This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അല്‍-ക്വെയ്ദ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അല്‍-ക്വെയ്ദ

Al-Qaeda


ദേശാന്തരീയ ഇസ്ലാമിക മതമൗലികവാദികളുടെ ഒരു പ്രസ്ഥാനം. ഇസ്ലാമിക കാര്യങ്ങളില്‍ പുറമേ നിന്നുള്ള സ്വാധീനങ്ങളെ ചെറുക്കുവാനായി രൂപംകൊണ്ട അനേകം സ്വതന്ത്ര സംഘടനകളുടെ പരസ്പര സഹകരണമാണ് അല്‍-ക്വെയ്ദയ്ക്ക് രൂപം നല്കിയത്. അറബി ഭാഷയില്‍ 'അല്‍-ക്വെയ്ദ' എന്ന പദത്തിന് അടിസ്ഥാനമെന്നാണ് അര്‍ഥം. ദാര്‍ശനികമായി വിഭിന്നത പുലര്‍ത്തുന്നുണ്ടെങ്കിലും ഈ പ്രസ്ഥാനത്തിലെ പ്രമുഖരെല്ലാം തന്നെ സലാഫി വിശ്വാസികളാണ്.

അല്‍-ക്വെയ്ദയുടെ ആരംഭം അഫ്ഗാനിസ്താനിലെ സോവിയറ്റ് അധിനിവേശ കാലത്താണെന്നു കരുതപ്പെടുന്നു. അമേരിക്കയുടെയും പാകിസ്താന്റെയും ധനസഹായത്തോടെ രൂപം കൊണ്ട അഫ്ഗാന്‍ മുജാഹിദ്ദിന്‍ റഷ്യന്‍ വിരുദ്ധ പ്രസ്ഥാനത്തില്‍ അഫ്ഗാന്‍കാരല്ലാത്ത അനേകം അറബി മുസ്ലിങ്ങള്‍ അംഗങ്ങളായി ചേര്‍ന്നു. സൌദിഅറേബ്യയിലെ ഒരു വന്‍കിട ബിസിനസ് കുടുംബത്തില്‍ അംഗമായിരുന്ന ഒസാമ ബിന്‍ലാദന്റെ നേതൃത്വത്തില്‍ അനൌപചാരികമായി ആരംഭിച്ച ഈ സംഘടന പില്ക്കാലത്ത് അഫ്ഗാനിസ്താനുവേണ്ടി മുസ്ലിം രാഷ്ട്രങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ സംഘടനയായി മാറി.

1989-ല്‍ സോവിയറ്റ് സേന അഫ്ഗാനിസ്താനില്‍ നിന്നു പിന്‍വാങ്ങിയശേഷം അല്‍-ക്വെയ്ദ മറ്റു മുസ്ലിം രാഷ്ട്രങ്ങളിലെ മതമൌലികവാദത്തിനുവേണ്ടിയും പ്രവര്‍ത്തനമാരംഭിച്ചു. 1990-ല്‍ ഇറാക്ക് കുവൈറ്റിനെ ആക്രമിച്ചപ്പോള്‍ അമേരിക്കയും സഖ്യകക്ഷികളും അതിനെ ചെറുക്കാനായി സൗദി അറേബ്യയിലേക്ക് സൈന്യത്തെ അയച്ചു. സദ്ദാം ഹുസൈന്റെ മതേതര ഭരണകൂടത്തെ എതിര്‍ത്തിരുന്ന ബിന്‍ ലാദന്‍ സൌദി ഭരണകൂടത്തെ സഹായിക്കാന്‍ തയ്യാറായെങ്കിലും ഇസ്ലാമിക രാഷ്ട്രത്തിലേക്ക് അമേരിക്കന്‍ സൈന്യം കടന്നു കയറിയത് കടുത്ത വഞ്ചനയായി അദ്ദേഹം വ്യാഖ്യാനിച്ചു. അമേരിക്കന്‍ സൈന്യത്തെ നേരിടാന്‍ അദ്ദേഹം അല്‍ക്വെയ്ദയിലെ അംഗങ്ങളോട് ആഹ്വാനം ചെയ്തു. ഇസ്രായേലിനെ സഹായിക്കുന്ന അമേരിക്ക മുസ്ലിം വിരുദ്ധശക്തിയാണെന്നു പ്രഖ്യാപിക്കുകയും ചെയ്തു.

1991-ല്‍ സുഡാനിലെ നാഷണല്‍ ഇസ്ലാമിക് ഫ്രണ്ട് അല്‍ക്വെയ്ദയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അവിടെ കളമൊരുക്കി. അവിടെ കുറേവര്‍ഷക്കാലം അല്‍-ക്വെയ്ദ വ്യാപാരപ്രവര്‍ത്തനങ്ങള്‍ നടത്തി സാമ്പത്തികമായി ശക്തിയാര്‍ജിച്ചു. സുഡാന്റെ തലസ്ഥാനമായ ഖാര്‍ത്തുമിനെയും സുഖാന്‍ തുറമുഖത്തെയും ബന്ധിപ്പിക്കുന്ന 1200 കി.മീ. ദൈര്‍ഘ്യം വരുന്ന ഹൈവേയുടെ നിര്‍മാണത്തില്‍ മുഖ്യപങ്കു വഹിച്ചത് അല്‍-ക്വെയ്ദ ആയിരുന്നു. അംഗങ്ങള്‍ക്കു സൈനികപരിശീലനം നല്‍കുന്ന അനേകം ക്യാമ്പുകളും അവരവിടെ നടത്തിയിരുന്നു. 1996-ല്‍ അമേരിക്കയുടെ സമ്മര്‍ദഫലമായി സുഡാന്‍ ഭരണകൂടം ബിന്‍ലാദനെ നാടുകടത്തി. അഫ്ഗാനിസ്താനിലെ ജലാലബാദിലെത്തിയ ലാദന്‍ തന്റെ പ്രവര്‍ത്തനങ്ങള്‍ അവിടെ കേന്ദ്രീകരിച്ചു.

1991-ല്‍ യുഗോസ്ളാവിയന്‍ ഫെഡറേഷനില്‍നിന്നു ബോസ്നിയ വേര്‍പിരിഞ്ഞപ്പോള്‍ മുസ്ലിം ഭൂരിപക്ഷമുള്ള ബോസ്നിയയിലും അല്‍-ക്വെയ്ദയുടെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുകയുണ്ടായി. അഫ്ഗാന്‍ യുദ്ധത്തില്‍ പങ്കെടുത്തിരുന്ന അറബിയോദ്ധാക്കളടങ്ങുന്ന 'ബോസ്നിയന്‍ മുജാഹിദിന്‍' ഒരു സ്വതന്ത്ര സംഘടനയായി മധ്യബോസ്നിയയില്‍ പ്രവര്‍ത്തനം നടത്തി.

2001-ല്‍ അഫ്ഗാന്‍ സൈന്യവും അമേരിക്കന്‍ സൈന്യവും ചേര്‍ന്ന് അടിച്ചമര്‍ത്തുന്നതുവരെ താലിബാന്റെ നിയന്ത്രണത്തിലുള്ള അഫ്ഗാനിസ്താനില്‍ അല്‍-ക്വെയ്ദ സ്വതന്ത്രമായി പ്രവര്‍ത്തിച്ചിരുന്നു. താലിബാന്റെ നിയന്ത്രണത്തിലുള്ള മേഖലകളിലാണ് അല്‍-ക്വെയ്ദ നേതാക്കള്‍ ഇപ്പോഴും വസിക്കുന്നതെന്നു കരുതപ്പെടുന്നു. പാകിസ്താന്റെ അതിര്‍ത്തി പ്രദേശങ്ങളിലാണെന്നും സൂചനകളുണ്ട്.

2001 സെപ്. 11-ന് അല്‍-ക്വെയ്ദ അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമിച്ചു തകര്‍ത്തതിനെത്തുടര്‍ന്ന് അമേരിക്കന്‍ സൈന്യം അഫ്ഗാനിസ്താനില്‍ പ്രത്യാക്രമണങ്ങള്‍ ആരംഭിച്ചു. ബിന്‍ലാദന് സെപ്. 11-ലെ ആക്രമണത്തില്‍ പങ്കില്ലെന്ന് ഈ അവസരത്തില്‍ അല്‍-ക്വെയ്ദ വ്യക്തമാക്കുകയുണ്ടായി. അഫ്ഗാന്‍ നോര്‍ത്തേണ്‍ അലയന്‍സുമായി ചേര്‍ന്ന് അമേരിക്ക താലിബാന്‍ ഭരണകൂടത്തെ പുറത്താക്കി. അല്‍-ക്വെയ്ദയുടെ പരിശീലനകേന്ദ്രങ്ങള്‍ പലതും തകര്‍ത്തു. അനേകം അല്‍-ക്വെയ്ദ നേതാക്കളെ തടവിലാക്കുകയും ചെയ്തു. എങ്കിലും അമേരിക്ക ഒരു വശത്തും താലിബാനും അല്‍-ക്വെയ്ദയും മറുവശത്തുമായുള്ള ഏറ്റുമുട്ടല്‍ അവസാനിച്ചിട്ടില്ല.

ഇസ്ലാം വിരുദ്ധശക്തികള്‍ എന്ന് കരുതുന്ന വിഭാഗങ്ങള്‍ക്കെതിരെയുള്ള അല്‍-ക്വെയ്ദയുടെ പോരാട്ടം ലോകത്തിന്റെ നാനാഭാഗങ്ങളില്‍ തുടരുകയാണ്. 2002-ല്‍ റിയാദില്‍ നടന്ന കാര്‍ ബോംബാക്രമണത്തിലും 2003-ല്‍ ടര്‍ക്കിയിലെ ഇസ്താന്‍ബുളില്‍ നടന്ന ബോംബിങ്ങിലും അല്‍-ക്വെയ്ദയ്ക്ക് പങ്കുണ്ട്. 2005-ല്‍ ബാലിയില്‍ ബോംബിങ് നടത്തിയ ഇന്തോനേഷ്യന്‍ ഇസ്ലാമിക് സംഘടനയായ ജെമാ ഇസ്ലാമിയുമായും അല്‍-ക്വെയ്ദയ്ക്ക് അടുത്ത ബന്ധമാണുള്ളത്. 2005 ജൂല. 7-ന് ലണ്ടനില്‍ നടന്ന ബോംബാക്രമണങ്ങളിലും അതേവര്‍ഷം ഈജിപ്തിലും ജോര്‍ഡാനിലും നടന്ന കടുത്ത ബോംബാക്രമണങ്ങളിലും അല്‍-ക്വെയ്ദയ്ക്ക് പങ്കുള്ളതായി കരുതപ്പെടുന്നു.

അല്‍-ക്വെയ്ദയുടെ പ്രമുഖ നേതാവായ അബു മൂസസ് അല്‍ സര്‍ഖാവി 2006 ജൂണ്‍ 7-ന് വധിക്കപ്പെട്ടു.

(പി. ഗോവിന്ദപിള്ള)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍