This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അല്‍ജിസിറാസ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അല്‍ജിസിറാസ്

Algeciras

സ്പെയിനിലെ കാഡിസ് പ്രവിശ്യയിലെ ഒരു നഗരം. ജിബ്രാള്‍ട്ടറിന് 8 കി.മീ. പടിഞ്ഞാറായി അല്‍ജിസിറാസ് ഉള്‍ക്കടലിന്റെ തീരത്താണ് ഈ നഗരത്തിന്റെ സ്ഥാനം. ഒരു റെയില്‍വേ ടെര്‍മിനസും തുറമുഖവും കൂടിയായ ഈ പട്ടണത്തിന് ഉത്തരാഫ്രിക്കയുമായി വാണിജ്യബന്ധമുണ്ട്. സ്നാനസൌകര്യമുള്ള കടല്‍ത്തീരം, സുഖകരമായ കാലാവസ്ഥ, ഫൂവന്റാസാന്റാ ജലധാരകള്‍ തുടങ്ങിയവ നഗരത്തെ ശൈത്യകാല സുഖവാസകേന്ദ്രമാക്കിത്തീര്‍ത്തിരിക്കുന്നു. വിനോദസഞ്ചാരമാണ് പ്രധാന വരുമാനമാര്‍ഗം; മത്സ്യബന്ധനം ഇവിടത്തെ മുഖ്യമായ ഒരു തൊഴിലും. നഗരത്തിനു സമീപമുള്ള സ്ഥലങ്ങളില്‍ ധാന്യം, പുകയില, ഓറഞ്ച്, മലക്കറികള്‍ എന്നിവ കൃഷി ചെയ്യുന്നു. റോമാക്കാര്‍ നിര്‍മിച്ച നഗരമായ പോര്‍ട്ടസ് ആല്‍ബസിന്റെ അവശിഷ്ടങ്ങള്‍ ഈ നഗരത്തിനടുത്തു കാണാം. 711-ല്‍ മുസ്ലിങ്ങള്‍ കീഴടക്കിയ നഗരം 1344 വരെ അവരുടെ കീഴിലായിരുന്നു. കസ്റ്റീലിലെ അല്‍ഫോന്‍സോ XI പിന്നീടു നഗരം കീഴടക്കി. തുടര്‍ന്ന് നാശോന്മുഖമായിത്തീര്‍ന്ന നഗരത്തെ 1704-ല്‍ സ്പാനിഷ് അഭയാര്‍ഥികള്‍ ഒരു കോളനിയാക്കി. 1760-ല്‍ ചാള്‍സ് III ആധുനികനഗരം നിര്‍മിച്ചു. 1801-ല്‍ സര്‍ ജയിംസ് സോമറസിന്റെ നേതൃത്വത്തില്‍ ബ്രിട്ടീഷ് നാവികസൈന്യം, ഫ്രഞ്ച്-സ്പാനിഷ് സൈന്യത്തെ തോല്പിച്ച് അല്‍ജിസിറാസ് പിടിച്ചെടുത്തു.

അല്‍ജിസിറാസ് സമ്മേളനം. അഗാദിര്‍ പ്രതിസന്ധിയെത്തുടര്‍ന്ന് ജര്‍മനിയും ഫ്രാന്‍സും തമ്മിലുണ്ടായ അഭിപ്രായഭിന്നതകള്‍ അവസാനിപ്പിക്കുന്നതിനായി വന്‍ശക്തികള്‍ അല്‍ജിസിറാസില്‍ വച്ചുനടത്തിയ ഒരു അന്താരാഷ്ട്രസമ്മേളനം. 1906 ജനു. മുതല്‍ ഏ. വരെ അത് നീണ്ടുനിന്നു. ബ്രിട്ടനും ഫ്രാന്‍സും തമ്മില്‍ വളര്‍ന്നുവന്നിരുന്ന സൗഹൃദബന്ധം തകര്‍ക്കാനും ഫ്രാന്‍സിനെ നയതന്ത്രരംഗത്തു പരാജയപ്പെടുത്താനും ആയിരുന്നു ജര്‍മനിയുടെ ശ്രമം. ബ്രിട്ടീഷ് പ്രതിനിധിയായി പ്രസ്തുത സമ്മേളനത്തില്‍ പങ്കെടുത്ത സര്‍ ആര്‍തര്‍ നിക്കോള്‍സന്റെ നയതന്ത്രപരമായ നീക്കംകൊണ്ടു ജര്‍മനിയെ ഒറ്റപ്പെടുത്താനും മൊറോക്കോയെ ഫ്രാന്‍സിന്റെയും സ്പെയിനിന്റെയും സ്വാധീനമേഖലയില്‍ കൊണ്ടുവരാനും സാധിച്ചു. മൊറോക്കോ സുല്‍ത്താന്റെ അധികാരത്തെ വന്‍ശക്തികള്‍ അംഗീകരിച്ചു. സമ്മേളനത്തില്‍ ആദ്യവസാനം ബ്രിട്ടന്റെയും ഫ്രാന്‍സിന്റെയും പ്രതിനിധികള്‍ ഉറ്റ സഹകരണത്തോടെ പങ്കെടുത്തു. ഇതു ബ്രിട്ടീഷ് ഫ്രഞ്ച് സൗഹൃദം വളര്‍ത്താനും റഷ്യയെക്കൂടി ഈ സുഹൃദ്ബന്ധത്തില്‍ പങ്കാളിയാക്കാനും പ്രേരിപ്പിച്ചു. നോ: അഗാദിര്‍ പ്രതിസന്ധി

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍