This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അല്‍അസ്ഹര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അല്‍അസ്ഹര്‍

കെയ്റോവിലെ പ്രമുഖ ഇസ്ലാമികകേന്ദ്രം. ആധുനിക കാലത്ത് ഈ കേന്ദ്രം ഒരു സര്‍വകലാശാലയായി വികസിച്ചിട്ടുണ്ട്.

എ.ഡി. 972-ല്‍ അല്‍മുഇസ്സലിദീനുല്ലാഹ് എന്ന ഫാത്തിമിയ ഖലീഫയുടെ കാലത്ത് ഈഹര്‍ എന്ന മതപണ്ഡിതന്റെ നേതൃത്വത്തിലാണ് ഇതു സ്ഥാപിതമായത്. മുഹമ്മദുനബിയുടെ പുത്രിയായ ഫാത്തിമബീബിയുടെ നാമത്തില്‍ നിന്നാണ് 'അസ്ഹര്‍' എന്ന പേരുണ്ടായതെന്നും അറബിഭാഷയില്‍ 'ശോഭനീയം' എന്ന അര്‍ഥമാണ് ഈ ശബ്ദത്തിനുള്ളതെന്നും അഭിപ്രായങ്ങളുണ്ട്. ഭൂമിശാസ്ത്രപരമായും രാഷ്ട്രീയമായും ഇസ്ലാമിക ലോകത്ത് കെയ്റോവിനുള്ള സ്ഥാനമാണ് ഈ സ്ഥാപനത്തിന്റെ പ്രാധാന്യത്തിന് ഒരു കാരണം.

ഫാത്തിമിയ ഖലീഫമാരുടെ വിദ്യാഭ്യാസകേന്ദ്രമാണ് അല്‍അസ്ഹര്‍. എ.ഡി. 1172-ല്‍ ഈജിപ്തില്‍ ഫാത്തിമിയ ഭരണം അവസാനിക്കുകയും അയ്യൂബിയ മേല്ക്കോയ്മ നിലവില്‍ വരികയും ചെയ്തു. ആദ്യത്തെ അയ്യൂബിയ ഖലീഫയായ സലാഹുദ്ദീന്‍ അയ്യൂബിന്റെ കാലത്ത് അല്‍അസ്ഹര്‍ അവഗണിക്കപ്പെട്ടു. എന്നാല്‍ 1268-ല്‍ ബേബറസ് എന്ന അമീര്‍ ഭരണം ഏറ്റെടുത്തതു മുതല്‍ 'അസ്ഹര്‍' പഴയ പ്രതാപവും പ്രശസ്തിയും വീണ്ടെടുക്കാനാരംഭിച്ചു. ഓട്ടോമന്‍ ഭരണകാലത്ത് കെയ്റോവിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ക്ഷയിച്ചെങ്കിലും അല്‍അസ്ഹര്‍ മാത്രം നിലനിന്നു. അറബിഭാഷയ്ക്കു പുറമേ മതപരമായ പഠനങ്ങളും നടത്തിയിരുന്ന ഏകസ്ഥാപനം അന്ന് ഇതു മാത്രമായിരുന്നു. 18-ാം ശ. മുതല്‍ ഇസ്ലാമികലോകത്തിലെ ഒരു പ്രധാന സര്‍വകലാശാലയുടെ പദവി ഇതിനു ലഭിച്ചു. കേവലം പൗരാണികരീതിയിലുള്ള ഒരു മതവിദ്യാഭ്യാസകേന്ദ്രമായ അസ്ഹര്‍ ലോകത്തിലെ മറ്റേതു സര്‍വകലാശാലയോടും കിടനില്ക്കുന്ന ഒരു അഖിലലോക ഇസ്ലാമിക സാംസ്കാരികകേന്ദ്രമായി 20-ാം ശ.-ത്തോടുകൂടി രൂപംകൊണ്ടു. പാശ്ചാത്യ പൗരസ്ത്യഭാഷകള്‍ ഇവിടെ പാഠ്യവിഷയങ്ങളാക്കി. നിയമം, അറബിസാഹിത്യം, ദൈവശാസ്ത്ര-സാഹിത്യം എന്നിവയ്ക്കു പ്രത്യേകം ഫാക്കല്‍ട്ടികളും 12 ഇന്‍സ്റ്റിറ്റ്യൂട്ടുകളും അസ്ഹറിന്റെ കീഴില്‍ ഉണ്ട്. ഒരു വനിതാകോളജും സ്ഥാപിതമായിട്ടുണ്ട്. ഈജിപ്തിനകത്തും പുറത്തും ഇതിന്റെ ഘടകങ്ങളായി പല വിദ്യാകേന്ദ്രങ്ങളും നിലവില്‍ വന്നു. സര്‍വകലാശാലാ ഫാക്കല്‍ട്ടികളുടെ പദവിയിലുള്ളതാണ് ഈ കേന്ദ്രങ്ങള്‍. വിദേശരാജ്യങ്ങളില്‍നിന്നുളള പല വിദ്യാര്‍ഥികളും അധ്യാപകരും ഇവിടെയുണ്ട്. ഇന്ത്യയില്‍നിന്നു ചില വിദ്യാര്‍ഥികള്‍ ഉപരിപഠനത്തിനായി അസ്ഹറില്‍ പോകാറുണ്ട്.

ഇതരപ്രവര്‍ത്തനങ്ങള്‍. 'ബുഊസുല്‍ അസ്ഹര്‍' എന്ന പേരില്‍ അല്‍അസ്ഹറിന്റെ കീഴില്‍ ഇസ്ലാമികമതപ്രവര്‍ത്തനത്തിനായി ഒരു മിഷണറിസംഘവും പ്രവര്‍ത്തിച്ചുവരുന്നുണ്ട്. ചൈന, ഇന്തോനേഷ്യ, ശ്രീലങ്ക, പാകിസ്താന്‍, യു.എസ്., ഇംഗ്ലണ്ട്, ആഫ്രിക്കന്‍ രാജ്യങ്ങള്‍, അറബിരാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ ഇവര്‍ പ്രവര്‍ത്തനം നടത്തുന്നു. അന്ധന്മാര്‍ക്കുവേണ്ടി പ്രത്യേക വിദ്യാഭ്യാസ സൗകര്യങ്ങള്‍ ഇവിടെ ഏര്‍പ്പാടു ചെയ്തിട്ടുണ്ട്. അസ്ഹറിന്റെ കീഴില്‍ത്തന്നെ അവര്‍ക്ക് ഉദ്യോഗവും ലഭിക്കുന്നു. സഹവിദ്യാഭ്യാസത്തെ അസ്ഹര്‍ അംഗീകരിച്ചിട്ടില്ല. സ്ത്രീകള്‍ക്കു പ്രത്യേകം വിദ്യാഭ്യാസ സ്ഥാപനങ്ങളാണുള്ളത്.

80,000-ത്തില്‍പ്പരം പുസ്തകങ്ങളും 20,000-ത്തിലധികം കൈയെഴുത്തുപ്രതികളും അടങ്ങിയ ഒരു ഗ്രന്ഥശേഖരം അസ്ഹറിനുണ്ട്. ഇതിനുപുറമേ ഓരോ കോളജിനും സ്വന്തം ഗ്രന്ഥശാലകളുണ്ട്. അസ്ഹറിന്റെ കീഴിലുള്ള എല്ലാ സ്ഥാപനങ്ങളിലും വിദ്യാഭ്യാസം സൗജന്യമാണ്.

ഇസ്ലാമികതത്ത്വത്തെ പ്രചരിപ്പിക്കുന്നതിനും അറബിഭാഷയെ പരിപോഷിപ്പിക്കുന്നതിനും വേണ്ടി മജല്ലത്തുല്‍അസ്ഹര്‍ എന്ന പേരില്‍ ഒരു മാസിക ഇവിടെനിന്നും പ്രസിദ്ധീകരിക്കുന്നുണ്ട്. ഇതുകൂടാതെ അധ്യാപകരുടെ വകയായി നൂറുല്‍ ഇസ്ലാം, സൗത്തുല്‍ അസ്ഹാ തുടങ്ങിയ പ്രസിദ്ധീകരണങ്ങളും ഉണ്ട്. കായികാഭ്യാസങ്ങള്‍ക്കും കളികള്‍ക്കും തുല്യപ്രാധാന്യം ഈ സര്‍വകലാശാല നല്കിയിരിക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍