This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അല്‍-ജസീറ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അല്‍-ജസീറ

Al-Jazirah


ഗള്‍ഫ് രാഷ്ട്രമായ ഖത്തര്‍ കേന്ദ്രീകരിച്ച് 1996 മുതല്‍ അറബിഭാഷയില്‍ പ്രക്ഷേപണം ആരംഭിച്ച ടെലിവിഷന്‍ ചാനല്‍. 2001 സെപ്. 11-ന് അമേരിക്കന്‍ ഐക്യനാടിനെതിരെ ഒസാമാ ബിന്‍ ലാദന്റെ അല്‍-ക്വെയ്ദ നടത്തിയ ഭീകരാക്രമണത്തെത്തുടര്‍ന്ന് സംഘര്‍ഷഭരിതമായിത്തീര്‍ന്ന പശ്ചമേഷ്യന്‍ പശ്ചാത്തലത്തില്‍ അല്‍ജസീറ ആഗോളതലത്തില്‍ പ്രശസ്തിയാര്‍ജിച്ചു. പലപ്പോഴും ബിന്‍ലാദന്റെ സ്വരവും രൂപവും രേഖപ്പെടുത്തിയ വീഡിയോകളും മറ്റു ദൃശ്യമാധ്യമങ്ങള്‍ക്കു ലഭിക്കാത്ത പശ്ചിമേഷ്യന്‍ വാര്‍ത്തകളും അല്‍-ജസീറ പ്രക്ഷേപണം ചെയ്തു തുടങ്ങിയതാണ് അവരുടെ പ്രശസ്തിക്കുള്ള പ്രധാന കാരണം. ലോകത്തിലെ ടെലിവിഷന്‍ ചാനലുകള്‍ മിക്കവയിലും പടിഞ്ഞാറന്‍ നിലപാടുകളും രംഗങ്ങളും നിറഞ്ഞു നില്ക്കുന്നതിനാല്‍ അല്‍-ജസീറയുടെ പ്രസിദ്ധി പാശ്ചാത്യനാടുകള്‍ ഉള്‍പ്പെടെ ലോകമെങ്ങും വര്‍ധിച്ചുവരുന്നു. ഈ സാഹചര്യം 2006-ല്‍ അല്‍-ജസീറ ഇന്റര്‍നാഷണല്‍ എന്ന പേരില്‍ ഒരു ഇംഗ്ലീഷ് ഭാഷാചാനല്‍ ആരംഭിക്കാന്‍ അവര്‍ക്കു പ്രചോദനം നല്കി. ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിങ് കമ്പനിയുടെ (ബി.ബി.സി.) അത്യുന്നത പ്രക്ഷേപകര്‍ എന്ന നിലയില്‍ പേരെടുത്ത ഡേവിഡ് ഫ്രോസ്റ്റ്, സ്റ്റീഫന്‍ കോള്‍ തുടങ്ങിയവരെപ്പോലുള്ളവരുടെ സേവനംകൂടി നേടിയെടുക്കാന്‍ അല്‍-ജസീറ ഇന്റര്‍നാഷണലിനു കഴിഞ്ഞു.

അല്‍-ജസീറ എന്ന അറബി വാക്കിന് 'ദ്വീപ്' എന്നും 'ഉപദ്വീപ്' എന്നുമാണ് അര്‍ഥം. ഉപദ്വീപ് എന്നത് അറേബ്യന്‍ ഉപദ്വീപിനെ സൂചിപ്പിക്കുന്നു. ഖത്തറിലെ ഭരണാധികാരി അമീറിന്റെ പതിനഞ്ച് കോടി ഡോളര്‍ സഹായധനത്തോടെ ആരംഭിച്ച അല്‍-ജസീറയ്ക്കു സു. അഞ്ച് കോടിയിലേറെ പ്രേക്ഷകരുണ്ടെന്നു കണക്കാക്കപ്പെടുന്നു. ഇത് ലോകപ്രശസ്തിയാര്‍ജിച്ച ബി.ബി.സി.യുടെ പ്രേക്ഷകരുടെ എണ്ണത്തോടു കിടപിടിക്കാന്‍ പോന്ന സംഖ്യയാണ്.

(പി. ഗോവിന്ദപിള്ള)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍