്ല ഉള്‍പ്പെടെയുള്ള അല്‍ജീരിയന്‍ ദേശീയനേതാക്കള്‍ ജയില്‍ വിമോചിതരായി. ഫ്രഞ്ച് ദേശീയവാദികളുടെ സംഘടനയായ ഒ.എ.എസ്. (Organisation Del'Armee) അല്‍ജീരിയയും ഫ്രാന്‍സും തമ്മിലുണ്ടായ ഉടമ്പടിവ്യവസ്ഥകള്‍ നടപ്പാക്കാതിരിക്കുന്നതിനു സ്വീകരിച്ച തന്ത്രങ്ങളുടെ ഫലമായി അല്‍ജീരിയയില്‍ അട്ടിമറി പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. അനേകം അല്‍ജീരിയന്‍ മുസ്ലിങ്ങള്‍ വധിക്കപ്പെട്ടു. ഈ സംഘടന(ഒ.എ.എസ്)യുടെ നേതാവ് ജനറല്‍ സലാന്‍ 1962 ഏ. 20-ന് ബന്ധനസ്ഥനായി. ആ വര്‍ഷം ജൂല. 1-ന് നടന്ന ഹിതപരിശോധനയില്‍ ജനങ്ങള്‍ സ്വതന്ത്ര അല്‍ജീരിയയ്ക്കനുകൂലമായി വോട്ടു രേഖപ്പെടുത്തി. രണ്ടു ദിവസത്തിനുശേഷം അല്‍ജീരിയയുടെ സ്വാതന്ത്ര്യം ചാള്‍സ് ഡിഗോള്‍ അംഗീകരിച്ചു; ഒ.എ.എസ്. സംഘടനാനേതാക്കന്മാര്‍ ബന്ധനസ്ഥരാവുകയോ മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലേക്കു പലായനം ചെയ്യുകയോ ചെയ്തു.

സ്വതന്ത്ര അല്‍ജീരിയ

1962 ജൂല. മൂന്നിന് അല്‍ജീരിയന്‍ വിപ്ലവഗവണ്‍മെന്റ് ടൂണിസില്‍ നിന്ന് അല്‍ജിയേഴ്സിലേക്കു മാറ്റപ്പെട്ടു. ബെന്‍ ഖെദ്ദയുടെ ഗവണ്‍മെന്റിനെ അല്‍ജീരിയന്‍ മുസ്ലിങ്ങള്‍ ഉത്സാഹപൂര്‍വം സ്വീകരിച്ചു. എന്നാല്‍ ഉപപ്രധാനമന്ത്രിയായിരുന്ന ബെന്‍ ബെല്ലയുമായുള്ള അഭിപ്രായഭിന്നതകള്‍ വീണ്ടും സംഘര്‍ഷാവസ്ഥയിലേക്കു നീങ്ങുകയും അല്‍ജീരിയന്‍ പീപ്പിള്‍സ് ആര്‍മി, കേണല്‍ ഹുആരി ബുമീദിന്റെ നേതൃത്വത്തില്‍ അല്‍ജീരിയയുടെ തലസ്ഥാനമായ അല്‍ജിയേഴ്സില്‍ പ്രവേശിക്കുകയും ചെയ്തു. ബെന്‍ ബെല്ല ഈ സേനയെ സ്വാഗതം ചെയ്തു. 1962-ല്‍ നടത്തിയ തെരഞ്ഞെടുപ്പില്‍ യൂസഫ് ബെന്‍ ഖെദ്ദ പുറന്തള്ളപ്പെടുകയും നാഷണല്‍ അസംബ്ളി ബെന്‍ ബെല്ലയെ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കുകയും ചെയ്തു; ഹുആരി ബുമീദിന്‍ പ്രതിരോധമന്ത്രിയായി. 1962-ല്‍ അല്‍ജീരിയയ്ക്ക് യു.എന്‍. അംഗത്വം ലഭിച്ചു. 1965 ജൂണ്‍ 19-ന് ബെന്‍ ബെല്ല ഒരു പട്ടാളവിപ്ലവത്തിന്റെ ഫലമായി സ്ഥാനഭ്രഷ്ടനാക്കപ്പെടുകയും ഹുആരി ബൂമെദിന്‍ അധികാരം പിടിച്ചെടുക്കുകയും ചെയ്തു. പുതിയൊരു ഭരണഘടന അംഗീകരിക്കുന്നതുവരെ രാഷ്ട്രീയ അധികാരം 'വിപ്ളവസമിതി'ക്കായിരുന്നു. തികഞ്ഞ ദേശീയവാദിയും ഇസ്ലാമിക വിശ്വാസിയുമായ ബൂമെദിന്‍ ഫ്രഞ്ചുഭാഷയ്ക്കു പുറമേ അറബിയിലും വിദഗ്ധനായിരുന്നു. 1967-68-ല്‍ നടന്ന അട്ടിമറിശ്രമങ്ങളെ പരാജയപ്പെടുത്തിയ ബൂമെദിന്‍ എതിരാളികളെ നാടുകടത്തുകയും അധികാരം ഊട്ടിയുറപ്പിക്കുകയും ചെയ്തു. 1971-ല്‍ നടപ്പിലാക്കിയ കാര്‍ഷികവിപ്ളവത്തിന്റെ ഭാഗമായി മിച്ചഭൂമി പിടിച്ചെടുക്കുകയും സഹകരണകൃഷി സ്ഥാപനങ്ങള്‍ക്കു നല്‍കുകയും ചെയ്തു.

പാന്‍ ആഫ്രിക്കന്‍ സാംസ്കാരികോത്സവം:സംഗീത പരിപാടി

1976-ല്‍ പുതിയ ഭരണഘടന നിലവില്‍വരികയും 95 ശ. വോട്ടുകളോടെ ബൂമെദിന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ബൂമെദിന്റെ മരണത്തെത്തുടര്‍ന്ന് 1979-ല്‍ കേണല്‍ ചാദ്ലി ബെന്‍ജെദിദ് പ്രസിഡന്റായി അവരോധിക്കപ്പെട്ടു. 1980-84 കാലയളവില്‍ ഇദ്ദേഹം നടപ്പിലാക്കിയ പഞ്ചവത്സരവികസനപദ്ധതി സാമ്പത്തികരംഗത്ത് പുത്തനുണര്‍വുണ്ടാക്കി. അറബിവത്ക്കരണത്തിനെതിരെ സര്‍വകലാശാലാവിദ്യാര്‍ഥികള്‍ നടത്തിയ സമരത്തെ നേരിട്ട ചാദ്ലി വിദ്യാഭ്യാസരംഗത്തും പരിഷ്കാരങ്ങള്‍ നടപ്പിലാക്കി.

1982-ല്‍ ഇസ്ലാമികശക്തികള്‍ പുതിയൊരു ഇസ്ലാമിക ഭരണകൂടം സ്ഥാപിക്കുന്നതിനുള്ള ശ്രമം ആരംഭിച്ചു. ഇതേത്തുടര്‍ന്നുണ്ടായ ആഭ്യന്തരകലാപത്തെ ചാദ്ലി ഫലപ്രദമായി നേരിടുകയും 1984-ല്‍ ഏറ്റവും മികച്ച ഒരു ഇസ്ലാമിക സര്‍വകലാശാല കോണ്‍സ്റ്റന്റയ്നില്‍ ആരംഭിക്കുകയും ചെയ്തു. ശരിയത്തില്‍ അധിഷ്ഠിതമായ അല്‍ജീരിയന്‍ ഫാമിലി കോഡ് അംഗീകരിക്കുവാനും ഇദ്ദേഹം തയ്യാറായി.

1980-കളിലെ സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് സര്‍ക്കാര്‍ സോഷ്യലിസ്റ്റ് വ്യവസ്ഥിതിയില്‍നിന്നു വ്യതിചലിച്ച് സ്വകാര്യസംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുവാനാരംഭിച്ചു. അസംതൃപ്തരായ ജനങ്ങള്‍ 1988-ല്‍ ആഭ്യന്തരകലാപം ആരംഭിച്ചു. അടിയന്തരാവസ്ഥ നടപ്പിലാക്കിയ ഭരണകൂടം അക്രമങ്ങള്‍ അടിച്ചൊതുക്കി. 'ബ്ളാക്ക് ഒക്ടോബര്‍' കലാപത്തെത്തുടര്‍ന്ന് ഇസ്ലാമികശക്തികള്‍ ചില പ്രദേശങ്ങളില്‍ അധികാരം സ്ഥാപിച്ചു. 1989-ല്‍ നിലവില്‍വന്ന പുതിയ ഭരണഘടന സോഷ്യലിസം ഒഴിവാക്കുകയും ജനാധിപത്യത്തിനു മുന്‍തൂക്കം നല്‍കുകയും ചെയ്തു. ഇതേവര്‍ഷംതന്നെ ഇസ്ലാമിക് സാല്‍വേഷന്‍ ഫ്രണ്ട് നിലവില്‍വന്നു. ഈ സംഘടനയുടെ നേതൃത്വത്തില്‍ നടന്ന സമരങ്ങളുടെ ഫലമായി സിദ് അഹമദ് ഖോസാലിയുടെ നേതൃത്വത്തില്‍ പുതിയ ഭരണകൂടം നിലവില്‍വന്നു.

1991-ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഇസ്ലാമിക് സാല്‍വേഷന്‍ ഫ്രണ്ട് പകുതിയോളം സ്ഥാനങ്ങളില്‍ ഭൂരിപക്ഷം നേടി. തുടര്‍ന്നു പാര്‍ലമെന്റ് പിരിച്ചുവിടുകയും ഒരു അധികാരസമിതി ഭരണമേറ്റെടുക്കുകയും ചെയ്തു. പ്രതിഷേധപ്രകടനങ്ങള്‍ അക്രമാസക്തമായപ്പോള്‍ 1992-ല്‍ ഗവണ്‍മെന്റ് അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തുകയും ഇസ്ലാമിക് സാല്‍വേഷന്‍ ഫ്രണ്ടിനെ നിരോധിക്കുകയും ചെയ്തു. 1994-ല്‍ ലാമിന്‍ സെറൂള്‍ അധികാരമേറ്റെടുത്തു. പുതുതായി രൂപംകൊണ്ട 'ആമ്ഡ് ഇസ്ലാമിക് ഗ്രൂപ്പ്' അക്രമപ്രവര്‍ത്തനങ്ങളിലേക്കു തിരിഞ്ഞു. പതിനായിരക്കണക്കിനു നിരപരാധികള്‍ ഇക്കാലത്തു വധിക്കപ്പെട്ടതായി കണക്കാക്കപ്പെടുന്നു.

1995-ല്‍ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സെറൂളിന് 75 ശ.മാ. വോട്ടു ലഭിച്ചു. ഈ തെരഞ്ഞെടുപ്പില്‍ ഇസ്ലാമിക് സാല്‍വേഷന്‍ ഫ്രണ്ടിനെ ഉള്‍പ്പെടുത്തിയിരുന്നില്ല. 1999-ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം പാര്‍ട്ടികളും പങ്കെടുത്തില്ല. സൈന്യത്തിന്റെ പിന്‍ബലമുള്ള അബ്ദലസിഡ് ബൂത്ഫ്ളികയാണ് തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടിയത്. തുടര്‍ന്നുള്ള കാലയളവില്‍ ബൂത്ഫ്ളിക പ്രതിപക്ഷവുമായി സമവായത്തിലേര്‍പ്പെടുകയും സാമ്പത്തികപരിഷ്കാരങ്ങള്‍ ത്വരിതപ്പെടുത്തുകയും ചെയ്തു.

2001-ലെ വെള്ളപ്പൊക്കം അല്‍ജീരിയയില്‍ കനത്ത നാശനഷ്ടങ്ങള്‍ വിതച്ചു. 2004-ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ബൂത്ഫ്ളിക 85 ശ. വോട്ടുനേടി അധികാരത്തില്‍ തിരിച്ചെത്തി.

ഭരണസംവിധാനം

ഇരുപത്തിനാലംഗങ്ങളുള്ള ഒരു വിപ്ലവകൗണ്‍സിലിന് (Revolutionary Council) ആണ് ഭരണകാര്യങ്ങളില്‍ നിര്‍ണായക സ്വാധീനം. സൈനികോദ്യോഗസ്ഥന്മാര്‍ക്ക് ഭൂരിപക്ഷമുള്ളതാണ് ഈ കൌണ്‍സില്‍. പട്ടാള ഉദ്യോഗസ്ഥന്മാര്‍ക്ക് മുന്‍തൂക്കമുള്ള ഏകകക്ഷിഭരണവ്യവസ്ഥയാണു നിലവിലുള്ളത്. 1989-ല്‍ പുതിയ ഭരണഘടന നിലവില്‍വന്നു. 1996-ല്‍ പ്രസിഡന്റിന് കൂടുതല്‍ അധികാരം നല്കുന്ന ഭരണഘടനാ ഭേദഗതി നടപ്പിലായി. വാര്‍ത്താവിതരണ ഏജന്‍സികളുടെ പൂര്‍ണമായ നിയന്ത്രണം ഗവണ്‍മെന്റിനാണ്. അര്‍ധ ഔദ്യോഗികപത്രങ്ങള്‍ക്ക് ഒരു പരിധിവരെ വിമര്‍ശനസ്വാതന്ത്ര്യ നല്കപ്പെട്ടിട്ടുണ്ട്. വ്യാപകമായ വ്യവസായവത്കരണം ലക്ഷ്യമാക്കിയുള്ളതാണ് ഗവണ്‍മെന്റുനയം; വന്‍കിടതോട്ടങ്ങള്‍, ഖനികള്‍, കമ്പനികള്‍ തുടങ്ങിയവ ദേശസാത്കരിക്കപ്പെട്ടിരിക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍